top of page

ഓര്‍മ്മക്കുറിപ്പ്

Aug 1, 2013

2 min read

ലാലി പി. എം.
 A train

ബൈക്ക് പറക്കുകയായിരുന്നു. 1.50 നാണു പരശുറാം എറണാകുളം നോര്‍ത്തില്‍നിന്ന്. അതിനു പോയാല്‍ സന്ധ്യയോടെയെങ്കിലും തിരുവനന്തപുരത്തെത്താനാകും. മോളുടെ ക്ലാസ്സ് പോകാതിരിക്കാനാണു ഉച്ചവരെ കാത്തു നിന്നത്. അടുപ്പിച്ച് അഞ്ച് ദിവസം അവധി കിട്ടിയപ്പോള്‍ ചേച്ചീടടുത്തേക്ക് പോകാമെന്ന് കരുതി. ആറു മാസം പ്രായമുള്ള അന്നക്കിളിയേയും ആറു വയസ്സുള്ള ലക്ഷ്മിയേയും കൊണ്ട് ഒറ്റയ്ക്കാണു യാത്ര. സ്റ്റേഷനിലെത്തുമ്പോഴേക്കും അനൗണ്‍സ്മെന്‍റ് വന്നു കഴിഞ്ഞു, ട്രെയിന്‍ പുറപ്പെടുന്നതിനെക്കുറിച്ച്. രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് ഓവര്‍ ബ്രിഡ്ജ് കയറിയെത്താനൊന്നും സമയമില്ല. ട്രാക്കിലേക്ക് ചാടിയിറങ്ങി. ഒരു കൈയില്‍ മോളും മറുകൈയില്‍ ട്രാവല്‍ ബാഗും ഷാളിന്‍റെ തുമ്പത്ത് മുറുകെ പിടിച്ച് മൂത്തയാളുമായി ട്രെയിനിനടുത്തെത്തി. കമ്പാര്‍ട്ടമെന്‍റിന്‍റെ വാതില്‍ക്കല്‍ കൂടിനില്ക്കുന്ന അനേകം പുരുഷന്മാരില്‍നിന്നും ഒരാള്‍ കൈനീട്ടി മോളെ വാങ്ങിച്ചു. ഒരാള്‍ ബാഗും. പിന്നെ ലക്ഷ്മിയേയും എന്നെയും കൈപിടിച്ച് കയറ്റി. അപ്പോഴേക്കും ട്രെയിന്‍ ചൂളം മുഴക്കിത്തുടങ്ങിയിരുന്നു.


ഹൂ!! കുറച്ച് സമയമെടുത്തു സമനില വീണ്ടെടുക്കാന്‍. രണ്ടു ദിവസമായുള്ള ഒരുക്കവും, പൊരിവെയിലിലുള്ള എട്ട് പത്ത് കിലോമീറ്റര്‍ ബൈക്ക് യാത്രയും എന്നെ തളര്‍ത്തിയിരുന്നു. കമ്പാര്‍ട്ട്മെന്‍റ് നിറയെ പുരുഷന്മാര്‍. മോളെ ഏറ്റു വാങ്ങിയ ആള്‍ പുള്ളീടെ സീറ്റ് ഒഴിഞ്ഞുതന്നു. അതിനിടക്ക് അയാള്‍ മോളെ പൊതിഞ്ഞുപിടിച്ചിരുന്ന ടര്‍ക്കി മാറ്റിയിരുന്നു. എന്നിട്ട് അത് ഏറെ അവധാനതയോടെ മടക്കിയെടുത്ത് ചിരപരിചിതനെപ്പോലെ ബാഗ് തുറന്ന് അതില്‍വെച്ചു സിബ്ബ് പൂട്ടി. പിന്നെ ബാഗെടുത്ത് സീറ്റിനടിയിലേക്ക് വെച്ചു. മൂത്തയാളെ ചിലരുടെ ഇടക്കിരുത്തി. മോള്‍ കരഞ്ഞപ്പോള്‍ ബാഗിന്‍റെ സൈഡിലിരുന്ന പാല്‍ക്കുപ്പി എടുത്തു തന്നു. ഏതോ സ്റ്റേഷനിലെത്തിയപ്പോള്‍ ലക്ഷ്മിക്ക് കുപ്പിവെള്ളം വാങ്ങിക്കൊടുത്തു. എന്നാല്‍ പൈസ കൊടുത്തപ്പോള്‍ അതു യാതൊരു മടിയും കൂടാതെ സ്വീകരിക്കുകയും ചെയ്തു. എവിടെ പോകുന്നു എന്നല്ലാതെ മറ്റൊരു വിവരവും തിരക്കിയില്ല. മോളോട് വലിയ കൂട്ടുകാരെപ്പോലെ ഏതാണ്ടൊക്കെ സംസാരിക്കുന്നുണ്ടായിരുന്നു. ഏറെ പരിചയമുള്ളൊരാളെപ്പോലെ. ഒരു വേള ഇളയ ആള്‍ക്ക് പാലു കൊടുത്തുകൊണ്ട് മയങ്ങിപ്പോയ എന്‍റെ മാറിടത്തില്‍നിന്നും ഷാള്‍ മാറിപ്പോയപ്പോള്‍ ശരിക്കിട്ടുതരിക കൂടി ചെയ്തു അയാള്‍.


