

'മുൻകാല പ്രവാചകർ എന്നറിയപ്പെടുന്ന പഴയനിയമ ഗ്രന്ഥ സമൂഹത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളവയാണ് ജോഷ്വ, ന്യായാധിപന്മാർ, സമുവേൽ (രണ്ടു പുസ്തകങ്ങൾ), രാജാക്കന്മാർ (രണ്ടു പുസ്തകങ്ങൾ) എന്നിവ. തീർത്തും ചരിത്രപരമായ വീക്ഷണത്തിൽ ഈ പുസ്തകങ്ങൾ നിയമാവർത്തനവുമായി ചേർന്ന് ഒരൊറ്റ സമഗ്ര ഗ്രന്ഥമാകുന്നു. ആധുനിക പണ്ഡിതർ ഈ പുസ്തകങ്ങളെ നിയമാവർത്തക ചരിത്ര കൃതികൾ എന്നു വിളിക്കുന്നുമുണ്ട്. ജോഷ്വാ തുടങ്ങിയ പുസ്തകങ്ങളെ നിയമാവർത്തന വൃത്തങ്ങൾ സംശോധനം ചെയ്തിരിക്കുന്നു. അവരുടെ ദൈവശാസ്ത്ര വീക്ഷണങ്ങൾ ഈ പുസ്തകങ്ങളിൽ തെളിഞ്ഞു കാണാം.
ഉൽപത്തി, പുറപ്പാട്, ലേവ്യർ, സംഖ്യ എന്നിവയെ ഉൾപ്പെടുത്തി പണ്ഡിതർ 'ചതുർഗ്രന്ഥി' എന്ന് പറയാറുണ്ട്. ഇവ നിയമാവർത്തനത്തിൽ നിന്നു വേറിട്ടുനിന്ന്, രക്ഷാകര ചരിത്രത്തിൻ്റെ ഒരു തുടർ വിവരണം നൽകുന്നുണ്ട്,. ആ നാലു പുസ്‌തകങ്ങളുടെ കൂടെ നിയമാവർത്തനം 34-ാം അദ്ധ്യായം കൂടി ചേർത്താൽ, ഉൽപത്തിയുടെ ആഖ്യാനത്തിൽ തുടങ്ങി മോശയുടെ മരണത്തെക്കുറിച്ചുള്ള പ്രതിപാദനത്തിൽ അവസാനിക്കുന്ന ഒരു ചരിത്രകഥനം കിട്ടും. ഷഡ്ഗ്രന്ഥി, അഷ്‌ടഗ്രന്ഥി എന്നു തുടങ്ങിയ വർഗീകരണങ്ങളും പണ്ഡിതർ നടത്തിയിട്ടുണ്ട്. അവയ്ക്കെല്ലാം അവയുടേതായ ന്യായീകരണങ്ങളുണ്ട്. കാരണം, അവയ്ക്ക് ഓരോരോ വീക്ഷണ കോണുകളാണുള്ളത്.
ഗ്രീക്ക് സെപ്‌ത്വജൻ്റിൻ്റെയും(LXX), ലത്തീൻ വുൾഗാത്തേയുടെയും പാരമ്പര്യം പിന്തുടർന ്ന്, കത്തോലിക്കരുടെയായാലും പ്രോട്ടസ്റ്റൻറുകാരുടെയായാലും ഇംഗ്ലീഷ് ബൈബിളിൽ റൂത്തിനെയും മുൻകാല പ്രവാചക ഗ്രന്ഥങ്ങളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ദിനവൃത്താന്തം തുടങ്ങിയവയും ചരിത്രപരമായ പുസ്‌തകങ്ങളാണെങ്കിലും നിയമാവർത്തക ചരിത്ര ഗ്രന്ഥങ്ങളിൽനിന്നു വ്യത്യസ്തമായ ദൈവ ശാസ്ത്രപരവും പ്രത്യയശാസ്ത്രപരവുമായ വീക്ഷണ കോണുള്ളതിനാൽ അവയെ നാം വേറെയായാണു പരിശോധിക്കുന്നത്. നിയമാവർത്തക ചരിത്രഗ്രന്ഥങ്ങളെക്കുറിച്ചുള്ള പഠനം ജോഷ്വയുടെ പുസ്തകത്തോടു കൂടി ആരംഭിക്കാം.
ജോഷ്വാ
മോശയുടെ മരണത്തെത്തുടർന്ന് ജോഷ്വയാണ് ഇസ്രായൽ ജനത്തിൻറെ നേതൃത്വമേറെറടുത്തത്. കനാൻ കീഴടക്കുകയെന്ന ദൗത്യം അദ്ദേഹം പൂർത്തിയാക്കി. തുടർന്ന് ആ ഭൂമി ഇസ്രയേൽ ഗോത്രങ്ങൾക്കിടയിൽ വിതരണം ചെയ്തു. ജോഷ്വയുടെ പുസ്തകത്തിൻറെ ആദ്യഭാഗം (അധ്യായം 1 മുതൽ 12 വരെ) വിശുദ്ധ നാട് കൈവശപ്പെടുത്തിയതിൻറെയും, രണ്ടാം ഭാഗം (അദ്ധ്യായം 13 മുതൽ 23 വരെ) കനാൻ്റെ വിഭജനത്തിന്റെയും കഥ പറയുന്നു. അവസാന അധ്യായം ജോഷ്വയുടെ നേതൃത്വത്തിൽ യാഹ്‌വേയുമായുള്ള ഉടമ്പടി പുതുക്കുന്ന കാര്യമാണ് പ്രതിപാദിക്കുന്നത്.
