top of page
മലയാളത്തിലെ ഒരു സാഹിത്യമാസികയില്‍ പണ്ട് അങ്ങനെയൊരു മത്സരമുണ്ടായിരുന്നു. ഏതെങ്കിലും ഒരു കവിയുടെ രണ്ടു വരി -മുമ്പെങ്ങും പ്രസിദ്ധീക രിച്ചിട്ടില്ലാത്തത്- ഇടുക. എന്നിട്ട് അതാരുടെ വരികളാണെന്ന് വായനക്കാര്‍ നിര്‍ണയിക്കുക. ആവശ്യത്തിലേറെ ശരിയുത്തരങ്ങളില്‍നിന്ന് വിജയിയെ നറുക്കിട്ട് കണ്ടെത്തേണ്ടിയിരുന്നു. ഗുണപാഠം അതാണ്; ഒരു രണ്ടു വരി കവിതയില്‍ പ്പോലും ആരുടെ എന്നു പിടുത്തം കിട്ടുന്ന ഒരു മുദ്രയുണ്ട്. ഏതൊക്കെ പദങ്ങളാണ് ഒരു കവി കൂടുതലായി ഉപയോഗിക്കുന്നതെന്ന് കേവലവായന ക്കാരനു പോലും ധാരണയുണ്ടാവുന്നു.
ഓര്‍ക്കുന്നുണ്ട്, ഒരുകാലത്ത് സ്കൂള്‍ സാഹിത്യസമാജങ്ങളില്‍ ഒരേ കവിത പല കവികളുടെ ഫ്ളേവറില്‍ അവതരിപ്പിക്കുന്ന ഒരിനം.
ദൈവരാജ്യമെന്നൊരു ന്യൂക്ലിയസ്സിനു ചുറ്റുമായിരുന്നു അവന്‍റെ ചിന്തയുടെയും വാക്കിന്‍റെയും ഇടപെടലിന്‍റെയും ഭ്രമണപഥങ്ങള്‍. വയലില്‍ വിതയ്ക്കുന്ന കര്‍ഷകനും വലയെറിയുന്ന മുക്കുവനും അപ്പത്തിനുവേണ്ടി മാവുകുഴയ്ക്കുന്ന സ്ത്രീയും എല്ലാംതന്നെ അവനെ ഓര്‍മ്മിപ്പിച്ചത് ദൈവരാജ്യത്തെക്കുറിച്ചായിരുന്നു.ആ ദൃശ്യലോകത്തിന്‍റെ അവകാശിയായിട്ടാണ് അവിടുന്ന് നമുക്കിടയിലൂടെ സഞ്ചരിച്ചത്
'നെഞ്ചത്തൊരു പന്തംകുത്തി നില്‍പ്പൂ കാട്ടാളന്‍' എന്ന കടമ്മനിട്ടയുടെ വരി ഒ. എന്‍. വി.യിലേക്കെത്തു മ്പോള്‍ 'നെഞ്ചത്തൊരു പന്തം കുത്തി നില്‍പ്പൂ കാട്ടാളന്‍, സഖീ നില്‍പ്പൂ കാട്ടാളന്‍' എന്ന് അതിഗൂഢ സുസ്മിതമാകുന്നു. ('ആരു കുത്തിയാ രാത്രിയില്‍, പന്തമോ നെഞ്ചില്‍' എന്നിങ്ങനെ സുഗതകുമാരി വെര്‍ഷനുമൊക്കെ അന്നു സുലഭമായിരുന്നു.)താക്കോല്‍ പദങ്ങളെന്നാണ് ഇതിനുള്ള പേര്. ഓരോരുത്തരുടെയും ജീവിതത്തില്‍ പതിവായും നിരന്തരമായും ഉപയോഗിക്കുന്ന പദങ്ങള്‍ പെറുക്കി യെടുത്താല്‍ ഈ 'ബാലരമ'യിലൊക്കെ കുത്തുകള്‍ യോജിപ്പിച്ച് ആളെ രൂപപ്പെടുത്തുന്ന കളി പോലെ നിങ്ങളുടെ ഉള്ളത്തെ അടയാളപ്പെടുത്താനാവും.
