

വാര്‍ത്താ മാധ്യമങ്ങളുടെ ഉല്പത്തി അന്വേഷിച്ചു പോകുമ്പോള്‍ നാം ചെന്നെത്തുന്നത് ഗ്രാമങ്ങളിലെ പൊതു ചുമരുകളിലാണ്. രാജ കല്പനകളും പുതുചട്ടങ്ങളും പൊതു ചുമരുകളില്‍ എഴുതി പതിപ്പിക്കുക സാധാരണമായിരുന്നു. അവിടെനിന്ന് ആ എഴുത്തു പത്രികകള്‍ ഇളകിവന്ന് വായനക്കാരുടെ കൈകളിലേക്ക് എത്തുന്നത് ആദ്യകാലത്ത് 'നോട്ടീസ് ' രൂപത്തിലായിരുന്നു. കാലികമായ പല സര്‍ക്കാര്‍ അറിയിപ്പുകളും കല്പനകളും ചട്ടങ്ങളും കൂട്ടിച്ചേര്‍ത്ത്, ആളുകള്‍ക്ക് വീട്ടില്‍ സൂക്ഷിക്കാന്‍ പാകത്തില്‍ പത്രികയാക്കി അച്ചടിച്ചതാണ് ആദ്യകാലത്തെ വാര്‍ത്താ പത്രികകള്‍. അവ പിന്നീട് കൂടുതല്‍ വിപുലമായ വാര്‍ത്തകളിലേക്കും, പതിയെ സാമൂഹിക കാര്യങ്ങളിലേക്കും വളര്‍ന്നാണ് പത്രങ്ങള്‍ ഉണ്ടാകുന്നത്.
ഒരു മേഖലയില്‍ ലാഭമുണ്ട് എന്നറിയുമ്പോള്‍ സ്വാഭാവികമായും അവിടെ മത്സരമുണ്ടാകും. കൂടുതല്‍ വിപണന തന്ത്രങ്ങള്‍ ആവിഷ്കരിക്കപ്പെടും. അധികാരികളുടെയും സാമൂഹിക പ്രസക്തരുടെയും സ്വകാര്യ കഥകളും അപവാദ കഥകളും പെട്ടെന്നുതന്നെ പത്രങ്ങളിലേക്ക് കയറി വന്നു. അങ്ങനെ, (മഞ്ഞപ്പത്രങ്ങള്‍) കുട്ടിപ്പത്രങ്ങളുണ്ടായി. പത്രങ്ങള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയും എന്നു കണ്ടപ്പോള്‍ ആദ്യം രാഷ്ട്രീയക്കാര്‍ അവയെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. അങ്ങനെ പത്രസ്വാതന്ത്ര്യത്തിന്മേല്‍ നിയന്ത്രണങ്ങളുണ്ടായി. താമസിയാതെ, തങ്ങളുടെ പ്രത്യയശാസ്ത്ര വ്യാപനത്തിന് പത്രങ്ങളെ ഉപയോഗിക്കാന്‍ കഴിയും എന്നുകണ്ടപ്പോള്‍ രാഷ്ട്രീയക്കാര്‍ ആ വഴിക്ക് നീങ്ങി. അങ്ങനെ 'പ്രൊപ്പഗാന്‍റ' പത്രങ്ങള്‍ ഉണ്ടായി. സമൂഹത്തിലെ വിദ്യാസമ്പന്നരും ചിന്താശീലരുമായ ബുദ്ധിജീവി വര്‍ഗ്ഗം പത്രപ്രവര്‍ത്തനത്തിലെ നൈതികതയെക്കുറിച്ച് കൂടുതല്‍ പരിചിന്തനങ്ങളും സംവാദങ്ങളും നടത്തുകയും ചെയ്തതിന്‍റെ ഫലമായി പത്രപ്രവര്‍ത്തനത്തിന്‍റെ നൈതികതയും (journalistic ethics), ഉന്നതമായ പത്രധര്‍മ്മ പരികല്പനകളും രൂപപ്പെട്ടുവന്നു. സാമൂഹിക പ്രതിബദ്ധതയോടെ ആദര്‍ശാത്മകമായ പത്ര ധര്‍മ്മം പ്രാവര്‍ത്തികമാക്കുന്ന 'പ്രസ്റ്റീജ് പ്രസ്സും' അങ്ങനെ ഉടലെടുത്തു. മേല്പറഞ്ഞ സെന്‍സേഷണലിസം, പ്രത്യയശാസ്ത്രം, ആദര്‍ശം എന്നീ താല്‍പര്യങ്ങളെ വിവിധ അനുപാതങ്ങളില്‍ സമ്മിശ്രണം ചെയ്തുകൊണ്ട് കൂടുതല്‍ കൂടുതല്‍ വിപണന സാധ്യതയുള്ള 