top of page

ആൾക്കൂട്ടം

Dec 16, 2025

2 min read

George Valiapadath Capuchin
ജനക്കൂട്ടം നിരവധി ആളുകൾ മൊബൈൽ ഫോണുകളിൽ ചിത്രങ്ങൾ എടുക്കുന്നു. നിറങ്ങളുള്ള വസ്ത്രാധാരണവും ഉത്സവത്തിന്റെ സന്തോഷകരമായ ആകാംഷയും പരിസരവുമാണ്.

ലോകത്തിൽ അവബോധത്തിൻ്റെ പടികൾ ഉയർന്നിട്ടുള്ളത് പലപ്പോഴും അങ്ങനെയാണ്. ഒരു ക്രൈം റിപ്പോർട്ട് ചെയ്യപ്പെടുന്നു; പിന്നാലെ അതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങളുണ്ടാകുന്നു; കുറ്റകൃത്യത്തെയും കുറ്റാന്വേഷണത്തെയും കുറിച്ചുള്ള വിവരങ്ങൾ പൊതുജന മധ്യത്തിലേക്ക് വിവിധതരം മാധ്യമങ്ങളിലൂടെ വൈവിധ്യമാർന്ന രുചിക്കൂട്ടുകളിൽ വിളമ്പി നല്കപ്പെടുന്നു; പൊതുജനം വാങ്ങിക്കുടിച്ച് ഏമ്പക്കം വിടുന്നു; മാധ്യമങ്ങളിലൂടെയും, അതിനുപുറമേ പൊതുജന മധ്യത്തിലും അതേക്കുറിച്ചുള്ള ചർച്ചകൾ അരങ്ങേറുന്നു; മേല്പറഞ്ഞ ചർച്ചകളിലൂടെയും അവയെ ആസ്പദമാക്കിയുള്ള വൈയക്തികമായ ആലോചനകളിലൂടെയും പൊതുജനത്തിൻ്റെ അവബോധത്തിൻ്റെ ഗ്രാഫ് മെല്ലെ ഉയരുന്നു. കുറ്റകൃത്യവും അതേക്കുറിച്ചുള്ള സർവ്വതും ഉൾക്കൊള്ളുന്ന ഡിസ്കോഴ്സ് അവസാനിക്കുമ്പോഴേക്ക് മനുഷ്യർ സംസ്കൃതിയുടെ ചുവടുകൾ പലതും കയറിക്കഴിഞ്ഞിരിക്കും. അതുകൊണ്ടുതന്നെ കുറച്ചുകാലമായി അച്ചടി മാധ്യമമെന്നോ ദൃശ്യമാധ്യമമെന്നോ ഓൺലൈൻ മാധ്യമമെന്നോ ഉള്ള മൂല്യവിധികൾ നടത്താതിരിക്കാൻ ശ്രമിക്കാറുണ്ട്. കാരണം, സമൂഹം എല്ലാവരുടേതുമാണ്; എല്ലാവരും ചേർന്നതാണ്. എല്ലാവരും ചേർന്നുള്ള മാറ്റങ്ങൾ മാത്രമേ നിലനില്ക്കൂ.


ഒരു കത്തോലിക്കാ വിശ്വാസി എന്ന നിലയിൽ സ്വന്തമെന്നു തോന്നാവുന്ന കാര്യം തന്നെ ഉദാഹരിക്കാം. 2002-ൽ ആയിരുന്നല്ലോ ബോസ്റ്റൺ ഗ്ലോബ് എന്ന ദിനപത്രം കത്തോലിക്കാ സഭയിലെ കുറച്ചു വൈദികർ പ്രായപൂർത്തിയെത്താത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗിച്ച കുറ്റകൃത്യങ്ങളെ റിപ്പോർട്ടു ചെയ്തു കൊണ്ട് ലേഖന പരമ്പര ഇറക്കിയത്. എന്തായിരുന്നു ഫലം? ഒന്നിനുപിറകെ ഒന്നായി അമേരിക്കയിലെ എല്ലാ രൂപതകളിലെയും അത്തരം റിപ്പോർട്ടുകൾ പുറത്തു വന്നു. നൂറുകണക്കിന് വൈദികർ അറസ്റ്റ് ചെയ്യപ്പെട്ടു; വിചാരണ ചെച്ചപ്പെട്ടു; തടവിലാക്കപ്പെട്ടു. അത്തരം അന്വേഷണങ്ങൾ ലോകത്തിൻ്റെ മിക്ക ഭാഗങ്ങളിലും ഉണ്ടായി. മെത്രാന്മാർ ചോദ്യം ചെയ്യപ്പെട്ടു. സഭ ചോദ്യം ചെയ്യപ്പെട്ടു. മെല്ലെ കുറ്റകൃത്യത്തിൻ്റെ ഗാരവത്തെക്കുറിച്ചുള്ള അവബോധം സഭയിൽ ഉണ്ടായിവന്നു. മാറ്റങ്ങൾ ഉണ്ടായി; മാറ്റങ്ങൾക്കുള്ള സംവിധാനങ്ങൾ ഉണ്ടായി. മെല്ലെ വിവാഹിതരായ ശുശ്രൂഷകരുള്ള സഭകളിലെയും കേസുകൾ പുറത്തുവരാൻ തുടങ്ങി. കത്തോലിക്കാ സഭയിൽ ആരംഭമിട്ട മാറ്റങ്ങൾ എല്ലാ പ്രോട്ടസ്റ്റൻ്റ് സഭകളിലേക്കും മെല്ലെ വ്യാപിച്ചുകൊണ്ടിരിക്കുന്നു.


