top of page

മേഘമാലകളില്‍ സവാരിചെയ്യുന്നവന്

Jun 1, 2011

3 min read

കപ
Image : A monk in meditation

"The sky has seven levels and the earth has seven, but still they are not large enough to hold God”-കസന്‍ദ്സാക്കിന്‍റെ ഭാതൃഹത്യകള്‍ (FATRICIDES) എന്ന നോവലിലെ പുരോഹിതനായ കഥാപാത്രം ഫാദര്‍ യാനറോസ് പറയുന്ന വാക്കുകളാണിവ. പ്രകൃതിയിലെങ്ങും ഒതുങ്ങാത്ത ഒരു ദൈവം. എന്നാല്‍ തുടര്‍ന്ന് ഫാദര്‍ പറയുന്നത് നോക്കൂ. "Yet the man’s heart there is room enough for him" പ്രകൃതിയുടെ വിശാലതകളേക്കാള്‍ വിശാലമായ, അതിലും വലിപ്പവും ആഴവും ഋതു പരിണാമങ്ങളും സൂര്യചന്ദ്രനക്ഷത്രഭാസുരതകളും നിറഞ്ഞ മനുഷ്യഹൃദയത്തെ കുറിച്ചുള്ള സ്വപ്നങ്ങളാണ് ഫാദര്‍ യാനറോസ് സങ്കല്പിക്കുന്നത്. ഭാതൃഹത്യകളുടെ യുദ്ധക്കളങ്ങളിലൂടെ അശരണനായി നീങ്ങുന്ന ഈ പുരോഹിതന്‍ സമസ്തപ്രകൃതിയെയും ദൈവത്തെയും ഉള്‍ക്കൊള്ളുന്ന ഒരു മനുഷ്യഹൃദയത്തെ സ്വപ്നം കാണുന്നതില്‍ അത്ഭുതമില്ല... അത്തരമൊരു ബോധമണ്ഡലത്തില്‍ സഹോദരനിഗ്രഹമില്ല. കരുണയുടെ കടലായി മാറുന്ന ആത്മബോധമായിരിക്കും അപ്പോള്‍ പ്രകാശിക്കുന്നത്. പ്രകൃതിയെ കുറിക്കുന്ന ഈ വിരാട് ബോധത്തോടൊപ്പം തന്നെ ഒരു പൂവിന്‍റെ വിടര്‍ച്ചയിലും ഒരു മഞ്ഞുതുള്ളിയുടെ സൂര്യാഭയിലും നിഭൃതമായ ദൈവിക മനനങ്ങളെക്കുറിച്ചും സാക്കിസ് പറയുന്നുണ്ട്. ഒരു തളിരില്‍ ചിലപ്പോള്‍ ആകാശത്തിന്‍റെ ഏഴുതലങ്ങളും പ്രതിഫലിച്ചേക്കാം. തളിരിലേക്കുള്ള നോട്ടത്തിന് ആ വിശാലത വേണമെന്ന് മാത്രം. യാനറോസ് എന്ന പുരോഹിതന്‍ അങ്ങനെയാണ് മനുഷ്യരിലേക്കും പ്രകൃതിയിലേക്കും പടരുന്നത്.

ബൈബിളില്‍ ഇയ്യോബ് ഇങ്ങനെ പറയുന്നു,

മൃഗങ്ങളോട് ചോദിക്കൂ

അവ നിന്നെ പഠിപ്പിക്കും

ആകാശത്തിലെ പക്ഷികള്‍

അവയും നിനക്കു പറഞ്ഞു തരും.

അല്ലെങ്കില്‍ ഭൂമിയിലെ സസ്യങ്ങള്‍

അവ നിന്നെ പഠിപ്പിക്കും.

കടലിലെ മത്സ്യങ്ങളും

നിന്നോട് ഉദ്ഘോഷിക്കും

ഇവയില്‍ എന്തിനാണ്

അറിഞ്ഞുകൂടാത്തത്?

