
ഏതാണ്ട് രണ്ടാഴ്ച മുമ്പ് ഒരു ടെലവിഷൻ ചാനലിൽ മാർപാപ്പയുടെ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ച നടക്കുകയായിരുന്നു. അപ്പോൾ അവതാരകൻ പറയുകയുണ്ടായി, വോട്ടവകാശമുള്ള കർദിനാളന്മാർ സിസ്റ്റൈൻ ചാപ്പലിൽ കടന്ന് വാതിൽ അടച്ചുകഴിഞ്ഞാൽ, അടുത്ത പാപ്പാ ആരായിരിക്കണം എന്ന് അവർ ആലോചിക്കാൻ തുടങ്ങുമ്പോൾ അവർക്കിടയിൽ ഒരു ചലനശക്തി അനുഭവപ്പെടുന്നു. 'മൊമെൻ്റം' എന്ന വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. എന്നിട്ടദ്ദേഹം പറഞ്ഞു: 'ചലനശക്തി' എന്നത് ഒരു സെക്കുലർ വാക്കാണ്. സഭ അതിനെ വിളിക്കുന്നത് 'പരിശുദ്ധാത്മാവ്' എന്നാണ്. വളരെ രസകരവും അതേസമയം കൃത്യവുമായ ഒരു നിരീക്ഷണം ആയിരുന്നു അദ്ദേഹത്തിന്റേത്. പുറമേനിന്ന് എന്തെല്ലാം പരിഗണനകളും ആലോചനകളും സ്വാധീനങ്ങളുമായി അകത്ത് പ്രവേശിച്ചാലും, അവർ ഒരുമിച്ച് അകത്തായിരിക്കുമ്പോൾ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചുകൊണ്ട് ഒരു തീരുമാനം അവരിൽ നിന്നുണ്ടാകുന്നു. 2013-ലും പാപ്പാ ആകാൻ സാധ്യതയുള്ള, വളരെ കഴിവും പ്രശസ്തിയും സ്വാധീനശേഷിയും ഉള്ള കർദിനാളന്മാരുടെ ഷോർട്ട് ലിസ്റ്റ് ലോകമെമ്പാടുമുള്ള മാധ്യമ സ്ഥാപനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ ഒന്നും പെടാത്ത ആളായിരുന്നു ഹോർഹേ മാരിയോ ബർഗോളിയോ. ഇത്തവണയും ലോകമെമ്പാടുമുള്ള പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ അവരുടെ അഭ്യൂഹങ്ങളും അവസാനവട്ട പട്ടികയും പ്രസിദ്ധീകരിച്ചിരുന്നു. സെക്കുലർ മാധ്യമങ്ങൾ മാത്രമല്ല, കത്തോലിക്ക മാധ്യമ സ്ഥാപനങ്ങളും അങ്ങനെതന്നെ ചെയ്തിരുന്നു. അവയിൽ ഒന്നിലും തന്നെ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിൻ്റെ പേരില്ലായിരുന്നു. വീണ്ടും അതുതന്നെ സംഭവിച്ചു. മാനുഷിക പരിഗണനകൾ വച്ച് നിർമ്മിക്കപ്പെടുന്ന എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കപ്പെടുന്നു. റോമാക്കാർ പറയും പോലെ, "പാപ്പായായി വന്നവരെല്ലാം കർദിനാളന്മാരായി മടങ്ങും; കർദിനാൾ ആയി വന്ന ആൾ പാപ്പായായി വാഴും." പ്രതീക്ഷിച്ചവരാരും ആവില്ല, പ്രതീക്ഷയ്ക്കാത്തയാൾ പാപ്പാ ആകും എന്നർത്ഥം.
