
സംശയിക്കുന്ന തോമ്മാ

പെസഹാ വ്യാഴാഴ്‌ച ലോകത്തെമ്പാടുമുള്ള എല്ലാ പള്ളികളിലും പുരോഹിതർ (മാർപ്പാപ്പാ പോലും) പന്ത്രണ്ടുപേരുടെ കാലുകൾ കഴുകി മുത്തുന്ന ഒരു പതിവുണ്ടല്ലോ. എന്നാൽ, ഈ വർഷം ഞാൻ അറിയുന്ന ഒരു പളളിയിൽ പുരോഹിതൻ കാൽകഴുകിയെങ്കിലും ചുംബിച്ചതായിട്ടു കണ്ടില്ല. അതിനദ്ദേഹം പറഞ്ഞത്, ചുംബിക്കുന്നതായിട്ട് ബൈബിളിൽ പറഞ്ഞിട്ടില്ല എന്നാണ്. അതുകൊണ്ട് അതു വേണ്ടത്രേ. എനിക്കിപ്പോൾ തോന്നുന്നു വി. ആരാധനാക്രമം തന്നെ ബൈബിളിൽ പറയുന്നതിൽ നിന്നും വിഭിന്നമല്ലേയെന്ന്. മുകളിൽ ആ പുരോഹിതൻ പറഞ്ഞത് ന്യായമാണെങ്കിൽ എന്തിനാണ് ഈ വ്യത്യസ്തങ്ങളായ അടയാളങ്ങളും വേഷങ്ങളും രീതികളും നാം ആരാധനാക്രമത്തിൽ ഉപയോഗിക്കുന്നത് അവയും മാറ്റേണ്ട സമയം കഴിഞ്ഞില്ലേ?
സജി സി.പി.
ഗവ. ലോ കോളേജ്
തിരുവനന്തപുരം
പ്രിയപ്പെട്ട സജീ,
ആരാധനക്രമത്തെപ്പറ്റിയുള്ള മൗലികവും അതേസമയം സങ്കീർണവുമായ ഒരു ചോദ്യമാണ് സജിയുടേത്. ഉത്തരം വ്യക്തമാകുന്നതിന് മതങ്ങളുടെ ചരിത്രത്തിലെ ആരാധനാനുഷ്ഠാനങ്ങളെയും (cult) ക്രൈസ്തവ ആരാധനാക്രമത്തേയും (liturgy) പറ്റി ചുരുക്കമായി ചിലതു പറയുന്നതു സഹായകമായിരിക ്കും.
മതങ്ങളുടെ ചരിത്രത്തിലെ ആരാധനാനുഷ്‌ഠാനങ്ങൾ
ദൈവത്തെ പ്രീണിപ്പിച്ച് അവിടത്തെ സാമീപ്യവും രക്ഷയും ഉറപ്പുവരുത്തുന്നതിനുവേണ്ടിയുള്ള ആരാധനയും അനുഷ്ഠാനങ്ങളും എല്ലാ മതങ്ങളുടെയും ചരിത്രത്തിൽ നാം കാന്നുന്നുണ്ട്. മനസ്സിലും ഹൃദയത്തിലും മാത്രമായി മനുഷ്യന്റെ ദൈവാരാധന ഒതുങ്ങി നിൽക്കുന്നില്ല. ബാഹ്യമായി വാക്കുകളിലൂടെയും പ്രവൃത്തികളിലുടെയും അതിനെ പ്രകടിപ്പിക്കുവാൻ പ്രാചീനകാലം മുതലേ അവൻ പരിശ്രമിച്ചുപോരുന്നു. ചില പ്രത്യേക സ്ഥലങ്ങളും സമയങ്ങളും ആരാധനാനഷ്ഠാനങ്ങൾക്കു കൂടുതൽ അനുയോജ്യമായി കരുതപ്പെടുന്നതും മതങ്ങളുടെ ചരിത്രത്തിൽ നാം കാണുന്നുണ്ട്. ആകാശത്തോട് അടുത്ത മലകൾ, മനുഷ്യന് അഭയമരുളുന്ന ഗുഹകൾ, തണലേകുന്ന വൻമരങ്ങൾ
ജീവജലം പ്രദാനം ചെയ്യുന്ന നദികൾ ഇവയൊക്കെ ദൈവികസാന്നിധ്യവുമായി മനുഷ്യർ പ്രത്യേകവിധം ബന്ധപ്പെടുത്തി. ദൈവികസാന്നിധ്യത്തിൻറ ഈ മേഖലകളെ നിശ്ചിതമാക്കുവാൻ കാലക്രമത്തിൽ ആരാധനാലയങ്ങളെ അവൻ അവിടെ പണിതുയർത്തി. അതുപോലെ തന്നെ പ്രകൃതിയുടെ പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട കാലങ്ങളും മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമയങ്ങളും ദൈവിക സാന്നിധ്യത്തിനും ആരാധനാനുഷ്‌ഠാനങ്ങൾക്കും കൂടുതൽ അനുയോജ്യമായി