പ്രകൃതിയുടെ, ദൈവത്തിന്‍റെ സത്യങ്ങള്‍ മനുഷ്യനേക്കാള്‍, മൃഗസസ്യജാലങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന ഈ ഇയ്യോബിയന്‍ കാഴ്ചപ്പാടിന് ആധുനിക കാലത്ത് കൂടുതല്‍ പ്രസക്തിയുണ്ട്. മനുഷ്യന്‍ പലതും അറിയുന്നില്ല. മനുഷ്യന്‍ പലപ്പോഴും പ്രകൃതിക്ക് ചെവിയോര്‍ക്കുന്നില്ല. പ്രകൃതിയിലേക്ക് ചെവിയോര്‍ക്കുന്നവര്‍ മനുഷ്യനിലേക്കും ദൈവത്തിലേക്കും കൂടുതല്‍ ഗാഢമായി ചെവിയോര്‍ക്കും. ദൈവത്തിലെ കടലുകളും ഹിമഗിരികളും വനമേഖലകളും തിരിച്ചറിയും. കാഴ്ചയുടെ കടലാണ് ദൈവമെന്ന ബോധത്തിലെത്തും. "മേഘമാലകളില്‍ സവാരിചെയ്യുന്നവന്‍റെ പക്കലേക്ക് ഒരു ഗാനമുയര്‍ത്തുക" എന്ന് 68-ാം സങ്കീര്‍ത്തനത്തില്‍ പറയുന്നത് ശ്രദ്ധിക്കുക. ഉദയപ്രഭാത വിശുദ്ധിയുള്ളവര്‍ക്കേ, മേഘമാലകളില്‍ സവാരി ചെയ്യുന്ന ദൈവത്തെ കാണാന്‍ കഴിയൂ. പ്രകൃതിയുമായുള്ള സാശ്രയനത്തിലൂടെ നേടിയെടുക്കുന്ന ദൈവത്തെക്കുറിച്ചുള്ള അധികമാനങ്ങളെക്കുറിച്ചാണ് ഞാന്‍ പറഞ്ഞുവരുന്നത്. സന്ന്യാസമെന്നത് എല്ലാറ്റില്‍നിന്നുമുള്ള വിഛേദനമാണോ? സമസ്തഭൗതികതയില്‍ നിന്നുമുള്ള മോചനമാണോ?

