top of page

സ്വര്‍ഗ്ഗം

Oct 1, 2010

1 min read

പി. എന്‍. ദാസ്
Image : Sri Buddha with his disciples walking through a village

ഗൗതമബുദ്ധന്‍ ഒരു ഗ്രാമത്തിലൂടെ സഞ്ചരിക്കുന്നിതിനിടയ്ക്ക് വെയില്‍ കഠിനമായപ്പോള്‍ ഒരു മരച്ചുവട്ടില്‍ വിശ്രമിക്കുകയായിരുന്നു. അവിടെ വന്നുചേര്‍ന്ന രണ്ടുവഴിപോക്കരുടെ സംഭാഷണത്തില്‍നിന്ന് അവിടുത്തുകാരനായ രാജാവ് പുണ്യലബ്ധിക്കായി മാസംതോറും മൃഗബലി നടത്തുന്നതായി കേള്‍ക്കുകയും അന്നു വൈകുന്നേരംതന്നെ ബുദ്ധന്‍ രാജാവിന്‍റെ കൊട്ടാരത്തിനുമുമ്പില്‍ ചെന്നെത്തുകയും ചെയ്തു. ബുദ്ധനെപ്പറ്റി കേട്ടറിഞ്ഞ രാജാവ് ആദ്യമായാണു അദ്ദേഹത്തെ നേരിട്ടു കാണുന്നത്. ആദരപൂര്‍വ്വം ബുദ്ധനെ സ്വീകരിച്ചിരുത്തിയ രാജാവ് വണക്കത്തോടെ ചോദിച്ചു.

"അവിടുന്ന് ഇവിടേയ്ക്കു വന്നതെന്തിനാണെന്ന് മനസ്സിലായില്ല. പറയൂ, അങ്ങയുടെ ഉദ്ദേശ്യം എന്താണ്?"

ബുദ്ധന്‍ കരുണ നിറഞ്ഞ കണ്ണുകളുയര്‍ത്തി രാജാവിന്‍റെ നേരെ നോക്കി. അദ്ദേഹം മൊഴിഞ്ഞു:

"അങ്ങയെ കണ്ട് ഒരു സംശയം തീര്‍ക്കാന്‍ വന്നതാണ്. ചോദിക്കുന്നതു തെറ്റാണെങ്കില്‍ ക്ഷമിക്കണം. അങ്ങ് മൃഗബലി നടത്തുന്നതായി കേട്ടു. ശരിയാണോ? അങ്ങ് എന്തിനുവേണ്ടിയാണ് ഇത് നടത്തുന്നത്?"

"എനിക്കു സ്വര്‍ഗ്ഗം ലഭിക്കാന്‍ ഇതു നല്ലതാണെന്നു ജ്യോതിഷികള്‍ പറഞ്ഞു".

ബുദ്ധന്‍ അതുകേട്ടപ്പോള്‍ തെല്ലിട മൂകനായി. തുടര്‍ന്ന് അലിവാര്‍ന്ന സ്വരത്തില്‍ ബുദ്ധന്‍ മൊഴിഞ്ഞു:

"ഒരു ആടിനെ ബലി കഴിച്ചാല്‍ അങ്ങേയ്ക്കു സ്വര്‍ഗ്ഗം കിട്ടുമെങ്കില്‍ ഒരു മനുഷ്യനെ ബലികഴിച്ചാല്‍ അതിലും നല്ലതാകില്ലേ? അതുകൊണ്ട് ഇന്നേ ദിവസം ആ സാധു മൃഗത്തിനു പകരം എന്നെ ബലി നല്കൂ. ഞാനിതാ അതു പറയാനാണ് അങ്ങയുടെ മുമ്പില്‍ നില്ക്കുന്നത്."

ഇതുപറഞ്ഞുകൊണ്ട് തലതാഴ്ത്തി നിന്ന ബുദ്ധന്‍റെ മുമ്പില്‍ രാജാവ് തെല്ലിട അന്ധാളിച്ച് നില്ക്കുകയും തുടര്‍ന്ന് ആ പാദങ്ങളില്‍ വീണ് കണ്ണുനീര്‍ വാര്‍ക്കുകയും ചെയ്തു. അദ്ദേഹം ഇങ്ങനെ പറയുന്നുണ്ടായിരുന്നു: "അങ്ങയുടെ വാക്കുകള്‍ എനിക്ക് സ്വര്‍ഗ്ഗം കാട്ടിയിരിക്കുന്നു. എനിക്കു അതുവഴി പോകണം."

Oct 1, 2010

0

1

Recent Posts

bottom of page