top of page
പത്രമൊക്കെ വായിച്ച് കുറച്ചുവൈകിയാണ് ഞാന്‍ മുറിയില്‍നിന്നു പുറത്തിറങ്ങിയത്. പതിവായി ഇരിക്കാറുണ്ടായിരുന്ന രുദ്രാക്ഷമരച്ചുവട്ടിലെത്തി. പ്രൊഫസ്സറിന്‍റെ മിസ്സിസ് അവിടെ കാത്തുനില്ക്കുന്നതു കണ്ടപ്പോള്‍ എന്തോ പന്തികേടുതോന്നി.
"ഇവിടെയുണ്ടായിരുന്നു. പുള്ളിക്കാരന്‍ പറഞ്ഞതൊക്കെ അച്ചന്‍ ശരിവച്ചെന്നും പറഞ്ഞ് രണ്ടുദിവസമായിട്ട് എന്നോടു ഭയങ്കര ലെക്ച്ചറിങ്ങാ. അതുകൊണ്ട് ഇന്നു ഞാനുംകൂടെ അച്ചന്‍റടുത്തു വരുന്നെന്നു പറഞ്ഞപ്പോള്‍ അച്ചനതിഷ്ടമാകത്തില്ലെന്നു പറഞ്ഞു. അച്ചനോടു ഞാന്‍തന്നെ ചോദിച്ചു നോക്കാമെന്നു പറഞ്ഞു ഞാനും കൂടെവന്നതാ. കുറെനേരം ഇവിടെ നോക്കിയിരുന്നിട്ട് അച്ചന്‍ വരാഞ്ഞതുകൊണ്ട്, എന്നെ ഇവിടെ കണ്ടതുകൊണ്ടാ അച്ചന്‍ വരാത്തതെന്നും പറഞ്ഞു പരിഭവിച്ചു മുറിയിലേക്കു പോയതാ, ഉടനെ വരുമായിരിക്കും."
"ഓ, അതു ചുമ്മാ സാറിനു തോന്നിയതായിരിക്കും. ഞങ്ങളച്ചന്മാര്‍ക്കു പൊതുവേ എന്തെങ്കിലും പറയുമ്പോള്‍ പള്ളിനിറയെ ആളുള്ളതാ ഇഷ്ടം. മാഡം വേണമെങ്കില്‍ പുള്ളിക്കാരനെ മാത്രമാക്കണ്ട, ആശുപത്രീലുള്ള എല്ലാവരേം വിളിച്ചുകൂട്ടിക്കോ. പോരാന്‍ പറ. എനിക്കതാ ഇഷ്ടം."
എന്‍റെ സ്വരത്തില്‍നിന്നോ മുഖഭാവത്തില്‍നിന്നോ ഞാന്‍ പറഞ്ഞതിന്‍റെ സൂചന അവര്‍ക്കു മനസ്സിലായെന്നു തോന്നുന്നു. അവരുപറഞ്ഞു:
"സോറി അച്ചാ, അച്ചനിഷ്ടമില്ലെങ്കില്‍ ഞാന്‍ പോയേക്കാം."
പരിഭവത്തോടെ അവരു പോകാന്‍തിരിഞ്ഞപ്പോള്‍ എനിക്കു കുറ്റബോധം തോന്നി.
"ഞാന്‍ ചുമ്മാ തമാശുപറഞ്ഞതാണെന്നേ. മാഡം ഇരിക്കൂ, സാറുവരട്ടെ."
"താങ്ക്യൂ അച്ചാ. സത്യം പറഞ്ഞാലുണ്ടല്ലച്ചാ, പള്ളീം അച്ചന്മാരുമൊക്കെയായിട്ട് പുള്ളിക്കാരനു ഭയങ്കര അടുപ്പമാ, പക്ഷേ ഭക്തിയെന്നുള്ളത് അടുത്തൂടെ പോലും പോയിട്ടുമില്ല. നോമ്പും ഉപവാസോമൊക്കെ പെണ്ണുങ്ങളുടെ കാര്യമാണെന്നാ മാഷെപ്പോഴും പറയുന്നത്. അതുകൊണ്ട് അതൊക്കെ ഞങ്ങളു രണ്ടുപേര്‍ക്കും കൂടെയുള്ളത് മിക്കവാറും ഞാന്‍ തന്നെയാണ് ചെയ്യാറ്."
