top of page

പാടുക നാം സമാധാനം

Oct 4

3 min read

George Valiapadath Capuchin
A robed figure contemplates beneath a sun and moon in a swirling sky. Sun has a face; scene is in blues, whites, golds. Dreamy mood.

അസ്സീസിയിലെ സഹോദരന്‍ ഫ്രാന്‍സിസിന്‍റെ ജീവിതത്തിലെ അന്ത്യകാല മുഹൂര്‍ത്തങ്ങളുടെ എണ്ണൂറാം വാര്‍ഷികങ്ങള്‍ നാം കൊണ്ടാടുകയാണ് ഈ വര്‍ഷങ്ങളിലെല്ലാം. ഫ്രാന്‍സിസ് ഒരു പ്രേമിയും യോഗിയും മിസ്റ്റിക്കും ജ്ഞാനിയും കവിയും അവധൂതനും ഒക്കെ ആയിരുന്നു. കാന്‍റിക്കിള്‍ ഓഫ് ക്രീച്ചേഴ്സ് - 'സൃഷ്ടി കീര്‍ത്തനം' (Canticle of Creatures) എന്നറിയപ്പെടുന്ന ഒരു ഗീതം അദ്ദേഹം എഴുതി ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഫ്രാന്‍സിസിന്‍റെ ദൈവദര്‍ശനവും സൃഷ്ടി ദര്‍ശനവും മനുഷ്യാത്മാവിനെക്കുറിച്ചുള്ള ദര്‍ശനവും, പതിമൂന്ന് വാക്യങ്ങളും പതിന്നാലാമത്തേതായി ഒരു പല്ലവി വാക്യവും ഈ ഗീതത്തില്‍ കാണാം. 'സൃഷ്ടികീര്‍ത്തനം' എന്നാണ് അറിയപ്പെടുന്നതെങ്കിലും, ആദ്യവസാനം ഇതൊരു ദൈവകീര്‍ത്തനമാണ്. ഒരുപക്ഷേ, 148-ാം സങ്കീര്‍ത്തനവും ദാനിയേല്‍ ഗ്രന്ഥത്തിലെ 3-ാം അധ്യായവും അദ്ദേഹത്തിന് ആദ്യ പ്രചോദനം നല്കിയിരിക്കാം.


'അനുദിനം നാം ഉപയോഗപ്പെടുത്തുന്നവയും, അവയില്ലാതെ നമുക്ക് നിലനില്‍ക്കാന്‍ ആവതില്ലെങ്കില്‍പ്പോലും അവയിലൂടെ മനുഷ്യര്‍ തങ്ങളുടെ സ്രഷ്ടാവിനെ ഏറെ ദ്രോഹിക്കുകയും ചെയ്യുന്നു എന്നതിനാല്‍, തമ്പുരാന്‍റെ സൃഷ്ടികളെക്കുറിച്ച് ഒരു സ്തുതിഗീതം എഴുതണമെന്ന് ആഗ്രഹിക്കുന്നു', എന്ന് തന്‍റെ സഹോദരങ്ങളോട് സഹോദരന്‍ ഫ്രാന്‍സിസ് ഒരിക്കല്‍ പറയുന്നുണ്ട്. എന്നാല്‍, അദ്ദേഹം അതിന് തെരഞ്ഞെടുത്തത് തന്‍റെ ജീവിതത്തിന്‍റെ ഏറ്റം അവസാനഘട്ടമായിരുന്നു എന്നുമാത്രം.

പതിന്നാല് വാക്യങ്ങളാണ് ഈ ഗീതത്തിനുള്ളത് എന്നു പറഞ്ഞല്ലോ. ഏതാണ്ട് ഇങ്ങനെയാണ് അതിന്‍റെ ഘടന എന്ന് പറയാം.


1-2 ദൈവസ്തുതിപ്പ്


3-9 സോദരന്‍ സൂര്യന്‍, സോദരി ചന്ദ്രികയും താരകളും, സഹോദരന്‍ കാറ്റും ഋതുക്കളും, സോദരി വെള്ളം, സോദരന്‍ അഗ്നി, ഫലപുഷ്പൗഷധികള്‍ നമുക്കായി ചുരത്തുന്ന സോദരിയും അമ്മയുമായ ഭൂമി - ഇവക്കെല്ലാമുള്ള ദൈവസ്തുതി.