1 മുതൽ 11 വരെ അദ്ധ്യായങ്ങൾ, ദൈവത്തിന്റെ കൃത്യമായ ഉത്തരവുകളനുസരിച്ച് പടയോട്ടങ്ങളുടെ ഒരു പരമ്പരയിലൂടെ കനാൻ കൈവശപ്പെടുത്തുന്നതിന്റെ കഥ വിവരിക്കുന്നു. പന്ത്രണ്ടാം അധ്യായം ആ വിജയങ്ങളുടെ ഒരു സംഗ്രഹമാണ്. ജനപ്രീതികരവും ഭാവനാസമ്പന്നവുമായ വിധത്തിലാണ് ആഖ്യാനം. തൻ്റെ സ്വന്തം ജനമായി തെരഞ്ഞെടുത്ത ഇസ്റായേലിനുവേണ്ടി യാഹ്‌വേയ്ക്കുണ്ടായിരുന്ന കരുതൽ മുൻനിറുത്തി അവിടുന്നിലുള്ള വിശ്വാസം അവർ ഏറ്റുപറയുന്ന രീതിയിൽ ദൈവശാസ്ത്രപരമായ ഒരു ഊന്നലാണ് ഈ കഥനത്തിലുള്ളത്. പിതാക്കന്മാരോടുള്ള വാഗ്ദാനങ്ങൾ നിറവേറി എന്നതാണ് കനാൻ കീഴടക്കലിൻ്റെ അർത്ഥം.
ജോഷ്വയുടെ യുദ്ധവിജയങ്ങളുടെ വസ്തുനിഷ്ഠത പുരാവസ്തു ശാസ്ത്രത്തിന്റെ കണ്ടത്തലുകൾ ശരി വച്ചിട്ടുണ്ടെന്നാണ് നിരവധി പ്രഗല്ഭ പണ്ഡിതന്മാരുടെ അഭിപ്രായം. പരിഷ്കാരത്തിൽ ഉയർന്ന നിലവാരം പുലർത്തിയിരുന്ന സംസ്കാരത്തിന്റെ സ്ഥാനത്ത് ബി. സി. 13-ാം നൂറ്റാണ്ടിൻ്റെ അന്ത്യത്തോടെ പുതിയതും പ്രാകൃതവുമായ ഒരു സംസ്ക്കാരം സ്ഥാപിക്കപ്പെട്ടു എന്നതിന് പുരാവസ്തു തെളിവുകളുണ്ട്. എന്നാൽ, ജോഷ്വയുടെ പുസ്തകത്തിൽ പറയുന്നിടത്തോളം സമഗ്രവും നിർണായകവുമായിരുന്നില്ല അദ്ദേഹത്തിൻ്റെ യുദ്ധവിജയങ്ങൾ എന്നാണ് മറ്റൊരു കൂട്ടം പണ്ഡിതർ പറയുന്നത്. ന്യായാധിപന്മാരുടെ പുസ്തകത്തിലുള്ള വിവരങ്ങൾ ആധാരമാക്കിയാണ് അവരിങ്ങനെ അഭിപ്രായപ്പെടുന്നത്. കനാൻ കൈവശപ്പെടുത്തൽ, അവിടെ ഉണ്ടായിരുന്ന ഫ്യൂഡൽ പ്രഭുക്കൾക്കെതിരെയുള്ള കർഷക കലാപമായിരുന്നു എന്നൊരു അഭിപ്രായഗതിയും പുതുതായി ഉയർന്നിട്ടുണ്ട്.
എന്തായാലും 13 മുതൽ 22 വരെ അധ്യായങ്ങൾ, ഇസ്രായേൽ ഗോത്രങ്ങൾ സ്വന്തമാക്കിയ പ്രദേശങ്ങളുടെ അതിരുകളെക്കുറിച്ച് വിലപിടിച്ച ഒട്ടേറെ വിവരങ്ങൾ തരുന്നുണ്ട്. ബൈബിൾ കാലത്തെ ഭൂമി ശാസ്ത്രവും പുരാവസ്തു ശാസ്ത്രവും പഠിക്കുന്നവർക്ക് അത് ഏറെ വിലപ്പെട്ടതാണ്.