"പകരം നിങ്ങളു രണ്ടുപേര്‍ക്കും വേണ്ടിയുള്ള തീനും കുടിയുമൊക്കെ പുള്ളിക്കാരനും! സൂപ്പര്‍ അഡ്ജസ്റ്റ്മെന്‍റ്. സന്തുഷ്ടകുടുംബം. അടുത്ത ചാന്‍സിനു പള്ളീല്‍പ്രസംഗിക്കാന്‍ ഒരു പോയിന്‍റു കിട്ടി."
"ഇതും അച്ചന്‍ തമാശുപറഞ്ഞതോ, അതോ കാര്യമായിട്ടോ?"
"രണ്ടും."
അപ്പോഴേക്കും സാറു വരുന്നതുകണ്ട് പുള്ളിക്കാരത്തി എഴുന്നേറ്റു.
"എന്നാ ഞാന്‍ പോകട്ടോ അച്ചാ."
"ആശുപത്രീലുള്ളവരെയെല്ലാം വിളിച്ചുകൂട്ടാനാണോ, അതു ഞാന്‍ ചുമ്മാ പറഞ്ഞതാ. ഇപ്പം നിങ്ങളു രണ്ടുപേരു മതി."
"വേണോ അച്ചാ, പുള്ളിക്കാരത്തി ഇരിക്കണോ? അച്ചനു പണിയാകും. മൂഴികസ്ത്രീ പിന്നെയും മൂഴികസ്ത്രീയായെന്നു പറഞ്ഞപോലെയായിരിക്കും."
"മൂഴികസ്ത്രീയല്ല മൂഷികസ്ത്രീയാ."
"എന്നാ മൂഷികസ്ത്രീ, അച്ചനെന്നാ പറഞ്ഞാലും ഒരു കാര്യമുണ്ടാകത്തില്ല, ഇവള്‍ക്കു വിശ്വാസമുള്ള കുറെ ദിവ്യന്മാരുണ്ട്, അവരുപറയുന്നതാ ഇവള്‍ക്കു വേദവാക്യം."
"ഞാനും ഒരു ദിവ്യനാണെന്നേ. എന്‍റെയും തലക്കുചുറ്റും ഒരു വെളുത്ത വളയമൊക്കെയുണ്ട്. സൂക്ഷിച്ചു നോക്കാത്തതുകൊണ്ടു നിങ്ങള്‍ക്കു കാണാന്‍ പറ്റാത്തതാ."
അതുകേട്ടപാടേ ആ പാവം സ്ത്രീ എന്‍റെ തലയിലേക്കു അന്തംവിട്ടു സൂക്ഷിച്ചുനോക്കുന്നതുകണ്ടപ്പം പ്രൊഫസ്സറു കൈയ്യുംകൊട്ടിച്ചിരി.
"ഇപ്പോഴത്തെ ഇവളുടെ വല്യ വിഷയമെന്താണെന്നറിയാമോ അച്ചാ, എനിക്കു പിശാചുബാധയാണെന്നാ."
"ദൈവമേ, കള്ളം, ഞാനങ്ങനെ പറഞ്ഞിട്ടുണ്ടോ മാഷേ?"
