top of page

ക്ഷമിക്കുമ്പോഴാണ് ക്ഷമിക്കപ്പെടുന്നത്

Oct 4

2 min read

ജക
St. Francis of assisi

ബോര്‍ഗസ്സ്, 'ഐതീഹ്യം' എന്ന പേരില്‍ എഴുതിയ ഒരു കഥയാണിത്, ആബേലിന്‍റെ മരണത്തിനു ശേഷം കായേനും ആബേലും വീണ്ടും കണ്ടു മുട്ടുന്നു. മരുഭൂമിയിലൂടെ നടന്നു പോകുകയായിരുന്ന അവര്‍ അകലെവച്ചു തന്നെ പരസ്പരം തിരിച്ചറിഞ്ഞു, അവര്‍ നല്ല പൊക്കമുള്ളവരായിരുന്നു. സഹോദരന്മാര്‍ നിലത്തിരുന്നു, തീ കൂട്ടി, പിന്നെ ഭക്ഷിച്ചു. കുറച്ചു നേരത്തേക്ക് അവര്‍ നിശബ്ദരായിരുന്നു ദിവസം മുഴുവനും ജോലി ചെയ്ത് ക്ഷീണിച്ച് അവശരായവരെപ്പോലെയായിരുന്നു അവര്‍ രണ്ടു പേരും. ആകാശത്ത് ഇനിയും പേരിട്ടി ല്ലാത്ത നക്ഷത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു. തീവെളിച്ചത്തില്‍ ആബേലിന്‍റെ നെറ്റിയിലുള്ള കല്ലുകൊണ്ടുണ്ടായ മുറിപ്പാട് കായേന്‍ തിരിച്ചറിഞ്ഞു. കായേന്‍ വായിലേക്ക് വയ്ക്കാന്‍ തുനിഞ്ഞ ഭക്ഷണം താഴെയിട്ടു. അവന്‍ തന്‍റെ പാതകത്തിന് മാപ്പ് ചോദിച്ചു. "എനിക്കിപ്പോള്‍ ഒന്നും ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല. നീയെന്നെ കൊന്നോ അതോ ഞാന്‍ നിന്നെ കൊന്നോ?" ആബേല്‍ മറുപടിയായി പറഞ്ഞു; "നമ്മള്‍ ഇതാ ഇവിടെ രണ്ടു പേരും, പഴയതുപോലെ." "നീയെന്നോട് ക്ഷമിച്ചെന്ന് എനിക്കിപ്പോള്‍ ശരിക്കും തോന്നുന്നു." കായേന്‍ പറഞ്ഞു. "മറക്കുക എന്നാല്‍ പൊറുക്കുക എന്നാണ്. എന്നാലാവുന്ന വിധത്തില്‍ ഞാനും മറക്കാന്‍ ശ്രമിക്കാം," "ശരിയാണ്," ആബേല്‍ പറഞ്ഞു, ശബ്ദം താഴ്ത്തിക്കൊണ്ട്, 'നീ പറഞ്ഞത് ശരിയാണ്, കുറ്റബോധം ഉള്ളിടത്തോളം കാലം പാപമുണ്ട്.'

കഥയുടെ അവസാനം ആബേല്‍ പറയുന്ന, 'കുറ്റബോധം ഉള്ളിടത്തോളം കാലം പാപമുണ്ട്' എന്നത് കുറ്റത്തിന് വിധേയനായവന്‍ കുറ്റം ചെയ്ത വനോട് പറയുമ്പോള്‍ മാത്രം ശരിയാകുന്ന ഒരു കാര്യമാണെന്ന് തോന്നുന്നു. കുറ്റബോധത്തിന് ഒരിക്കലും മനുഷ്യനെ മാറ്റാന്‍ കഴിയില്ല, കുറ്റ ബോധം മനുഷ്യനെ വീണ്ടും പാപം ചെയ്യാന്‍ പ്രേരി പ്പിക്കുന്നു. അതുകൊണ്ടാണ് ക്രിസ്തു മാനസാ ന്തരത്തെക്കുറിച്ച് സംസാരിച്ചത്. മാനസാന്തരത്തിന് പാപവുമായിട്ട് വലിയ ബന്ധമില്ല. അതൊരു പുതിയ കാഴ്ചപ്പാടാണ്.

