top of page

പാതിനോമ്പ്

Apr 10, 2019

3 min read

ഫാ. ബോബി ജോസ് കട്ടിക്കാട്

picture of desert

വേദപുസ്തകത്തിലെ ഏറ്റവും പവിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഉപമ ഏതായിരിക്കും? അത് യേശുവിന്‍റെ പ്രലോഭനകഥ തന്നെയാകണം. നമുക്ക് ഊഹിക്കാവുന്ന കണക്ക് ഒരാളുപോലും സാക്ഷിയില്ല. യേശുവിന്‍റെ മറ്റെല്ലാ ജീവിത മുഹൂര്‍ത്തങ്ങളിലും ആരോ സാക്ഷിയായി നില്‍പ്പുണ്ട്. ഒരു തോട്ടത്തില്‍ അവന്‍ രക്തം വിയര്‍ക്കുന്നതുപോലും ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ നിന്ന് ആരോ സാകുതം വീക്ഷിക്കുന്നുണ്ട്. പുറത്തേയ്ക്കു വരുമ്പോള്‍ പെട്ടെന്ന് ആള്‍ക്കൂട്ടത്തില്‍ പെട്ടുപോയ ആ ചെറുപ്പക്കാരന്‍ തന്‍റെ മേല്‍വസ്ത്രമൊക്കെ ഉരിഞ്ഞിട്ട് ഓടിപ്പോകുന്നതായി വേദപുസ്തകം പറയുന്നുണ്ട്. എന്നാല്‍ ഒരാള്‍പോലും സാക്ഷിയില്ലാത്ത, കാവലില്ലാത്ത, കൂട്ടില്ലാത്ത ഒരിടത്തിന്‍റെ പേരാണ് മരുഭൂമി. അവിടെ വച്ചു നടന്നു എന്നു പറയുന്ന കാര്യങ്ങള്‍ നിശ്ചയമായും യേശു തന്‍റെ ശിഷ്യന്മാര്‍ക്കു പറഞ്ഞുകൊടുത്തതായിരിക്കണം. അവന്‍റെ തന്നെ അധരങ്ങളില്‍നിന്നു ലഭിച്ച വലിയ അടരുകളുള്ള, അര്‍ത്ഥധ്വനികളുള്ള ഒരനുഭവത്തിന്‍റെ പേരായിരിക്കണം മരുഭൂമിയിലെ പ്രലോഭനകഥ. അതിനു തൊട്ടുമുന്‍പു സംഭവിച്ചത് വിനയത്തിന്‍റെ മുഹൂര്‍ത്തമായിരുന്നു. പരസ്യപാപികളെന്ന് സ്വയം ഏറ്റുപറയാനായി ധൈര്യം കാട്ടിയ മനുഷ്യര്‍ക്കുവേണ്ടി യോഹന്നാന്‍ നല്‍കിയിരിക്കുന്ന സ്നാനമുണ്ടായിരുന്നു. യഹൂദര്‍ക്കിടയില്‍ സ്നാനം ഒരു രീതിയായിരുന്നില്ല. ആചാരത്തെ നിഷേധിച്ചു പോയ ഒരു മനുഷ്യന് അതിലേയ്ക്കു മടങ്ങിവരാനുള്ള അനുതാപത്തിന്‍റെ അടയാളമായിട്ടായിരുന്നു സ്നാനം നടന്നിരുന്നത്. രഹസ്യപാപികളെന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൂട്ടത്തില്‍ നിര്‍മ്മലനായ ഒരു മനുഷ്യന്‍. ഇവിടെയല്ല അയാളുടെ വീട്. ഏതോ ലോകത്തിന്‍റെ ഭാഗമായിട്ട്, ഏതോ ലോകത്തിന്‍റെ ചിന്തയുമായിട്ട് ഭൂമിയിലേക്കു വന്ന അതിഥി. പഴയ നിയമത്തിലെ മന്ന കണക്കൊരാള്‍. അയാള്‍ ഈ കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ യോഹന്നാന്‍ അതു തിരിച്ചറിയുന്നുണ്ട.