10-11 ദൈവസ്നേഹത്തെ പ്രതി പൊറുതി നല്‍കുകയും രോഗപീഡകള്‍ സഹിക്കുകയും സമാധാനത്തില്‍ നിലനില്ക്കുകയും ചെയ്യുന്ന മാനവനുവേണ്ടിയുള്ള ദൈവസ്തുതി.


12-13 അനിവാര്യമായ ശാരീരിക മരണം; മാരക പാപത്തിലെ സമ്പൂര്‍ണ്ണ മരണം; ദൈവേച്ഛയിലെ ആത്മനാശം ഏല്ക്കാത്ത മരണം: സോദരി മരണത്തിനായുള്ള ദൈവസ്തുതി.


14 - തമ്പുരാന് കൃതജ്ഞതാ സ്തോത്രങ്ങളണയ്ക്കല്‍ : പല്ലവി.


മൂന്നു ഘട്ടങ്ങളിലായാണ് ഈ സ്തുതി ഗീതത്തിന്‍റെ രചന പൂര്‍ത്തിയാകുന്നത്. ഗീതത്തിലെ 1-9 വരെ വാക്യങ്ങള്‍ സഹോദരന്‍ ഫ്രാന്‍സിസ് എഴുതുന്നത് 1225 ശരത്ക്കാലത്താണ് (സെപ്റ്റംബര്‍-നവംബര്‍). അക്കാലത്ത് തന്‍റെ കണ്ണുകളുടെ കാഴ്ച ഏതാണ്ട് പൂര്‍ണ്ണമായി നഷ്ടപ്പെട്ട്, സഹോദരി ക്ലാരയുടെയും സഹോദരിമാരുടെയും സാന്‍ ഡാമിയാനോയിലെ മഠത്തിനു വെളിയില്‍, സഹോദരന്മാര്‍ നിര്‍മ്മിച്ച ചെറിയൊരു കുടിലിന്‍റെ ഇരുട്ടില്‍, സൂര്യപ്രകാശത്തിലേക്ക് നോക്കാന്‍ പോലും ആവാതെയും, ഇതര ശാരീരിക രോഗങ്ങളാല്‍ വലഞ്ഞും കഴിയുകയായിരുന്നു അദ്ദേഹം.


മാപ്പേകുന്ന, ശാന്തിയില്‍ ചരിക്കുന്ന മാനവനെ കുറിച്ചുള്ള അടുത്ത രണ്ടു വരികള്‍ അദ്ദേഹം എഴുതുന്നത് 1226 ജൂലൈ മാസത്തിലാണ്. അനവധി വേദനകളുടെയും ശാരീരിക പീഡകളുടെയും മധ്യത്തില്‍, സമൂഹത്തിന്‍റെ ജനറല്‍ മിനിസ്റ്ററായ സഹോദരന്‍ ഏലിയാസിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അസ്സീസിയിലെ മെത്രാസന ഭവനത്തിന്‍റെ അതിഥി മുറിയില്‍ കഴിയവേയായിരുന്നു അത്.


സോദരി മരണത്തെക്കുറിക്കുന്ന അവസാനത്തെ രണ്ടു വാക്യങ്ങള്‍ അദ്ദേഹം എഴുതുന്നത് രോഗത്തിന്‍റെ പാരമ്യത്തില്‍, ക്രിസ്തുവിന്‍റെ മുദ്രകളായ പഞ്ചക്ഷതങ്ങള്‍ സ്വശരീരത്തില്‍ സ്വീകരിച്ചതിനും ശേഷം, മരണം തൊട്ടടുത്തെത്തിയിരിക്കേ -1226 സെപ്റ്റംബറിന്‍റെ അന്ത്യത്തില്‍ ആവണം. അതിന് ഏതാനും ദിവസങ്ങള്‍ക്കകം, ഒക്റ്റോബര്‍ 3 സായാഹ്നത്തിലാണല്ലോ സഹോദരന്‍ ഫ്രാന്‍സിസ് തിരികെപ്പോകുന്നത്.