'സാരമില്ല' എന്ന പദമായിരുന്നു അപ്പന്‍ കൂടുതല്‍ ഉപയോഗിച്ചതെന്ന് ഇപ്പോള്‍ ഓര്‍മ്മിക്കുന്നു. അതു പരീക്ഷയ്ക്കു തോറ്റാലും സിനിമയ്ക്കു പോയത് പാതി ടിക്കറ്റോടെ പിടിയിലാകുമ്പോഴുമൊക്കെ വളരെ പതുക്ക ഉച്ചരിച്ചിരുന്നു. സാരമില്ലാത്തതു പോലും സംഭവമെന്നു പറഞ്ഞ് പൊലിപ്പിക്കുന്നവരുടെ മദ്ധ്യേ പാര്‍ക്കുമ്പോഴാണ് അപ്പാ, പകരംവയ്ക്കാനാവാത്ത നിങ്ങളുടെ ആ താക്കോല്‍പദം ഞങ്ങള്‍ ഓര്‍മ്മിച്ചെടു ക്കുന്നത്.
കൊച്ചുവര്‍ത്തമാനങ്ങള്‍ അവസാനിപ്പിച്ച് കാര്യത്തിലേക്ക് വരട്ടെ. എന്തായിരുന്നു യേശുവിന്‍റെ താക്കോല്‍പദങ്ങള്‍?
അത് മൂന്നു പദങ്ങളാണെന്നു തോന്നുന്നു: മാപ്പ്, മോക്ഷം, മൈത്രി. ആ പദങ്ങള്‍ക്കു കുറെക്കൂടി ഊഴം കൊടുക്കാനും ഉള്ളില്‍ മുഴങ്ങാനുമുള്ള കാലമായി നോമ്പിനെ നിര്‍വചിച്ചാല്‍ അതു ഗുണപരമായ ഒരു കാലമായി പരിണമിച്ചേനെ.
ഓരോരോ കാര്യങ്ങളെ ഹൃദ്യമാക്കുകയാണ് പ്രധാനം. കാലത്തിന് ചാര്‍ത്തിക്കൊടുക്കുന്ന കല്പനകളിലൊന്ന് ഭിഷഗ്വരന്‍ എന്നാണ്. ഏതു വ്യസനത്തെയും ശമിപ്പിക്കുന്ന, ഏതു ഭാരത്തെയും ലഘൂകരിക്കുന്ന ഒരു ദിവ്യഔഷധം അതിന്‍റെ പൊക്കണത്തിലുണ്ടെന്നാണ് സങ്കല്പം.
വായിച്ചിട്ടും വായിച്ചിട്ടും മതിവരാത്ത ഒരു ചെറിയ കഥ ബോര്‍ഹേസ് എഴുതിയിട്ടുണ്ട്- Legend.. ഒരു ഇടവേളയ്ക്കുശേഷം കായേനും ആബേലും ഏതോ ഒരു സമയബിന്ദുവില്‍ മുഖാമുഖം വരികയാണ്. മരുഭൂമിയുടെ വരണ്ട ഏകാന്തതയില്‍ അവര്‍ ഒരുമിച്ചിരുന്ന് തീപൂട്ടി ഭക്ഷണം കഴിക്കാനൊരു ങ്ങുന്നു. ആബേലിന്‍റെ നെറ്റിയില്‍ കല്ലുകൊണ്ടു നീലിച്ച പാടുണ്ട്.
താന്‍ ചെയ്ത പാതകം ക്ഷമിക്കാനായോ എന്നു ഹൃദയഭാരത്തോടെ കായേന്‍ ചോദിക്കുന്നു.ആബേല്‍ തലയുയര്‍ത്തി പറഞ്ഞു: 'നീയെന്നെ കൊന്നോ? അതോ ഞാന്‍ നിന്നെയാണോ കൊന്നത്? എനിക്കറിയില്ല... ഞാനതു മറന്നുപോയി.'
കായേന്‍ പറഞ്ഞു: 'ഇപ്പോള്‍ എനിക്കറിയാം നീയെന്നോടു ക്ഷമിച്ചെന്ന്; കാരണം, മറക്കുകയെ ന്നാല്‍ പൊറുക്കുകയാണ്. ഇനി ഞാനും മറക്കാന്‍ ശ്രമിക്കാം.'
