ഫാ. മിഥുന് ജെ. ഫ്രാന്‍സിസ് എസ്. ജെ.
Oct 4
ക്രൈസ്തവ ജീവിതത്തിന്‍റെ അടിസ്ഥാനപരമായ ആവശ്യമാണ് വചനശ്രവണം. അതു നഷ്ടപ്പെടുമ്പോള്‍ ജീവിതം അസ്വസ്ഥമാകും. ദൈവത്തെപ്രതി സ്നേഹിക്കുന്നവര്‍ അവിടുത്തെ വചനം ശ്രവിക്കും. ഒരു പിതാവിന്‍റെ സ്വരം മക്കള്‍ ശ്രവിക്കുന്നതുപോലെ ദൈവത്തിന്‍റെ സ്വരത്തെ ദൈവമക്കള്‍ ശ്രവിക്കും. മര്‍ത്തായും മറിയവും (ലൂക്കാ 10) യേശുവിനെ ബഥാനിയായിലെ വീട്ടിലേക്കു സ്വീകരിച്ചു. മര്‍ത്താ യേശുവിനെ വീട്ടിലേക്കു സ്വീകരിച്ചപ്പോള്‍ മറിയം യേശുവിനെ ഹൃദയത്തിലേക്കു സ്വീകരിച്ചു. യേശുവിനെ വീട്ടിലേക്കു ക്ഷണിക്കുന്നവരും ഹൃദയത്തിലേയ്ക്കു ക്ഷണിക്കുന്നവരുമുണ്ട്. ലൂക്കാ 7 ല്‍ ഫരിസേയനായ ശിമയോന്‍ യേശുവിനെ വീട്ടിലേക്കു സ്വീകരിച്ചപ്പോള്‍ പാപിനിയായ സ്ത്രീ അവനെ ഹൃദയത്തിലേക്കു സ്വീകരിച്ചു. യേശുവിന്‍റെ ശരീരത്തിന്‍റെ ആവശ്യമായ ഭക്ഷണത്തെപ്പറ്റി മര്‍ത്താ ചിന്തിച്ചു. അതിനപ്പുറം അവള്‍ ചിന്തിച്ചില്ല.
ജറുസലേമിലേയ്ക്കുള്ള വഴിമദ്ധ്യേയായിരുന്നു യേശു. തന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും വേദനിപ്പിക്കുന്ന ചിന്തകള്‍ യേശുവിലുണ്ടായിരുന്നു. ആ ഹൃദയ വ്യഥ ഒന്നു പങ്കുവെയ്ക്കുവാന്‍ അവിടുന്ന് ആഗ്രഹിച്ചു. സകലരാലും പരിത്യക്തനായ അവിടുന്ന് അല്പം ആശ്വാസത്തിനുവേണ്ടി കൂടിയായിരുന്നു ലാസറിന്‍റെ ഭവനത്തില്‍ കടന്നുചെന്നത്. ശരീരത്തിന്‍റെ ഭക്ഷണത്തെക്കാള്‍ ഹൃദയത്തിന്‍റെ ആശ്വാസം അവിടുന്ന് പ്രതീക്ഷിച്ചിരുന്നു. പങ്കുവെക്കുന്ന വേദനകള്‍ ശ്രവിക്കുവാന്‍ മറിയം സന്നദ്ധയായി. അവള്‍ അവന്‍റെ പാദത്തിങ്കലിരുന്നു ശ്രവിച്ചു. നമ്മുടെയൊക്കെ കുടുംബങ്ങളിലും സമൂഹത്തിലും ശാരീരികവും ഭൗതികവുമായ ആവശ്യങ്ങളില്‍ നാം ശ്രദ്ധിക്കും. ഒരു വ്യക്തിയുടെ ആന്തരീകമായ അവശ്യങ്ങള്‍ പലപ്പോഴും മറന്നുപോകും. മറിയത്തെപ്പോലെ മറ്റുള്ളവരെ ശ്രവിക്കുവാന്‍ നമുക്കു കഴിയുന്നുണ്ടോ? ബഥനിയായില്‍ യേശു അതിഥിയെപ്പോലെ കടന്നുവന്നെങ്കിലും അവിടുന്ന് ആതിഥേയനായി മാറുന്നു. വചനം മുറിച്ച് കൊടുത്തുകൊണ്ട് മറിയത്തെ അതിഥിയാക്കി അവന്‍ മാറ്റി.
ധാരാളം പണിചെയ്തു മടുത്ത മര്‍ത്താ പരാതിക്കാരിയായി മാറുന്നു. ആ പരാതി ഒരു മറയും കൂടാതെ യേശുവിനോടും പറയുന്നു. ദൈവവചനം ശ്രവിക്കാതെയും ദൈവത്തില്‍ ഹൃദയമുറപ്പിക്കാതെയും നാം ജോലികള്‍ ചെയ്താല്‍ നാം പരാതിക്കാരായിമാറും. ഓരോ പണിയും ചെയ്തിട്ട് അസ്വസ്ഥരായി പരാതി പറയുന്നെങ്കില്‍ നാം ദൈവത്തില്‍ ശരണപ്പെടുന്നില്ലെന്നാണ് സൂചന. യേശു അവളുടെ ആകുലതകളെ തിരുത്തുന്നു. ക്രൈസ്തവ ജീവിതം ദൈവോന്മുഖവും മനുഷ്യോന്മുഖവും ആയിരിക്കണം. മനുഷ്യോന്മുഖം മാത്രമായ തത്വശാസ്ത്രങ്ങള്‍ പരാജയപ്പെടുന്നതിന്‍റെ കാരണം അതിന് ദൈവോന്മുഖതയില്ലെന്നതു തന്നെയാണ്. നമ്മുടെയൊക്കെ ജീവിതയാത്രകളില്‍ ഈ ഒരു യാഥാര്‍ത്ഥ്യം മറക്കരുത്. ഒത്തിരി കാര്യങ്ങള്‍ ഓടി നടന്നു ചെയ്തിട്ടും ഫലമില്ലാത്തതുപോലെ തോന്നുന്നില്ലേ? നായെപ്പോലെ ഓടിനടക്കും. പക്ഷേ ഒരു കാര്യവും നടക്കുന്നില്ല. മഴുവിന് മൂര്‍ച്ച കൂട്ടുവാന്‍ സമയമില്ലെന്നും പറഞ്ഞ് മരം വെട്ടുന്ന മനുഷ്യരെപ്പോലെയാണ് നാം. ഒന്നും മുറിയുന്നില്ല. എല്ലാം ചതയുന്നതേയുള്ളൂ. മറിയത്തെ ചൂണ്ടിക്കാട്ടി യേശു പറയുന്നു: "അവള്‍ നല്ല ഭാഗം തെരഞ്ഞെടുത്തിരിക്കുന്നു." നല്ലഭാഗം തെരഞ്ഞെടുത്ത് കര്‍ത്താവില്‍ ഹൃദയമൂന്നി ജീവിതയാത്രയെ നമുക്കു ബലപ്പെടുത്താം.