കരുതപ്പെട്ടു. വിതയും കൊയ്ത്തും വേട്ടയും യുദ്ധവും സൂര്യോദയവും സൂര്യാസ്‌തമയവും ഉത്തരായനവും ദക്ഷിണായനവും ജനനവും മരണവുമെല്ലാം അങ്ങനെ ആരാധനാനുഷ്ഠാനങ്ങൾക്കുള്ള പ്രത്യേക സമയങ്ങളായി തീർന്നു. ചില ജനതകളുടെ ചരിത്രത്തിൽ ദൈവത്തിൻ്റെ ഇടപെടലുകളായി വിശ്വസിക്കപ്പെടുന്ന സംഭവങ്ങളും അവയുടെ ഓർമയാചരണങ്ങളും ആരാധനാനുഷ്ഠാനങ്ങളുടെ സംവിധാനത്തിൽ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇസ്രയേൽ ജനതയുടെ ഈജിപ്തിൽ നിന്നുള്ള വിമോചനവും സീനായ് ഉടമ്പടിയും വാഗ്ദാന ദേശപ്രവേശനവും ജറുസലേം പട്ടണത്തിന്റെ പിടിച്ചടക്കലും ദേവാലയനിർമാണവും അവയുടെ ഓർമയാചരണത്തിനായി സ്ഥാപിക്കപ്പെട്ട തിരുനാളുകളും അനുഷ്‌ഠാനങ്ങളും ഇതിന് ഉദാഹരണമാണ്

ക്രൈസ്‌തവാരാധനക്രമം
ക്രൈസ്തവ വിശ്വാസികളെ സംബന്ധന്ധിച്ചിടത്തോളം യേശുനാഥൻ്റ ജീവിതവും മരണവും ഉയിർപ്പുംവഴി മതങ്ങളുടെ ചരിത്രത്തിലും പഴയനിയമത്തിലും കാണുന്ന ഇങ്ങനെയുള്ള ആരാധനാനുഷ്ഠാനങ്ങൾ നിറുത്തലാക്കപ്പെട്ടു. (ഹെബ്രാ 8, 9,10 അധ്യായങ്ങൾ കാണുക) ദൈവത്തിന്റെ സാന്നിധ്യവും മഹത്വവും പ്രത്യക്ഷപ്പെടുന്നത് ഇപ്പോൾ ചില പ്രത്യേക സ്ഥലങ്ങളിലോ കൈകൾകൊണ്ടു പണിത ആലയങ്ങളിലോ അല്ല പ്രത്യത, മിശിഹായുടെ ശരീരത്തിലാണ് (യോഹ 1:14; 2: 19-21; 1 യോഹ 1: 1-3). അവിടെ മാത്രമാണ് ദൈവത്തിൻറെ യഥാർത്ഥ സാന്നിധ്യം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. മിശിഹായുടെ ഭൗതികശരീരം മാത്രമല്ല, അവിടത്തെ മൗതികശരീരമായ വിശ്വാസികളുടെ സമൂഹവും ഇന്ന് യഥാർത്ഥമായ ദേവാലയമാണ്. അവിടെ ക്രിസ്തു നാഥനിലൂടെ പരിശുദ്ധാരൂപിയിൽ ദൈവം വസിക്കുന്നു (എഫേ 2: 20-22, ഗലാ 2, 20). വിശ്വാസികളുടെ സമൂഹത്തിൽ സന്നിഹിതനായിരിക്കുന്ന യേശു നാഥനാണ് ഇപ്പോൾ പിതാവിങ്കലേക്കുള്ള വഴി (യോഹ 14:6-11) അങ്ങിലൂടെയല്ലാതെ ഒരു ദൈവാരാധനയ്ക്ക് ഇന്നു മറ്റു പൗരോഹിത്യ ശുശ്രൂഷയോ വിശുദ്ധസ്ഥലങ്ങളോ വിശുദ്ധസമയങ്ങളോ വിശുദ്ധാനുഷ്‌ഠാനങ്ങളോ ഇല്ല.
ക്രിസ്തുനാഥനിലൂടെയുള്ള ദൈവാരാധനയാകട്ടെ മതങ്ങളുടെ ആരാധനാനുഷ്ഠാനക്രമങ്ങളിൽ നിന്നു തികച്ചും വ്യത്യസ്തമാണ്. വിശ്വാസത്തിലുള്ള ജ്ഞാനസ്നാനം വഴി മിശിഹായുടെ ശരീരമാകുന്ന സഭാസമൂഹത്തിൻ്റെ അംഗങ്ങളായി തീർന്നവർക്ക് മിശിഹായുമായി ഒരേ കൂട്ടായ്മയിൽ പങ്കുചേരുന്നതും അവിടത്തെ അരൂപിയിൽ ജീവിക്കുന്നതുമാണ് മുഖ്യമായ ദൈവാരാധന. ക്രൈസ്തവനെ സംബന്ധിച്ചെടുത്തോളം ജീവിതം തന്നെയാണ് ദൈവാരാധന; ദൈവാരാധന തന്നെയാണ് ജീവിതം.