കാലം സൗഖ്യം തരാത്ത ഒരു പരിക്കുമില്ല. അവശേഷിക്കുന്നത് വടുക്കള്‍ മാത്രമാണ്. ആത്മീയ സാഹിത്യത്തില്‍ രക്ഷയുടെ വടുക്കളെന്നാണ് ഇതിനെ വിളിക്കുന്നത്- scar of redemption. ഒരിക്കല്‍ ചില വ്രണിതാനുഭവങ്ങള്‍ ഉണ്ടായിരുന്നു എന്നും ഏതോ മഹാകാരുണ്യത്തിന്‍റെ ഇടപെടല്‍കൊണ്ട് അതിലി പ്പോള്‍ ചോര പൊടിയുന്നില്ല എന്നും ഉറപ്പുതരുന്ന, വേദനയില്ലാത്ത അടയാളങ്ങള്‍. കണ്ണു നിറയാനും കടപ്പാടോടെ കരം കൂപ്പാനും പ്രേരണയാവുന്ന ചില പ്രകാശമുദ്രകള്‍. ആപ്പിള്‍ ഇന്നു നമുക്ക് ഒരു പഴം മാത്രമല്ല, നിങ്ങള്‍ ഉപയോഗിക്കുന്ന ചില ഗാഡ്ജറ്റു കളുടെ പിന്നിലെ മുദ്രയാണത്. സ്റ്റീവ് ജോബ്സ് എന്ന ദുരിതം പിടിച്ച ബാല്യമുള്ളൊരു കുട്ടി. ഒരു യൂണി വേഴ്സിറ്റി അധ്യാപകന് തന്‍റെ വിദ്യാര്‍ത്ഥിനിയില്‍ പൊടിച്ചതായിരുന്നു അയാള്‍. കുട്ടിയെ പരസ്യം ചെയ്ത് ദത്തിന് ഏല്‍പ്പിക്കുകയായിരുന്നു മാതാപിതാ ക്കള്‍. കാര്യമായ പഠനത്തിനുള്ള ഏകാഗ്രതയോ താല്പര്യമോ ഉണ്ടായിരുന്നില്ല. കൗമാരയൗവനങ്ങളില്‍ വിശപ്പടക്കുവാന്‍ അയാളുടെ നാട്ടില്‍ സര്‍വ സാധാരണമായിരുന്ന ആപ്പിള്‍ പഴങ്ങളായിരുന്നു കൂട്ട്. തന്‍റെ പട്ടിണിക്കാലത്തെ ഒരു ചെറുപുഞ്ചിരിയോടു കൂടെ അടയാളപ്പെടുത്താനായിരുന്നു ഒരു സംരംഭം ആരംഭിച്ചപ്പോള്‍ അതിനയാള്‍ 'ആപ്പിള്‍' എന്നു പേരിട്ടത്.
ഏതൊരു ചികിത്സയ്ക്കും ആതുരന്‍റെ ആഭിമുഖ്യ ങ്ങള്‍ പ്രധാനപ്പെട്ടതാണെന്ന് ആര്‍ക്കാണറിയാത്തത്. കാലമെന്ന ഈ വൈദ്യനോട് നമ്മളെത്ര തുറവിയും അനുഭാവവും കാട്ടുന്നു എന്നുള്ളതാണ് സൗഖ്യ ത്തിന്‍റെ വേഗതയെ നിശ്ചയിക്കുന്നത്. അപരനു മാപ്പ് ഉറപ്പിക്കാനും അവനവന്‍റെതന്നെ വിഷാദപൂര്‍ണമായ ഇന്നലെകളെ ഒരു സാക്ഷീഭാവത്തില്‍ നോക്കിക്കാ ണാനും കെല്‍പ്പുള്ള ഒരാള്‍ എന്നില്‍ നിന്നും നിശ്ചയമായും രൂപപ്പെടും. അങ്ങനെയാണ് ഇന്നലെയുടെ നീലിച്ച പാടുകള്‍ ഇന്ദ്രനീലം പോലെ തിളങ്ങുന്നത്. വടുക്കളൊക്കെ പ്രകാശിക്കാനാണീ കാലം. മാപ്പിനെ ആഘോഷിക്കക.