് ഒടുവില്‍ ക്രിസ്തു മുന്‍പിലേയ്ക്കു വരുമ്പോള്‍ യോഹന്നാന്‍ ഇങ്ങനെയാണ് പറഞ്ഞത്: "നീ എന്നില്‍ നിന്ന് സ്നാനം സ്വീകരിക്കുകയോ? ഞാന്‍ നിന്നില്‍ നിന്ന് സ്വീകരിക്കുകയല്ലേ വേണ്ടത്?" യേശു പറഞ്ഞു "ഇപ്പോള്‍ എല്ലാം പൂര്‍ത്തിയാവട്ടെ" സര്‍വ്വനീതികളും പാലിക്കുകയെന്നുള്ളതാണല്ലോ ഏറ്റവും ഉചിതമായ കാര്യം. ഒരിറ്റ് ജലം ശിരസ്സിലേക്ക് വീഴാനായി യോഹന്നാന്‍ മുന്‍പില്‍ കുനിഞ്ഞുനില്ക്കുമ്പോള്‍, പിന്നെ അതില്‍ മുങ്ങിനിവരുമ്പോള്‍ സങ്കല്പിക്കാനാവാത്ത വിനയത്തിന്‍റെ ഭൂമികയിലേക്ക് അയാള്‍ പ്രവേശിച്ചിട്ടുണ്ട്. വിനയമാണ് അടിസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന ഒരാന്തരിക മൂല്യം നിറഞ്ഞ കപ്പിന്‍റെ പാഠംപോലെ. ആവശ്യത്തിലേറെ ശാഠ്യങ്ങളുമായി താന്‍ പോരിമയോടെ വന്ന ആ അന്വേഷിയോട് ഗുരു കാട്ടിക്കൊടുത്തതു കണക്ക്. ചായ കെറ്റിലില്‍ നിന്ന് വിളമ്പിക്കൊടുത്തു കൊണ്ടിരുന്നു. കപ്പു നിറഞ്ഞിട്ടും പിന്നെയും പിന്നെയും ഒഴിച്ചുകൊണ്ടിരിക്കുന്നു. ആദ്യം ഗുരുവിന്‍റെ കുസൃതിയുടെ ഭാഗമാണെന്ന് വിശ്വസിച്ച അയാള്‍ പിന്നീട് ക്ഷുഭിതനാവുകയാണ്. കപ്പു നിറഞ്ഞിട്ടും വീണ്ടും ഒഴിച്ചുകൊണ്ടിരിക്കുന്ന വിഡ്ഢിത്തമോര്‍ത്ത് ഗുരു പറഞ്ഞു എന്നെക്കാള്‍ വലിയ മണ്ടന്‍ നീയാണ് ഉള്ളു മുഴുവന്‍ നിറഞ്ഞ അഹവും മുന്‍വിധികളും ആയി നടക്കുന്ന നീ ആദ്യം നിന്‍റെ കോപ്പ ഒഴിച്ചു കളയൂ. എത്രവര്‍ഷങ്ങള്‍ വേണ്ടിവന്നിട്ടുണ്ടാകും അയാള്‍ക്ക് മനസ്സ് എന്ന കോപ്പയൊഴിക്കുവാന്‍. പഠിപ്പിച്ച ക്യാമ്പസുകളില്‍ ചെന്നു പറയുന്നു ഞാന്‍ പഠിപ്പിച്ചിരുന്നതു മുഴുവന്‍ എന്‍റെ ഭാവനകളായിരുന്നു. പുസ്തകങ്ങള്‍ എഴുതിയിരുന്നു. അതൊക്കെ കത്തിച്ചുകളഞ്ഞു.