യേശുനാഥൻ സ്വയം പരിപൂർണമായി പിതാവിന് അർപ്പിച്ചുകൊണ്ട്, പിതാവിന്റെ ഇഷ്ടമനുസരിച്ച് മനുഷ്യരുടെ സമഗ്രമായ രക്ഷയ്ക്കുവേണ്ടി ജീവിച്ചു. അതിന്റെ പരിണതഫലമായിരുന്നു അവിടത്തെ പീഢാസഹനവും മരണവും. ഈ ജീവിതവും പീഢാസഹനവും മരണവുമാണ് അവിടത്തെ ബലി. ആ ബലിക്കു പിതാവു നൽകിയ പ്രത്യുത്തരമാണ് അവിടത്തെ ഉയിർപ്പ്. മരണത്തിലും ഉയിർപ്പിലും പൂർത്തിയായ ഈ പെസഹാ രഹസ്യത്തിലൂടെയാണ് അനാദിയിൽ തന്നെ ദൈവം, ആവിഷ്കരിച്ചിരുന്ന മനുഷ്യ രക്ഷ സാധിതമായത്. ഈ പെസഹാ രഹസ്യത്തെ പ്രഘോഷിക്കയും ആഘോഷിക്കയും ചെയ്തുകൊണ്ട് ദൈവത്തിനു നന്ദി പറയുകയും അവിടത്തെ സ്‌തുതിക്കയും ചെയ്യുന്നതും, യേശുനാഥൻ്റെ അതേ അരൂപിയിൽ പിതാവിനു സ്വയം സമർപ്പിച്ചുകൊണ്ട് സ്വസഹോദരങ്ങൾക്കുവേണ്ടി ജീവിതം ചെലവഴിക്കയും ചെയ്യുന്നതുമാണ് ക്രൈസ്തവ വീക്ഷണത്തിലുള്ള ദൈവാരാധനയും ബലിയും. (റോമ. 12, 1) ഈ ദൈവാരാധനയ്ക്കും ബലിയർപ്പണത്തിനുമായി തിരഞ്ഞെടുക്കപ്പെട്ട പുരോഹിതഗണമാണ് ക്രൈസ്തവജനത മുഴുവനും (1 പത്രോ 2, 5-9).
ദൈവത്തെ സമീപസ്ഥനാക്കുകയും അങ്ങിൽനിന്നു രക്ഷ നേടിയെടുക്കുകയുമാണ് മതങ്ങളുടെ ചരിത്രത്തിലെ ആരാധനാനുഷ്ഠാനങ്ങളുടെ ലക്ഷ്യമെങ്കിൽ, യേശുവിൽ പ്രത്യക്ഷനായി നമുക്കു രക്ഷ നല്ലിയ ദൈവത്തിനു നന്ദി പറയുകയും അവിടുത്തെ സ്തുതിക്കയുമാണ് ക്രൈസ്‌തവാരാധനയുടെ മർമം. ഈ സദ്വാർത്ത പ്രഘോഷിക്കുന്നതും ഈ രക്ഷാകരസംഭവത്തെ അനുസ്മരിക്കയും ആഘോഷിക്കയും ചെയ്യുന്നതും യേശുവിന്റെ അരൂപിയാൽ പ്രചോചിതമായി സ്നേഹത്തിൻറെ സ്വയംദാനത്തിൽ ജീവിക്കുന്നതുമെല്ലാം ക്രൈസ്‌തവമായ ആരാധനയുടെ വ്യത്യസ്‌തമാനങ്ങളത്രേ.
യേശുവിലൂടെ ദൈവം പൂർത്തിയാക്കിയ രക്ഷാകരസംഭവത്തിൻ്റെ പ്രഘോഷണവും ആഘോഷവും ക്രൈസ്തവമായ ജീവിത ത്തിന് അനുപേക്ഷണീയമാണ്. അതുപോലെ തന്നെ ക്രൈസ്തവമായ ജീവിതം രക്ഷാകരസംഭവത്തിന്റെ പ്രഘോഷണത്തിനും ആഘോഷത്തിനും ഇവയെ ഒരിക്കലും വേർതിരിക്കാനാവില്ല.
ക്രൈസ്തവാരാധനക്രമത്തെ സംബന്ധിച്ച മൗലികമായ ഈ ധാരണയുടെ വെളിച്ചത്തിൽ മാത്രമേ ആരാധനക്രമത്തിലെ അടയാളങ്ങളേയും വേഷങ്ങളേയും രീതികളെയും പറ്റി പറയാനാവൂ.
