

മുഖത്തിന്‍റെ ചന്തമോ, തൊലിയുടെ നിറമോ, ജാതിമതമഹത്വമോ പരിഗണിക്കാത്ത നല്ല സുഹൃത്തുക്കളെ തേടി 'വെര്‍ച്വല്‍ ലോക'ത്തു ജീവന്‍ നടത്തിയ അന്വേഷണങ്ങളിലായിരുന്നു എല്ലാറ്റിന്‍റെയും തുടക്കം. തുടക്കത്തില്‍ ആശ്വാസം നല്കിയ ചാറ്റ്മുറികള്‍ പില്‍ക്കാലത്ത് ജീവിതം തകര്‍ക്കുംവിധം തന്നെ അടിമ(addict)യാക്കുമെന്ന് അവനന്ന് അറിയില്ലായിരുന്നു. ജീവന്‍ തന്‍റെ ജീവിതം പറയുന്നു:
ആത്മനിയന്ത്രണത്തിന്‍റെ അനിവാര്യത എന്നെ ബോധ്യപ്പെടുത്തുംവിധം അപ്രതീക്ഷിതപരിണാമത്തിലേക്ക് ജീവിതം എന്നെക്കൊണ്ടെത്തിച്ചു. 39 വര്‍ഷംകൊണ്ട് ഞാന്‍ നേടിയതെല്ലാം എനിക്ക് നഷ്ടമായി. ജോലി മാത്രമല്ല, അഭിമാനം, അന്തസ്സ്, വിശ്വാസ്യത, സ്വീകാര്യത എല്ലാം. സമൂഹം എന്നെ തെറ്റുകാരനെന്ന് വിളിച്ചു. ഇനിയെത്ര വര്‍ഷം, ആ പതനത്തില്‍ നിന്ന് കരകയറാന്‍?
ബാല്യം നിരവധി പ്രതിസന്ധികളാല്‍ എന്‍റെ വീഴ്ചകളിലേക്ക് വഴിതെളിച്ചു. വഴികാട്ടാനോ വൈകാരിക പിന്തുണ നല്‍കാനോ എനിക്ക് ആരുമുണ്ടായിരുന്നില്ല. എന്‍റെ അമ്മ ചെറുപ്പത്തില്‍ തന്നെ ഞങ്ങളെ വിട്ടുപിരിഞ്ഞിരുന്നു. അച്ഛന്‍ ജോലിക്കായി വിദേശത്തും. ആത്മവിശ്വാസം അത്രയൊന്നുമില്ലാതിരുന്ന ഞാന്‍ അങ്ങനെ ഏകനായി. പ്രതിസന്ധികളെ തരണം ചെയ്യാന്‍ അശക്തനായി. സുഹൃത്തുക്കളെ സമ്പാദിക്കുക എനിക്ക് അസാധ്യമായിരുന്നു. അത് യഥാര്‍ത്ഥലോകത്തു നിന്ന് എന്നെ അകറ്റി. അവശ്യം വേണ്ട, പേര് ചൊല്ലി വിളിക്കാനാവാത്ത എന്തോ ഒന്ന് എന്‍റെ ജീവിതത്തിന് നഷ്ടമായി.
മധ്യേഷ്യയില്‍ ജോലി ചെയ്തിരുന്ന അച്ഛന്‍, ചെലവുകുറഞ്ഞ ആശയവിനിമയോപാധി എന്ന നിലയില്‍ ഞാനും ജ്യേഷ്ഠനുമായി ഇന്‍റര്‍നെറ്റ് വഴി ബന്ധപ്പെട്ടിരുന്നതിനാല്‍ സാമൂഹികമാധ്യമങ്ങളും ചാറ്റിങ്ങും (യാഹൂ, എം എസ് എന്‍ മെസഞ്ചര്‍) ചെറുപ്പം മുതല്‍ എനിക്ക് പരിചിതമായിരുന്നു. അച്ഛനെ ലൈനില്‍ കിട്ടാന്‍ കാത്തിരിക്കെ വിരസത ഒഴിവാക്കാന്‍ ഞാന്‍ ചാറ്റ് റൂമില്‍ തെരയാനും കിട്ടുന്ന ആളുകളുമായി ചാറ്റ് ചെയ്യാനും തുടങ്ങി. ആദ്യകാലത്ത് ചാറ്റിങ്ങിലൂടെയുള്ള സൗഹൃദം ഏതാനും ദിവസങ്ങളോ കൂടിവന്നാല്‍ ഒരാഴ്ചയോ മാത്രമേ നിലനിന്നുള്ളൂ.
പല തരത്തിലുള്ള ആളുകള്‍ പല കാരണങ്ങളാല്‍ ചാറ്റിങ്ങില്‍ ഏര്‍പ്പെടുന്നു. ചിലര്‍ സഹതാപവും ശ്രദ്ധയും ആവശ്യപ്പെടുന്നു. ചിലര്‍ അംഗീകാരവും അഭിനന്ദനവും ആഗ്രഹിക്കുന്നു. സംസാരിക്കാന്‍ മാത്രമായി ചാറ്റിങ്ങിനെത്തുന്ന അപൂര്‍വ്വം പേരെ മാത്രമേ ഞാന്‍ ബന്ധപ്പെട്ടിട്ടുള്ളൂ. ആ ബന്ധം സംഭാഷണത്തില്‍ അവസാനിക്കുകയും ചെയ്യുന്നു.
വൈകാതെ ചാറ്റ് ചെയ്യുന്ന വ്യക്തികളെ അടിസ്ഥാനമാക്കി ഞാന്‍ എന്‍റെ വ്യക്തിത്വത്തെ രൂപപ്പെടുത്താന്‍ തുടങ്ങി. ദീര്‍ഘമായി ചാറ്റ് ചെയ്ത ചിലരെ സുഹൃത്തുക്കളാക്കി മാറ്റി. ഒരിക്കലും എന്‍റെ നഗരത്തില്‍ നിന്ന് ഞാന്‍ കൂട്ടുകാരെ തെരഞ്ഞെടുത്തില്ല. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എനിക്ക് അങ്ങനെ ബന്ധങ്ങളുണ്ടായി.