അങ്ങനെ പത്രോസ് എന്ന അപ്പസ്തോല പ്രമുഖൻ്റെ 266-ാം പിൻഗാമിയായി ലിയോ XIV അവരോധിതനായിരിക്കുന്നു. പാപ്പായായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഈശോസഭാംഗമായിരുന്നു ഫ്രാൻസിസ് പാപ്പാ എങ്കിൽ പാപ്പായായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ അഗസ്റ്റീനിയൻ സഭാംഗമാണ് ലിയോ XIV പാപ്പാ. ഫ്രാൻസിസ്കൻ സന്ന്യാസ സമൂഹം രൂപം കൊണ്ടതിന് തൊട്ടുപിന്നാലെ 1244-ൽ രൂപംകൊണ്ട ഒരു ഭിക്ഷാടക സന്ന്യാസ സമൂഹം തന്നെയാണ് അദ്ദേഹം അംഗമായ അഗസ്റ്റീനിയൻ സഭ. ഇറ്റലിക്കും ഫ്രാൻസിനും വെളിയിൽ നിന്ന് ഒത്തിരി പേർ പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ, ജോൺപോൾ II -നും ബെനഡിക്ട് XVI -നും ഫ്രാൻസിസിനും പിന്നാലെ, ഇറ്റലിക്കും ഫ്രാൻസിനും വെളിയിൽ നിന്ന് തുടർച്ചയായി നാലാമത്തെ പാപ്പാ - ലിയോ XIV. പൂർവ്വയൂറോപ്പിനും പശ്ചിമയൂറോപ്പിനും തെക്കേ അമേരിക്കക്കും ശേഷം ഇതാ വടക്കേ അമേരിക്കയും പേപ്പൽ ഭൂപടത്തിലായിരിക്കുന്നു.
ജീവിതത്തിൽ ആദ്യം വായിച്ച ചാക്രികലേഖനം 'റേരും നൊവാരും' ആയിരുന്നു: 1891-ൽ എഴുതപ്പെട്ടത്. ലിയോ XIII പാപ്പായായിരുന്നു അതിൻ്റെ കർത്താവ്. സഭാ ചരിത്രത്തിലെതന്നെ ആദ്യത്തെ സോഷ്യൽ എൻസിക്ലിക്കൽ. ലിയോ XIII-ന് ഒരു പിൻഗാമിയായിരിക്കും ലിയോ XIV എന്ന് സംശയിക്കാൻ ഒരു ന്യായം തോന്നുന്നത് അതാണ്. സാമൂഹിക കാര്യങ്ങളിൽ പുരോഗമന വാദിയും, സഭാ കാര്യങ്ങളിൽ യാഥാസ്ഥിതികവാദിയും, ചില മേഖലകളിൽ മധ്യമ വാദിയും ആണ് പുതിയ പാപ്പാ എന്നാണ് പറയപ്പെടുന്നത്. തെക്കേ അമേരിക്കൻ രാജ്യമായ പെറൂ-വിൽ വൈദികൻ എന്ന നിലയിലും സന്ന്യാസി എന്ന നിലയിലും മെത്രാൻ എന്ന നിലയിലും ശുശ്രൂഷ ചെയ്തിട്ടുള്ള ആളും അഗസ്റ്റീനിയൻ സന്ന്യാസ സമൂഹത്തിൻ്റെ ജനറൽ എന്ന നിലയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്രചെയ്ത് ദരിദ്ര രാജ്യങ്ങളിലെ സ്ഥിതിഗതികൾ നേരിൽ കണ്ട് മനസ്സിലാക്കിയിട്ടുള്ള ആൾ എന്ന നിലയിലും വൈദികർക്കും സന്ന്യസ്ർക്കും വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്ട്രിയുടെ മേധാവി എന്ന നിലയിലും 2019 -ലെ ആമസോൺ സിനഡിലും സിനോഡാലിറ്റിയെ കുറിച്ചുള്ള സിനഡിലും പങ്കെടുത്ത വ്യക്തി എന്ന നിലയിലും ലോകത്തിന്റെയും സഭയുടെയും സ്ഥിതിഗതികൾ കൃത്യമായി അറിയുന്ന ഒരാൾ ആണ് പുതിയ പാപ്പാ എന്ന് വിശ്വസിക്കാൻ ന്യായമുണ്ട്.
"പാദസാം നിചയം വാർന്നൊഴിഞ്ഞളവ്
സേതുബന്ധനോദ്യോഗമെന്തെടോ?" എന്നോ മറ്റോ ഒരു ചോദ്യം പണ്ട് പദ്യത്തിൽ പഠിച്ചതോർക്കുന്നു. 'വെള്ളമൊക്കെ ഒഴുകിപ്പോയിക്കഴിഞ്ഞിട്ട് അണകെട്ടാൻ തുനിയുന്നതെന്തിന് ' എന്നാണ് അർത്ഥം. വെള്ളം കുറേ ഉള്ളപ്പോൾത്തന്നെ ചിറകെട്ടാൻ അദ്ദേഹത്തിന് കഴിയട്ടെ എന്നാണ് പ്രാർത്ഥന.