ആരാധനാക്രമത്തിൽ അടയാളങ്ങൾക്കുള്ള പ്രസക്‌തി
എന്താണ് ക്രൈസ്തവാരാധനക്രമത്തിൽ അടയാളങ്ങൾക്കുള്ള പ്രസക്‌തി? വാക്കുകളും പ്രതീകങ്ങളും ആംഗ്യങ്ങളുമെല്ലാം ആരാധനാനുഷ്ഠാനങ്ങളിൽ മാത്രമല്ല മനുഷ്യർ ഉപയോഗിക്കുന്നത്. പഞ്ചേന്ദ്രിയങ്ങൾക്കു വിഷയമാകുന്ന ഇങ്ങനെയുള്ള അടയാളങ്ങളിലൂടെയാണ് മനുഷ്യർ തമ്മിലുള്ള ബന്ധവും മനുഷ്യരും മറ്റു യാഥാത്ഥ്യങ്ങളുമായുള്ള ബന്ധവും പ്രകാശിപ്പിക്കപ്പെടുക. പരസ്പരസമ്പർക്കത്തിനും വിനിമയത്തിനുമെല്ലാം ശാരീരികജീവിയായ മനുഷ്യന് അടയാളങ്ങളെ ആശ്രയിച്ചേ മതിയാവൂ. ദൈവവുമായുള്ള ബന്ധത്തെ സംബന്‌ധിച്ചിടത്തോളം, അരൂപിയായ ദൈവം മനുഷ്യൻറെ വിചാരങ്ങളും മനോഭാവങ്ങളും നിലപാടുകളുമെല്ലാം അറിയുന്നുണ്ടെന്നതു ശരിതന്നെ. എങ്കിലും, മനുഷ്യൻ ശാരീരികനാകയാൽ, ശരീരത്തിനടുത്ത രീതിയിൽ അഥവാ പഞ്ചേന്ദ്രിയങ്ങൾക്കു വിഷയമാകുന്ന അടയാളങ്ങളിലൂടെ ദൈവവുമായി ബന്‌ധപ്പെടുമ്പോളാണ് അതു പൂർണമായി മാനുഷികമായിത്തീരുന്നത്. ശരീരത്തിനടുത്ത രീതിയിൽ മൂർത്തമാകാത്ത ബന്ധങ്ങളും നിലപാടുകളും നിലനില്ക്കുക പ്രയാസമാണ്. പോരെങ്കിൽ, മനുഷ്യൻ സാമൂഹജീവിയാണ്. അതിനാൽ, സമൂഹത്തിലെ അംഗങ്ങളെന്ന നിലയിലും സമൂഹമായും മനുഷ്യർ ദൈവവുമായി ബന്‌ധപ്പെടേണ്ടിയിരിക്കുന്നു. അതു കൊണ്ടാണ" എല്ലാ മതസമൂഹങ്ങളിലും നിയതമായ അടയാളങ്ങളിലൂടെ നടത്തപ്പെടുന്ന ആരാധനാനുഷ്ഠാനങ്ങൾ ഉള്ളത്. വാചാപ്രാർത്ഥന ആംഗ്യങ്ങൾ, ശാരീരികചേഷ്ടകൾ, പാട്ട്, നൃത്തം, പ്രദക്ഷിണം, വിരുന്ന്, ബലി തുടങ്ങിയ അടയാളങ്ങൾ വിവിധമതങ്ങളുടെ ആരാധനാനുഷ്ഠാനങ്ങളിൽ ഉപയോഗിക്കപ്പെടുന്നതിനു കാരണം ഇതുതന്നെയാണ്.
ക്രൈസ്‌തവ സമൂഹത്തിന്റെ ആരാധനക്രമത്തിനും അടയാളങ്ങൾ കൂടിയേ കഴിയൂ എന്ന് ഇതിൽനിന്നു വ്യക്തമാണല്ലോ. എന്നാൽ, ദൈവപുത്രൻ്റെ മനുഷ്യാവതാരം വഴി നമ്മുടെ ആരാധനക്രമത്തിൽ അടയാളങ്ങൾക്കുള്ള പ്രസക്തിക്ക് ഒന്നുകൂടെ ഊന്നൽ ലഭിച്ചിരിക്കയാണ്. അദൃശ്യനായ ദൈവം മനുഷ്യാവതാരത്തിലൂടെ യേശുനാഥനിൽ ദൃശ്യനായതുകൊണ്ടാണല്ലോ യേശുനാഥനെ ദൈവത്തിൻറെ പ്രതിരൂപം, പ്രതീകം, കൂദാശ എന്നൊക്കെ നാം പറയൂ ക. യേശുനാഥൻറെ ഈ പ്രതീകാത്മകത്വം ഇപ്പോൾ സഭയിൽ തുടർന്നുകൊണ്ടു പോകുന്നതിനാൽ സഭയേയും അവിടത്തെ രക്ഷാകര സാന്നിധ്യത്തിന്റെ പ്രതീകം അഥവാ കൂദാശ എന്നു നാം പറയുന്നു. (വത്തിക്കാൻ കൗൺസിലിന്റെ ആരാധനക്രമത്തെപ്പറ്റിയുള്ള പ്രമാണരേഖ, no. 2) സഭയിൽ സന്നിഹിതനായിരുന്നു കൊണ്ട് അടയാളങ്ങളിലും പ്രതീകങ്ങളിലുംകൂടെ വിശ്വാസികളെ വിശുദ്ധീകരിക്കാൻ ക്രിസ്തുനാഥൻ തിരുമനസ്സായി (ibid nos. 7. 59). ഇത്തരത്തിലുള്ള അയോളങ്ങൾ അഥവാ പ്രതീകങ്ങൾ ആണ് സഭയിലെ കൂദാശകള്‍. കൂദാശകളുടെ പരികർമത്തിൽ തന്നെ വേറെയും അടയാളങ്ങളും പ്രതീകങ്ങളും ഉപയോഗിക്കപ്പെടുന്നു. ഇങ്ങനെ മനുഷ്യപ്രകൃതിയും ദൈവപുത്രൻറെ മനുഷ്യാവതാരവും അടയാളങ്ങളുടേയും പ്രതീകങ്ങളുടേയും പ്രസക്‌തിയെ വ്യക്തമാക്കുന്നു.
