top of page

വിശപ്പ് തിന്നുന്നവര്‍

Mar 1, 2012

3 min read

ഷക
A bread for poverty image.

"ആഹാരമുള്ള മനുഷ്യന് അനേകം പ്രശ്നങ്ങളുണ്ട്;

എന്നാല്‍ ആഹാരമില്ലാത്തവന് ഒരു പ്രശ്നം

മാത്രമേയുള്ളൂ - ആഹാരം."

(ചൈനീസ് പഴമൊഴി)

********************

ഭക്ഷണത്തിന്‍റെ സമൃദ്ധിയിലേക്ക് തിരിച്ചുപോകാനുള്ള നോമ്പുകാല അനുഷ്ഠാന ഉപവാസത്തില്‍നിന്നും, ദുര്‍മേദസു കുറയ്ക്കാനുള്ള ചികിത്സാവിധിയായ ഉപവാസത്തില്‍നിന്നും വളരെ വിദൂരമായ ഒരുതലത്തില്‍ നിന്നാണ് 'വിശപ്പ്' എന്ന കുടലെരിയുന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ച് അസ്സീസി ഈ വട്ടം സംസാരിക്കുന്നത്. ഇവിടെ വിശക്കുന്നവന് വെള്ളിയാഴ്ച ഉപവാസമനുഷ്ഠിക്കുന്നവനു കിട്ടുന്ന പുണ്യങ്ങളില്ല, മസ്സിലുകളെ ബലപ്പെടുത്തുന്ന നിര്‍ദിഷ്ട സമയങ്ങളിലെ ലഘുഭക്ഷണക്രമങ്ങളില്ല. വിശപ്പിവിടെ ശാപത്തിന്‍റെയും സാവകാശമുള്ള മരണത്തിന്‍റെയും മറുവാക്കാകുന്നു. ജീവിതം മുഴുവന്‍ നീണ്ട ഒരുപവാസമായി മാറിയവരെ കുറിച്ചെഴുതാന്‍ അര്‍ഹതപ്പെട്ടവരല്ല ഞങ്ങളാരും. "അമ്മാ, വല്ലതും തരണേ..." എന്നപേക്ഷിക്കാന്‍പോലും ശബ്ദം പൊങ്ങാത്ത വിശക്കുന്ന വയറുകള്‍ക്കുവേണ്ടിയുള്ള ഒരു ശബ്ദം - അത്രമാത്രമേ കരുതിയിട്ടുള്ളൂ.

"എനിക്കു ദാഹിക്കുന്നു" എന്ന് കുരിശില്‍ കിടന്ന് മരണവെപ്രാളപ്പെട്ടുകൊണ്ട് ക്രിസ്തു പറഞ്ഞ വാക്കുകളെ അവന്‍റെ 'ആത്മാക്കള്‍ക്കുവേണ്ടിയുള്ള ദാഹ'മായി വ്യാഖ്യാനിച്ച നമുക്ക് വിശപ്പിനെപ്പോലും സ്നേഹത്തിനും അംഗീകാരത്തിനും പ്രോത്സാഹനത്തിനും വേണ്ടിയുള്ള വിശപ്പ് എന്നൊക്കെ ഭാഷ്യങ്ങള്‍ കൊടുത്തുകൊണ്ട് ഒത്തിരി കല്പനികവല്‍ക്കരിക്കാനാകും. കുഞ്ഞുന്നാളില്‍ കേട്ട തെങ്ങുചെത്തുകാരന്‍ ദാമോദരന്‍റെ ഇത്തിരിപ്പോന്ന കുഞ്ഞിന്‍റെ നിലവിളി സ്നേഹത്തിനും അംഗീകാരത്തിനും വേണ്ടിയായിരുന്നില്ല, വയറുകാളിയിട്ടാണെന്ന് തിരിച്ചറിയുന്നത് വളരെ പിന്നീടാണ്. ഇങ്ങനെ നമ്മുടെ ഇന്ത്യയിലാകമാനം അനുദിനം ശൂന്യമായ വയറുമായി കിടക്കയില്ലാത്തതുകൊണ്ട് തറയിലേയ്ക്കുറങ്ങി വീഴുന്നവരുടെ എണ്ണം 410 മില്യനും ലോകത്താകമാനം 925 മില്യനുമാണ്. കാലം കടന്നുപോകുന്തോറും ഇവരുടെ സംഖ്യ കുറയുകയല്ല കൂടുകയാണ് ചെയ്യുന്നതെന്നു കണക്കുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. എന്നാല്‍ ഭക്ഷണത്തിന്‍റെ മൊത്ത ഉല്പാദനമാകട്ടെ ഗണ്യമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ലോകത്താകമാനം പട്ടിണി പെരുകുമ്പോഴും മധ്യവര്‍ഗക്കാരന്‍റെയും സമ്പന്നന്‍റെയും ഭക്ഷണ നിലവാരങ്ങളും രുചിഭേദങ്ങളും ഭാവനാതീതമായ തലത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നിട്ടും നമ്മുടെ സാമൂഹിക വിചക്ഷണര്‍ പോലും പട്ടിണി മരണത്തിനു കാരണം കണ്ടെത്തുന്നതിങ്ങനെ: 'അപാര വിശപ്പ്, അനേകം വായ്കള്‍, ആവശ്യത്തിനു തികയാത്ത ആഹാരം!'

