top of page

ഓര്‍ക്കുക വല്ലപ്പോഴും

Writer: റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Mar 8
2 min read

Updated: Mar 30

A person meditates with a serene expression, seated cross-legged. Soft light and circular patterns surround them, creating a peaceful aura.

The article is on the spiritual significance of Lent.

It emphasize that Lenten observances should deepen the connection with Christ.

ആത്മീയമായ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നവരാണ് നമ്മളെല്ലാവരും. അതൊക്കെയും എത്ര മാത്രം ക്രിസ്തു ഓര്‍മ്മയോടെ ചെയ്യുന്നുണ്ട് എന്ന് ചിലപ്പോഴൊക്കെ ഞാന്‍ ആലോചിക്കാറുണ്ട്. ഈ ചൊല്ലിക്കൂട്ടലുകള്‍ക്ക് എന്‍റെ ഉള്ളില്‍ ഉയരുന്ന തിരകളെ കുറച്ചു നേരത്തേക്ക് അടക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ അവ എത്രമാത്രം എന്‍റെ ഹൃദയത്തെ തൊടുന്നുണ്ട്, എന്‍റെ ഹൃദയത്തില്‍ നിന്നും ദൈവത്തിന്‍റെ ഹൃദയത്തിലേക്ക് ഉയരുന്നതാണോ എന്‍റെ പ്രാര്‍ത്ഥനകള്‍. 'ദൈവം' എന്ന ചിന്ത, ഓര്‍മ്മ എത്രമാത്രം എന്നില്‍ ഉണ്ട്? ഇനി ദൈവമേ എന്ന് ചിന്തിക്കുമ്പോള്‍ തന്നെ അതു വെറുമൊരു വാക്കു മാത്രമായിട്ടാണോ അതോ ഈ പ്രപഞ്ചത്തിനും ഉടയവനായവനെ ആണോ ഞാന്‍ ഓര്‍ക്കുന്നത്. ഈ ഭൂമിയിലെ എല്ലാ കാര്യങ്ങളും സുഗമമായി മുന്നോട്ടു കൊണ്ടു പോകാന്‍ വേണ്ടി മാത്രമാണോ നോമ്പും പ്രാര്‍ത്ഥനയും ഉപവാസവും ഒക്കെ ഞാന്‍ നടത്തുന്നത്.


ടോണി ഡിമെല്ലോയുടെ ഒരു ചെറിയ കഥ ഇങ്ങനെയാണ്.


ശിഷ്യന്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും തനിക്കു ജ്ഞാനോദയമുണ്ടായതിനെപ്പറ്റി സംസാരിക്കാന്‍ ഗുരുവിന് വൈമുഖ്യമായിരുന്നു.


ഒരിക്കല്‍ ഗുരു തന്‍റെ ഇളയ മകനോട് പറഞ്ഞതു മാത്രമാണ് ഈ വിഷയത്തെപ്പറ്റി അവര്‍ക്ക് അറിയാവുന്നത്.


ജ്ഞാനോദയം സംഭവിച്ചപ്പോള്‍ എന്താണ് അദ്ദേഹത്തിന് തോന്നിയത് എന്നവന്‍ ചോദിച്ചു.


'മണ്ടന്‍' അതായിരുന്നു ഉത്തരം.


ഗുരു വിശദീകരിച്ചു:


വളരെ ബുദ്ധിമുട്ടി ഗോവണി വഴി മുകളില്‍ കയറി ജനാല തല്ലിപ്പൊളിച്ച് വീടിനകത്തു കടന്നപ്പോള്‍, വീടിന്‍റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു എന്നു മനസ്സിലാകുന്ന പോലെ ഒരു അനുഭവമായിരുന്നു അത്.


വീണ്ടുമൊരു വലിയ നോമ്പിലൂടെ കടന്നുപോകുന്നു നമ്മള്‍. ഉപവാസം, ധ്യാനം, കുരിശിന്‍റെ വഴി, കുരിശുമലകയറ്റം തുടങ്ങി നിരവധി മാര്‍ഗങ്ങളിലൂടെ നോമ്പ് അനുഷ്ഠിക്കുന്നു. ശാരീരികമായ ഈ പ്രയത്നങ്ങളൊക്കെയും ആത്മീയമായ ജീവിതത്തിന് കൂടുതല്‍ ഉണര്‍വ്വ് നല്കും എന്ന ചിന്തയോടെയാണ്. ആത്മീയമായ തെളിച്ചം നല്‍കാന്‍ കഴിയാതെ വന്നാല്‍ ഇതൊരു അനുഷ്ഠാനമായി മാത്രം അവശേഷിക്കുകയും ചെയ്തേക്കാം.