ജോഷ്വയുടെ പുസ്തകം സംബന്ധിച്ച ഒരു സവിശേഷ പ്രശ്നം ജെറീക്കോ കീഴടക്കൽ സംബന്ധിച്ചുള്ളതാണ്. ഒരു ആധുനിക പണ്ഡിതൻ എഴുതുന്നു: ''ബി. സി. 1400-നോടടുത്ത് ജെറീക്കോ നഗരം ജനവാസകേന്ദ്രമായിരുന്നുവെന്നും വീണ്ടും 1350-നോടടുത്ത് അവിടം ഉപേക്ഷിക്കപ്പെട്ടുവെന്നു പറയാം" (എസ്. ഹെർമാൻ, "A History of Israel in Old Testament Times", 1975, പേജ്107). ഇതിനർത്ഥം ജോഷ്വയുടെ കാലത്ത് ജെറിക്കോ ഒരു അപ്രധാന കുടിപ്പാർപ്പു കേന്ദ്രമായിരുന്നുവെന്നും കോട്ടകൊത്തളങ്ങളോടുകൂടിയ ഒരു നഗരമായിരുന്നില്ലെന്നുമാണ്. അതിനാലാണത്രെ ഇസ്രയേൽകാർക്ക് അത് എളുപ്പം പിടിച്ചെടുക്കാൻ കഴിഞ്ഞത്". പില്ക്കാല തലമുറകൾ ഭാവനാശക്തിയുടെ സഹായത്തോടെ ആ സംഭവത്തെക്കുറിച്ച് ഏറെ സാഹിത്യാത്മകമായ ഒരു വിവരണമുണ്ടാക്കി. അധ്യായം 5:10 മുതൽ 6:27 വരെയുള്ള വിവരണം ആരാധനാക്രമപരമായി ഉരുവം കൊണ്ടതാണ്. ജോർദാൻ കടന്നതും വാഗ്ദത്ത ഭൂമിയിലേയ്ക്കുള്ള കവാടമായ ജെറിക്കോ പിടിച്ചെടുത്തതും ആരാധനാക്രമത്തിന്റെ ചട്ട കൂടിനുള്ളിൽ പുനരഭിനയിക്കുക എന്നത് ഇസ്രയേലിന്റെ ഒരാചാരമായിരുന്നു.
ജോഷ്വ സൂര്യനെ ആകാശമധ്യത്ത് പിടിച്ചുനിറുത്തിയ കഥ (10:12-14) പല ബൈബിൾ വായനക്കാർക്കും ഒരു കീറാമുട്ടിയാണ്. വിശദമായ പഠനമാവശ്യമുള്ള ഒരു പാഠഭാഗമാണത്. ഇസ്രായേൽ ജനത്തിനുവേണ്ടി ദൈവത്തിനുള്ള കരുതൽ എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്താനായി ഉപയോഗിച്ച ഒരു അന്യാപദേശ കഥയായി തത്കാലം അതിനെക്കണ്ടാൽ മതിയാകും.
ജോഷ്വയുടെ യുദ്ധവിജയങ്ങളുടെ വസ്‌തുനിഷ്‌ഠത പുരാവസ്തുശാസ്ത്രത്തിൻ്റെ കണ്ടെത്തലുകൾ ശരി വച്ചിട്ടുണ്ടെന്നാണ് നിരവധി പ്രഗത്ഭ പണ്‌ഡിതന്മാരുടെ അഭിപ്രായം. പരിഷ്കാരത്തിൽ ഉയർന്ന നിലവാരം പുലർത്തിയിരുന്ന കനാൻ സംസ്‌കാരത്തിൻ്റെ സ്‌ഥാനത്ത് ബി സി 13-ാം നൂററാണ്ടിൻ്റെ അന്ത്യത്തോടെ പുതിയതും പ്രാകൃതവുമായ ഒരു സംസ്‌കാരം സ്‌ഥാപിക്കപ്പെട്ടു എന്നതിന് പുരാവസ്തു തെളിവുകളുണ്ട്. എന്നാൽ, ജോഷ്വയുടെ പുസ്തകത്തിൽ പറയുന്നിടത്തോളം സമഗ്രവും നിർണായകവുമായിരുന്നില്ല അദ്ദേഹത്തിൻ്റെ യുദ്ധവിജയങ്ങൾ എന്നതാണ് മറെറാരു കൂട്ടം പണ്ഡിതർ പറയുന്നത്. ന്യായാധിപന്മാരുടെ പുസ്തകത്തിലുള്ള വിവരങ്ങൾ ആധാരമാക്കിയാണ് അവരിങ്ങനെ അഭിപ്രായപ്പെടുന്നത്. കനാൻ കൈവശപ്പെടുത്തൽ, അവിടെ ഉണ്ടായിരുന്ന ഫ്യൂഡൽ പ്രഭുക്കൾക്കെതിരെയുള്ള കർഷകകലാപമായിരുന്നു എന്നൊരു അഭിപ്രായഗതിയും പുതുതായി ഉയർന്നിട്ടുണ്ട്.