ആരോടാണ് ഞാന്‍ ക്ഷമിക്കേണ്ടത്? എന്ന ആഴമുള്ള നിഷ്ക്കളങ്കത അനുഭവിച്ചുകൊണ്ട് ആബേല്‍ നില്‍ക്കുന്നു. ആ നിഷ്ക്കളങ്കതയുടെ പരുക്ക് മാത്രം പേറിക്കൊണ്ട് കായേന്‍ നടന്നു പോയിരിക്കണം, സ്വതന്ത്രനായി. മനുഷ്യന്‍ അനുഭവിച്ച ഏറ്റവും അസ്തിത്വപരമായ പ്രശ്നം എങ്ങനെ ഭൂതകാലത്തെ തിരുത്താം എന്നുള്ള താണ്. അതിനുള്ള ശേഷിയില്ലായ്മയെയാണ് എല്ലാ ദുരന്തകാവ്യങ്ങളും ഇതിവൃത്തമാക്കിയിരിക്കുന്നത്. യുദ്ധത്തിന്‍റെ ബലരേഖകളില്‍ പിടഞ്ഞുവീണ ഗ്രീക്ക് വീരന്മാരെല്ലാം അവരുടെ ഭൂതകാലത്തെ കൂടുതല്‍ കെട്ടുപിണഞ്ഞതാക്കുകയാണ് ചെയ്തത്. ഹോമറിന്‍റെ ഇലിയഡിലെ യഥാര്‍ത്ഥ നായകന്‍, യഥാര്‍ത്ഥ ഇതിവൃത്തം ബലമാണ്. 'കരുത്ത് ഉപയോഗിക്കുന്ന മനുഷ്യനും, അത് അനുഭവിക്കുന്ന മനുഷ്യനും ഒരു പോലെ കരുത്തിന്‍റെ മുന്‍പില്‍ തോറ്റു പോകുന്നു. അതിന്‍റ പ്രഹരമേറ്റ് മനുഷ്യന്‍റെ ശരീരം ചുരുങ്ങിപ്പോകുന്നു.' സിമോണ്‍ വെയിലിന്‍റെതാണ് ഈ നിരീക്ഷണം.

ബോര്‍ഗസ്സിന്‍റെ ഐതീഹ്യം സത്യമാകുന്നത് ക്രിസ്തുവിനു ശേഷമാണ്. ക്രിസ്തുവിനു ശേഷം വെറുപ്പിന്‍റെ എല്ലാ ഭൂതകാല കഥകളും മാറ്റി എഴുതപ്പെടേണ്ടത് തന്നെയാണ്. പാപത്തെ ഓര്‍ത്തു വയ്ക്കാനുള്ള ദൈവത്തിന്‍റെ കഴിവില്ലായ്മയില്‍ വിശ്വസിക്കുക വഴി നമ്മുടെ ഭൂതകാലത്തെ തിരുത്താം എന്ന് ക്രിസ്തു മനസ്സിലാക്കുന്നു. ദൈവം പാപത്തെ ഇല്ലാതാക്കുന്നത് മറന്നു കൊണ്ടാണ്. തിന്മ ഓര്‍മ്മ അര്‍ഹിക്കുന്നില്ല. പാപത്തെ വിശ്വസിക്കാത്ത സ്നേഹത്തില്‍ ഉറച്ചു നില്ക്കുക, കരുത്തിനെ ആരാധിക്കാതിരിക്കുക, ശത്രുവിനെ വെറുക്കാതിരിക്കുക, ദൗര്‍ഭാഗ്യവാനെ പുച്ഛിക്കാതിരിക്കുക. ഇതൊക്കെയാണ് ഭൂത കാലത്തെ മോചിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍. ഇലിയ ഡിന്‍റെ സ്ഥാനത്ത് സുവിശേഷങ്ങള്‍ സ്ഥാനം പിടിക്കുന്നത് ഇങ്ങനെയാണ്. മനുഷ്യന്‍റെ തുന്നലി ടാനാവാത്ത വേദനയുടെ ആഴത്തെക്കുറിച്ച് പറയുന്ന സുവിശേഷങ്ങള്‍ എല്ലാ ദുരന്തകാവ്യ ങ്ങള്‍ക്കും പുതിയൊരു അര്‍ത്ഥം നല്‍കുന്നുണ്ട്. ഇലിയഡിനു ജന്മം നല്‍കിയ അതേ ഗ്രീക്ക് ധീഷണത സുവിശേഷങ്ങള്‍ക്ക് പിന്നിലും പ്രവൃ ത്തിക്കുന്നുണ്ട്. ഇലിയഡിലെ ദൈവം സഹനത്തെ ആക്രമണമാക്കി മാറ്റുമ്പോള്‍ സുവിശേഷത്തിലെ ദൈവം ആക്രമണത്തെ സഹനമാക്കി മാറ്റുന്നു എന്ന വ്യത്യാസമുണ്ട്. 'കള്ളങ്ങളുടെ പടച്ചട്ട അണി യാത്ത മനുഷ്യന്‍ കരുത്തിന്‍റെ രൗദ്രത അനുഭവി ക്കുന്നത് അവന്‍റെ ആത്മാവില്‍ തന്നെയാണ്. അവന്‍റെ ആത്മാവിനെ ഇത് മലിനമാക്കുന്നി ല്ലെങ്കിലും ഇത് കുത്തിത്തുറക്കുന്ന മുറിവുകളില്‍ നിന്നും ഒന്നിനും അവന്‍റെ ആത്മാവിനെ രക്ഷപ്പെടു ത്താനാവില്ല.' എന്നും സിമോണ്‍ വെയില്‍ തിരിച്ചറി ച്ചറിയുന്നു.