'പോപ്പുലര്‍ പ്രസ്സ്' വിഭാഗത്തിലുള്ള പത്രങ്ങളും സാവധാനം ഉണ്ടായിവന്നു. അങ്ങനെ, വിദ്യാവിഹീനരും പാവങ്ങളും വാങ്ങാനും വായിക്കാനും താല്‍പ്പര്യപ്പെടുന്ന കുട്ടിപ്പത്രങ്ങളും(tabloids), ഓരോരോ പാര്‍ട്ടിക്കാരായ ആളുകള്‍ വായിക്കാന്‍ താല്‍പ്പര്യപ്പെടുന്ന (propaganda) പാര്‍ട്ടിപ്പത്രങ്ങളും, ചിന്താശേഷിയുള്ള ബുദ്ധിജീവികള്‍ വായിക്കാന്‍ താല്പര്യപ്പെടുന്ന മൂല്യാധിഷ്ഠിത കുലീനപത്രങ്ങളും (broadsheets), മഹാഭൂരിപക്ഷം വായിക്കാന്‍ ഇഷ്ടപ്പെടുന്ന ജനകീയ പത്രങ്ങളും എല്ലാ നാട്ടിലും സ്ഥാപിതമായി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വ്യവസ്ഥാപിത അച്ചടി-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളോടൊപ്പം കയറി വന്നിട്ടുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇതേ താല്പര്യങ്ങള്‍ പ്രകടമാണ്.
ലോകത്തെ ഏകാധിപത്യങ്ങളില്‍ നിന്ന് ജനാധിപത്യങ്ങളിലേക്ക് വഴിനടത്തിയത് പത്രങ്ങളാണ്. അതുകൊണ്ടുതന്നെ ജനാധിപത്യ പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലും പത്രങ്ങളും വാര്‍ത്താ മാധ്യമങ്ങളും സമൂഹത്തെ ഉദ്ദീപിപ്പിക്കേണ്ടതുണ്ട്. എന്നാല്‍, കഴിഞ്ഞ കുറേക്കാലമായി മാധ്യമലോകത്ത് പ്രകടമായ മാറ്റങ്ങള്‍ കാണാനുണ്ട്. മുമ്പൊന്നും ഇല്ലാത്ത വിധം പ്രൊപ്പഗാന്‍റ മാധ്യമങ്ങള്‍ക്ക് ജനപിന്തുണ ഏറിവരുന്നു. കുട്ടിപ്പത്രങ്ങള്‍ക്കും അങ്ങനെ തന്നെ. അതുകൊണ്ടു തന്നെ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതികളെ വിമര്‍ശന ബുദ്ധിയോടെ സമീപിക്കേണ്ട മുഖ്യധാരാ മാധ്യമങ്ങളും തങ്ങളുടെ മുന്‍ നയങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട്, സ്റ്റേറ്റ് ഓപ്പറേറ്റഡ് അപ്പാരറ്റസ് കണക്കേ പെരുമാറുന്നതായാണ് കാണുന്നത്. അതുകൊണ്ടു തന്നെ, 'ഗോദി മീഡിയ' (ഓമന-നായ് മാധ്യമങ്ങള്‍) എന്നൊരു ചെല്ലപ്പേരുതന്നെ അത്തരം മാധ്യമങ്ങള്‍ക്ക് ചാര്‍ത്തിക്കിട്ടിയിട്ടുമുണ്ട്. സര്‍ക്കാരിനെതിരെയോ നേതാക്കള്‍ക്കെതിരെയോ അല്ല, ഭരണകൂടം മുന്നോട്ടുവക്കുന്ന ആശയങ്ങളെയും അവരെ നയിക്കുന്ന പ്രത്യയശാസ്ത്രത്തെയും വിമര്‍ശന വിധേയമാക്കിയാല്‍ പോലും രാഷ്ട്രീയവും സാമ്പത്തികവും നൈയ്യാമികവുമായ സമ്മര്‍ദ്ദങ്ങള്‍ അവരുടെ മേല്‍ ചെലുത്തപ്പെടുന്ന സാഹചര്യം ഇന്‍ഡ്യയില്‍ നിലനില്ക്കുന്നതായി ഇന്ന് ആര്‍ക്കും മനസ്സിലാകുന്നുണ്ട്.