ജോഷ്വയെ പലപ്പോഴും രക്തദാഹിയായ ഒരു ജേതാവായി ചിത്രീകരിച്ചിട്ടുണ്ട്. ജെറീക്കോയുടെ പതനത്തെത്തുടന്ന് 'അവിടെയുണ്ടായിരുന്ന സമസ്തവും അവർ നിശ്ശേഷം നശിപ്പിച്ചു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്മാരെയും ആടുമാടുകളെയും കഴുതകളെയും അവർ വാളിനിരയാക്കി' (6:21) എന്ന് എഴുതപ്പെട്ടിരിക്കുന്നു. പ്രാചീന ലോകത്തിൽ, യുദ്ധവിജയത്തെത്തുടർന്ന് പരാജിതരെ കൊന്നൊടുക്കിയിരുന്നത് ഒരു സാധാരണ സംഭവമാണെന്ന് നാം ഓർക്കണം. അക്കാലത്തെ നാട്ടുനടപ്പുകൾ ഇസ്രയേൽകാരും പിന്തുടർന്നു എന്നു പറയുന്നതിൽ അമ്പരപ്പിന് അവകാശമില്ല. ഇവിടെ ഉദ്ധരിച്ചതുപോലെയുള്ള വിവരണങ്ങൾ അങ്ങേയറ്റം അതിശയോക്‌തി പരമാണെന്നതിൽ സംശയവുമില്ല. അത് ജനങ്ങൾക്കിടയിലുള്ള കഥ പറച്ചിൽ രീതിയുടെ ഭാഗമാണ്. ലോകമഹായുദ്ധങ്ങളുടെ കാലത്ത്, അല്ലെങ്കിൽ അഹിംസയുടെ നാടായ നമ്മുടെ ഭാരതത്തിൽ സ്വാതന്ത്ര്യ പ്രാപ്‌തിയെത്തുടർന്ന്, അല്ലെങ്കിൽ ഏതാനും വർഷം മുമ്പ് ആസ്സാമിൽ, ബുദ്ധനും മഹാവീരനും പ്രവർത്തിച്ച ബീഹാറിൽ...... അങ്ങനെ പലയിടത്തും നടന്ന കൂട്ടക്കുരുതികൾ വച്ചു നോക്കുമ്പോൾ ജോഷ്വയുടെ പുസ്‌തകത്തിൽ പറയുന്നത് ഒന്നുമല്ലെന്ന കാര്യവും വിസ്മരിക്കേണ്ട.
ജോഷ്വയുടെ പുസ്തകത്തിൻ്റെ ഉള്ളടക്കം ഇങ്ങനെ സംഗ്രഹിക്കാം:
1. കനാൻ കീഴടക്കൽ (1:1–12:24): ദൈവം ജോഷ്വയോട് ഉത്തരവാകുന്നു (1:1:11), ജോഷ്വയുടെ കൽപ്പന (1:12-18), ചാരന്മാർ റാഹാബിൻ്റെ വീട്ടിൽ (2:1-14), ജോർദാൻ കടക്കുന്നു (3:1-17), സ്മാരകശിലകൾ സ്ഥാപിക്കുന്നു (4:1-5:1), ഇസ്രായേൽ ഗിൽഗാലിൽ (5:2-12), കർത്താവിൻ്റെ സൈന്യാധിപൻ പ്രത്യക്ഷപ്പെടുന്നു (5:13-15), ജറിക്കോയുടെ പതനം (6:1-27), ആയ്പട്ടണത്തിലെ ദുരന്തം (7:1-26), ആയ് പട്ടണം കീഴടക്കുന്നു (8:1-29), എബാൽ മലയിലെ ബലിപീഠം (8:30-35), ഗിബയോൻക്കാരുമായുള്ള സന്ധി (9:1-27), അഞ്ചു രാജാകന്മാരെ ജോഷ്വ കീഴടക്കുന്നു (10:1-27), ത െക്കൻ ദേശക്കാരുടെ മേലുള്ള വിജയം (10:28-43), വടക്കൻ ദേശക്കാരുടെ മേലുള്ള വിജയം (11:1-23), ജോഷ്വാ കീഴടക്കിയ രാജാക്കന്മാരുടെ പട്ടിക (12:1-24).
2. ദേശവിഭജനം (13:1-22:34): വിഭജനത്തിന്റെ തുടക്കം (13:1-33), ഫെബ്രോൺ കാലേബിന് (14:1-15), യൂദായുടെ ഓഹരി (15:1-62), ജോസഫിൻ്റെ സന്തതികൾക്കുള്ള ഓഹരി (16:1-17:18), മറ്റു ഗോത്രങ്ങൾക്കുള്ള ഓഹരി (18:1-19:51), അഭയ നഗരങ്ങൾ (20:1-7), ലേവ്യരുടെ പട്ടണങ്ങൾ (21:1-42), കിഴക്കൻ ഗോത്രങ്ങൾ മടങ്ങുന്നു (21:43.22:34).