"ഉണ്ടല്ലോ. കഴിഞ്ഞദിവസം അത്താഴംകഴിഞ്ഞു ന്യൂസു കണ്ടിരുന്നു ഞാനങ്ങുറങ്ങിപ്പോയി. കുറേ മാറിയിരുന്ന് ഇവളു പതിവു ഫോണ്‍വിളി നടത്തുന്നുണ്ടായിരുന്നു. എപ്പോളോ ഞാനുണരുമ്പോള്‍ ഇവളുടെ സംസാരം എനിക്കു കേള്‍ക്കാമായിരുന്നു, മകളോടാണ് ഫോണില്‍. ഏതോ ദിവ്യന്‍ ഇവളോടു പറഞ്ഞുപോലും എന്നെ പിശാചു ബാധിച്ചിരിക്കുവാണെന്ന്. കാരണം അയാള്‍ നിര്‍ദ്ദേശിച്ച നോമ്പും ഉപവാസോം ഒന്നും ചെയ്യാന്‍ ഞാന്‍ കൂട്ടാക്കുന്നില്ല. അതുകൊണ്ട് അയാള്‍ പറഞ്ഞുപോലും, രണ്ടുപേര്‍ക്കുംവേണ്ടി ഇതെല്ലാം ഇവള്‍തന്നെ ചെയ്യണമെന്ന്. അങ്ങനെ മാത്രമെ എന്നെ ബാധിച്ചിരിക്കുന്ന 'ബാധ' വിട്ടുപോകത്തുള്ളെന്ന്.
കുറെനാളായിട്ട് എവിടെനോക്കിയാലും ഇവളു കാണുന്നതുമുഴുവന്‍ പിശാചാണ്. ഇവരു കുറേപ്പേരുണ്ട്, ഇവരുതമ്മില്‍ മിക്കവാറും ഫോണ്‍ കമ്മ്യൂണിക്കേഷനുമുണ്ട്. ഇവരെല്ലാവരുടെയും വീടുകളിലെ എല്ലാ പ്രശ്നങ്ങളുടെയും കാരണം പിശാചാണെന്നിവര്‍ക്ക് ഉറപ്പാണ്. ഇടയ്ക്കിടയ്ക്ക് ഇവരു സംഘമായി ഈ ദിവ്യന്മാരെ ചെന്നുകണ്ട് പ്രാര്‍ത്ഥനയും, കാഴ്ചയര്‍പ്പണവുമൊക്കെ നടത്തുന്നുമുണ്ട്. അച്ചാ ഇതുവരെ ഇതൊക്കെ വെറും വിഢിത്തമാണെന്നു പറഞ്ഞ് ഇവളെ കളിയാക്കിയിട്ടുള്ളതല്ലാതെ ഞാന്‍ ഇവളെ ഒന്നിനും എതിര്‍ത്തിട്ടില്ല. ഇനിയിങ്ങനങ്ങു മുന്നോട്ടുപോയാല്‍ മിക്കവാറും താമസിയാതെ എന്നെ ശരിക്കും ഒറിജിനല്‍ പിശാചുതന്നെ ബാധിക്കാനാണു സാദ്ധ്യത. പിന്നെ ഞാനങ്ങ് ഇറങ്ങിയാലുണ്ടല്ലോ, ഈ ഡ്യൂപ്ളിക്കേറ്റ് പിശാചുക്കളെ വച്ചു കളിക്കുന്ന ഇവളുടെ ഈ ദിവ്യന്മാരെയൊക്കെ നിക്കറു മാത്രമിടീച്ചു ഞാന്‍ പെരുവഴീക്കൂടെ നടത്തും."
"അതെന്നാണെന്നറിയിച്ചാല്‍ ആളേം കൂട്ടി അതുകാണാന്‍ ഞാനുറപ്പായിട്ടും വരും." ഞാനിടയ്ക്കുകയറി ഇത്രയും പറഞ്ഞപ്പോള്‍ അതുവരെ മുഖം കറുപ്പിച്ചിരുന്ന മാഡംപോലും ഉറക്കെച്ചിരിച്ചുപോയി.
"കേട്ടില്ലേ അച്ചാ, ഇത്തരം വര്‍ത്തമാനംപറഞ്ഞ് എന്നെ കളിയാക്കുന്നതാ മാഷിന്‍റെ സന്തോഷം."