'ഈ ഭൂമിയില്‍ എല്ലാവരുടെയും ആവശ്യത്തിനു തികയും, ആഡംബരത്തിന് തികയില്ല' (There is sufficient for every one’s need, not for anyone’s greed) എന്ന് ഗാന്ധി പറഞ്ഞത് വെറുമൊരു പ്രാസമൊപ്പിച്ച സദ്വിചാരം മാത്രമായിരുന്നോ? അല്ല, കൃത്യമായ കണക്കുകളും അതുതന്നെയാണ് പറയുന്നത്. ലക്ഷങ്ങള്‍ വറുതിച്ചട്ടിയുമായി നില്ക്കുന്ന ഈ ലോകത്തുതന്നെയാണ് ഗോഡൗണുകളില്‍ ധാന്യം ടണ്‍കണക്കിനു ചീഞ്ഞുപോകുന്നത്, ലോഡു കണക്കിനു ഭക്ഷ്യധാന്യം എണ്ണ നിര്‍മാണ കമ്പനികളിലേക്കു പോകുന്നത്, ഭീമമായ അളവില്‍ ധാന്യങ്ങള്‍ മാംസനിര്‍മാണ ഫാമുകളിലെ കാലികള്‍ക്ക് ഭക്ഷണമായി കൊണ്ടുപോകുന്നത്, ധാന്യത്തിന്‍റെ മാര്‍ക്കറ്റു വില പിടിച്ചുനിര്‍ത്താനായി ടണ്‍കണക്കിനു ധാന്യം കൂട്ടിയിട്ടു കത്തിക്കുകയും കടലില്‍ താഴ്ത്തുകയും ചെയ്യുന്നത്. ഇപ്പോള്‍ ഇവിടെ ലഭ്യമായ ഭക്ഷണസാധനങ്ങളുടെ ഒരു തുല്യമായ പങ്കുവയ്പ് നടന്നാല്‍ ഈ ലോകത്താരും പട്ടിണികിടക്കേണ്ടിവരില്ല. ലോകഭക്ഷ്യ പ്രതിസന്ധിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് തെറ്റായ ഒരു രാഷ്ട്രീയവും മാത്സര്യത്തിന്‍റെ കമ്പോള സാമ്പത്തിക ശാസ്ത്രവും തന്നെയാണ്. ചോദ്യം ചെയ്യപ്പെടേണ്ടത് ഈ രാഷ്ട്രീയമാണ്. ഒരു പ്രശ്നം പരിഹരിക്കപ്പെടാന്‍ തുടങ്ങുന്നത് അതൊരു രാഷ്ട്രീയ പ്രശ്നമാകുമ്പോഴാണെന്ന് കേട്ടിട്ടുണ്ട് ("A problem begins to be solved only when it becomes a polictical question’’ - Frei Betto). 'അഴിമതി' ഒരു രാഷ്ട്രീയപ്രശ്നമായി ഇന്ന് ചോദ്യം ചെയ്യപ്പെടുന്നതുപോലെ 'ആഹാര'വും രാഷ്ട്രീയ പ്രക്ഷോഭത്തിലേയ്ക്ക് എത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അന്നദാതാവായ പൊന്നുതമ്പുരാന്‍ ദൈവം തന്നെ, (നാടുവാഴുന്ന തമ്പ്രാനാണെന്ന് തെറ്റിദ്ധരിക്കാതിരിക്കുക). പിതാവായ ദൈവത്തോടപേക്ഷിക്കാന്‍ ക്രിസ്തു പഠിപ്പിച്ച പ്രാര്‍ത്ഥനയില്‍ അപ്പം ഒരു പ്രധാന വിഷയം തന്നെയായിരുന്നു. നൂറ്റാണ്ടുകളായി മനുഷ്യര്‍ കേഴുന്നു: "ഞങ്ങളുടെ പിതാവേ, അന്നന്നുവേണ്ട അപ്പം..." അതിനിന്നോളം ദൈവം മുടക്കം വരുത്തിയിട്ടില്ല. ദൈവം തരുന്ന അപ്പം പങ്കുവയ്ക്കേണ്ടവനാകട്ടെ മനുഷ്യനും. അപ്പം പങ്കിട്ടുകൊടുക്കുക ക്രിസ്തുവിന്‍റെ ദൗത്യത്തില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു. ജോണ്‍ ക്രിസോസ്റ്റമാണ് പറഞ്ഞത്: "വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുന്നത് മരിച്ചവരെ ഉയര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ അത്ഭുതമാണെന്ന്." ദൈവത്തിന്‍റെ സമൃദ്ധിയും മനുഷ്യരുടെ ദാരിദ്ര്യവും തമ്മിലുള്ള വൈരുദ്ധ്യം പാപകരമായ ഒന്നാണ്.