3. ജോഷ ്വയുടെ അവസാന നടപടികൾ (23:1-24:33): ജോഷ്വയുടെ വിടവാങ്ങൽ പ്രസംഗം (23:1-16), ഷേക്കമിലെ ഉടമ്പടി (24:1-28), ജോഷ്വയുടെ മരണം (24:29-33).
അദ്വിതീയനായ ജേതാവാണ് ജോഷ്വ. ആ പേരിൻ്റെ പരിഷ്കൃതരൂപം ജേശുവ എന്നും, യേശു എന്നും ആകും. പാപത്തെയും സാത്താനെയും മരണത്തെയും കീഴടക്കുന്ന യേശുവിനു മുമ്പേയുള്ള ഒരു പ്രതിരൂപമാണ് ജോഷ്വാ.
കനാൻകാരിൽനിന്ന് വാഗ്ദത്തഭൂമി വെട്ടിപ്പിടിക്കുകയും അവിടെ ഇസ്രയേൽ ഗോത്രങ്ങളെ കുടിപാർപ്പിക്കുകയും ചെയ്തതിലൂടെ ക്രിസ്തുവെന്ന ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള രക്ഷാകരചരിത്രത്തിന്റെ ചുരുൾ നിവരലിന് ജോഷ്വ ആക്കം കൂട്ടി.
ന്യായാധിപന്മാർ
'വിധിനിർണയിക്കുക' എന്നർത്ഥമുള്ള ഷാഫാത്ത് എന്ന വാക്കിൽ നിന്നാണ് ഹീബ്രുവിൽ ഷോഫേത്തിം (ന്യായാധിപന്മാർ) എന്ന ശീർഷകമുണ്ടായത്. പഴയ നിയമത്തിൽ ഇതിനു പ്രത്യേക അർത്ഥമുണ്ട്. അവിടെ ന്യായാധിപന്മാരായി അറിയപ്പെട്ടിരുന്നവരുടെമേൽ കർത്താവിൻ്റെ ആത്മാവ് ആവസിക്കുകയും (3:10) ആ ആത്മാവ് നിർദേശിച്ചതനുസരിച്ച് ഇസ്രയേൽ ജനത്തെ മോചിപ്പിക്കുകയും ചെയ്തിരുന്നു. ഇസ്രായേൽ ജനം കർത്താവിനോടു നിലവിളിച്ചപ്പോഴൊക്കെ (3:9) അവിടുന്ന് അവർക്ക് ഒരു വിമോചകനെ നൽകിയിരുന്നു. അങ്ങനെ, ആപത്തിലുഴലുന്ന ദൈവജനത്തെ മോചിപ്പിക്കാൻ നിയുക്തരായ വ്യക്തിപ്രഭാവമുള്ള നേതാക്കളായിരുന്നു പഴയ നിയമത്തിലെ ന്യായാധിപന്മാർ.
കനാൻ്റെ പല ഭാഗങ്ങളും കീഴടക്കാൻ ഇസ്രയേൽകാർക്ക് കഴിഞ്ഞിരുന്നില്ലെന്നും അവിടെ കനാന്യസമൂഹത്തിൻ്റെ നടുക്ക് ന്യൂനപക്ഷമായി അവർക്ക് കഴിയേണ്ടിവന്നുവെന്നും ഒന്നാം അധ്യായം 27 മുതൽ 36 വരെയുള്ള വാക്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. വിശുദ്ധനാട് സ്വന്തമാക്കിയതു സംബന്ധിച്ച് ജോഷ്വയുടെ പുസ്തകത്തിലുള്ളതിൽ നിന്ന് വ്യത്യസ്തമായ ഒരു വിവരണമാണു നമുക്കിവിടെ ലഭിക്കുന്നത്.
ദുർബലമായ ഒരു ന്യൂനപക്ഷം എന്ന നിലയിൽ പല ഇസ്രയേൽ ഗോത്രങ്ങളും പുറജാതികളുടെ നിയന്ത്രണത്തിനു വിധേയരാകേണ്ടിവന്നു. ഈ ഘട്ടത്തിലാണ് പ്രാദേശിക നേതാക്കൾ ഉയർന്നുവന്നതും തങ്ങളുടെ സഹോദരങ്ങളുടെ രക്ഷയ്ക്കായി അവർ ആയുധമേന്തി പൊരുതിയതും. ന്യായാധിപന്മാരുടെ കൂട്ടത്തിൽ രണ്ടു തരക്കാരുണ്ട്: ഒന്ന്- ഗോത്രസൈന്യങ്ങളുടെ നായകരായ സായുധ പുരുഷന്മാരോ ഏറെയൊന്നും എഴുതപ്പെട്ടിട്ടില്ലാത്ത സ്വകാര്യനേതാക്കളോ. ഒത്ത്നിയേൽ, ഏഹൂദ്, ഷംഗാർ, ദബോറയും ബാറക്കും. ഗിദെയോൻ, അബിമെലക്ക്, ജഫ്താ, സാംസൺ എന്നിവർ ഇക്കൂട്ടത്തിൽപെടുന്നു.
