top of page
ഗുരുവിനെ കാണാന്‍ കൈക്കുടന്ന നിറയെ പൂക്കളുമായി ശിഷ്യനെത്തി. പുഞ്ചിരിയോടെ ഗുരു പറഞ്ഞു: 'ഉപേക്ഷിക്കുക.'
ഇടതുകൈയിലെ പൂക്കള്‍ അശുഭകരമെന്നോര്‍ത്ത് അവനതുപേക്ഷിച്ചു.
ഗുരു പിന്നെയും അവനോടു പറഞ്ഞു; "ഇല്ല ഉപേക്ഷിക്കുക."
അപ്പോഴവന്‍ വലതുകൈയിലെ പൂക്കളും താഴോട്ടുപേക്ഷിച്ചു.
ഗുരു വീണ്ടും പറഞ്ഞു; "ഉപേക്ഷിക്കുക."
ശൂന്യമായ കരങ്ങളുയര്‍ത്തി ചോദിച്ചു; "ഇനി എന്താണ് ഉപേക്ഷിക്കേണ്ടത്?"
ഗുരു വ്യക്തമാക്കി: "ഈ പൂക്കളല്ല, നിന്‍റെ അഹംബോധത്തെ ഉപേക്ഷിക്കുക."
ക്രിസ്തു ഇങ്ങനെ പറഞ്ഞു: "നിനക്കുള്ളതെല്ലാം ഉപേക്ഷിച്ച് എന്നെ അനുഗമിക്കുക." എനിക്കെന്താണുള്ളത്? എന്‍റെ സഖിയെന്‍റെ സ്വന്തമല്ല. എന്‍റെ കുഞ്ഞുമക്കള്‍, എന്‍റെ ഭൂവിടങ്ങള്‍, എന്‍റെ സുഹൃത്തുക്കള്‍ ഒന്നും അന്തിമ വിശകലനത്തില്‍ എന്‍റേതല്ലല്ലോ. പിന്നെ 'നിനക്കുള്ളത്' എന്നു പറയുന്നതിന്‍റെ പൊരുള്‍. നിന്‍റെ അഹംബോധത്തെ ഉപേക്ഷിച്ച് എന്‍റെ പിന്നാലെ വരികയെന്നല്ലാതെ..?
മനുഷ്യന്‍റെ അഹന്തകളൊക്കെ ഊതിവീര്‍പ്പിച്ച കുമിളകളാണ്. എപ്പോള്‍ വേണമെങ്കിലും ഉടഞ്ഞുപോകുന്നവയാണ്. ഒരിക്കല്‍ റിംഗില്‍ മുഷ്ടിചുരുട്ടി, ഇനിയുമാരെങ്കിലുമുണ്ടോയെനിക്കിടിച്ചു വീഴ്ത്താന്‍ എന്നലറിയ മുഹമ്മദലിയുടെ കരങ്ങള്‍ക്കിപ്പോള്‍ പാര്‍ക്കിസണ്‍സ് രോഗമാണെന്ന് ഒരു പത്രക്കുറിപ്പ് കണ്ടിരുന്നു. സൗന്ദര്യത്തിന്‍റെയും കരുത്തിന്‍റെയും പ്രണയത്തിന്‍റെയുമൊക്കെ കുമിളകള്‍ എത്ര പെട്ടെന്നാണുടയുന്നത്.
ബൈബിള്‍ മനുഷ്യന്‍റെ എല്ലാ അഹന്തകളെയും സ്നേഹപൂര്‍വ്വം പരിഹസിക്കുന്നുണ്ട്. പാരമ്പര്യത്തിന്‍റെ അഹന്തകളോട് ഈ കല്ലുകളില്‍നിന്ന് അബ്രാഹത്തിന് മക്കളെ ഉണ്ടാക്കാന്‍ എനിക്കാവുമെന്നു പറയുന്നു. അറിവിനോട്, വിജ്ഞാനികളില്‍നിന്നും വിവേകമതികളില്‍നിന്നും മറച്ചുവച്ച് കുഞ്ഞുങ്ങള്‍ക്കു വെളിപ്പെടുത്തിയ ദൈവത്തിനു സ്തോത്രം പറയുന്നു.