ക്രിസ്തുവിന്‍റെ ആത്മീയത അപ്പത്തിന്‍റെ ആത്മീയത കൂടിയാണ്. പരിത്യാഗികളേ, നിങ്ങളോട് ക്രിസ്തുവിനൊന്നും പറയാനില്ല. ദേവാലയത്തിന്‍റെ സ്വച്ഛശീതളിമയില്‍ ധ്യാനിക്കുന്നവരേ, നിങ്ങള്‍ക്കായി അവന്‍ ആത്മീയ പാഠങ്ങള്‍ ഒന്നും കരുതിവച്ചിട്ടില്ല. ആചാരങ്ങളുടെ തൊങ്ങലുകള്‍കൊണ്ട് ആരാധിക്കുന്നവരേ, നിങ്ങള്‍ക്കായി പുതിയ അനുഷ്ഠാനക്രമങ്ങളും അവനില്ല. ദരിദ്രരേ, നിങ്ങള്‍ക്കായി അവനൊരു സദ്വാര്‍ത്തയുണ്ട്. ഇപ്പോള്‍ വിശക്കുന്നവരെ, നിങ്ങള്‍ക്കായി പ്രത്യാശയുടെ വചനങ്ങള്‍ അവനുണ്ട്. ആഘോഷങ്ങളുടെ മേശയില്‍നിന്ന് അകറ്റപ്പെട്ട് വഴിവക്കിലും തെരുവിന്‍ മൂലയിലും അലയുന്നവരെ, ധനവാന്‍റെ തീന്‍മേശയ്ക്കു കീഴില്‍ അന്തിയുറങ്ങുന്ന ലാസറെ, നിങ്ങള്‍ക്കായിട്ടാണ് അവന്‍റെ ആത്മീയത. ആഹാരം ആത്മീയവിചാരത്തിന്‍റെ കേന്ദ്രമാകണമെന്നു കരുതിയ ഗുരുവാണവന്‍. അവന്‍റെ ദൈവരാജ്യ സങ്കല്പംപോലും 'സൗഹൃദത്തിന്‍റെ ഊട്ടുമേശ' എന്നതായിരുന്നു. പുണ്യങ്ങളൊന്നും ദാഹിക്കുന്നവനു കൊടുക്കുന്ന ഒരു ഗ്ലാസ് വെള്ളത്തേക്കാള്‍ വലുതല്ല. ജീവിതത്തിന്‍റെ അലച്ചിലുകളില്‍ നിരന്തരം വിശപ്പറിഞ്ഞവന് ഒത്തിരി കാല്പനികമായൊരാത്മീയത അന്യമായിരുന്നു. ഒപ്പം ജീവിതത്തിന്‍റെ കാഠിന്യങ്ങളാല്‍ നിരന്തരം ഏറ്റുമുട്ടിക്കൊണ്ടിരുന്നപ്പോള്‍ ഏച്ചുചേര്‍ത്ത ഉപവാസ പരിത്യാഗങ്ങളും അവന്‍ തന്‍റെ പ്രഘോഷണങ്ങളുടെ ഭാഗമാക്കിയില്ല ('മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴരെകൊണ്ട് ആര്‍ക്ക് ഉപവസിപ്പിക്കാന്‍ കഴിയും!' എന്നാണവന്‍റെ യുക്തി). വര്‍ദ്ധിപ്പിച്ചുകൊടുത്ത അപ്പം കൊണ്ടൊന്നും അടങ്ങാത്ത ലോകത്തിന്‍റെ വിശപ്പിനു മുന്‍പില്‍ അവസാനം ഒരുനാള്‍ അവന്‍തന്നെ അപ്പമാകും. ജീവന്‍ കൊടുത്തും വിശപ്പിനെ ശമിപ്പിക്കുന്നതിനേക്കാള്‍ വലിയ ആത്മീയതയില്ലത്രേ. വിശക്കുന്നവന് വിരുന്നാണ് ഏറ്റവും വലിയ ആത്മീയാനുഭവം.