പ്രകൃത്യുപാസന എന്നത് ഭാരതീയ പൗരാണികതയുടെയും ആത്മീയരീതിശാസ്ത്രമാണ്. പൗരാണിക ഭാരതത്തില്‍ സന്ന്യാസജീവിതം ആരണ്യങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരുന്നു. മുനിമാര്‍ പലപ്പോഴും ജീവിച്ചിരുന്നത് കാടകങ്ങളിലെ പര്‍ണ്ണശാലകളിലായിരുന്നു. പര്‍ണ്ണശാലകള്‍ എന്നാല്‍ കമ്പുകളും ഇലകളും കൊണ്ട് നിര്‍മ്മിക്കുന്ന കുടില്‍ എന്നേയുള്ളൂ. എന്തുകൊണ്ടാണ് സന്ന്യാസി കാട്ടിലേക്ക് പോയത്? ദൈനംദിനജീവിതത്തിന്‍റെ സാധാരണ ലോകത്തില്‍ നിന്ന് അയാള്‍ ഉള്‍വലിയുന്നു. കാട് അതിന് പ്രേരണയാകുന്നു. കാടിന്‍റെ ജൈവപ്രകൃതി മുനിക്ക് ഏകാന്തമായ ധ്യാനസ്ഥലികള്‍ നല്കുന്നു. പരിസരങ്ങളിലെ ജീവപ്രകൃതിയില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് അയാള്‍ ധ്യാനശുദ്ധമായ മനനത്തിന്‍റെ ഏകാന്തസ്ഥാനങ്ങളില്‍ ചേക്കേറുന്നു. ഹൈന്ദവദര്‍ശനപ്രകാരം മുനിയുടെ കര്‍മ്മം തപസ്സാണ്. മുനി തപസ്സുചെയ്യുന്നത് തന്‍റെ മാത്രം ശ്രേയസ്സിനോ, മോക്ഷത്തിനോ അല്ല. തപസ്സിന്‍റെ കഠിനമായ നിഷ്ഠകളിലൂടെ കയറിപ്പോകുന്ന മുനിക്ക് ആഹാരമുള്‍പ്പെടെ പലതും ത്യജിക്കാന്‍ കഴിയുന്നു. പ്രകൃതിയില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിക്കാന്‍ കഴിയുന്നു. പ്രപഞ്ചചൈതന്യത്തെ അയാള്‍ തനിക്കുള്ളിലേക്ക് സ്വീകരിക്കുന്നു. സമസ്തലോക സുഖത്തിനുവേണ്ടിയാണ് മുനി തപസ്സു ചെയ്യുന്നത്. ഏകാന്തമായ കാടകങ്ങളിലെ ധ്യാനം അതിനാല്‍ തന്നെ ജനബഹുലമായ ജനപദങ്ങളെ കൂടി ഉള്‍ക്കൊള്ളുന്നു. തപസ്സ് ഒരു ബലരേഖയാണ്. അത് ആത്മീയവും ഭൗതികവുമായ ജീവിത സമസ്യകളെ താത്വികമായി നിര്‍ദ്ധാരണം ചെയ്യാന്‍ ശ്രമിക്കുന്നു. സമസ്തദിക്കുകളില്‍ നിന്നും വെളിച്ചം എന്നിലേക്കു വരട്ടെ എന്ന ഉപനിഷത് ദര്‍ശനത്തിന്‍റെ സത്തയിലാണ് ഋഷി നില കൊള്ളുന്നത്. ക്രമേണ സസ്യജാലങ്ങളും മൃഗജാലങ്ങളും മുനിയോട് ഐക്യപ്പെടുന്നു. വൃക്ഷങ്ങളോടും പക്ഷികളോടും മുനിക്ക് സംസാരിക്കാന്‍ കഴിയുന്നു. കാനനമെന്ന മഹാജൈവവ്യൂഹത്തിന്‍റെ കേവലമായ ചെറിയൊരു കണ്ണി മാത്രമാണ് താനെന്ന മഹത്തായ തിരിച്ചറിയലിന്‍റെ ഉള്‍ബോധത്തോടെ, മഹത്തായ പ്രകൃതി പാരസ്പര്യത്തിന്‍റെ ഒരു ഇടക്കണ്ണി മാത്രമാണ് താനെന്ന ബോധത്തോടെ, മുനി അഹത്തിന്‍റെ എല്ലാ അടരുകളില്‍നിന്നും പുറത്തുവരുന്നു. അയാള്‍ മലകളിലെ കാറ്റ് പോലെ, ഒരു മുളന്തൂണിന്‍റെ ഈണം പോലെ, ഒരു മഴച്ചാറ്റല്‍ പോലെ, ഒരു മിന്നലൊളിപോലെ, ഒരരുവിയുടെ ഒഴുക്കുപോലെ സ്വയം അറിയുന്നു. ഭാരതീയ വിശ്വാസപ്രകാരം അഹത്തിന്‍റെ ഇല്ലായ്മയാണ് തപോബലത്തിന്‍റെ ആദ്യപടി. അഹത്തിന്‍റെ ഇല്ലായ്മയില്‍ നിന്ന് പ്രകൃതിയുമായുള്ള വിലയനത്തില്‍ നിന്ന് പുതിയ ബ്രഹ്മജിജ്ഞാസകള്‍ അയാളില്‍ തളിര്‍ക്കുന്നു. അയാള്‍ പുതിയ ഉത്തരങ്ങള്‍ തേടുകയും കണ്ടെത്തുകയും ചെയ്യുന്നു. അഹത്തിന്‍റെ പൂര്‍ണ്ണമായ നാശത്തില്‍, താന്‍ ബ്രഹ്മം തന്നെയാണെന്ന സാത്മ്യപ്പെടല്‍ സംഭവിക്കുന്നു. ആ വിധം ബ്രഹ്മസമയങ്ങളില്‍ നിന്ന്, അതില്‍ ആണ്ടു നില്ക്കുന്നവരില്‍ നിന്ന് ആരണ്യകങ്ങളും ഉപനിഷത്തുകളും വേദങ്ങളും പിറക്കുന്നു.