അധികാരത്തിന്‍റെ അഹന്തയുമായി നിന്ന പത്രോസിനെ ശാസിക്കുന്നതിങ്ങനെയാണ്: "ഇന്നു നീ നിനക്കിഷ്ടമുള്ളിടത്തേക്ക് മനുഷ്യരെ നയിക്കുന്നുണ്ട്. നാളെ ഒരു കാലം വരും - മറ്റുള്ളവര്‍ നിനക്കുവേണ്ടിയരമുറുക്കി, നിനക്കിഷ്ടമില്ലാത്തിടത്തേക്ക് നിന്നെ വലിച്ചുകൊണ്ടുപോകുന്ന കാലം." എന്തിന് വിശുദ്ധിയുടെ കാലംപോലും ചോദ്യം ചെയ്യപ്പെടുന്നു. ഞാന്‍ നിന്‍റെ നാമത്തില്‍ പഠിപ്പിച്ചിട്ടുണ്ട്. രോഗശാന്തി നല്‍കിയിട്ടുണ്ട് എന്നൊക്കെ പറയുമ്പോള്‍ ഞാന്‍ നിന്നോടു പറയും, ഞാന്‍ നിന്നെ അറിയുന്നില്ലായെന്ന്... (ധ്യാനഗുരുക്കള്‍ ജാഗ്രതൈ)
എപ്പോഴാണ് ക്രിസ്തു തന്‍റെ പൂര്‍ണ്ണദൈവാവബോധത്തിലേക്കുണരുന്നത്. സ്നാനസമയത്താവാമത്. പാപികള്‍ക്കുവേണ്ടി മനുഷ്യനായ യോഹന്നാന്‍ നല്‍കുന്ന അനുഷ്ഠാനക്കുളിയില്‍ ക്രിസ്തുവിനെന്താണ് ക്ഷാളനം ചെയ്യാനുള്ളത്. അവന്‍റെ ദൈവമാണെന്ന അഹംബോധമല്ലാതെ. ആദ്യം വിസമ്മതിക്കുന്ന യോഹന്നാന്‍ പിന്നെ ഒരിറ്റുജലം ക്രിസ്തുവിന്‍റെ ശിരസ്സിലേക്കിറ്റു വീഴ്ത്തിയപ്പോള്‍ ജോര്‍ദാനിലെ പുഴയില്‍ ക്രിസ്തു ഒഴുക്കിക്കളഞ്ഞത് തന്‍റെ ദൈവത്തോടുള്ള സമാനതയാണ്. ആകാശമപ്പോള്‍ മൊഴിഞ്ഞു; 'ഞാന്‍ സംപ്രീതനായ ദൈവത്തിന്‍റെ പ്രിയപുത്രന്‍.' തെല്ല് പരിഹാസത്തോടെ സെന്‍റ് പോള്‍ ചോദിക്കുന്നു: "ദാനമായി ലഭിച്ചതല്ലാതെ നിന്‍റെ കൈവശമെന്തുണ്ട്? എല്ലാം ദാനമായിരുന്നിട്ടും ഒന്നും ദാനമല്ലെന്ന മട്ടില്‍ നീ വ്യാപരിക്കുന്നതെന്ത്?"
ഒരു സൂഫി സന്ന്യാസി തന്‍റെ അടുക്കലെത്തിയ ഭിക്ഷുവിന് ചെമ്പു നല്കിക്കൊണ്ട് ആകാശത്തോടു കരഞ്ഞു: "ദൈവമേ, ഞാന്‍ തന്നെ നിന്‍റെ പിച്ചയാകുമ്പോള്‍ ഇവനെന്തു ഭിക്ഷ..."
ഒക്കെ നിന്‍റെ ദാനമായിരുന്നു.
എന്‍റെ സ്നേഹസങ്കല്പങ്ങള്‍, പ്രണയദിനങ്ങള്‍, ഭക്തി നല്കുന്ന അതിജീവനത്തിന്‍റെ കരുത്ത്, അര്‍ഹിക്കാത്ത അംഗീകാരത്തിന്‍റെ വിരുന്നുമേശയൊരുക്കുന്ന സുഹൃത്തുക്കള്‍, എല്ലാം പൊറുക്കുന്ന കുറെ വലിയ മനുഷ്യര്‍... ഒക്കെ നിന്‍റെ ദാനമായിരുന്നു.
വടക്കേ ഇന്ത്യയില്‍ ഒരു ക്ഷേത്രത്തിനു വെളിയില്‍ ഇങ്ങനെയൊരു കുറിപ്പു സൂക്ഷിച്ചിട്ടുണ്ട്. "ചെരിപ്പും അഹന്തയും ഉപേക്ഷിച്ചിട്ട് അകത്തു പ്രവേശിക്കുക." ചെരിപ്പുകളഴിച്ചുമാറ്റാം എന്നിട്ടും...