റിപ്പോര്‍ട്ടേഴ്സ് ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന അന്താരാഷ്ട്ര സ്ഥാപനം വര്‍ഷാവര്‍ഷം പ്രസിദ്ധീകരിച്ചു വരുന്ന രാജ്യങ്ങളുടെ പത്രസ്വാതന്ത്ര്യ നിലവാരം തുറന്നു കാട്ടുന്ന പട്ടികയില്‍ ഇന്‍ഡ്യയുടെ സ്ഥാനം ഓരോ വര്‍ഷവും താഴോട്ടാണ് എന്നത് ലോകത്താകമാനമുള്ള ജേര്‍ണലിസ്റ്റുകളെയും രാഷ്ട്രീയ നിരീക്ഷകരെയും ഭയപ്പെടുത്തുന്നുണ്ട്. പഠന വിധേയമാക്കപ്പെടുന്ന ലോകത്തിലെ 180 രാജ്യങ്ങളില്‍ ഇന്‍ഡ്യയുടെ സ്ഥാനം 2017-ല്‍ 136 ആയിരുന്നത് 2018-ല്‍ 138 ലേക്കും, 2021-ല്‍ 142-ലേക്കും 2022-ല്‍ 150-ലേക്കും താഴ്ന്ന് 2023-ല്‍ 161-ലേക്ക് കൂപ്പുകുത്തി എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്‍ഡ്യയുടെ പല ഭാഗത്തും പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതും വാര്‍ത്താമാധ്യമങ്ങളുടെ മേല്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കലാപബാധിത മേഖലകളില്‍ ഇന്‍ഡ്യ ഏര്‍പ്പെടുത്തിയ വാര്‍ത്താ പ്രസരണ വിലക്കുകളും ഒക്കെയാണ് ലോക റാങ്കിങ്ങില്‍ ഇന്‍ഡ്യ ഇങ്ങനെ കൂപ്പുകുത്താന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്ന വിഷയങ്ങള്‍ .
ഇന്‍ഡ്യയില്‍ നിലവിലെ സാഹചര്യത്തില്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് വന്നു വീഴുന്ന കൂച്ചുവിലങ്ങുകള്‍ വിവിധങ്ങളാണ്. സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന സ്ഥാപന റെയ്ഡുകള്‍, പത്രസ്ഥാപനങ്ങള്‍ക്കെതിരേ ഫയല്‍ ചെയ്യപ്പെടുന്ന അപകീര്‍ത്തി കേസുകള്‍, ബന്ധപ്പെട്ട മന്ത്രാലയങ്ങളില്‍ നിന്നെത്തുന്ന താക്കീതുകള്‍, പ്രസിദ്ധീകരണ /പ്രസരണ ലൈസന്‍സുകള്‍ മരവിപ്പിക്കല്‍/ റദ്ദാക്കല്‍, വിമര്‍ശനാത്മകങ്ങളായ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിക്കല്‍, എന്നിങ്ങനെ ഭരണകൂടം മാധ്യമങ്ങളോട് പൊരുതാനുപയോഗിക്കുന്ന ആയുധങ്ങള്‍ വിവിധങ്ങളാണ്.
ഇന്‍ഡ്യയില്‍ നിലവിലുള്ള അപകീര്‍ത്തി തടയല്‍ നിയമം പോലും സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കപ്പെടാവുന്ന തരത്തില്‍ വഴക്കമുള്ളതാണ് എന്നൊരു നിരീക്ഷണമുണ്ട്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്‍ഡ്യയിലാകമാനം വാര്‍ത്താമാധ്യമങ്ങള്‍ ഈ മേഖലയില്‍ നേരിട്ട കോടതി വ്യവഹാരങ്ങള്‍ക്ക് എണ്ണമില്ല.
ഇതിന് ഒരു മറുവശം കൂടിയുണ്ടെന്ന് സമ്മതിക്കേണ്ടി വരും. ഇന്‍ഡ്യയിലെ വാര്‍ത്താ മാധ്യമങ്ങളും - ഗോദി മീഡിയ ആവട്ടെ, ക്രിട്ടിക്കല്‍ മീഡിയ ആവട്ടെ - അവരുടെ ചര്‍ച്ചകളില്‍ വര്‍ദ്ധിതമായ ഹിംസാത്മകത പുലര്‍ത്തുന്നുണ്ട് എന്നത് സമ്മതിക്കാതെ തരമില്ല. നമ്മുടെ സമൂഹം മാത്രമല്ല, ലോകം തന്നെ കൂടുതല്‍ ധ്രുവീകൃതമാകുകയാണ് എന്നൊരു അവബോധം മാധ്യമപ്രവര്‍ത്തകരും സൂക്ഷിക്കേണ്ടതുണ്ട്. അനാവശ്യമായ പ്രകോപനങ്ങള്‍ക്ക് തങ്ങള്‍ ഇടനല്കുന്നില്ല എന്നത് അവര്‍ ഉറപ്പാക്കേണ്ടതുമുണ്ട്.