രണ്ട് - കാലഘട്ടം, കുടുംബം, സംസ്കാര സ്ഥലം എന്നു തുടങ്ങിയ വിശദാംശങ്ങളെല്ലാം നൽകപ്പെട്ടിട്ടുള്ളവരാണ് രണ്ടാമത്തെ കൂട്ടർ. ഗോത്രനേതാക്കളല്ലാത്ത ഇവർ നഗരങ്ങളുടെയോ ജില്ലകളുടെയോ അധികാരികളായിരുന്നുവെന്ന് ചരിത്രകാരന്മാർ കണക്കാക്കുന്നു. ഗിദെയോൻ, തോല, ജായിർ, ജഫ്ത, ഇബ്സാൻ, ഏലോൻ, അബ്ദോൻ എന്നിവർ ഇക്കൂട്ടത്തിൽപെടുന്നു.
ഗിദെയോന്റെയും ജഫ്‌തായുടെയും പേര് രണ്ട് പട്ടികയിലും വരുന്നതു ശ്രദ്ധിച്ചിരിക്കുമല്ലോ. ഒരുവശത്ത് അവർ സൈനിക വീരകഥകളിലെ നായകരായിരിക്കുകയും മറുവശത്ത് ജില്ലാ അധികാരികളെപ്പോലെ അവരെക്കുറിച്ചു പരാമർശങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യുന്നതുകൊണ്ടാണിത്.
ആദ്യത്തെ കൂട്ടത്തിൽപ്പെട്ട വീരനായകരുടെ കഥകളാണ് ഈ പുസ്തകത്തിൽ ഏറെയും. രണ്ടാമത്തെ കൂട്ടത്തിൽപെട്ട ന്യായാധിപന്മാരെക്കുറിച്ചുള്ള പരാമർശങ്ങൾ പിൽകാലത്ത് കൂട്ടിച്ചേർത്തതാണ്.
പണ്ഡിതന്മാർ ന്യായാധിപപുസ്തകത്തിൻ്റെ രണ്ട് എഡിഷനുകളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഒന്ന്, നിയമാവർത്തനത്തിനു മുമ്പുള്ളതും, മറേറത് അതിനു പിമ്പുള്ളതും. ആദ്യത്തെ കരടുരൂപം രാജവാഴ്ചയുടെ തുടക്കത്തിലോ മധ്യത്തിലോ ഉള്ള അത്രയ്ക്കു സമഗ്രമല്ലാത്ത ഒരു സമാഹാരം ആയിരുന്നു. വിവരണങ്ങൾ പരസ്പര ബന്ധമോ പ്രത്യേകമായ എന്തെങ്കിലും ദൈവശാസ്ത്ര പരിഗണനകളോ കൂടാതെ ഒന്നിനുപിറകെ ഒന്നായി അടുക്കിയിരിക്കുകയായിരുന്നു. വിപ്രവാസ (ബി. സി. 587-537) ത്തിനുശേഷമാണ് രണ്ടാമത്തെ എഡിഷൻ നിയമാവർത്തന ചട്ടക്കൂട്ടിൽ തയ്യാറാക്കപ്പെട്ടത്. പാപം, ശിക്ഷ, പശ്ചാത്താപം, രക്ഷ എന്നിങ്ങനെയാണ് ആ ചട്ടക്കൂട്. ഇങ്ങനെ തയ്യാറായ പുസ്തകത്തോട് ചെറുകിട ന്യായാധിപന്മാരെക്കുറിച്ചുള്ള പരാമർശങ്ങളും (10:1-5, 12:8 15) ദാൻ ഗോത്രത്തിൻ്റെ പൂജാഗൃഹത്തെക്കുറിച്ചുള്ള കഥയും (17, 18 അധ്യായങ്ങൾ) ബെഞ്ചമിനെതിരായ യുദ്ധത്തിൻ്റെ കഥയും (19 മുതൽ 21 വരെ അദ്ധ്യായങ്ങൾ) കൂട്ടിച്ചേർത്തു.
ന്യായാധിപന്മാരുടെ കാലഘട്ടം കൃത്യമായി നിർണയിക്കുക പ്രയാസമാണ്. ബി.സി. 1200-നോടടുത്ത് നടന്നിരിക്കാവുന്ന കനാൻ കുടിയേററം നടന്ന് കുറച്ചു കാലം കഴിഞ്ഞ് ന്യായാധിപന്മാരുടെ ഈ കാലഘട്ടം തുടങ്ങിയെന്നും ബി. സി. 1020-നോടടുത്ത് ശൗൽ രാജാവായി തെരഞ്ഞടുക്കപ്പെട്ടതോടെ ആ കാലഘട്ടം അവസാനിച്ചുവെന്നും കരുതാവുന്നതാണ്. അതായത് ന്യായാധിപന്മാരുടെ കാലഘട്ടം ഏതാണ്ട് ഒന്നര നൂററാണ്ട് ദീർഘിച്ചു.
ന്യായാധിപപുസ്തകം താഴെപ്പറയുന്നവിധം വിഭജിക്കാം.