***

കാട് മനുഷ്യനെ മുനിയും കവിയുമാക്കിയതിന് പുതിയ കാലത്തും ഉദാഹരണങ്ങളുണ്ട്, പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍, അമേരിക്കന്‍ എഴുത്തുകാരനായ ഹെന്‍ട്രി ഡേവിഡ് തോറോ രണ്ട് വര്‍ഷത്തിലേറെ വനമദ്ധ്യത്തിലെ 'വാല്‍ഡന്‍' പൊയ്കക്കരികെ ഏകാന്തവാസം ചെയ്തു. ഒരു ഭരണകൂട പ്രതിരോധ സമരത്തിന്‍റെ ഭാഗമായിട്ടാണ് അതിന്‍റെ തുടക്കമെങ്കിലും (സിവിള്‍ നിസ്സഹകരണം) ക്രമേണ വാല്‍ഡന്‍ അനുഭവം ദാര്‍ശനികമായ ജിജ്ഞാസകളുണര്‍ത്തി ആത്മീയമായ അനുഭൂതി ലാവണ്യത്തിലേക്ക് തോറോ ഉല്‍ബുദ്ധനായി. വാല്‍ഡന്‍ പ്രകൃതി തോറോയുടെ കലുഷിതമനസ്സിനെ ആത്മാന്വേഷണത്തിന്‍റെ ഉഷസ്സുകളിലേക്കെത്തിച്ചു. തനിക്കുള്ളില്‍ വിടരുന്ന പ്രഭാതങ്ങളെ തോറോ അറിഞ്ഞു. "Morning is when I am awaken, and there is a dawn in me" എന്നദ്ദേഹം എഴുതി. തോറോ അവിടെ വച്ച് നാഗരികതയെ തിരിച്ച് വായിച്ചു തുടങ്ങി. പുതിയ നാഗരികത മനുഷ്യന് ഒട്ടേറെ സൗകര്യങ്ങള്‍ നല്കുന്നു. ഒട്ടേറെ ആഡംബരങ്ങള്‍. ഒട്ടേറെ ഭൗതിക സുഖങ്ങള്‍. എന്നാലോ മനുഷ്യന്‍റെ ഉള്ളകങ്ങള്‍ അത്യന്തം കലുഷവും അസ്വസ്ഥവും സ്നേഹരഹിതവുമായി തീര്‍ന്നിരിക്കുന്നു. മനുഷ്യന്‍ അവന്‍റെ നൈസര്‍ഗ്ഗിക പ്രകൃതിയെ, കണ്ടെത്താത്തതിനാലാണത്. പരിസരങ്ങളോടുള്ള ബന്ധസൂക്ഷ്മതകളും വിനിമയങ്ങളും അവനു നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു."If a plant can not live according to its nature, it dies, and so a man''എന്ന് തോറോ വാല്‍ഡനിലെഴുതി. - ആത്മീയമായ ജാഗ്രതാവസ്ഥകളോടും അറിയാത്ത പുതിയ മനുഷ്യന്‍, തനിക്കുള്ളിലെ സ്വാസ്ഥ്യത്തിന്‍റെ മേഖലകളെ വികസിപ്പിക്കാതെ അശരണനായി പാഞ്ഞു നടക്കുന്നു. ഏത് ഭൗതിക മനുഷ്യനിലും ഒരു സന്ന്യാസിയുടെ അംശം ഉണ്ടായിരിക്കണം. അതോര്‍മ്മിപ്പിക്കുന്നവരാണ് സന്ന്യാസിമാരും പുരോഹിതരും ദേവാലയങ്ങളുമൊക്കെ നിലകൊള്ളുന്നത്. ആത്മീയേതരമായ ഭൗതികതയും ഭൗതികേതരമായ ആത്മീയതയും ഒരുപോലെ അവ്യക്തമായി തീരുന്ന കാലമാണ് നമുക്ക് മുന്നിലുള്ളത്.