എന്നാൽ, ആരാധനക്രമത്തിലെ (കൂദാശകൾ എല്ലാം ആരാധനക്രമത്തിൽ ഉൾപ്പെടും) അടയാളങ്ങളും പ്രതീകങ്ങളും വെറുതേ സ്വേച്ഛാപരമായി(arbitrarily) തിരഞ്ഞെടുക്കപ്പെടുന്നവയല്ല. മനുഷ്യർ തമ്മിൽ പറഞ്ഞൊത്തതുകൊണ്ടു മാത്രം ഒന്നു മറെറാന്നിൻെറ അടയാളമാകാം. ഉദാഹരണത്തിന്, ചെമപ്പുകൊടി അപകടത്തിൻറെയും വെളുത്ത കൊടി കീഴടങ്ങലിൻറെയും അടയാളമായിരിക്കുന്നതു മനുഷ്യർ തമ്മിൽ പറഞ്ഞൊത്തതുകൊണ്ടു മാത്രമാണ്. അങ്ങനെയുള്ള അടയാളങ്ങൾ ആരാധനക്രമത്തിന് അനുയോജ്യമല്ല. സ്വാഭാവികമായിത്തന്നെ മറെറാന്നിനെ സൂചിപ്പിക്കുന്ന അടയാളങ്ങൾക്കും പ്രതീകങ്ങൾക്കുമാണ് ആരാധനക്രമത്തിൽ സ്ഥാനം. ഉദാഹരണമായി, വെള്ളം കൊണ്ടുള്ള കഴുകൽ സ്വാഭാവികമായിത്തന്നെ ദേഹശുദ്ധിയുടെ അടയാളമാണ്. ഈ അടയാളമാണ് മാമ്മോദീസായെന്ന കൂദാശയിൽ ആധ്യാത്മികശുദ്ധിയുടെ അടയാളവും സാക്ഷാത്കരണവുമായി ഉയർത്തപ്പെടുന്നത്. ഭക്ഷണം കഴിക്കൽ സ്വാഭാ വികമായിത്തന്നെ പോഷണത്തിൻറെയും വളർച്ചയുടേയും അടയാളമാണ്. ഇതാണ് വി കുർബാനയുടെ ആചരണത്തിൽ ആധ്യാത്മികമായ പോഷണത്തിൻറെയും വളർച്ചയുടേയും അടയാളവും സാക്ഷാത്കരണവുമായി ഉയർത്തപ്പെട്ടിരിക്കുന്നത്.
അടയാളത്തിൻ്റെ അർത്ഥം അതിൽത്തന്നെ വ്യക്തമായിരിക്കണം. - വ്യാഖ്യാനം ആവശ്യമുള്ള അടയാളത്തിന് ആരാധനാക്രമത്തിൽ പ്രസക്‌തിയില്ല. അതുപോലെ തന്നെ, യേശുനാഥനോ അപ്പസ്തോലിക സഭയോ തിരഞ്ഞെടുത്ത മൗലികമായ ചുരുക്കം ചില അടയാളങ്ങളൊഴിച്ച് മറ്റുള്ളവയെല്ലാം പുന:പരിശോധിക്കപ്പെടേണ്ടവയും തിരുത്തപ്പെടേണ്ടവയുമാണ് മാമ്മോദീസായിലെ അടയാളമായ വെള്ളം കൊണ്ടുള്ള കഴുകൽ, വി. കുർബാനയിലെ അടയാളമായ വിരുന്നാചരണം, സ്ഥൈര്യലേപനത്തിലേയും രോഗീലേപനത്തിലേയും തിരുപ്പട്ടത്തിൻറയും അടയാളങ്ങളായ ലേപനം കൈവെയ്പ് തുടങ്ങിയവ ഇങ്ങനെ മൗലിക സ്വഭാവമുള്ള അടയാളങ്ങളാണ്. മറ്റുള്ളവയാകട്ടെ അതതു സമൂഹങ്ങളുടേയും കാലഘട്ടങ്ങളുടെയും സംസ്കാരങ്ങളുടെയും പശ്ചാത്തലത്തിൽ രൂപംകൊണ്ടവയാണ്. അവയ്ക്കൊന്നും പരമമായ മൂല്യമില്ല, ആപേക്ഷിക മൂല്യം മാത്രമേയുള്ളു. അതിനാൽ വിശ്വാസികളുടെ ഏതെങ്കിലും ഒരു സമ്യഹത്തിൽ അവ അജ്ഞാതമോ അർത്ഥമില്ലാത്തതോ ആയിത്തീരുന്നുവെങ്കിൽ അവയെമാറ്റി പകരം ആ സമൂഹത്തിൻ്റെ ചരിത്രവും സംസ്കാരവും ജീവിതവുമായി ബന്ധപ്പെട്ട അർത്ഥമുള്ള മറ്റ് അടയാളങ്ങളെ അവയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കേണ്ടിയിരിക്കുന്നു. അതു തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുമല്ല. പ്രത്യുത ആ സമുഹം അഥവാ അതിന്റെ തിരഞ്ഞെടുക്കപ്പെ പ്രതിനിധികൾ ആണ് എന്നു മാത്രം.