മോക്ഷത്തിലാവുക എന്നതാണ് അടുത്ത ചുവട്. അവസാനത്തോളം അവിടുന്ന് പാവം മനഷ്യര്‍ക്ക് ഉറപ്പ് നല്‍കിയത് അതു മാത്രമായിരുന്നു. കണ്ണടയുന്നതിന് ഒരു മാത്രമുന്‍പ് പോലും. നീ എന്നോടൊപ്പം പറുദീസയിലായിരിക്കും.
ദൈവരാജ്യമെന്നൊരു ന്യൂക്ലിയസ്സിനു ചുറ്റുമായി രുന്നു അവന്‍റെ ചിന്തയുടെയും വാക്കിന്‍റെയും ഇടപെടലിന്‍റെയും ഭ്രമണപഥങ്ങള്‍. വയലില്‍ വിതയ്ക്കുന്ന കര്‍ഷകനും വലയെറിയുന്ന മുക്കു വനും അപ്പത്തിനുവേണ്ടി മാവുകുഴയ്ക്കുന്ന സ്ത്രീയും എല്ലാംതന്നെ അവനെ ഓര്‍മ്മിപ്പിച്ചത് ദൈവരാജ്യ ത്തെക്കുറിച്ചായിരുന്നു.ആ ദൃശ്യലോകത്തിന്‍റെ അവകാശിയായിട്ടാണ് അവിടുന്ന് നമുക്കിടയിലൂടെ സഞ്ചരിച്ചത്. കുരിശിലായിരിക്കുമ്പോഴും കാണാത്ത ലോകത്തിന്‍റെ ഉടയവന്‍ എന്നാണ് നഗ്നനായി നിലവിളിച്ചു മരിച്ച ആ മരപ്പണിക്കാരനെ നല്ല കള്ളന്‍ ഭാഷാന്തരം ചെയ്യുന്നത്. നിന്‍റെ രാജ്യത്ത് നീയെന്നെ ഓര്‍ക്കണമേ..
നീ എന്നോടൊപ്പം ഇപ്പോള്‍ത്തന്നെ പറുദീസ യിലാണ് എന്നാണ് അയാള്‍ക്കു കിട്ടിയ മറുപടി. എന്തൊരു ആത്മവിശ്വാസമാണ് ആ പദം ഒളിപ്പിച്ചുവച്ചിരുന്നത്. വളച്ചുകെട്ടിയ തോട്ടമെന്നാണ് ആ വാക്കിന്‍റെ അര്‍ത്ഥം. സുല്‍ത്താന് ആരോടെ ങ്കിലും ഒരാഭിമുഖ്യം അനുഭവപ്പെട്ടുകഴിഞ്ഞാല്‍ അയാളെ ഈ തോട്ടത്തിലേയ്ക്ക് വിളിക്കും. രണ്ടുപേരും കൈ കോര്‍ത്ത് ഉലാത്തും. ഏതെങ്കിലും ഒരു മരത്തണലിലിരുന്ന് ഇത്തിരി ഭക്ഷണം കഴിക്കും. അതിനുശേഷം മടങ്ങിപ്പോകുന്ന അയാള്‍ക്ക് ആ ദേശത്തു വലിയ ആദരവ് കിട്ടും. കാരണം പ്രഭുവിന്‍റെ കൈ പിടിച്ചായിരുന്നു അയാളുടെ സഞ്ചാരം. അപ്പോള്‍ പറുദീസയിലാണ് ആ പ്രഭുവിന്‍റെ കൈയ്ക്ക് പിടിച്ചു മരങ്ങള്‍ക്കിടയിലൂടെ സഞ്ചാരം. ആരോ ഒരാള്‍ സദാ കൂട്ടുവരുന്നുണ്ട്. പഴയനിയമ ഭാഷയില്‍ പകല്‍ മേഘമായും രാത്രി അഗ്നിയായും...
