top of page

സാഹസം

Jun 8, 2022

1 min read

picture of Jesus and disciples

സുദീര്‍ഘമായൊരു ഇടവേളയുണ്ട് ക്രിസ്തുവിന്‍റെ ബാല്യത്തിനും യൗവ്വനത്തിനുമിടയില്‍. പരസ്യശുശ്രൂഷയില്‍ അവന്‍, യേശു കൂട്ട് വിളിച്ച ചിലരുണ്ട്. തന്‍റെ കൂടെയിരിക്കാനും പ്രസംഗിക്കേണ്ടതിന് അയയ്ക്കാനും ഭൂതങ്ങളെ പുറത്താക്കേണ്ടതിന് അധികാരമുണ്ടാകുവാനും അവന്‍ പന്തിരുവരെ നിയമിച്ചുവെന്നാണ് തിരുവെഴുത്ത്. സത്യത്തില്‍ അവന്‍റെ ഒപ്പമുള്ള നടപ്പ് അത്ര നിസ്സാരമായ ഒരു സംഗതിയല്ല. എത്രമേല്‍ നിസ്സാരരായ മനുഷ്യരാണവര്‍. അറിവനുഭവങ്ങള്‍ പല തരത്തിലാണവര്‍ക്ക്. താന്താങ്ങളുടെ സ്വകാര്യലോകങ്ങളില്‍ മുഴുകിയിരുന്നവര്‍. പലവിധ ബന്ധനങ്ങളില്‍പ്പെട്ടവര്‍. തൊഴിലിടങ്ങളില്‍ കുന്നായ്മ കൂട്ടിയവര്‍. കലഹവും പ്രണയവും കൊണ്ട് സ്വന്തം കൂടുകെട്ടിയവര്‍. അവരില്‍ കണക്കുകൂട്ടി ജീവിച്ചവരുണ്ട്. കവിതപോലെ ഒഴുകിയവരുണ്ട്. നിരാശകളില്‍ നീറിയവര്‍. പ്രതികാരാഗ്നിയില്‍ വെന്തുപോയവര്‍. ഇങ്ങനെ പറഞ്ഞുതുടങ്ങിയാല്‍ അന്നും ഇന്നും എന്നും 'മനുഷ്യന്‍' എത്തിപ്പെടുന്ന എല്ലായിടങ്ങളിലും കുടുങ്ങിയ സാദാ മനുഷ്യര്‍. ശരിക്കും അവരെങ്ങനെയാണ് ക്രിസ്തുവിനോടൊപ്പം നടന്നത്? അവരെങ്ങനെയാണ് ഇത്രമേല്‍ കുലീനമായൊരു ദര്‍ശനത്തിനു സഹയാത്രികരായത്? ഇതു തന്നെയാണ് സഖേ ശരിയായ അത്ഭുതം! ഇങ്ങനെ ദ സൊ കോള്‍ഡ് പച്ചമനുഷ്യര്‍ക്കിടയിലാണ് ഇത്തരം സാഹസങ്ങള്‍ സാധ്യമാകുന്നതെന്ന് നാം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ധ്യാനിക്കണം. എന്നിട്ട് സ്വയം ആശ്വസിക്കണം. തന്നത്താന്‍ ധൈര്യപ്പെടുത്തണം. കൂടുതല്‍ ഉത്കൃഷ്ടമായവയിലേക്ക് നിരന്തരം സ്വയം എറിഞ്ഞു നല്കാ നും അതിനായി സകലവും വിട്ടകലാനും  ഉലയാനുമുള്ള ആര്‍ജ്ജവത്തിന്‍റെ പേരാണെടേ ശിഷ്യത്വം. ആത്മപരിവര്‍ത്തനത്തിന്‍റെ ഇത്തരം മഹായാനങ്ങളാണ് ചരിത്രത്തില്‍ ആവര്‍ത്തിക്കപ്പെടേണ്ടത്. 


Featured Posts

bottom of page