"എന്‍റെ ഒരാശ്വാസത്തിനുവേണ്ടി അത്രേമെങ്കിലും പറഞ്ഞില്ലെങ്കില്‍ എനിക്കു വട്ടുപിടിക്കും. അച്ചന്‍ പറഞ്ഞുകൊടുത്തിട്ടു വല്യമാറ്റമൊന്നുമിവള്‍ക്കു വരാന്‍ സാധ്യതയില്ലെങ്കിലും അച്ചന്‍പറയുന്നതു കേള്‍ക്കണമെന്നും പറഞ്ഞുവന്നതല്ലേ, ഇവളുടെ തലേന്ന് ഈ ബാധയൊന്ന് ഒഴിവാക്കാന്‍ എന്താവഴി?"
"ഇതൊരു രോഗമാണു സാറേ, ചികിത്സയില്ലാത്തരോഗം. അതിനെ അതിന്‍റെ വഴിക്കു വിട്ടേക്കുക. അതിന്‍റെ ഉസ്താദുമാരെ പിടിച്ചുകെട്ടാനും നിക്കറിടീക്കാനുമൊന്നും പോകണ്ടാ. ഞാന്‍ വിളിക്കുന്ന ദൈവം സ്നേഹമാണെന്നും നന്മ മാത്രമാണെന്നും ഉറച്ചുവിശ്വസിക്കാന്‍ എനിക്കു സാധിക്കാതെവരുമ്പോള്‍ ആ ദൈവത്തിലുള്ള അചഞ്ചലമായ ആശ്രയബോധം എനിക്കു നഷ്ടമാകും. അതോടെ എന്നില്‍ അരക്ഷിതബോധം വളരും. അതു സൃഷ്ടിക്കുന്ന ആശങ്കയും, ഭയവും എന്നില്‍ നിറയും. അതോടെ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോള്‍, വിശ്വസിക്കുന്നതു ദൈവത്തിലാണെങ്കിലും അവിടെനിന്നും ആശ്വാസം കിട്ടാതെവരും. അതോടെ ഇതിനൊരു പ്രതിവിധിതേടി ഞാനോട്ടംതുടങ്ങും. അങ്ങനെ ഒരു സാധാരണവിശ്വാസി എല്ലാ അസ്വസ്തതകള്‍ക്കും പെട്ടെന്നു കണ്ടെത്തുന്ന കാരണഭൂതനാണ് പിശാച്. എല്ലാം അവന്‍റെ മുതുകത്ത് അങ്ങുചാര്‍ത്തും. പിന്നെ അവനെ പിടിച്ചുകെട്ടാനുള്ള പ്രാര്‍ത്ഥനകളും, പ്രതിരോധിക്കാനുള്ള ഉപവാസോം, വന്നുപോയതിനുള്ള പ്രതിക്രിയകളും ഇതെല്ലാം പറഞ്ഞുപഠിപ്പിക്കാന്‍ വിദഗ്ധരായ കുറെ ദിവ്യന്മാരും എല്ലാം ചേര്‍ന്നു രൂപപ്പെടുന്ന ഒരു വലിയ ശൃംഖലയും. അതിലെ ഒരു കണ്ണിയാണ് ഈ മാഡം. നിങ്ങളു വിദ്യാഭ്യാസമുള്ളവരായതുകൊണ്ട് നിങ്ങളുടെ നിലവാരത്തിലുള്ള ഒരു വിശദീകരണം ഞാന്‍ തന്നതാണ്. ഇനീം സാധാരണ ഭാഷേല്‍ പറഞ്ഞാല്‍ ഇത്രേയുള്ളു, വിളിച്ചാല്‍ വിളികേള്‍ക്കുന്ന ദൈവത്തിലുള്ള വിശ്വാസം ഇല്ലാതാകുമ്പോള്‍, പിശാച് പിടികൂടും എന്ന ഭയം വിശ്വാസിയില്‍ കടന്നുകൂടും. അതോടെ അയാള്‍ നോക്കുന്നിടത്തെല്ലാം പിശാചായിരിക്കും, അത്രതന്നെ.