പെസഹാ വ്യാഴാഴ്‌ചയിലെ കാൽകഴുകലും ചുംബനവും
അടയാളങ്ങളെപ്പറ്റി ഇപ്പറഞ്ഞതിന്റെ വെളിച്ചത്തിൽ വേണം പെസഹാ വ്യാഴാഴ്ചത്തെ കാൽ കഴുകലിനെയും ചുംബനത്തെയും കാണാൻ. ഒടുവിലത്തെ അത്താഴത്തിൽ വച്ച് യേശുനാഥൻ ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിനെ (യോഹ 13: 1-17) അനുസ്മരിച്ചുകൊണ്ടു നടത്തുന്ന ഒരു ഭക്താഭ്യാസമാണ് പെസഹാ വ്യാഴാഴ്ചത്തെ കാൽ കഴുകൽ. പയ്യെ പയ്യെയാണ് അത് ആരാധനാക്രമത്തിലെ ഒരു കർമമായി മാറിയത്. മെത്രാസന ദേവാലയങ്ങളിൽ കാൽ കഴുകൽ കർമം പുനരുദ്ധരിക്കണമെന്ന് 694-ൽ റ്റോളഡോയിൽ കൂടിയ 17-ാമത്തെ കൗൺസിൽ അനുശാസിക്കുന്നതാണ്, ഇത് ആരാധനാക്രമത്തിലെ ഒരു കർമമായി ആചരിക്കുന്നതിൻറ സൂചന. 8-ാം നൂറ്റാണ്ടിൻ്റെ മദ്ധ്യത്തിൽ ഇത് പൗരസ്‌ത്യ സഭകളുടെ ഒരു പതിവായി തീർന്നു. മെത്രാന്മാരും ബൈസൻറയിൻ ചക്രവർത്തിയും മററു ഭരണാധിപന്മാരും പൗരസ്‌ത്യ സഭകളിൽ പെസഹാ വ്യാഴാഴ്‌ച ഈ കർമം അനുഷ്ഠിച്ചിരുന്നു. 12-ാം നൂറ്റാണ്ടിൽ പെസഹാ വ്യാഴാഴ്ചത്തെ മാർപ്പാപ്പായുടെ കുർബാനയിലും ഇത് ഒരു പതിവായി. 1956-ൽ ലത്തീൻ സഭയിലുണ്ടായ വിശുദ്ധവാര നവീകരണമനുസരിച്ച് കാൽകഴുകൽ നിർ ബന്ധപൂർവ്വമായ ഒരു കർമമല്ല. ഇഷ്ടമെങ്കിൽ ചെയ്യാമെന്നേയുള്ളൂ.
കർത്താവ് കാൽ ചുംബിച്ചതായി സുവിശേഷത്തിൽ സൂചനയൊന്നുമില്ല. അങ്ങനെ ചെയ്യണമെന്ന് ആരാധനാക്രമ വിധികളിലും പറഞ്ഞിട്ടില്ല. ചിലടത്തു പതിവുള്ള ഒരു ചടങ്ങാണെന്നു മാത്രം. എളിമയുടെയും സേവന സന്നദ്ധതയുടേയും പ്രതീകമായിട്ടാണ് കാൽ കഴുകലും ചുംബിക്കലും കരുതപ്പെടുക. രണ്ടും ഹൃദയസ്പർശിയായ ചടങ്ങുകളായി പലർക്കുംഅനുഭവപ്പെടാതിരിക്കില്ല. വിശിഷ്യ, പെസഹാ വ്യാഴാഴ്ചയുടെ ചൈതന്യാത്മകമായ പശ്ചാത്തലത്തിൽ. എന്നാൽ ഇത് ഔപചാരികമായ ഒരു ആചാരമായി തീരുന്നെങ്കിൽ, യഥാർത്ഥമായ എളിമയും സേവന സന്നദ്ധതയും പ്രതിഫലിപ്പിക്കുന്നില്ലെങ്കിൽ അർത്ഥശൂന്യമാണ്. വ്യാജമായ ഒരു പ്രതീകമാണ്. അങ്ങനെയെങ്കിൽ ഇതു നടത്താതിരിക്കുന്നതു തന്നെയാണു നല്ലത്. യേശുനാഥൻ ചെയ്തതത് അക്ഷരാർത്ഥത്തിൽ നാമും ചെയ്യണമെന്നല്ല അവിടുന്നു ഉദ്ദേശിച്ചത്. പിന്നെയോ അവിടുത്തെ അരൂപിയിൽ നാം മററുള്ളവരെ സേവിക്കുകയും ആവശ്യമായി വരുമ്പോൾ അവർക്ക് ദാസ്യവേല പോലും ചെയ്യാൻ തയ്യാറാകുകയും വേണമെന്നാണ്. അതാണ് പ്രധാനപ്പെട്ട കാര്യം. അപ്പോൾ ആരാധനക്രമത്തിൽ കാൽ കഴുകൽ ശുശ്രൂഷ നടത്തുന്നത് അങ്ങനെ ചെയ്യണമെന്ന് ബൈബിളിൽ പറഞ്ഞിരിക്കുന്നതു കൊണ്ടല്ല. അതിനാൽ, ബൈബിളിൽ പറഞ്ഞിരിക്കുന്നതു കൊണ്ട് കാൽ കഴുകുകയും ബൈബിളിൽ പറഞ്ഞിട്ടില്ലാത്തതുകൊണ്ട് ചുംബനം ഒഴിവാക്കുകയും ചെയ്യുന്നു എന്നു പറയുന്നതിൽ കഴമ്പില്ല. ഒരുതരം ബിബ്ലിക്കൽ മൗലികവാദം(Biblical fundamentalism) ആണ് ഈ ചിന്താഗതി പ്രതിഫലിപ്പിക്കുക.
