top of page

മനുഷ്യാ... നിനക്കെന്നിലേക്ക് സ്വാഗതം.

Apr 12, 2018

1 min read

unity of people

നീ പര്‍ദ്ദയിട്ടതുകൊണ്ട്

ഞാനൊരിക്കലും അസ്വസ്ഥനായിട്ടില്ല.

നിന്‍റെ വിശ്വാസത്തിലേക്ക് നീയെന്നെ

വലിച്ചിഴക്കാത്തിടത്തോളം

ഞാനെന്തിനാണു അസ്വസ്ഥനാകുന്നത്.?

 

നീ കാവിചുറ്റിയതുകൊണ്ട്

ഞാനൊരിക്കലും മുഖംചുളിച്ചിട്ടില്ല,

നിറംകാട്ടിയെന്നെ നീ 

ക്ഷണിക്കാത്തിടത്തോളം

ഞാനെന്തിനാണു മുഖംചുളിപ്പിക്കുന്നത്?

 

കയ്യുയര്‍ത്തി നീ ഉറക്കെയുറക്കെ

ഹല്ലേലൂയ ചൊല്ലുമ്പോള്‍

ഞാനൊരിക്കലും ചെവിപൊത്തിയിട്ടില്ല.

എന്‍റെ ചിന്താമണ്ഢലത്തിന്‍റെ

ഓസോണ്‍പാളിക്ക് സുഷിരമുണ്ടാക്കാന്‍ 

അവക്ക് കഴിയില്ലെന്നിരിക്കേ

ഞാനെന്തിനാണ് 

വെറുതേ ചെവിപൊത്തിപ്പിടിക്കുന്നത്?

 

പടച്ചവനും പരമേശ്വരനും

പരിശുദ്ധാത്മാവുമായി

നിങ്ങള്‍ പോരടിക്കുമ്പോഴും 

ഞാന്‍മാത്രം എപ്പോഴും ശാന്തനാണ്.

നിനക്ക് നിന്‍റെ മതത്തിനൊരു

അടയാളമുണ്ടെങ്കില്‍

എനിക്ക് എന്‍റെ ദൈവം മനുഷ്യനും 

എന്‍റെ മതം സ്നേഹവുമാണല്ലോ. 

 

മതംകൊണ്ടെന്നെ അളക്കാനും 

തളയ്ക്കാനുമായി 

നീയെന്നിലേക്ക് വരാത്തിടത്തോളം 

നിന്‍റെ നിറങ്ങളും മന്ത്രങ്ങളും

എന്നെ അസ്വസ്ഥനാക്കുന്നേയില്ല. 

 

എനിക്കു നിന്നിലെ ഹിന്ദുവിനോടും 

ക്രിസ്ത്യാനിയോടും ഇസ്ലാമിനോടുമല്ല, 

നിന്നിലെ നന്മയോടും 

നീയെന്ന മനുഷ്യനോടുമാണിഷ്ടം. 

നിറം തിന്ന് വിശപ്പ് മാറ്റുന്ന മിത്രമേ

നീയെന്‍റെ കൂട്ടുകൂടാന്‍ വരാതിരിക്കുക. 

 

മതം പറഞ്ഞെന്നെ തകര്‍ക്കാനും 

മതത്തിലേക്കെന്നെ ക്ഷണിക്കാനും 

വരുന്നവര്‍ക്ക്

ഞാനെന്‍റെ മനസ്സിന്‍റെ 

തെക്കേമൂലയിലൊരു 

മാവും മഴുവും 

തെമ്മാടിക്കുഴിയും

രണ്ട് മീസാന്‍കല്ലുകളും ഒരുക്കിവച്ചിട്ടുണ്ട്.


Featured Posts