***

കര്‍മ്മയോഗിയുടെ കൂടി കാലമാണിത്. കര്‍മ്മയോഗിയായ സന്ന്യാസിയായിരുന്നു മഹാത്മാഗാന്ധി. ഗാന്ധിജിയുടെ ലളിതജീവിതവും ആഹാരരീതികളും ചികിത്സാരീതികളും ഒക്കെ തന്നെ സന്ന്യാസത്തിന്‍റെ മഹാത്മ്യം ഉള്‍ക്കൊണ്ടതാണ്. അംഹിസ, സന്ന്യാസിയുടെ ആയുധമാണ്. നിറഞ്ഞൊഴുകുന്ന പുഴയില്‍നിന്ന് ഒരു കിണ്ടി ജലം മാത്രമെടുത്ത് എനിക്കിതേ ആവശ്യമുള്ളൂ, ഒഴുകുന്നത് സര്‍വ്വചരാചരങ്ങള്‍ക്കും വേണ്ടിയാണ് എന്ന് പറയുന്ന ഗാന്ധിജി, അമിതോപഭോഗത്തിന്‍റെ സമകാലീന സംസ്കൃതിക്കുമേല്‍, കഠിനമായി സങ്കടപ്പെടുന്ന കാഴ്ച നമുക്കിപ്പോള്‍ ഭാവനയില്‍ കാണാം. കൊല്‍ക്കത്തയിലെ തെരുവുകളില്‍, ജീവിതത്തിന്‍റെ നരകപീഡനങ്ങള്‍ ഏറ്റുവാങ്ങിയവര്‍ക്കിടയില്‍ സ്നേഹസാന്ദ്രമായ് സ്പര്‍ശിച്ചെത്തിയ മദര്‍ ലോകം കണ്ട കര്‍മ്മയോഗിയായ സന്ന്യാസിമാരില്‍ ഉന്നതശ്രേണിയില്‍ നില്ക്കുന്നു. കല്‍ക്കത്തയില്‍ മദര്‍ താമസിച്ചിരുന്ന മുറിയുടെ പടികള്‍ ചവിട്ടുമ്പോള്‍, എന്‍റെ പാദങ്ങള്‍ വിറച്ചിരുന്നു. മദര്‍ ചവിട്ടിയ പടികളിലൂടെ... പിന്നെ ഒറ്റക്കട്ടിലും ചെറിയ ഡസ്കും ബഞ്ചും കേവലമൊരു പേനയും - എനിക്കുള്ളിലേക്കു വരുന്ന മദറിന്‍റെ കണ്ണുകള്‍ ഞാനവിടെ അറിഞ്ഞു. സന്ന്യാസത്തിന്‍റെ ദീപ്തമായ വഴി. വചനത്തിന്‍റെ ആധിക്യവും കര്‍മ്മത്തിന്‍റെ അഭാവവും ഇന്ന് സന്ന്യാസത്തെ വേട്ടയാടുന്നത് ഞാന്‍ കാണുന്നു. അതിനാല്‍ സന്ന്യാസം സ്വീകരിച്ചവരാകെ, മദറിലേക്കും ഗാന്ധിജിയിലേക്കുമൊക്കെ, പുതിയ വഴികള്‍ തിരഞ്ഞെത്തേണ്ടതുണ്ടെന്ന് എനിക്കു തോന്നുന്നു, ഒപ്പം പ്രകൃതിയിലേക്കും. കാരണം ലോകമാകെ കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളിലൂടെ കടന്നു പോകുകയാണ്. ചൂട് കൂടിവരുന്നു. ഭൂമിയില്‍ മരങ്ങള്‍ കുറയുന്നു. മരുഭൂമിയുടെ വിസ്തീര്‍ണ്ണം കൂടുന്നു. കാടുകളുടെ വിസ്തൃതി കുറയുന്നു. നദികള്‍ വറ്റുന്നു. ശുദ്ധജലം പലര്‍ക്കും സ്വപ്നമാകുന്നു. ഇവിടെവച്ച് സന്ന്യാസത്തിന് പുതിയ ഹരിതവഴികള്‍ തേടാം. ആരണ്യകങ്ങളില്‍നിന്ന് പുതിയ അറിവുകള്‍ നേടാം. ഒരു സന്ന്യാസി, ഒരു പുരോഹിതന്‍ ഒരു ദിവസം ഒരു ചെടി നടുന്നുവെങ്കില്‍, അതുവഴി വലിയ പാരിസ്ഥിതിക വിപ്ലവങ്ങള്‍ സംഭവിച്ചേക്കാം. അതുവഴി നിലച്ചുപോയ ഒരരുവി പുനര്‍ജനിച്ചേക്കാം. അശരണയായിത്തീരുന്ന പ്രകൃതിയെക്കൂടി രക്ഷിക്കേണ്ടത് ഇന്ന് സന്ന്യാസിയുടെ കര്‍മ്മമായി മാറിയിരിക്കുന്നു.

***

പീഡിതരില്‍ ദിവസംമുഴുവന്‍, പ്രവര്‍ത്തിച്ച ആ ആഹ്ലാദത്തില്‍ രാത്രിയില്‍ അസ്സീസിയിലെ തെരുവുകളില്‍ നടക്കുമ്പോള്‍ സെന്‍റ് ഫ്രാന്‍സീസ് പൂര്‍ണ്ണ ചന്ദ്രനെ കാണുന്നു. ഇതാ ചന്ദ്രന്‍റെ മഹാവെളിച്ചം. അതിശന്മത്തനായ്, പ്രകൃതിയിലേക്ക് പടര്‍ന്ന മിഴികളുമായി ദൈവത്തിലേയ്ക്ക് വിതാനിച്ച മനസ്സുമായി അസ്സീസിയിലെ തെരുവുകളില്‍ ഒഴുകുന്ന വിശുദ്ധ ഫ്രാന്‍സിസ.് സന്ന്യാസി പ്രകൃതിയുടെ ഓരോ ജാലകങ്ങളും തുറക്കുന്നു. വിസ്മയദൃശ്യങ്ങള്‍ കാണുന്നു. അതിലൂടെ മനുഷ്യനെയും ദൈവത്തെയും കാണുന്നു.

Featured Posts