ആരാധനക്രമത്തിലെ വേഷങ്ങൾ
ആരാധനാക്രമത്തിലെ വേഷങ്ങൾക്കും സങ്കീർണമായ ഒരു ചരിത്രമാണുള്ളത്. ആരംഭത്തിൽ പ്രത്യേക വേഷങ്ങളൊന്നും ആരാധനാക്രമത്തിലെ ശുശ്രൂഷകർക്ക് ഉണ്ടായിരുന്നില്ല. എങ്കിലും ആരാധനാ ശുശ്രൂഷയുടെ സമയത്ത് ഉപയോഗിക്കുന്ന ഉടുപ്പുകൾ മററു സമയങ്ങളിൽ ഉപയോഗിക്കുന്നത് ഉചിതമല്ല എന്ന ചിന്താഗതി ആരംഭ നൂറ്റാണ്ടുകളിൽ തന്നെ നാം കാണുന്നുണ്ട്. ആകൃതിയിലും പ്രകൃതിയിലുമൊന്നും ഈ ഉടുപ്പുകൾ മറ്റുള്ളവയിൽനിന്ന് വ്യത്യസ്തങ്ങളായിരുന്നില്ല. കോൺസ്റ്റൻ ്റൈൻ ചക്രവത്തിയുടെ മാനസാന്തരത്തിനുശേഷം, മെത്രാൻമാരും വൈദികരും റോമൻ കുലീനജാതരുടെ ഗണത്തിൽ എണ്ണപ്പെടുകയും അവർക്കുള്ള പാല്ലിയം, സ്റ്റോല (ഉറാറ), തുടങ്ങിയ ചില സ്ഥാനചിഹ്നങ്ങൾ മെത്രാൻമാർക്കും വൈദികർക്കും ലഭിക്കുകയും ചെയ്തു.
ജർമൻ വർഗക്കാർ റോമൻ സാമ്രാജ്യം ആക്രമിച്ചു കീഴടക്കിയതോടെ അവിടത്തെ സാധാരണയാളുകൾ ജർമൻ വേഷമായ കാൽ ചട്ടയും മേലുടുപ്പും സ്വീകരിച്ചു. വൈദികരാകട്ടെ തുടർന്നും റോമൻ വേഷമാണ് സാധാരണ ജീവിതത്തിലും പ്രത്യേകിച്ച് വൈദിക ശുശ്രൂഷയിലും ഉപയോഗിച്ചത്. നീണ്ട് പാദം വരെയെത്തുന്ന ഒരുടുപ്പും പുറത്തു പോകുമ്പോൾ മാത്രം അതിനുമേൽ അണിയുന്ന ഒരു അങ്കിയുമായിരുന്നു റോമാക്കാരുടെ സാധാരണ വേഷം. ഈ അങ്കിക്ക് സ്ഥാനവും അധികാരവും ഫാഷനും അനുസരിച്ച് മാറ്റങ്ങളുണ്ടായിരുന്നു. അടിസ്ഥാനപരമായി എല്ലാ റീത്തുകളിലും ആരാധനാക്രമത്തിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ ഈ റോമൻ വേഷത്തിൽ നിന്നും ഉത്ഭവിച്ചതാണെന്നു പറയാം. എട്ടും ഒൻപതും നൂറ്റാണ്ടുകളിൽ പെപ്പിൻ്റെയും കാറൽമാൻ ചക്രവർത്തിയുടെയും കീഴിലുണ്ടായ ആരാധനക്രമ പരിഷ്കാരങ്ങളിൽ പഴയനിയമത്തിൻ്റ ചിന്താഗതികളും സ്വാധീനം ചെലുത്തുകയുണ്ടായി. അങ്ങനയാണ് ആരാധനാ ശുശ്രൂഷയിൽ വൈദീകർ അണിഞ്ഞ ഉടുപ്പുകൾ "വിശുദ്ധ വസ്ത്രങ്ങളായി " പരിണമിച്ചത്. അവയ്ക്ക് ഓരോന്നിനും പ്രത്യേകമായ ഒരു വെഞ്ചരിപ്പും അന്യാപദേശരൂപത്തിലുള്ള ഒരു വ്യാഖ്യാനവും ( Allegoric Interpretation) ലഭിച്ചു. ഒരോന്നും അണിയുമ്പോൾ വൈദീകൻ ചെല്ലേണ്ട പ്രാർത്ഥനകളും ഉണ്ടായി. മെത്രാൻ്റെ പട്ടാഭിഷേകത്തിനും വൈദീകൻ്റെ ഗുരുപ്പട്ട സ്വീകരണത്തിലും ആഘോഷപൂർവ്വം അവരെ ഈ വസ്ത്രങ്ങൾ അണിയിക്കുക എല്ലാ റീത്തുകളിലും ഇന്നൊരു പതിവാണ്.
ആരാധനാക്രമത്തിലെ അലങ്കാരത്തിനും ആഢംബരത്തിനുമുള്ള മാധ്യമങ്ങളായും ഈ വേഷവിധാനങ്ങൾ ഇന്ന് പരിണമിച്ചിട്ടുണ്ട്. ഏതായാലും, അധികാര സ്ഥാനീയരായുള്ളവർക്ക് പൊതു പരിപാടികളിൽ അവരുടെ അധികാരത്തേയും ശുശ്രൂഷയേയും കുറിക്കുന്ന പ്രത്യേകമായ ഒരു വേഷം മിക്കവാറും എല്ലാ സാംസ്കാരിക തലങ്ങളിലുമുള്ള മനുഷ്യർക്കിടയിൽ സാധാരണമാണ്. ആരാധനാക്രമത്തിൽ ഉപയോഗിക്കപ്പെട്ടിരുന്ന പ്രത്യേക വസ്ത്രങ്ങളെല്ലാ ം നിർത്തലാക്കിയ പ്രൊട്ടസ്റ്റൻ്റ് സഭാ വിഭാഗങ്ങളും ഇന്ന് മറ്റ് രൂപങ്ങളിലാണെങ്കിലും അവ പുനർസ്വീകരിച്ചിട്ടുണ്ട്. പൗരോഹിത്യ ശുശ്രൂഷയും അതിനു യോജിക്കുന്ന ലളിതവും വ്യതിരിക്തവുമായ വസ്ത്രധാരണവുമായിരിക്കണം ആരാധനാക്രമത്തിലെ വേഷങ്ങൾ നിർണയിക്കുവാനുള്ള മാനദണ്ഡം.