  എത്രയോ വര്‍ഷങ്ങളുടെ അലച്ചിലിനുശേഷം അയാള്‍ മടങ്ങിവരുമ്പോള്‍ ഗുരു മരണക്കിടക്കയിലാണ്. ആര്‍ക്കോവേണ്ടി കാത്തുകിടക്കുകയാണ്. അലച്ചിലിന്‍റെ മുദ്രയുമായി ഗുരുവിന്‍റെ കാല്‍ച്ചുവട്ടില്‍ കുനിഞ്ഞു നിന്നിട്ടു പറഞ്ഞു. "ഇപ്പോള്‍ എന്‍റെ ഹൃദയം ഒഴിഞ്ഞ കോപ്പ." എവിടെയൊക്കെ മനുഷ്യര്‍ ശിരസ്സു കുനിയാനായി തങ്ങളെത്തന്നെ വിട്ടുകൊടുത്തിട്ടുണ്ടോ അപ്പോള്‍ ഉണ്ടാകുന്ന മഹാത്ഭുതം തന്നെയാണ് യേശുവിന്‍റെ സ്നാനസമയത്തും സംഭവിച്ചത്. പെട്ടെന്ന് ആകാശം അവനുമീതെ വന്നു പറഞ്ഞു, 'നീയെനിക്കു പ്രിയപ്പെട്ടവന്‍'. തന്നെപ്പൊതിഞ്ഞ് ഒരു സ്നേഹമുണ്ടെന്ന ഉറപ്പിലാണ് യേശു മരുഭൂമിയിലേയ്ക്ക് പോകുക. നോമ്പുകാലവുമായി വലിയ ബന്ധം അതിനുണ്ട്. ആരംഭം വിനയത്തിലൂന്നിയ ഒരാചാരത്തിലായിരുന്നു. ഒരാള്‍ അലങ്കരിച്ചുകൊണ്ടു നടക്കുവാന്‍ ആഗ്രഹിക്കുന്ന Appearance നു മീതെ നെറ്റിത്തടത്തിനുമീതേ എന്തിനാണ് വെണ്ണീറുകൊണ്ട് കുരിശുവരയ്ക്കുന്നത്? ഇത്രയേയുള്ളൂ ജീവിതം എന്നു പറയാന്‍ വേണ്ടിയാണത്. നോമ്പുകാല വായനകളില്‍ മിക്കവാറും ഇടങ്ങളില്‍ വായിക്കുക യേശുവിന്‍റെ പ്രലോഭനകഥ തന്നെയാണ്. വിനയത്തില്‍ നിന്നാണ് സ്നേഹാനുഭവത്തിലേയ്ക്കു പ്രവേശിക്കുക. സ്നേഹാനുഭവത്തില്‍ നിന്നാണ് ചില കാര്യങ്ങളില്‍ ഒരാള്‍ സ്വയം നിശ്ചയിക്കേണ്ട പ്രചോദനത്തിന്‍റെ തട്ടകത്തിലേയ്ക്ക് എത്തേണ്ടത്. മരുഭൂമി 'നമ്മള്‍ സൃഷ്ടിച്ചെടുക്കുന്ന ഒരിടം കൂടിയാണ്' കാര്‍ലോ കരാറ്റ എന്നു പറയുന്ന ഒരു എഴുത്തുകാരനുണ്ട്. റോമിലെ ചില സുപ്രധാന ഉത്തരവാദിത്വങ്ങളൊക്കെ വഹിച്ച ഈ മനുഷ്യന്‍ പെട്ടെന്നൊരു ദിവസം അവയെല്ലാം വിട്ട് മരുഭൂമിയിലേയ്ക്കു പോകാന്‍ തയ്യാറായി. അയാള്‍ കുറെയധികം വര്‍ഷങ്ങള്‍ ഈ മരുഭൂമിയില്‍ത്തന്നെ ജീവിച്ചു. പിന്നീട് ഒരു യൂണിവേഴ്സിറ്റിയില്‍ പ്രഭാഷണത്തിനു ചെന്നു നില്‍ക്കുമ്പോള്‍ ആരോ അയാളോട് ചോദിക്കുന്നുണ്ട് 'നിങ്ങളെക്കണക്കുള്ളവര്‍ക്ക് മരുഭൂമി എന്നു പറയുന്നത് സാധ്യമായൊരിടമാണോ? നഗരത്തില്‍ നില്‍ക്കുന്ന ഞങ്ങളോട് ഒരു മരുഭൂമിക്കെന്താണ് പറയാനുള്ളത്? ഇത്തരം കാര്യങ്ങളൊക്കെ മനസ്സില്‍ക്കണ്ടുകൊണ്ട് മറുപടിയെന്ന നിലയില്‍ ആ മനുഷ്യന്‍ രണ്ടു പുസ്തകമെഴുതിയിട്ടുണ്ട്"Letter from the Desert', “Desert in the City”.  