1975 ജൂണ്‍ 25 മുതലുള്ള ഒന്നേമുക്കാല്‍ വര്‍ഷം ഇന്‍ഡ്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തിലെ ഒരു കറുത്ത ഏടു തന്നെയായിരുന്നു എന്നോര്‍ക്കണം. അന്ന് പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതായിരുന്നു അതിന് കാരണം. അന്ന് മാധ്യമനിയന്ത്രണം നിലവില്‍ വന്നു. അതോടെ പത്രസ്വാതന്ത്ര്യങ്ങള്‍ക്കുമേല്‍ കരിമ്പടം വീണു. നിരവധി എഴുത്തുകാരും പത്രപ്രവര്‍ത്തകരും അഴിക്കുള്ളിലായി; പത്രസ്ഥാപനങ്ങള്‍ പലതും അടച്ചുപൂട്ടപ്പെട്ടു. ഒരു ഭരണാധികാരി എന്ന നിലയില്‍ അധികാരത്തില്‍ കടിച്ചു തൂങ്ങാനുള്ള അവരുടെ വഴിവിട്ട ശ്രമത്തിന്‍റെ ഭാഗമായിരുന്നു അതെന്ന് ഇന്നെല്ലാവരും തന്നെ അംഗീകരിക്കുന്ന സംഗതിയാണ്.
എന്നാല്‍, അവിടെ നിന്ന് നമ്മള്‍ എങ്ങോട്ടാണ് പോയത്? ഇന്ന് ഇന്‍ഡ്യയില്‍ ദേശീയ അടിയന്തിരാവസ്ഥയൊന്നും നിലവിലില്ല. അടിയന്തിരാവസ്ഥക്കാലത്ത് മാധ്യമങ്ങളെ ഷണ്ഡീകരിക്കുകയും മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു അന്നത്തെ ഭരണാധികാരി എങ്കില്‍, കഴിഞ്ഞ 11 വര്‍ഷമായി മാധ്യമങ്ങളില്‍ നിന്ന് മുഖം തിരിച്ചുകളഞ്ഞ ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ഇന്‍ഡ്യയില്‍ അമ്പതിനടുത്ത് ജേര്‍ണലിസ്റ്റുകള്‍ വധിക്കപ്പെട്ടിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ഇരുന്നൂറിലധികം ഗൗരവതരമായ ശാരീരികാക്രമണങ്ങള്‍ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. പത്രപ്രവര്‍ത്തകരെപ്പോലെതന്നെയോ അതിലേറെയോ ആക്രമണങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള ഒരു അനുബന്ധ വിഭാഗമാണ് ആര്‍ടിഐ ആക്റ്റിവിസ്റ്റുകള്‍. 2005-ല്‍ വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളില്‍ ഇന്‍ഡ്യയില്‍ കൊല്ലപ്പെട്ടിട്ടുള്ളത് 74 RTI ആക്റ്റിവിസ്റ്റുകളാണ്. അവരില്‍ത്തന്നെ 68-ഉം നിഷ്ടൂരമായ കൊലപാതകങ്ങളായിരുന്നു. ഈ രണ്ടു വിഭാഗങ്ങളയും ഒരുമിച്ച് പരിഗണിക്കുമ്പോള്‍ ഇന്‍ഡ്യയില്‍ അപ്രഖ്യാപിതമായ അടിയന്തിരാവസ്ഥ നിലവിലുണ്ടെന്നും അത് ഭീകരമാണെന്നും നാമറിയും.
ആധുനിക കാലഘട്ടത്തില്‍ വാര്‍ത്താ മാധ്യമങ്ങളെ വരിഞ്ഞു മുറുക്കാനുപയോഗിക്കുന്ന ചങ്ങല 'ദേശസുരക്ഷ'യുടേതാണ്. ലോകമെമ്പാടും ദേശീയതാ പ്രസ്ഥാനങ്ങളുടെ ഭരണകൂടങ്ങള്‍ ഭരണം നടത്തുന്ന രാജ്യങ്ങളില്‍ ഈ മേഖലയില്‍ സ്ഥിതിഗതികള്‍ സമാന രീതിയില്‍ വഷളാണ് എന്നോര്‍ക്കുന്നുണ്ട്.