വ്യത്യസ്‌ത രീതികൾ
'വ്യത്യസ്‌ത രീതികൾ' കൊണ്ട് സജി ഉദ്ദേശിച്ചത് വ്യത്യസ്‌ത ''റീത്തുകൾ'' ആയിരിക്കുമല്ലോ. വ്യത്യസ്‌ത റീത്തുകളുടെ ആവിർഭാവത്തിലേക്ക് ഇവിടെ കടക്കുന്നില്ല. സ്ഥലപരിമിതി അതിന് അനുവദിക്കുകയില്ല. ദൈവാരാധന മൗലികമായി യേശുനാഥനിലൂടെ ദൈവം നമ്മുടെയിടയിൽ സന്നിഹിതനായി നമുക്ക് രക്ഷ നൽകിയതിന് അവിടുത്തേക്കു നന്ദിപറയുകയും അവിടുത്തെ സ്തുതിക്കയുമാണെന്ന് കണ്ടു.
അതു പോലെതന്നെ, ക്രൈസ്തവമായ ആരാധനക്രമത്തിന്റെ മർമം യേശുനാഥൻ്റെ ജീവിതബലി - അവിടത്തെ പെസഹാ രഹസ്യം - അവിടന്നുതന്നെ സ്ഥാപിച്ച വിരുന്നാചരണത്തിലൂടെ അനുസ്മരിക്കയും ആഘോഷിക്കയും ചെയ്യുകയും അവിടത്തെ ജീവിതബലിയോടൊത്ത് നമ്മുടെ ജീവിതത്തെയും പിതാവിന് സമ്പൂർണമായി സമർപ്പിച്ചുകൊണ്ട്. പിതാവിൻ്റെ ഇഷ്ടമനുസരിച്ച് മനുഷ്യരുടെ സമഗ്ര രക്ഷയ്ക്കു വേണ്ടി ജീവിക്കുകയാണെന്നും നാം മുകളിൽ കണ്ടു. മൗലികമായ ഈ ക്രിസ്തു സംഭവമാണ് വിവിധ രീതികളിൽ എല്ലാ റീത്തുകളും ആഘോഷിക്കുന്നത്.
ഈ വൈവിധ്യം സഭയുടെ സമ്പന്നതയാണ്, പരിമിതിയല്ല. അതുകൊണ്ടാണ് സഭ വിവിധ റീത്തുകളെ പ്രോത്സാഹിപ്പിക്കുന്നത്. അതേ സമയം, ഈ വൈവിധ്യത്തെയും വ്യതിരിക്തതയേയും പരമമായ ഒരു മൂല്യമായി കാണുന്നതും ശരിയല്ല. വൈവിധ്യത്തിനും വ്യതിരിക്തതക്കും അടിസ്ഥാനം ചരിത്രപരവും ഭൂമിശാസ്ത്രപരവും സാംസ്കാരികവും വൈകാരികവും മറ്റുമായ കാരണങ്ങളാണ്. അവയെ ആദർശവൽക്കരിക്കേണ്ട ആവശ്യമില്ല. റീത്തുകൾ അതിൽ തന്നെ ഒരു ലക്ഷ്യമല്ല, പ്രത്യുത ക്രൈസ്തവ ആരാധനാക്രമത്തിൻ്റെയും ദൈവാരാധനയുടെയും അന്തഃസത്തയിലേക്ക് കൂടുതൽ അലിഞ്ഞുചേരുവാനുള്ള മാർഗം മാത്രമാണ്.
ഇപ്പറഞ്ഞതിൽ നിന്നെല്ലാം ഒരു കാര്യം വ്യക്തമായിരിക്കുമല്ലോ. ആരാധനാക്രമത്തിൽ നിന്ന് അടയാളങ്ങളും വേഷങ്ങളും രീതികളുമെല്ലാം അപ്പാടെ മാറ്റിക്കളയുവാൻ ഒരിക്കലും സാധ്യമല്ല. എന്നാൽ ഇന്നത്തെ ജനങ്ങളുടെ സംസ്‌കാരത്തിനും ആദ്ധ്യാത്മികമായ അഭിരുചികൾക്കും ചിന്താഗതികൾക്കും ആവശ്യങ്ങൾക്കും അനുസൃതമായി അവയെ നവീകരിക്കുകയും പുനർനിർണയിക്കുകയും ചെയ്യുക തീച്ചയായും ആവശ്യമാണ്. രണ്ടാം വത്തിക്കാൻ കൗൺസിൽ വളരെ വ്യക്‌തമായി അതാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്
ആരാധനാക്രമത്തിലെ അടയാളങ്ങൾ, വേഷങ്ങൾ, രീതികൾ
ഡോ. സിപ്രിയൻ ഇല്ലിക്കമുറി
അസ്സീസി മാസിക, ജനുവരി 1989




