ഏതൊരു നഗരത്തിലും നമുക്ക് സൃഷ്ടിക്കാവുന്ന മരുഭൂമിയുണ്ട്. ഒത്തിരി അലച്ചിലുകള്‍ക്കും ആരവങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും ഇടയില്‍ നമ്മള്‍ സൃഷ്ടിച്ചെടുത്ത മരുഭൂമി തന്നെയാണ് ഈ നോമ്പുകാലം. അവിടെ ചില പ്രധാനപ്പെട്ട ചില ചോദ്യങ്ങള്‍ക്ക് നമ്മളോടുതന്നെ ഉത്തരം കൊടുക്കാന്‍ നമ്മള്‍ ബാധ്യതയുള്ളവരാണ്. യേശുവിന്‍റെ പ്രലോഭനകഥയ്ക്കും ധാരാളം വാര്‍ഷിക വലയങ്ങളുണ്ടാകുന്നതുപോലെ നമ്മള്‍ വായിച്ചുകൊണ്ടിരിക്കുന്ന കഥയ്ക്ക് നമ്മള്‍ വളരുന്നതനുസരിച്ച് പിന്നെയും പിന്നെയും വൃത്തങ്ങളുണ്ടാകുന്നു. അവനവന്‍റെ ഹൃദയം വിഭജിക്കപ്പെടുന്ന അനുഭവത്തിന്‍റെ പേരാണ് പ്രലോഭനം. സാത്വിക ജീവിതം ആഗ്രഹിക്കുന്ന ചിന്തിക്കുന്ന മനുഷ്യന് പ്രലോഭനങ്ങള്‍ക്ക് വഴിപ്പെട്ടേ തീരൂ. "Test' എന്നൊരു വാക്കാണ് വേദപുസ്തകം ഉപയോഗിക്കുന്നത്. പരീക്ഷണം എന്നതിനേക്കാള്‍ 'പരീക്ഷ' ധാരാളം അനുഭവങ്ങളിലൂടെ കടന്നുവരുന്നു. ഏറ്റവും നിര്‍ണ്ണായകമായ ഒരു നിമിഷത്തില്‍, നിങ്ങളുടെ ലോഹം ഏതാണെന്ന് ഉരച്ചുനോക്കേണ്ട ഒരു നിമിഷത്തില്‍, ഈ അനുഭവങ്ങള്‍ നിങ്ങള്‍ക്ക് കൂട്ടായി വരുന്നുണ്ടോ? വിശപ്പായിരുന്നു ആദ്യത്തെ പ്രലോഭനം. വിശപ്പിനെ അഭിമുഖീകരിച്ച ഒരാള്‍ക്ക് മറ്റെന്തിനെയും അതിജീവിക്കാനാകും. പല കാരണങ്ങള്‍ കൊണ്ട് വിശപ്പ് ഏറ്റെടുത്ത മനുഷ്യരുണ്ട്. കഴിഞ്ഞനൂറ്റാണ്ടിലെ ഏറ്റവും വലിയ യോഗിനികളിലൊരാളായി കരുതേണ്ട തെരേസ ന്യൂമാനെ കണ്ടെത്തി വായിക്കേണ്ടതാണ്. മുപ്പത്തിയാറു വര്‍ഷം ഭക്ഷണമില്ലാതെ ജീവിച്ച സ്ത്രീ. പുലരിയില്‍ പുരോഹിതന്‍ കൊടുക്കുന്ന വിശുദ്ധ കുര്‍ബാന എന്നു പറയുന്ന ചെറിയ അപ്പത്തുണ്ടൊഴികെ മറ്റൊന്നും കഴിച്ചിട്ടില്ല. വല്ലാത്ത ഒരു വിസ്മയമായി ഈ സ്ത്രീ അറിയപ്പെട്ടു. ഹിറ്റ്ലറുപോലും ഉള്ളിന്‍റെയുള്ളില്‍ ഈ സ്ത്രീയോട് ഒരു ഭയം കൊണ്ടുനടന്നിരുന്നതായുള്ള നിരീക്ഷണമുണ്ട്.

