

ശരിനുറുങ്ങുകള്‍:
'ഇന്നുമുതല്‍ ഉത്സവം ആരംഭിച്ചു.'
ഒരു സുഹൃത്തിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിലേതാണ് ഈ വാക്യം. വ്യാകരണനിയമപ്രകാരം, ഇതിലൊരു തെറ്റുണ്ട്.
'മുതല്‍'...'ആരംഭിക്കുക' - ഇവ തമ്മില്‍ച്ചേരില്ല.
'ഇന്ന് ഉത്സവം ആരംഭിച്ചു' എന്നോ 'ഇന്നുമുതലാണ് ഉത്സവം' എന്നോ പറയാം/എഴുതാം.
****
"മാര്‍ ക്രിസോസ്റ്റത്തിന്‍റെ സ്മരണകളില്‍ ബിനോയ് വിശ്വം"
ഇതൊരു പത്രത്തലക്കെട്ടാണ്; ഇത്തിരി പഴയ ഒരു വാര്‍ത്തയുടെ തലക്കെട്ട്...
തലക്കെട്ടു വായിച്ചാല്‍ത്തന്നെ, വാര്‍ത്താസാരം പിടികിട്ടണമെന്നാണ് വയ്പ്. പത്രവാര്‍ത്ത, തലക്കെട്ടുള്‍പ്പെടെ വ്യക്തവും ശക്തവും ശുദ്ധവും ആയിരിക്കണം.മാര്‍ ക്രിസോസ്റ്റം, ബിനോയ് വിശ്വത്തെ സ്മരിക്കുന്നുവെന്നേ പ്രത്യക്ഷത്തില്‍ തോന്നുകയുള്ളു. സംഗതി നേരെ തിരിച്ചാണെന്നുമാത്രം!
യശശ്ശരീരനായ മാര്‍ ക്രിസോസ്റ്റത്തെ ബിനോയ് വിശ്വം സ്നേഹാദരങ്ങളോടെ സ്മരിക്കുന്നതാണ് വാര്‍ത്തയിലെ കാര്യം.
നല്ല മലയാളം, ചാക്കോ സി. പൊരിയത്ത്,
അസ്സീസി മാസിക ജൂണ്‍ 2025





