മെയ് 3 - ലോക പത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കപ്പെടുകയാണ്. നിര്‍മ്മിത-ബുദ്ധിയുടെ കാലത്തെ പത്രസ്വാതന്ത്ര്യ വെല്ലുവിളികള്‍ എന്നതാണ് ഇക്കൊലത്തെ ദിനാചരണത്തിന്‍റെ ദിശാസൂചക വിഷയം. പത്രപ്രവര്‍ത്തന രംഗത്തെയാവും നിര്‍മ്മിത ബുദ്ധി കൂടുതല്‍ നിരുത്തരവാദപരമാക്കുക എന്നിരിക്കിലും, കൂടുതല്‍ അടിസ്ഥാനപരമായ കാര്യങ്ങള്‍ നാം ഇനിയും അഡ്രസ്സ് ചെയ്ത് കഴിഞ്ഞിട്ടില്ലല്ലോ. പത്രസ്വാതന്ത്ര്യം എന്നത് വ്യക്തികളുടെ മേല്‍ കുതിരകയറാനുള്ളതല്ല എന്നംഗീകരിക്കുമ്പോള്‍ത്തന്നെ, പത്രസ്വാതന്ത്ര്യത്തിന് മൂക്കുകയര്‍ വീണാല്‍, നാം ആധുനികം എന്ന് വിശേഷിപ്പിക്കുന്ന ജനാധിപത്യ സംവിധാനങ്ങള്‍ക്ക് ഗ്ലാനി സംഭവിക്കും എന്നും അംഗീകരിക്കണം. അനാരോഗ്യകരമായ സാമൂഹിക ധ്രുവീകരണങ്ങള്‍ ഒരു സമൂഹത്തിനും വളര്‍ച്ച പ്രദാനം ചെയ്യില്ല. അതുപോലെതന്നെ വാര്‍ത്താമാധ്യമങ്ങളുടെയും ഉപഭോക്താക്കളുടെയും അനാരോഗ്യകരമായ പക്ഷം പിടിക്കലുകളും താദാത്മീകരണങ്ങളും ജനാധിപത്യ ദര്‍ശനങ്ങളെത്തന്നെ അസ്ഥിരപ്പെടുത്തും. വളര്‍ച്ചയുടെയും വികസനത്തിന്‍റെയും ഏകകങ്ങള്‍ എന്ന നിലയില്‍ ജനസാമാന്യം കരുതിപ്പോരുന്ന അടിസ്ഥാന സൗകര്യങ്ങളും വിനിമയ സംവിധാനങ്ങളും മെച്ചപ്പെട്ടെന്നാകിലും, പൗരാവലിയിലെ ജനാധിപത്യ മനോഭാവം ദുഷിപ്പിക്കപ്പെട്ടു പോയെന്നാകില്‍ ജനാധിപത്യം കുരങ്ങന്‍റെ കൈയ്യിലെ പൂമാല പോലെയായിപ്പോകും. ആയതിനാല്‍, മാധ്യമപ്രവര്‍ത്തന രീതികളില്‍ കൂടുതല്‍ അവധാനതയും ആത്മവിമര്‍ശനവും ആവശ്യമുള്ളതുപോലെ തന്നെ, മാധ്യമങ്ങള്‍ ജനാധിപത്യത്തിന്‍റെ നാലാം തൂണായി പുനഃസ്ഥാപിക്കപ്പെടുകയും വേണം. രോഗം തന്നെയായ അസഹിഷ്ണുതയും അനാരോഗ്യകരമായ രാഷ്ട്രീയ -പ്രത്യയശാസ്ത്ര ധ്രുവീകരണങ്ങളും ഒഴിവാക്കാന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട് എന്നോര്‍ക്കണം. പ്രാഥമികമായി ഒരു ജനതയായിത്തീരാതെ രാഷ്ട്രനിര്‍മ്മിതി അസാധ്യമാകും. സമൂഹമെന്ന നിലയില്‍ നാം എങ്ങോട്ടാണ് എന്ന ചര്‍ച്ച സകല തുറകളിലും പുനരാരംഭിക്കപ്പെടണം. പൊതുനന്മയും സാമൂഹിക നീതിയും ആവണം എല്ലാ സാമൂഹിക ചര്‍ച്ചകളുടെയും ആധാരശില എന്നും മറന്നുകൂടാ.





