എല്ലാ അനുഷ്ഠാനങ്ങളുടെയും ആത്മീയ പരിശ്രമങ്ങളുടെയും ആരാധനക്രമങ്ങളുടെയും ഒക്കെ ലക്ഷ്യം ക്രിസ്തുവിനോടുള്ള ബന്ധത്തില്‍ ആഴപ്പെടുക എന്നതുതന്നെ. ദൈവസ്നേത്തിലും പരസ്നേഹത്തിലും ആഴപ്പെടാനുള്ള മാര്‍ഗമെന്ന നിലയിലാണ് സഭ നോമ്പുകാലം ക്രമീകരിച്ചിരിക്കുന്നത് പോലും. വിവിധങ്ങളായ പ്രാര്‍ത്ഥനകള്‍, പരിത്യാഗങ്ങള്‍ ഒക്കെ തീര്‍ച്ചയായും ഇത്തരത്തില്‍ ഉള്ള ഒരു വളര്‍ച്ച നമുക്കു നല്കേണ്ടതാണ്.


നോമ്പുതുടങ്ങി കുറച്ചു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഒന്ന് ചിന്തിച്ചു നോക്കൂ ഈ കടന്നുപോയ ദിനങ്ങളില്‍ എത്രമാത്രം പ്രാര്‍ത്ഥന, ഉപവാസം, വേണ്ടെന്നു വയ്ക്കലുകള്‍, മറ്റ് അനുഷ്ഠാനങ്ങള്‍ നടത്തി. അതിനിടയില്‍ ദൈവത്തെ എത്ര തവണ ബോധത്തോടെ അനുസ്മരിച്ചു. 'ഞാന്‍ ഉപവസിച്ചു', 'ഞാന്‍ മല കയറി', 'ഞാന്‍ പ്രാര്‍ത്ഥിച്ചു'... ഇതൊക്കെ ഞാന്‍ ചെയ്തു കൂട്ടിയത് ദൈവസാന്നിധ്യ ബോധത്തോടെ ആയിരുന്നോ? ഇപ്പോള്‍ വായന നിര്‍ത്തി, ഒന്നു കണ്ണടച്ച്, 'എന്‍റെ യേശുവേ' എന്നോ 'എന്‍റെ ദൈവമേ' എന്നോ ഒന്ന് മനസ്സില്‍ ഉരുവിട്ട് നോക്കാം. എത്ര മാത്രം 'കണക്ഷന്‍' നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ട്. വെറുതെ ഒരു വാക്കിന് ഉപരി, ഈ സ്ഥലകാലങ്ങള്‍ക്കുമപ്പുറം നയിക്കുന്ന ഒന്നായി ആ നാമം ജപിക്കുന്ന നേരം അനുഭവപ്പെടുന്നുണ്ടോ? ആ പേരിന്‍റെ ഉടയവന്‍ യഥാര്‍ത്ഥത്തില്‍ സമീപത്തു തന്നെ ഉണ്ടെന്ന വസ്തുത അറിയാന്‍ കഴിയുന്നുണ്ടോ? ഒന്നൂടെ ശ്രദ്ധിച്ചു നോക്കൂ. ഇതൊരു ട്യൂണിംഗ് തന്നെയാണ്; റേഡിയോയില്‍ ചാനല്‍ കണ്ടെത്തുന്ന പോലെയൊക്കെ.