പിന്നെ കായംകുളം സ്റ്റേഷനിലെത്തിയപ്പോള്‍ ഒന്നു ചിരിച്ച് മോളുടെ കവിളില്‍ പിടിച്ച് അയാള്‍ ഇറങ്ങിപ്പോയി. ഇടയ്ക്കെപ്പോഴോ ട്രെയിനില്‍ കയറിയ സഹയാത്രിക ചോദിച്ചു. "എന്തേ.. ഭര്‍ത്താവ് അവിടെ ഇറങ്ങിയത്..?" ഞാന്‍ പറഞ്ഞു. "ഒരു ബന്ധുവിനെകാണാന്‍." അത് എന്‍റെ ഭര്‍ത്താവല്ലെന്ന സത്യം ഒരുപക്ഷേ അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. മോളു പേരു ചോദിച്ചിരുന്നതു കൊണ്ട് ഷാജി എന്നാണെന്നറിയാമെന്നല്ലാതെ മറ്റൊന്നുമറിയില്ല. പിന്നീടൊരിക്കലും എന്‍റെ യാത്രയിലോ വഴിയിലോ അയാള്‍ വന്നിട്ടേയില്ല.


ഞാനൊരു ഫെമിനിസ്റ്റാണ്. പുരുഷനും സ്ത്രീയും ഒരേ ചൈതന്യത്തിന്‍റെ രണ്ട് ശാഖകളെന്ന് കരുതുന്ന ഫെമിനിസ്റ്റ്. പുരുഷനെ തള്ളിപ്പറയുന്നതിലല്ല, അവരെ ചേര്‍ത്തുപിടിച്ച് ബോധവത്കരിക്കുന്നതാണു ഫെമിനിസം എന്ന് വിശ്വസിക്കുന്നൊരാള്‍. പുരുഷനെ പകയോടെ നോക്കാന്‍ എനിക്കെങ്ങനെ സാധിക്കും? അത്രമേല്‍ സ്നേഹം തന്ന് അറിവിന്‍റെ ചക്രവാളം തുറന്നുതന്ന അച്ഛന്‍റെ മകളായിരിക്കേ?


ഒരു പുരുഷന്‍ ഒരു സ്ത്രീക്കെന്താകണമെന്ന് ചോദിച്ചാല്‍ എനിക്ക് എന്‍റെ ജീവിതയാത്രയില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം ഒന്നിച്ചുണ്ടായിരുന്ന ആ മനുഷ്യന്‍റെ മുഖമല്ലാതെ മറ്റൊരു മുഖവും തെളിഞ്ഞുവരാറില്ല. ആയിരം ചുടുചുംബനങ്ങളെക്കാള്‍ ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഒന്ന്. ആവര്‍ത്തനവിരസതയാര്‍ന്ന വേഴ്ചകളെക്കാള്‍ എന്നെ കൊതിപ്പിക്കുന്ന ഒന്ന്. എനിക്ക് പുരുഷന്മാരെ ഇഷ്ടമാണ്. എന്‍റെ അച്ഛന്‍റെ വാത്സല്യമുള്ളവരെ, കല്യാണംവരെ എന്‍റെ എല്ലാമെല്ലാമായിരുന്ന എന്‍റെ സഹോദരനെപ്പോലെ സ്നേഹമുള്ളവരെ, കൂട്ടുകാരനെപ്പോലെ സമത്വബോധമുള്ളവരെ, ഒരു മകനെപ്പോലെ പരിഗണനയുള്ളവരെ, ഇതെല്ലാം കൂടിച്ചേര്‍ന്ന ഒരുത്തമ പുരുഷനെ!!

Related Posts

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page