top of page

നിന്‍റെ ഇഷ്ടം നിറവേറട്ടെ

Aug 4, 2018

1 min read

റോബിന്‍സ് ജോണ്‍

fullfilling of the love

നിന്‍റെ ഇഷ്ടം നിറവേറട്ടെ


പായല്‍ 


വിതയ്ക്കപ്പെട്ട


വെള്ളച്ചുമരിലെ


തുരുമ്പെടുത്തയാണിമേല്‍


തറഞ്ഞാടും ക്രൂശിതാ...


നിന്‍റെ 


ഉടലില്‍ വിടര്‍ന്ന


മുറിവും


രക്താഭിഷിക്തമാം നിന്‍ മുഖവും


ഞാനിതാ വേറോനിക്കയെപ്പോല്‍


പിഞ്ഞിക്കീറിയ


എന്‍റെ ളോഹയാല്‍


ഒപ്പിത്തോര്‍ത്തുന്നു.


ഇതാ 


ചോരവാര്‍ന്ന നിന്‍ മുഖവും


അഞ്ച് മുറിവുകളും


പിന്നെയാരും കാണാത്ത


വിലാവിനുള്ളിലെ 


പ്രണയക്ഷതങ്ങളും 


എന്‍റെ വസ്ത്രത്തിനുമേല്‍ 


ദുരിതകാണ്ഡത്തിന്‍ ചിത്രമെഴുതുന്നു


ചോര തിണര്‍ത്ത നിന്നുടലിലെ 


വിഷാദഋതുവില്‍ തളിര്‍ത്ത


പ്രണയകവിതയുടെ വരികള്‍


എന്‍റെ ഹൃദയത്തെ പകുക്കുന്നു.


"ഇതെന്‍റെ ശരീരം


ഇതെന്‍റെ രക്തമിതെടുത്തുകൊള്‍ക"യെന്നു നിന്‍


തിരുമൊഴികളിന്ന് ഞാന്‍ ഉരുവിടുമ്പോള്‍


ഹൃദയത്തിലതൊരു


ചാട്ടുളിയായ് കൊത്തിവലിക്കുന്നു


പകുത്തിട്ടും

 

 പങ്കുവയ്ക്കാനാകാതെ പോകുന്നല്ലോ ക്രൂശിതാ


എന്‍റെ പ്രാണന്‍


മരണവേദനയിലലയുമെന്നാത്മാവ്


ചുടുചോര വാര്‍ന്നുണങ്ങിയ


നിന്‍ കഴുമരത്തിലേക്കെന്നെയും 


ചേര്‍ത്തുകെട്ടുന്നു


നിന്‍റെ മുറിവുകള്‍ തുന്നിച്ചേര്‍ത്ത


ഈ വസ്ത്രമണിയുമ്പോള്‍


എന്‍റെ ആത്മാവിന്‍റെ നഗ്നത മറയുന്നു


അതിന്‍റെ നിഗൂഢതകളിലേക്ക്


നിന്‍റെ ജീവന്‍റെ നനവ് പനച്ചിറങ്ങുന്നു


ഈ മഴനനവ് ഞാന്‍ ആത്മാവിലേറ്റുവാങ്ങിയിട്ടും


എത്രമേല്‍ പെയ്തുതോര്‍ന്നിട്ടും


ക്രൂശിതാ മാഞ്ഞുപോവാതെ നില്‍ക്കുന്നുവല്ലോ


നിന്‍ മുഖമീ ളോഹയില്‍.

Aug 4, 2018

0

3

Recent Posts

bottom of page