

കുറെനാളായി കേരളത്തിലും കേരളത്തിനുവെളിയിലും നടക്കുന്ന പല 'അത്ഭുത'ങ്ങളെപ്പറ്റിയും നാം കേട്ടിട്ടുണ്ടാകും. ഉദാഹരണമായി, കരിസ്മാറ്റിക് ധ്യാനങ്ങളിലും മറ്റും അനുഭവപ്പെടുന്ന ഭാഷാവരം, ദര്‍ശനവരം, അത്ഭുതരോഗശാന്തികള്‍ തുടങ്ങിയവ. അതുപോലെ തന്നെ കരിഞ്ഞ ചപ്പാത്തിയിലും തിരുവോസ്തിയിലും പ്രത്യക്ഷപ്പെടുന്ന യേശുവിന്‍റെ രൂപം, തിരുവോസ്തിയുടെ മാംസമായുള്ള രൂപാന്തരം, യേശുവിന്‍റെയും മാതാവിന്‍റെയും രൂപങ്ങളുടെ കണ്ണുകളില്‍ നിന്ന് ഒഴുകിയിറങ്ങുന്ന കണ്ണുനീരും രക്തവും തുടങ്ങിയവ. ഈ പ്രതിഭാസങ്ങളെ എങ്ങനെയാണു വിലയിരുത്തേണ്ടതെന്നു പലരും അന്വേഷിക്കാറുണ്ട്. ഇതെല്ലാം യഥാര്‍ത്ഥത്തില്‍ അത്ഭുതങ്ങള്‍ ആണോ? ദൈവത്തില്‍ നിന്നുള്ള പ്രത്യേകമായ അടയാളങ്ങളായിട്ടാണ് അത്ഭുതങ്ങളെ നാം മനസ്സിലാക്കുക. ദൈവത്തില്‍നിന്നു വരുന്ന കാര്യങ്ങള്‍ക്കു മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കാനോ സുനിശ്ചിതമായി അവയെപ്പറ്റി വിധിപറയാനോ നമുക്കു കഴിയുകയില്ല. എങ്കിലും ഈ 'അത്ഭുത' പ്രതിഭാസങ്ങളെപ്പറ്റി ഒരു വിചിന്തനം അവസരോചിതമായിരിക്കുമെന്നു തോന്നുന്നു.
അറിഞ്ഞിരിക്കേണ്ട മൂന്നു കാര്യങ്ങള്‍
അത്ഭുതങ്ങളെപ്പറ്റിത്തന്നെ മൗലികമായ ചില കാര്യങ്ങള്‍ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഒന്നാമതായി, ദൈവത്തിന്‍റെ നേരിട്ടുള്ള ഇടപെടലിലൂടെ പ്രകൃതിനിയമങ്ങള്‍ക്കു വിരുദ്ധമായോ അഥവാ അവയ്ക്ക് അതീതമായോ ഉണ്ടാകുന്ന ഒരു അസാധാരണ സംഭവമായിട്ടാണ് പരമ്പരാഗത ദൈവശാസ്ത്രം അത്ഭുതത്തെ മനസ്സിലാക്കിയിരിക്കുന്നത്. എന്നാല്‍, ഈ ധാരണ ശരിയാണെന്നു പറഞ്ഞു കൂടാ. കാരണം പ്രകൃതിനിയമങ്ങള്‍ക്കു വിരുദ്ധമോ അതീതമോ ആയി നടക്കുന്ന സംഭവമാണ് അത്ഭുതമെങ്കില്‍, ഒരു കാര്യവും അത്ഭുതമാണെന്ന് ഒരിക്കലും നമുക്ക് പറയുവാനാവില്ല. എല്ലാ പ്രകൃതിനിയമങ്ങളും അറിഞ്ഞിരുന്നാല്‍ മാത്രമേ ഒരു സംഭവം പ്രകൃതിനിയമങ്ങള്‍ക്കു വിരുദ്ധമാണോ? അതീതമാണോ എന്നു പറയുവാന്‍ സാധിക്കുകയുള്ളല്ലോ. എല്ലാ പ്രകൃതിനിയമങ്ങളും അറിഞ്ഞിരിക്കാന്‍ ഒരുത്തര്‍ക്കും സാധ്യവുമല്ല.
രണ്ടാമതായി, ആദികാരണമായ ദൈവം ഒരിക്കലും പ്രപഞ്ചത്തില്‍ നേരിട്ട് ഇടപെടുകയില്ല. ദ്വിതീയകാരണങ്ങളിലൂടെ മാത്രമേ അവിടുന്നു പ്രപഞ്ചത്തില്‍ ഇടപെടുകയുള്ളൂ. ഇത് ഒരു ദൈവശാസ്ത്രസത്യമാണ്. ആദികാരണമായ ദൈവം പ്രപഞ്ചത്തില്‍ നേരിട്ട് ഇടപെടുകയെന്നുവച്ചാല്‍ ദ്വിതീയ കാരണങ്ങളുടെ സ്ഥാനത്തേക്ക് അവിടുന്നു സ്വയം തരംതാഴ്ത്തുകയാണെന്നാണ് അര്‍ത്ഥം. അങ്ങനെ ചെയ്താല്‍ ദൈവം ആദികാരണം അഥവാ ദൈവം അല്ലാതായിത്തീരും. ദ്വിതീയകാരണങ്ങളിലൂടെയുള്ള പ്രവര്‍ത്തനം ദൈവത്തിന്‍റെ പ്രവര്‍ത്തനം ആണോ അല്ലയോ എന്ന് അസന്ദിഗ്ദ്ധമായി പറയുവാന്‍ നമുക്ക് ഒരിക്കലും ആവില്ല. വിശ്വസിക്കുന്ന ആള്‍ക്കു ദൈവത്തിന്‍റെ പ്രവര്‍ത്തനമായി ഇതിനെ വ്യാഖ്യാനിക്കാന്‍ കഴിയും. വിശ്വസിക്കാത്ത ആളെ സംബന്ധിച്ചിടത്തോളം പ്രകൃതിനിയമങ്ങളനുസരിച്ചുള്ള ഒരു പ്രതിഭാസം മാത്രമായേ അതിനെ കാണാന്‍ കഴിയൂ.
മൂന്നാമതായി,