മൂന്നാമത്തെ താക്കോല്‍ വാക്ക് മൈത്രിയാണ്. ഭൂമിയുടെ സൗഹൃദത്തെ ഏകാഗ്രവും ഉത്തരവാദി ത്വമുള്ളതുമാക്കുകയായിരുന്നു അവിടുത്തെ ധര്‍മ്മം. സ്നേഹം കൗതുകമുണര്‍ത്തുന്ന ഒരു വിചാരമായി മാത്രം തെറ്റിദ്ധരിക്കപ്പെട്ടിരുന്ന കാലത്ത് അതിനെ അപരനു വേണ്ടിയുള്ള ആത്മബലിയായി പുനര്‍നിര്‍വ ചിക്കുകയായിരുന്നു അവിടുത്തെ നിയോഗം. സ്നേഹി തനുവേണ്ടി സ്വന്തം ജീവന്‍ നല്‍കുന്നതിനേക്കാള്‍ തീവ്രമായ മറ്റൊരു സ്നേഹപാഠം ഇല്ലെന്ന് അവിടുന്ന് തെളിയിച്ചു. ത്യാഗത്തെ സ്നേഹത്തിന്‍റെ മറുപദമായി പ്രകാശിപ്പിച്ചു. ആരും എന്‍റെ ജീവനെ എന്നില്‍ നിന്നെടുക്കുന്നതല്ല ഞാനതു സ്വയമേ നല്‍കുന്ന താണ്.
പൈത്യത്തിന്‍റെ വരമ്പുകളിലൂടെ സദാ സഞ്ചരി ച്ചിരുന്ന ഒരാളെന്ന നിലയില്‍ ജലപ്പിശാച് മുത്തശ്ശിയുടെ വാക്കുകളെ ജല്പനമായി ഗണിച്ചാല്‍ മതിയായിരുന്നു. എന്നിട്ടും ഉണ്ണിനമ്പൂതിരി അതിനു തയ്യാറായില്ല. താന്‍ മരിച്ചാല്‍ മരണാനന്തരകര്‍മ്മങ്ങള്‍ മകന്‍റെ സ്ഥാനത്തുനിന്ന് ചെയ്യണമെന്ന അവരുടെ ആഗ്രഹത്തെ അയാള്‍ ഗൗരവമായെടുത്തു. അതോടു കൂടി ഒരു വര്‍ഷം നീളുന്ന ദീക്ഷയുണ്ടായി. അവരുടെ വിവാഹം കഴിഞ്ഞേയുള്ളൂ എന്നോര്‍ക്കണം. അവര്‍ക്കിടയില്‍ സംഭവിക്കാന്‍ പോകുന്ന വിള്ളലിന് ആ സംഭവം ഒരു പ്രാരംഭമായി. അയാള്‍ അവളോട് വിശദീകരിക്കുന്നുണ്ട്: 'ജീവിതം ഒരു അഗ്നിഹോ ത്രമാണ്,അവസാനത്തോളമുള്ള യജ്ഞം.' (അഗ്നിസാക്ഷി / ലളിതാംബിക അന്തര്‍ജ്ജനം )
'വൃക്ഷം മനുഷ്യനോട് പരാതിപ്പെട്ടുഎത്രയോ കാലമായി എത്രയോ ചില്ലകള്‍ വെട്ടി എത്ര കുരിശുകള്‍ നിങ്ങള്‍ സൃഷ്ടിച്ചു ;എന്നിട്ടും നിങ്ങളില്‍നിന്ന് എന്തുകൊണ്ടാണ്ഒരു ക്രിസ്തു ഇനിയും രൂപപ്പെടാത്തത്?'