തിരിച്ചറിവിന്‍റെയും ധ്യാനത്തിന്‍റെയും കണ്ണീരിന്‍റെയുമൊക്കെ യൊരു ജോര്‍ദാന്‍ പുഴയില്‍ സ്നാനം ചെയ്ത് അഹംബോധത്തെ ഒഴുക്കിക്കളയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാനും ദൈവാവബോധത്തിലേക്കുണര്‍ന്നേനെ.
മരുഭൂമിയിലെ പിതാക്കന്മാര്‍ പറയുന്നതുപോലെ ഞാന്‍ വെറുതെ നാലു ചുമരുകള്‍ മാത്രമാണെന്ന് തിരിച്ചറിയുകയാണ് പ്രധാനം. അല്ലെങ്കില്‍ ഭാരതീയ പാരമ്പര്യത്തില്‍ ദൈവത്തിന്‍റെ അധരങ്ങളിലെ മുരളി എന്നില്‍ എന്തെങ്കിലും സംഗീതമായി നിനക്കനുഭവപ്പെടുന്നുവെങ്കില്‍ അതീ പൊള്ളയായ ഈറത്തണ്ടിലൂടെ ദൈവത്തിന്‍റെ നിശ്വാസങ്ങള്‍ ഒഴുകിവരുന്നതാണ് എന്നര്‍ത്ഥം.
***
ഗുരുവിനെ കാണാന്‍ ഒരു പ്രൊഫസറെത്തി. ഗുരു അയാളെ ഉപചരിച്ചിരുത്തി. പിന്നെ ഒരു കോപ്പയില്‍ ചായ വിളമ്പിത്തുടങ്ങി. വക്ക് നിറഞ്ഞിട്ടും പിന്നെയും ഒഴിച്ചുകൊണ്ടേയിരുന്നു. ചായ തുളുമ്പി ഉമ്മറത്ത് പടര്‍ന്നു. അയാള്‍ പറഞ്ഞു: "ഇത് എന്തു മണ്ടത്തരമാണ്. നിറഞ്ഞ കപ്പില്‍ പിന്നെയും ചായ ഒഴിക്കുക."
ഗുരു മറുപടി നല്കി. "ആരാണ് വലിയ മണ്ടന്‍, നിറഞ്ഞ കപ്പില്‍ ചായ ഒഴിക്കുന്ന ഞാനോ, അതോ ഹൃദയം നിറയെ അഹന്തകളുമായെത്തി, ദൈവത്തെയറിയണമെന്നു ശഠിക്കുന്ന നീയോ? വലിയ മണ്ടന്‍..."
ഫ്രൊഫസര്‍ മടങ്ങിപ്പോയി. പന്ത്രണ്ടുവര്‍ഷം ഒരു ഭിക്ഷുവിനെപ്പോലെ അലഞ്ഞു.
പിന്നെ ഗുരുവിനെത്തേടിയെത്തിയപ്പോള്‍ അദ്ദേഹം മരണശയ്യയിലായിരുന്നു. ആ കരങ്ങള്‍ പിടിച്ച് അയാള്‍ മന്ത്രിച്ചു. "ഇപ്പോള്‍ എന്‍റെ ഹൃദയം ഒഴിഞ്ഞ കോപ്പ... നീയതിനെ ദൈവത്തെക്കൊണ്ടു നിറയ്ക്കുക..."
ഗുരുവിന്‍റെ കനിവിലയാളപ്പോള്‍ നിറഞ്ഞു.
***
മരണദൂതന്‍ വരുമെന്നറിഞ്ഞ് ഒരു ശില്‍പ്പി തന്നെപ്പോലെ ഇരുപതുപേരെയുണ്ടാക്കി. ഇടയിലെവിടെയോ നിശ്ചലനായി നിന്നു. കുഴങ്ങിയ ദൂതന്‍ പറഞ്ഞു:
"എവിടെയോ ഒരു കുറവുണ്ടാകണമല്ലോ..."
"എന്തു കുറവ്?" ശില്‍പ്പി പൊട്ടിത്തെറിച്ചു.
***
മുല്ലാ നസറുദ്ദീന്‍ ഭാര്യയില്‍നിന്ന് രക്ഷപെട്ട് ഓടി കട്ടിലിനടിയിലൊളിച്ചു. ഭാര്യ ശഠിച്ചു: "ഇറങ്ങി വാടോ..."
വല്ലാതെ ഫീല്‍ ചെയ്തു മുല്ലയ്ക്ക്. അയാള്‍ പറഞ്ഞു: "ഇതെന്‍റെ വീടാണ്. ഇവിടെ ഞാന്‍ തീരുമാനിക്കും വരണോ, വേണ്ടയോ, എന്നൊക്കെ... നീയല്ല, മനസ്സിലായോ?",