വിശപ്പിനു മുന്‍പില്‍ ഒരു കപ്പു ചൂടുപായസത്തിനു വേണ്ടി വഞ്ചിക്കപ്പെട്ട ഏസാവില്‍ നിന്നാരംഭിക്കുന്നു ഈ ഭൂമിയിലെ പ്രതികാരത്തിന്‍റെയും ക്രൂരതകളുടെയും കഥകളൊക്കെ. ബ്രസീലിയന്‍ സിനിമാ സംവിധായകനായ ഗ്ലൗബര്‍ റോക്ക് 'വിശപ്പിന്‍റെ സൗന്ദര്യ ശാസ്ത്രത്തില്‍' എഴുതുന്നു വിശക്കുന്നവന്‍റെ സഹജഭാവം ഹിംസയെന്ന്. വിശക്കുന്നവന്‍ തിന്നുന്നത് അന്നമല്ല വിശപ്പുതന്നെയെങ്കില്‍ അവന്‍ ഗര്‍ജിച്ചു വായ് പൊളിച്ചുനില്‍ക്കുന്ന സിംഹമാകും. വിശപ്പ് അഗ്നിയാണ്. വിശപ്പെന്ന ശാപം ജഠരാഗ്നിയായി അന്നം ഹോമിക്കേണ്ടിയിരിക്കുന്നു. അന്നം കിട്ടാതാകുമ്പോഴോ വെള്ളിപാത്രങ്ങളും സ്വര്‍ണ്ണത്തിരിക്കാലുകളും മോഷ്ടിക്കുന്ന 'കള്ളന്‍' ജീന്‍ വാല്‍ ജീനുകളും ജനിച്ചുകൊണ്ടേയിരിക്കും.

ഉത്തര രാമായണത്തില്‍ ശ്വേതമഹാരാജാവിന്‍റെ ഒരു കഥയുണ്ട്. എല്ലാ ലൗകിക സുഖങ്ങള്‍ക്കുമൊടുവില്‍ കഠിന തപസ്സനുഷ്ഠിച്ച് സ്വര്‍ഗം പൂകിയ ശ്വേതമഹാരാജാവിന് സ്വര്‍ഗത്തില്‍ ചെന്നിട്ടും ഒടുങ്ങാത്ത വിശപ്പ്. വിശപ്പിന്‍റെ കാരണം തിരക്കി ബ്രഹ്മാവിനെ സമീപിച്ചപ്പോള്‍ ബ്രഹ്മാവ് പറഞ്ഞു: " നീ ഭൂമിയില്‍ ആയിരുന്നപ്പോള്‍ ഒരുനേരത്തെ ഭക്ഷണംപോലും ആര്‍ക്കും കൊടുത്തില്ല. അതാണ് നിന്‍റെ അടങ്ങാത്ത വിശപ്പ്. വിശപ്പില്‍നിന്ന് മോചനം വേണമെങ്കില്‍ പതിനായിരം സംവത്സരങ്ങള്‍ മനുഷ്യശവങ്ങള്‍ തിന്നു ജീവിക്കണം." വിശപ്പ് പാപമല്ല, ഒരു ശാപമാണ്. ഈ ശാപത്തില്‍നിന്ന് രക്ഷനേടണമെങ്കില്‍ രണ്ടു വഴികളാണ് നമുക്കു മുന്‍പില്‍: ഒന്നുകില്‍ പങ്കുവയ്ക്കുക അല്ലെങ്കില്‍ വിശന്നുവീഴുന്നവന്‍റെ കബന്ധങ്ങള്‍ ഭക്ഷിക്കുക. ശവം തിന്നാന്‍ വിധി ചീട്ടും വാങ്ങിപ്പോകുന്നവരുടെ എണ്ണം പെരുകുന്ന ലോകത്ത് പങ്കുവയ്പിന്‍റെ തിരഞ്ഞെടുപ്പ് പരിഗണനക്കായി മുന്നോട്ടുവയ്ക്കുന്നു.

********************

"ദൈവമേ, എനിക്കെന്‍റെ ഉരിയരി കഞ്ഞിതരൂ...

എനിക്കൊരു തൊഴിലുതരൂ... എന്‍റെ തൊഴില്‍ എന്‍റെ ജീവിതമാകുന്നു... ഇന്നത്തെ അത്താഴം കഴിഞ്ഞു. ബുധന്‍ അവസാനിച്ചു."

('ഭരതന്‍,' കോവിലന്‍)

Featured Posts