ഇനീം മാഡത്തിനോടു പറയാനുള്ളത്, നമ്മളാരും മാലാഖമാരല്ലാത്തതുകൊണ്ടു പാപങ്ങളും, നമ്മള്‍ മനുഷ്യരായതുകൊണ്ട് നമുക്ക് തീരെ അപ്രിയങ്ങളായ ദുരിതങ്ങളും ദു:ഖങ്ങളും, പരാജയങ്ങളും നഷ്ടങ്ങളും, രോഗങ്ങളും അപകടങ്ങളുമൊക്കെ നമ്മുടെ ജീവിതത്തില്‍ വന്നു ഭവിക്കാം. ഇവയൊന്നും പിശാചില്‍നിന്നു വരുന്നവയാണ് എന്നുവിചാരിച്ച് അതിനെതിരെ നോമ്പും ഉപവാസവുകൊണ്ടു പൊരുതുകയല്ല, ഇതൊക്കെ മനുഷ്യജീവിതത്തിന്‍റെ അനിവാര്യമായ അവസ്ഥയാണ് എന്നു തിരിച്ചറിഞ്ഞ്, ദൈവത്തിന്‍റെ പരിപാലനയില്‍ ആശ്രയിച്ച് ഇവയെ അഭിമുഖീകരിക്കുവാനുള്ള കരുത്തുനേടുക. അത്യാവശ്യം നോമ്പും, ആവശ്യത്തിന് ഉപവാസവുമൊക്കെ നല്ലതാണെങ്കിലും ഇനിയുള്ളകാലം ദിവ്യന്മാരെ സന്ദര്‍ശനം ഒഴിവാക്കിയും, അറിയാവുന്ന പ്രാര്‍ത്ഥനയൊക്കെ ചൊല്ലിയും, ഫോണ്‍വിളികള്‍ പരമാവധി കുറച്ചും, രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ട സ്വാദിഷ്ടമായ ഭക്ഷണമൊക്കെ ഉണ്ടാക്കികഴിച്ചും അടിച്ചുപൊളിച്ചങ്ങു ജീവിക്ക്. അതോടെ പിശാചും ചെകുത്താനുമൊക്കെ പടിക്കുപുറത്ത് പട്ടിണികിടന്നു ചത്തോളും."
"ആകെ കണ്‍ഫ്യൂഷനാകുമല്ലച്ചാ, ആശുപത്രീന്നിറങ്ങിയാലുടനെ ദിവ്യനെക്കാണാന്‍ കമ്പനിക്കാരെ മുഴുവന്‍ വിളിച്ച് ഏര്‍പ്പാടാക്കിയിട്ടിരിക്കുവാ ഇവള്. ഇവളു കാലുമാറിയാല് അതുങ്ങളെല്ലാംകൂടി എന്നെ ആവസിക്കും. ആശുപത്രീന്നിറങ്ങിയാല്‍ റെസ്റ്റെടുക്കണം, ഓടാനുംവയ്യ."
"കളിയാക്കിയതുമതി മാഷേ. ഞാനിനീം പോകുന്നില്ല. പക്ഷേ എനിക്കുമുണ്ട് ഡിമാന്‍റ്. എല്ലാദിവസോം പ്രാര്‍ത്ഥനയ്ക്കു മാഷും കൂടണം."
"സത്യമായിട്ടും മുട്ടുമ്മേല്‍നിന്നു കൂടിക്കോളാമേ"
"വെള്ളിയാഴ്ച ഉപവസിക്കണം."
"ഒരു നേരമെങ്കിലും വല്ലോം തിന്നോണ്ടു ചെയ്തോളാമേ"
"ഇതും പറഞ്ഞ് ഇനിയെന്നെ കളിയാക്കരുത്."
"ഇല്ലേ, ഇല്ലേ, ഇല്ലേ."
ചിരിച്ചുചിരിച്ച് മടുത്ത് ഞാനെഴുന്നേറ്റു.
"അച്ചന്‍ പറഞ്ഞപോലെ ഒന്നടിച്ചു പൊളിച്ചു ജീവിക്കാമോന്നു നോക്കിയിട്ടുതന്നെ കാര്യം."
"അതിനെയാണ് 'വാര്‍ദ്ധക്യ മധുവിധു' എന്നു പറയുന്നത്. എല്ലാ ആശംസകളും. നാളെ കാണാം.