സൂര്യചന്ദ്രനക്ഷത്രാദികളെ ഒരുമിച്ച് 'ആകാശ'മായി പരിഗണിച്ചാല്‍, വായു, ജലം, അഗ്നി, ഭൂമി എന്നിവയാണ് മനുഷ്യനൊഴികെ സൃഷ്ടിഗീതത്തിലെ സ്തുതികാരണങ്ങളായി വരുന്നത് എന്നതും പരിഗണിക്കുമ്പോള്‍, വായു, ജലം, അഗ്നി, ഭൂമി, ആകാശം എന്നിങ്ങനെ പഞ്ചഭൂതങ്ങളാണ് ഫ്രാന്‍സിസിന്‍റെ സൃഷടി ഗീതത്തിലെ പരാമര്‍ശിതങ്ങള്‍ എന്ന് നിരീക്ഷിക്കാവുന്നതാണ്.


മറ്റൊരു വഴിക്ക് നോക്കുമ്പോള്‍ വേദഗ്രന്ഥത്തിലെ സൃഷ്ടികഥയുടെ ഒരു സ്വതന്ത്രാവിഷ്ക്കാരമാണ് സഹോദരന്‍ ഫ്രാന്‍സിസിന്‍റെ സൃഷ്ടി കീര്‍ത്തനം എന്നും നമുക്ക് അനുമാനിക്കാം. സൃഷ്ടികളിലൂടെ ദൈവത്തിന് സ്തുതി സ്തോത്രങ്ങള്‍ അര്‍പ്പിക്കുന്ന ആദ്യ ഭാഗം രചിച്ചതിനും ഈണം പകര്‍ന്നു പാടിയതിനും ശേഷം സൃഷ്ടി പൂര്‍ണ്ണമല്ലല്ലോ എന്ന് അദ്ദേഹം കരുതിയിരിക്കണം. (അസ്സീസിയിലെ മെത്രാനും അവിടുത്തെ മേയറും തമ്മിലുള്ള ഈഗോ ക്ലാഷ് വെറുമൊരു പശ്ചാത്തലം മാത്രം). അങ്ങനെയാണ് ക്ഷമിക്കുന്ന, രോഗപീഡകള്‍ ഏല്ക്കുന്ന, അറ്റുപോയ ബന്ധങ്ങളെല്ലാം വീണ്ടും ഇണക്കിച്ചേര്‍ക്കുന്ന, അനുരഞ്ജകനായ, സമാധാന മാധ്യമമായ മാനവനെക്കൂടി സൃഷ്ടി ഗീതത്തിലേക്ക് അദ്ദേഹം ഉള്‍ച്ചേര്‍ക്കുന്നത്.


സൃഷ്ടികഥ അവിടംകൊണ്ടും പൂര്‍ണ്ണമാകുന്നില്ലല്ലോ എന്ന തിരിച്ചറിവിനാല്‍ ആവണം, നിപതിച്ചയാളുടെ വീണ്ടെടുപ്പും ദൈവ പുനരൈക്യവും പരാമര്‍ശിതമാകുന്ന, മരണം എന്ന സഹോദരിയെക്കൂടി ഫ്രാന്‍സിസ് തന്‍റെ ഗീതത്തില്‍ ഉള്‍ച്ചേര്‍ക്കുന്നത്. മരണത്തിലും ഉള്ളത് ദൈവസാന്നിധ്യം തന്നെയാണ് എന്നതാണ് ഫ്രാന്‍സിസിന്‍റെ അവബോധം.


ബഹുമാന്യ സോദരന്‍ സൂര്യന്‍,

സോദരി ചന്ദ്രികാതാരങ്ങള്‍,

സോദരന്‍ കാറ്റ്,

സോദരി വെള്ളം,

സോദരന്‍ അഗ്നി,

അമ്മയും സോദരിയുമായ ഭൂമി,

ഭൂമിപുത്രനായ മാനവന്‍,

സോദരി മരണം

ഇതാണ് ഫ്രാന്‍സിസിന്‍റെ സങ്കീര്‍ത്തനക്രമം. സാഹോദര്യമാണ് അദ്ദേഹത്തിന് ബന്ധത്തിന്‍റെ അടിസ്ഥാനം. മൂന്നുതവണയാണ് സൗന്ദര്യവാന്‍ സൗന്ദര്യവതി എന്ന് ഫ്രാന്‍സിസ് ആവര്‍ത്തിക്കുന്നത്. ഫ്രാന്‍സിസ് നിദര്‍ശിക്കുന്ന ദൈവസങ്കല്പത്തിലെ ദൈവം അത്യുന്നതനും, സര്‍വ്വശക്തനും, സമ്പൂര്‍ണ്ണ നന്മയും, സര്‍വ്വസൗന്ദര്യവും കൂടിയാണ്.