സ്നേഹത്തിന്‍റെ ഹവിസ്സില്‍ എത്രയോ കോടി മനുഷ്യര്‍ എന്തൊക്കെയാണ് അര്‍പ്പിച്ചിട്ടുള്ളത്! എന്ത് ശേഖരിച്ചു എന്നതിനേക്കാള്‍ ജീവിതത്തിന്‍റെ കാല്‍ച്ചുവട്ടില്‍ എന്തര്‍പ്പിച്ചു എന്നതിലാണ് ഓരോരുത്തരുടെയും ലോഹം തെളിഞ്ഞു കിട്ടുന്നത്.രണ്ട് ഒറ്റപ്പെട്ട മനുഷ്യരെയായിരുന്നു കുരിശിന്‍റെ വേദനയില്‍ അവിടുന്ന് ഉറ്റുനോക്കാന്‍ ശ്രമിച്ചത്. മേരിയും യോഹന്നാനും. അവരോടിനി ഒരുമിച്ചു നടക്കാനാണ് അവിടുന്ന് ആവശ്യപ്പെടുന്നത്. ഇതാ നിന്‍റെ അമ്മ, ഇതാ നിന്‍റെ മകന്‍...പുതിയ ബന്ധങ്ങള്‍ ആരംഭിക്കുകയാണ്. ഇനിമുതല്‍ നിങ്ങള്‍ക്ക് ഉറ്റവരാകണമെങ്കില്‍ രക്തത്തിന്‍റെയോ കുടുംബ ത്തിന്‍റെയോ വംശത്തിന്‍റെയോ പശ്ചാത്തലം ആവശ്യ മില്ല. സൗഹൃദം ദത്തെടുക്കലാണ്. ആ നിമിഷം മുതല്‍ അയാള്‍ അവളെ തന്‍റെ ഭവനത്തില്‍ സ്വീകരിച്ചു എന്നാണ് സുവിശേഷം രേഖപ്പെടുത്തുന്നത്. പത്തൊന്‍പതു വര്‍ഷക്കാലം എങ്ങും പോവാതെ അവളോടൊത്തു കൂട്ടിരുന്നു എന്ന് പാരമ്പര്യം.
കാര്യങ്ങള്‍ ഒന്നു ചുരുക്കി അവസാനിപ്പിക്കേണ്ടി വരുമ്പോള്‍ ആ മൂന്നു പദങ്ങള്‍ ഉരച്ചുരച്ചു സുവര്‍ണ ശോഭ കൊടുക്കുകയായിരുന്നു അവിടുത്തെ ധര്‍മ്മം-മാപ്പ്,മോക്ഷം,മൈത്രി..അതനുഭവിക്കാനും കൈമാറാനും കഴിയുന്നിടത്താണ് ഉയര്‍പ്പുതിരുനാള്‍ ഒരാളെ കാത്തുനില്‍ക്കുന്നത്.
ആരും നഗ്നമായിട്ടില്ല. ആരും വൈകിയിട്ടില്ല. ആരും ഒറ്റയല്ല എന്ന് ലോകത്തോട് മന്ത്രിക്കുകയാണ് സുവിശേഷത്തിന്‍റെ നീതി. ആ വീണ്ടുവിചാരങ്ങളാണ് ഈ മൂന്നു താക്കോല്‍ പദങ്ങളില്‍ യഥാക്രമം ഉള്ളടക്കം ചെയ്തിരിക്കുന്നത്. അവനവന്‍റെ താക്കോല്‍ പദങ്ങളെ നിര്‍വചിക്കാനും രാകിമിനുക്കാനുമുള്ള ഏഴുവാരങ്ങളാണ് നോയമ്പെന്ന പേരില്‍ മുന്നിലു ള്ളത്. നമ്മളാവട്ടെ അത് ഭക്ഷണകാര്യങ്ങളുടെ കഥ യായി മാത്രം ചുരുക്കിക്കളഞ്ഞു. അതുകൊണ്ടുതന്നെ അഗാധമായ ബോധത്തിന്‍റെ വെള്ളിവെളിച്ച ങ്ങളൊന്നുമില്ലാതെ ഏകദേശം ഏഴുവാരം ദൈര്‍ഘ്യ മുള്ള ഒരാത്മീയസാധന കാര്യമായ അടരുകള്‍ ഒന്നും സൃഷ്ടിക്കാതെ കടന്നുപോകുന്നു. ആ അപരാധം ഇനി ചെയ്യില്ലെന്നാണ് മറ്റൊരു തപസ്സുകാലത്തിന്‍റെ പൂമുഖത്തുവച്ചു ഒരാള്‍ അയാള്‍ക്കുതന്നെ വാക്ക് കൊടുക്കേണ്ടത്. പഴകുന്നില്ല ആ പഴയ കവിത:
'വൃക്ഷം മനുഷ്യനോട് പരാതിപ്പെട്ടു
എത്രയോ കാലമായി എത്രയോ ചില്ലകള്‍ വെട്ടി എത്ര കുരിശുകള്‍ നിങ്ങള്‍ സൃഷ്ടിച്ചു ; എന്നിട്ടും നിങ്ങളില്‍നിന്ന് എന്തുകൊണ്ടാണ് ഒരു ക്രിസ്തു ഇനിയും രൂപപ്പെടാത്തത്?'