1. ആമുഖം (1:1-3:6): ഒന്നാം ആമുഖം (1:1-2:5), രണ്ടാം ആമുഖം (2:6-3:6).
2. ഇസ്രയേലിന്റെ ന്യായാധിപന്മാർ (3:7-16:31): ഒത്ത്നിയേൽ (3:7-11), ഏഹൂദ് (3:12-30), ഷംഗാർ (3:31). ദബോറയും ബാറക്കും (4:1-5:31), ഗിദെയോൻ (6:1-8:39), അബിമെലക് (9:1- 57), തോല (10:1-2), ജായിർ (10:3-16), ജഫ്ത (10:17 12:7), ഇബ്സാൻ (12:8-10), ഏലോൻ (12:11-12), അബ്ദോൻ (12:13-15), സംസൺ (13:1-16:31).
3. അനുബന്ധങ്ങൾ (17:1-21:25): ഒന്നാം അനുബന്ധം (17:1 18:31), രണ്ടാം അനുബന്ധം (19:1-21:25).
ദൈവജനത്തിന്റെ വ്യക്തിപ്രാഭവമുള്ള വിമോചകർ എന്ന നിലയിൽ, പരമോന്നത വിമോചകനായ ക്രിസ്തുവിൻ്റെ വിവിധ പ്രതിരൂപങ്ങളാണവർ. ന്യായാധിപന്മാർക്ക് അവരുടേതായ കുറ്റങ്ങളും കുറവുകളും ഉണ്ടായിരുന്നുവെന്നത് ഒരു വസ്തുതയാണ്. എഹൂദ് ചതി പ്രയോഗിച്ചു മോവാബ് രാജാവിനെ കൊല്ലുന്നു (3:19-23), ഗിദെയോന് ബഹുഭാര്യസ്ഥനായിരുന്നു (8:30), സാംസൺ നിരവധി സ്ത്രീകളുമായി ബന്ധപ്പെടുന്നു (14:1:16:1,4), ഒടുവിൽ അത് അദ്ദേഹത്തിൻറെ നാശത്തിനുതന്നെ കാരണമാകുന്നു (16:17-22). പാപമുദ്രിതമായ മാനുഷികതലത്തിൽ ബൈബിൾ ചരിത്രം എങ്ങനെ ചുരുൾ നിവരുന്നുവെന്നും, എന്നാൽ ദൈവത്തിൻ്റെ പദ്ധതികളെ പാപത്തിനു തകർക്കാനാവില്ലെന്നും, അങ്ങനെ രക്ഷാചരിത്രം അനുസ്യൂതം പുരോഗമിക്കുന്നുവെന്നും കാണിക്കുന്നതിനുവേണ്ടിയാണ് ഈ വിശദാംശങ്ങളത്രയും.
റൂത്ത്
ഹീബ്രു ബൈബിളിൽ കെത്തുബിം (എഴുത്തുകൾ) എന്നറിയപ്പെടുന്ന വിഭാഗത്തിലാണ് റൂത്തിന്റെ പുസ്തകം ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഗ്രീക്ക്, ലത്തീൻ ബൈബിളുകളിലും അതനുസരിച്ച് ഇംഗ്ലീഷ് ബൈബിളിലും ന്യായാധിപ പുസ്തകത്തിനു തൊട്ടുപിന്നാലെ അത് വച്ചിരിക്കുന്നു. അതിൽ പറയുന്ന ചരിത്രം ന്യായാധിപന്മാരുടെ കാലത്തു നടന്നു (1:1) എന്നു കരുതപ്പെടുന്നതുകൊണ്ടു മാത്രമാണിത്. തലമുറകൾതോറും ബൈബിൾ വായനക്കാരെ ഹഡാതാകർഷിച്ചിട്ടുള്ള ശുഭപര്യവസായിയായ ഒരു ലഘുകഥയാണ് റൂത്തിൻ്റേത്.
പ്രവാസാനന്തരകാലത്ത്, കൃത്യമായി പറഞ്ഞാൽ, വിദേശീയരെ ഒഴിവാക്കാൻ യഹ ൂദരോട് ആവശ്യപ്പെട്ട എസ്രായുടെയും നെഹമിയായുടെയും ( എസ്രാ 10:1-5, നെഹ. 13:23-27) കാലത്ത് എഴുതപ്പെട്ടതാണ് ഈ പുസ്തകമെന്ന് ആധുനിക ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു. പ്രവാസാനന്തരഘട്ടത്തിൽ യഹൂദസമൂഹത്തിൽ രണ്ടു പ്രവണതകൾ സ്പഷ്ടമായി കാണാം. ഒന്ന് - സാർവത്രികത. മറേറത് - വിഭാഗീയത. രക്ഷയെന്ന ദൈവികദാനത്തിന് എല്ലാ മനുഷ്യരും വിളിക്കപ്പെട്ടിരിക്കുന്നു എന്നതിലാണ് ആദ്യത്തേത് ഊന്നുന്നത്. പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടു എന്നതിൽ ഊന്നിക്കൊണ്ട് ഇസ്രയേൽ ജനത്തിന്റെ സവിശേഷത എടുത്തു പറയുകയാണ് രണ്ടാമത്തേതിൽ. എസ്രയുടെയും നെഹമിയയുടെയും നിർദേശങ്ങൾക്കു പിന്നിൽ ഈ രണ്ടാമത്തെ പ്രവണതയാണു പ്രവർത്തിച്ചിരുന്നത്.