 

ഒരു പക്ഷേ ഞാന്‍ യഥാര്‍ത്ഥ ശരീരവും യഥാര്‍ത്ഥ പാനീയവുമാണെന്നു യേശു പറയുന്ന വാക്കുകളുടെ ഒരടയാളം കണക്കായിരിക്കാം അത്തരം ജീവിതങ്ങള്‍. പതിനാറു വര്‍ഷം വിശപ്പേറ്റെടുത്ത ഇറോം ഷര്‍മിള... ഏതൊക്കെ തലങ്ങളില്‍ വായിച്ചെടുക്കാനാവുന്ന ഒരു കാര്യത്തെയാണ് വിശപ്പ് എന്നു പറയുന്നത്. നാം ബോധപൂര്‍വ്വം ഉപേക്ഷിച്ചു കളയുന്ന ഭക്ഷണമുണ്ട്. ദൈവത്തിനുവേണ്ടി വിശക്കുവാന്‍ ഈ ഉപേക്ഷ സഹായിക്കുന്നുണ്ടോ? അവനവന്‍റെ വിശപ്പിനെ അഭിമുഖീകരിക്കുക. വിശപ്പിന് എപ്പോഴും അപ്പമല്ല പരിഹാരം എന്നു തിരിച്ചറിയുക. അപ്പോഴാണ് സാത്വികരായ മനുഷ്യരുണ്ടാകുക. ഏതൊരു വിശപ്പിനെയും പ്രതിരോധിക്കാനുള്ള കഴിവ് വാക്കിനുണ്ട്. അമിത വൈകാരികതയുടെ ഇരയായിക്കൂടാ. മനുഷ്യന്‍റെ മുന്‍പില്‍ രണ്ടു ചോയ്സ് ഉണ്ടെന്നാണ് പറയുന്നത്. നീ നിന്‍റെ Passing emotions ന് മൂല്യം കൊടുക്കണമോ അതോ നിലനില്‍ക്കുന്ന ബന്ധത്തിന് മൂല്യം കൊടുക്കണമോ? യേശുവിന്‍റെ വിപരീതപദമെന്നു വിശേഷിപ്പിക്കാവുന്ന ഒരാളുടെ കഥയിലൂടെ വിശപ്പിന്‍റെ പ്രലോഭനത്തെ ധ്വനിപ്പിക്കാവുന്നതേയുള്ളൂ. ഏസാവു ആണത്. ഒരു ദിവസം അയാള്‍ പാടത്തു പണി ചെയ്തിട്ടുണ്ട്. അന്തിയില്‍ വരുമ്പോള്‍ അനുജന്‍ ഒരു കോപ്പ പായസവുമായി ഇരിക്കുകയാണ്. അയാള്‍ ആ പായസത്തിനുവേണ്ടി ആഗ്രഹിക്കുമ്പോള്‍ അനുജന്‍ പറഞ്ഞു 'പായസം തരാം. പക്ഷേ നീ നിന്‍റെ ജന്മാവകാശം എനിക്കു തരിക'. വിശക്കുന്നവന് എന്ത് ജന്മാവകാശം? ജന്മാവകാശം ഒരു മെറിറ്റ് അല്ല, അതൊരു ഗ്രേസ് ആണ്. എന്നിട്ടും ഏസാവു പറഞ്ഞു 'ജന്മാവകാശം നാളത്തെ കാര്യമാണ്. ഇപ്പോള്‍ വിശപ്പാണ്' നാളെയെക്കുറിച്ച് കാണാന്‍ സാധിക്കാത്ത മനുഷ്യന്‍ പെട്ടുപോകുന്ന കെണികളുടെ പേരാണ് പ്രലോഭനം. വിനയത്തിലും ആര്‍ദ്രമായ സ്നേഹാനുഭവത്തിലും ആയിരിക്കുമ്പോഴാണ് ജീവിതത്തിലെ ചില പ്രത്യേക ചോദ്യങ്ങള്‍ക്കും സമസ്യകള്‍ക്കും ചായ്വുകള്‍ക്കും യേശു ഉത്തരം കണ്ടെത്തുന്നത്. ഒരു നുള്ള് വിഭൂതിയില്‍ ആരംഭിച്ച് കാല് കഴുകുന്നതില്‍ അവസാനിക്കുന്ന വിനയമുള്ള ഏതാനും ദിവസങ്ങള്‍. വാക്കുകൊണ്ട് വിശപ്പിനെ അതിജീവിക്കാനുള്ള ബലമുണ്ടാവണമേ...

ഫാ. ബോബി ജോസ് കട്ടിക്കാട്

0

0

Featured Posts