ക്ഷമ തന്നെ യാതൊരും ക്ഷമയും കാണി ക്കാതെ ശ്രമിക്കുന്ന രീതിയുണ്ട്. പുതിയൊരു ജീവിത രീതിയും വിചാര രീതിയും നിര്‍മ്മിക്കാനാണ് ക്ഷമ പലപ്പോഴും അക്ഷമ കാണിക്കുന്നതെന്ന് ക്രിസ്ത്യന്‍ ചിന്തനായ ടെറി ഈഗിള്‍റ്റന്‍ പറയുന്നു: ക്രിസ്തീയ ചിന്തിയ സംബന്ധിച്ചിടത്തോളം, ദൈവത്തിന്‍റെ സ്നേഹവും ക്ഷമയും നിഷ്കരുണം ക്ഷമിക്കാത്ത ശക്തികളാണ് അത് നമ്മുടെ സംരക്ഷകവും സ്വയം യുക്തിസഹവുമായ ചെറിയ മണ്ഡലത്തിലേക്ക് അക്രമാസക്തമായി കടന്നുക യറുകയും നമ്മുടെ വികാരപരമായ മിഥ്യാധാര ണകളെ തകര്‍ക്കുകയും നമ്മുടെ ലോകത്തെ ക്രൂരമായി തലകീഴായി മാറ്റുകയും ചെയ്യുന്നു.

ക്ഷമ എന്നത് കരുണ രചിക്കുന്ന ഇതിഹാ സമാണ്. ഒരാള്‍ വെറുക്കുന്നത് അവസാനിപ്പിച്ചു എന്ന് പറയുന്നതാണ് കരുണയുടെ നിര്‍വചനം. കരുണയ്ക്ക് മാത്രമെ നീതിക്ക് അതീതമാകാന്‍ സാധിക്കുകയുള്ളു. ഇത് പകയുടെ മേല്‍, ന്യായ മായ കോപത്തിന്‍റെ മേല്‍ വിജയം നേടുമ്പോഴു ണ്ടാകുന്നതാണ്. നമ്മള്‍ സ്നേഹിക്കുന്നിടത്തോളം ക്ഷമിക്കും എന്നാണ് പറയുന്നത്. അപ്പോള്‍ ക്ഷമ ഒരു സ്നേഹഭാഷ്യമാണ്.

ക്ഷമിക്കുക എന്നത് ഒരു സ്വാതന്ത്യമാണ്. ഈ സ്വാതന്ത്ര്യം വരുന്നത് ഒരു സാകല്യഭാവത്തില്‍ നിന്നാണ്. സ്വതന്ത്രമായ പ്രവൃത്തികള്‍ മാത്രമെ ക്ഷമ ആവശ്യപ്പെടുന്നുള്ളു, സ്വതന്ത്രമായ അവസ്ഥ യില്‍ നിന്നു മാത്രമെ ക്ഷമ ഉണ്ടാകുന്നുമുള്ളു. സ്വതന്ത്രമായി ചെയ്ത തെറ്റിന് സൗജന്യമായി നല്‍കുന്ന കൃപയാണ് ക്ഷമ.

എന്തു കൊണ്ട് മനുഷ്യനെ രക്ഷിക്കാന്‍ ദൈവം മനുഷ്യജന്മമെടുത്തു എന്നതിന് സിമോണ്‍ വെയ്ല്‍ നല്‍കുന്ന ഉത്തരം അവന്‍ നന്മയായതു കൊണ്ടാണ് എന്നാണ്. എന്തുകൊണ്ട് ദൈവം ക്ഷമിക്കുന്നു എന്നതിന് ഫ്രാന്‍സിസ് നല്‍കുന്ന ഉത്തരം അവന്‍ നന്മയായതുകൊണ്ടാണ് എന്നാണ്. ക്ഷമിക്കുന്ന വരില്‍ ക്രിസ്തു രൂപപ്പെടുന്നു.



Featured Posts