ദൈവത്തെ പ്രകീര്‍ത്തിക്കുന്ന ആദ്യത്തെ രണ്ട് വാക്യങ്ങളില്‍ ഒതുങ്ങുന്നില്ല സൃഷ്ടി ഗീതത്തിലെ ദൈവസങ്കല്പം. ഈ ഗീതത്തില്‍ ആദ്യവസാനം അത് വ്യാപിച്ചു കിടക്കുന്നുണ്ട് എന്നു തോന്നുന്നു. യോഹന്നാന്‍ തന്‍റെ സുവിശേഷം ആരംഭിക്കുന്നത് സൃഷ്ടി പ്രക്രിയയെ ക്രിസ്തുവില്‍ സമന്വയിപ്പിച്ചു കൊണ്ടും, ഒരു പുതുസൃഷ്ടി പ്രക്രിയ ആവിഷ്കരിച്ചു കൊണ്ടും ആണ് എന്ന് നാം തിരിച്ചറിയുന്നുണ്ട്. ഏതാണ്ട് ഇതേ ക്രിസ്തുവിജ്ഞാനീയവും ക്രിസ്തുദര്‍ശനവും സഹോദരന്‍ ഫ്രാന്‍സിസിന്‍റെ സൃഷ്ടി ഗീതത്തിലും പതിഞ്ഞുകിടക്കുന്നതായി കാണാനുണ്ട്. സൂര്യനായും ചന്ദ്രനായും കാറ്റായും ജലമായും അഗ്നിയായും ഭൂമിയായും അതിലെ സര്‍വ്വ ജീവ-അജീവ ജാലങ്ങളിലൂടെയും ദൈവം തന്‍റെ വിവിധ ഭാവങ്ങള്‍ ആവിഷ്കരിക്കുന്നതായി ഫ്രാന്‍സിസ് തിരിച്ചറിയുകയാണ്.


സത്യത്തില്‍, സൃഷ്ടി സമസ്തവും അവനിലൂടെയാണ് ഉണ്ടായത് എന്ന സുവിശേഷത്തിന്‍റെ ഉള്‍ക്കാഴ്ച ഫ്രാന്‍സിസിനെ കുറച്ചൊന്നുമല്ല സ്വാധീനിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ, ദൈവത്തിന്‍റെ മഹിമയും പ്രതാപവും തേജസ്സും സൗന്ദര്യവും അമൂല്യതയും സ്വച്ഛതയും എളിമയും താഴ്മയും പരിശുദ്ധിയും ബലവും ശക്തിയും കേളിയും ആവിഷ്ക്കരിക്കുമ്പോഴും അദ്ദേഹം ക്രിസ്തു ബോധ്യത്തിലാണ് അവയെല്ലാം ചെയ്യുന്നത്. സൃഷ്ടിപ്രക്രിയയുടെ അന്ത്യത്തില്‍, സൃഷ്ടജാലങ്ങള്‍ക്കു പിന്നാലെ ഫ്രാന്‍സിസ് മനുഷ്യനെ കൊണ്ടുവരുന്നു. ഫ്രാന്‍സിസിന്‍റെ സൃഷ്ടിബോധവും പരിസ്ഥിതി ബോധവും മാനവന്‍ കൂടി ഉള്‍ച്ചേരുന്നതാണ്. ആ മാനവനാകട്ടെ, നവീകൃതനായ, ക്രിസ്തുസ്വരൂപനായ, പുതിയ മാനവനാണെന്നു മാത്രം.