സാർവത്രികത ഉയർത്തിപ്പിടിച്ചിരുന്നവർ, ഭൂമുഖത്ത് ഇസ്രായേൽ ദൈവാനുഗ്രഹത്തിൻ്റെ ഒരു അടയാളമാകേണ്ടതാണ് (ഏശയ്യ 49:6) എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. ഈ ആശയം പ്രകടമാക്കുന്നതിന് അവർ രണ്ടു പുസ്തകങ്ങൾ രചിച്ചു - റൂത്തും യോനായും. മൊവാബ്യ സ്ത്രീയായ റൂത്ത് യഹൂദയായ അമ്മായിയമ്മ നവോമിയോടു പറയുന്നു: "അമ്മയുടെ ചാർച്ചക്കാർ എൻ്റെ ചാർച്ചക്കാരും അമ്മയുടെ ദൈവം എൻ്റെ ദൈവവുമായിരിക്കും'' (1:16). അവൾ ഇസ്രയേൽ സമൂഹത്തിലെ ഒരംഗമാകാനും യഹൂദവിശ്വാസം കൈക്കൊള്ളാനും (ഈ പുസ്തകത്തിന്റെ രചയിതാവിൻ്റെ അഭിപ്രായത്തിൽ, ആരെയും ഒഴിച്ചുനിറുത്താതെ എല്ലാവർക്കുമായി തുറന്നിരിക്കുന്ന വിശ്വാസമാണിത്) തീവ്രമായി ആഗ്രഹിക്കുന്നു. റൂത്ത് യഹൂദവിശ്വാസം സ്വീകരിച്ചതിനു പ്രതിഫലമുണ്ടായി. അവൾ ദാവീദ് രാജാവിൻ്റെ മുതുമുത്തശ്ശിയായി (4:13-22).
ഇസ്രയേൽകാരുടെ പരമ്പരാഗതവിശ്വസമനുസരിച്ച്, ദാവീദിന് മൊവാബു രാജവംശവുമായി ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് താൻ രക്ഷാസങ്കേതത്തിലായിരുന്ന കാലത്ത് തൻ്റെ മാതാപിതാക്കളെ മൊവാബ് രാജാവിനോടുകൂടി പാർപ്പിച്ചത് (1സാമുവേൽ 22:3-4). ഈ പാരമ്പര്യം റൂത്തിൻ്റെ ഗ്രന്ഥകാരൻ്റെ മനസ്സിലുണ്ടായിരുന്നുവെന്നതിൽ സംശയമില്ല!
റുത്തിന്റെ പുസ്‌തകത്തിൻ്റെ ഉള്ളടക്കം വളരെ വ്യക്തമാണ്. അതിന്റെ വായന വളരെ എളുപ്പവും ആഹ്ലാദകരവും തന്നെ.
ആമുഖം (1:1-5), നവോമിയും റൂത്തും (1:6-18), ബേതലഹമിലേക്കുള്ള മടക്കം (1:19-22), റൂത്ത് ബൊവാസിൻ്റെ വയലിൽ (2:1-23), നവോമിയുടെ ഉപദേശം (3:1-5), റൂത്തും ബോവാസും (3:16-18), ബോവാസിൻ്റെ ബന്ധു അവകാശം കൈമാറുന്നു (4:1-6), ബോവാസിൻ്റെ അവകാശം (4:7-12), റൂത്തിന് പുത്രൻ പിറക്കുന്നു. (4:13-17), വംശാവലി (4: 18-21).
റൂത്തിൻ്റെ പുസ്തകത്തിൻ്റെ സാർവദേശീയമായ വീക്ഷണഗതി, ക്രിസ്തുവിൻ്റെ ദൗത്യത്തിൻ്റെ സാർവ്വത്രിക സ്വഭാവം വിളിച്ചറിയിക്കുന്ന പുതിയ നിയമത്തിലേക്കു വിരൽ ചൂണ്ടുന്നു. അതുകൊണ്ടുതന്നെ, ക്രിസ്തുവിൻ്റെ വംശാവലിയിൽ റൂത്തിൻ്റെ പേര് പ്രത്യക്ഷപ്പെടുന്നതിൽ അത്ഭുതമില്ല (മത്തായി 1:5).
ജോഷ്വാ, ന്യായാധിപന്മാർ, റൂത്ത്
ഡോ. കെ.ലൂക്ക് OFM Cap.
അസ്സീസി മാസിക, ജനുവരി 1989





