കണ്ണടയ്ക്കുമ്പോള്‍ ഭൂതകാല ചെയ്തികള്‍, പിഴകള്‍, ദ്രോഹിച്ച മനുഷ്യരുടെ മുഖങ്ങള്‍, കഴിഞ്ഞ ദിനം കൂടി നിങ്ങള്‍ വികാരപ്രകടനം നടത്തി മുറിപ്പെടുത്തിയാളിന്‍റെ മുഖം... ഒക്കെ ശരിതന്നെ എങ്കിലും നിങ്ങള്‍ ഉരുവിടുന്ന ആ നാമത്തിന്‍റെ ഉടയവന്‍ അടുത്തു തന്നെയുണ്ട്; പൊറുക്കുകയും പൊറുതി നല്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ട്. ആ നാഥനിലേക്ക് നമ്മുടെ എല്ലാ വാതിലുകളും ജനാലകളും തുറന്നിടുകയാണ് വേണ്ടത്. ആ പ്രകാശം പരക്കാന്‍, ആത്മാവിന്‍റെ കാറ്റ് കയറിയിറങ്ങാന്‍, നമ്മുടെ ആത്മാവിന്‍റെ ആഴങ്ങളില്‍, എല്ലാ ഇരുളടഞ്ഞ കോണുകളിലും ഒരു നവചൈതന്യം ഉണ്ടാകട്ടെ. ക്രിസ്തുവിനെ നിരന്തരം ഓര്‍മ്മിക്കുന്ന ഒരു ഓര്‍മ്മയായി രൂപന്തരപ്പെടാന്‍ നോമ്പുകാല പ്രവര്‍ത്തനങ്ങള്‍ നമ്മളെ തുണയ്ക്കട്ടെ.


ഡിമെല്ലായുടെ കഥയിലെ പോലെ, നമ്മുടെ എല്ലാ തലകുത്തിമറിച്ചിലിനുമൊടുവില്‍, എപ്പോഴും കൂടെയുള്ള, പൊതിഞ്ഞു നില്‍ക്കുന്ന, ഉള്ളിലുള്ള, ഏറ്റവും സമീപസ്ഥമായ ആ സ്നേഹത്തെ ഇതുവരെ തിരിച്ചറിഞ്ഞില്ലല്ലോ, ഇത്രയും നിസാരമായ ഒന്നു അറിയാതെ പോയല്ലോ എന്നതായിരിക്കാം ഒരു പക്ഷേ ഒരു ദിനം നമ്മുടെയും തിരിച്ചറിവ്. പൂട്ടാത്ത വാതിലാണെങ്കിലും മുട്ടി തുറന്ന് അകത്തു പ്രവേശിക്കേണ്ടത് വ്യക്തിപരമായി എന്‍റെ ഉത്തരവാദിത്വം തന്നെ. അപ്പോള്‍, നേരത്തെ തന്നെ അവിടെ കാത്തിരിക്കുന്നയാളെ നമ്മള്‍ കണ്ടുമുട്ടും. ആ വാതില്‍ എന്‍റെ ഹൃദയത്തിന്‍റേതാണോ ദൈവത്തിന്‍റെയാണോ എന്ന് എനിക്കിപ്പോഴും അറിയില്ല. കനത്തരങ്ങളും വീഴ്ചകളും ഒട്ടും കുറവല്ല, എങ്കിലും ഇറക്കിവിടില്ല, അറിയില്ല എന്നും പറയില്ല എന്ന പ്രത്യാശയോടെ വാതില്‍ മുട്ടാം. അവനെക്കുറിച്ചുള്ള സജീവമായ ഓര്‍മ്മ നമ്മിലുണ്ടാകട്ടെ !


ഉപവാസം - കൂടെയുള്ള വാസം. അവന്‍റെ കൂടെ വസിക്കുക, എന്‍റെ കൂടെ അവന്‍ വസിക്കുക. ആ ഒരാള്‍ കൂടെ ഉണ്ട് എന്ന ഉത്തമ ബോധ്യത്തോടെ ഞാന്‍ വസിക്കുക.


"ഞാന്‍ ഈ കൂടാരത്തില്‍ ആയിരിക്കുന്നിടത്തോളംകാലം, ഓര്‍മപ്പെടുത്തല്‍ വഴി നിങ്ങളെ ഉണര്‍ത്തുന്നത് ഉചിതമാണെന്നു കരുതുന്നു."(2 പത്രോസ് 1 : 13).


ഓര്‍ക്കുക വല്ലപ്പോഴും

റോണി കിഴക്കേടത്ത്

അസ്സീസി മാസിക മാർച്ച് 2026

bottom of page