St Clare on the death bed of St Francis of assisi

അവസാനമായി, ഫ്രാന്‍സിസ് മരണമെന്ന സഹോദരിക്കുവേണ്ടി, അവളോടൊപ്പം, അവളിലൂടെ ദൈവത്തിന് സ്തുഗീതം പാടുന്നു. അവളാണ് നമുക്ക് നിത്യകവാടം തുറന്നുതരുന്നതെന്നും അവള്‍ നമ്മുടെ പൂര്‍ണ്ണതക്കുള്ള അനിവാര്യതയാണെന്നും, മേല്പറഞ്ഞ മാനവന്‍റെ രൂപം പൂണ്ടവര്‍ക്കെല്ലാം സാന്ത്വനം പകരുന്ന ദൈവദൂതികയാണ് അവളെന്നും, സ്തുതി ഗീതത്തിലൂടെ ഫ്രാന്‍സിസ് നമ്മെ ബോധ്യപ്പെടുത്തുന്നു.

നാല് ഫ്രാന്‍സിസ്കന്‍ സഹോദര സമൂഹങ്ങളുടെ ജനറല്‍ മിനിസ്റ്റര്‍മാര്‍ കൂട്ടായി എഴുതുന്നതു പോലെ, 'കര്‍ത്താവിന്‍റെ പെസഹാ രഹസ്യത്തില്‍ സ്വയം ഉള്‍ച്ചേരുന്ന മുഹൂര്‍ത്തത്തിലാണ് ഫ്രാന്‍സിസ് ഈ സ്തോത്രഗീതം എഴുതുന്നത്. ഇരുളിലിരുന്നുകൊണ്ട് അന്ധനായവന്‍ വെളിച്ചത്തോട് പാടുന്നു; രോഗത്തില്‍ ഇരുന്നുകൊണ്ട് രോഗിയായവന്‍ ഭൂമിയുടെ സൗന്ദര്യത്തെ പ്രകീര്‍ത്തിക്കുന്നു; മരണത്തിന്‍റെ സാമീപ്യത്തില്‍ മരിച്ചു കൊണ്ടിരിക്കുന്നവന്‍ നിത്യാനന്ദത്തെ പ്രഘോഷിക്കുന്നു: 'ഞങ്ങളുടെ ശാരീരിക മരണത്തിലൂടെ ദൈവമേ നിനക്ക് സ്തുതിയായിരിക്കട്ടെ!'


ഏതൊരു പ്രാര്‍ത്ഥനയും, ദൈവസ്തുതിപ്പ് പ്രത്യേകമായും ദൈവ പ്രകീര്‍ത്തനം നടത്തുന്നവരുടെ രൂപാന്തരീകരണം സാധ്യമാക്കണം. സഹോദരന്‍ ഫ്രാന്‍സിസിന്‍റെ 'സൃഷ്ടി കീര്‍ത്തനം' ഒരിക്കലും അതിന് ഒരപവാദമല്ല. മാനസാന്തരത്തിനുള്ള സൗമ്യമായ ഒരു ക്ഷണമാണ് സൃഷ്ടികീര്‍ത്തനം. സാന്മാര്‍ഗ്ഗികമായ അനിവാര്യത എന്ന നിലയ്ക്കല്ല, മറിച്ച് ദൈവത്തെ അവിടത്തെ സൃഷ്ടികളില്‍ നിദര്‍ശിക്കാനും അനുഭവിക്കാനും, അങ്ങനെ സൃഷ്ട സഹോദരങ്ങളെ സ്നേഹാദരങ്ങളോടെ സമീപിക്കാനും ഉള്ള സൗമ്യമായ ക്ഷണമാണ് സൃഷ്ടികീര്‍ത്തനം. വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും സ്നേഹത്തിന്‍റെയും മനസ്സാന്നിധ്യത്തിലേക്കാണ് സൃഷ്ടിഗീതം പാടി സ്തുതിക്കുന്ന ഒരാള്‍ ഉണരുന്നത്. സൃഷ്ടി, കീര്‍ത്തനം, മരണം, അനുരഞ്ജനം എന്നീ ചാക്രികതയിലേക്ക് അത് നമ്മെ എത്തിക്കുന്നു. സര്‍വ്വ നന്മയും, സര്‍വ്വ സൗന്ദര്യവും, കാരുണ്യവാരിധിയുമായ ഏകത്തില്‍ അത് നമ്മെ വിലയിപ്പിക്കുന്നു.


പാടുക നാം സമാധാനം

ജോര്‍ജ് വലിയപാടത്ത് കപ്പൂച്ചിന്‍

അസ്സീസി മാസിക, ഒക്ടോബർ, 2025

Recent Posts

bottom of page