ദുർബലാവസ്ഥയിലും പ്രായപൂർത്തിയെത്തുന്നതിനു മുമ്പും ചലച്ചിത്ര - രാഷ്ട്രീയ മേഖലകളിലെ പ്രമുഖരിൽ നിന്ന് തങ്ങൾ അനുഭവിച്ചിട്ടുള്ള പീഡനങ്ങൾ സ്ത്രീകൾ വെളിപ്പെടുത്താൻ തുടങ്ങി. ഞാനും ഒരു ഇരയായിരുന്നു - എന്ന അർത്ഥത്തിൽ "മി റ്റൂ" എന്നൊരു ബഹുജന സാമൂഹിക മുന്നേറ്റം തന്നെ വികസിത നാടുകളിൽ നടന്നു. ഇത്തരം കാര്യങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല എന്നും, സമൂഹത്തിലെ ആണധികാര മൂല്യങ്ങളുടെ ഉപോൽപന്നം മാത്രമാണെന്നുമുള്ള അവബോധത്തിലേക്ക് സമൂഹം വളർന്നു. കഴിഞ്ഞ കാൽ നൂറ്റാണ്ടിനുള്ളിൽ ലോകം എത്രകണ്ട് നീതിബോധത്തിലും അവകാശബോധത്തിലും ലിംഗതുല്യതാവബോധത്തിലും സാക്ഷരമായി എന്ന് നമുക്ക് എന്തെങ്കിലും ഊഹമുണ്ടോ?!


പക്ഷേ, ഒന്നുണ്ട്. ആത്മീയമായി നമ്മുടെ സമൂഹം കൂടുതൽ പാപ്പരത്തം പ്രദർശിപ്പിക്കുന്നുണ്ടെന്ന് കുറ്റപ്പെടുത്താൻ തോന്നുന്നു. രണ്ടായിരം വർഷം മുമ്പ് സമൂഹത്തിലെ പരിശുദ്ധന്മാർ എന്നറിയപ്പെടുന്ന ഫരിസേയരുടെ നേതൃത്വത്തിൽ ഒരു പുരുഷാരം അവർ ലൈംഗിക കുറ്റകൃത്യത്തിനിടെ പിടിച്ച ഒരു സ്ത്രീയെ വലിച്ചിഴച്ചുകൊണ്ട് യേശുവിനരികേ വന്നു. 'ഇവൾ വ്യഭിചാരത്തിൽ പിടിക്കപ്പെട്ടവളാണ്. ഇത്തരക്കാരെ കല്ലെറിഞ്ഞു കൊല്ലാനാണ് യഹൂദ നിയമം അനുശാസിക്കുന്നത്. നീ എന്തുപറയുന്നു?' ഇതായിരുന്നു അവരുടെ ചോദ്യം. 'നിയമം അനുസരിക്കുക' എന്നു മാത്രം ഗുരുസ്ഥാനീയനായവൻ പറഞ്ഞാൽ മതി. രണ്ടു കൈയ്യിലും കല്ലുമായാണ് അവർ വന്നിരിക്കുന്നത്. സദാചാര പോലീസിൻ്റെ രക്തദാഹവുമായി നില്ക്കുകയാണ് പുരുഷാരം. ഗുരുവിൽ നിന്നുണ്ടായത് ആദ്യ പ്രതികരണം മൗനമാണ്. അവർ ആവർത്തിച്ചു ചോദിക്കുമ്പോൾ വാചികപ്രതികരണം വന്നു. "നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യം അവളെ കല്ലെറിയട്ടെ."


അടുത്ത വാക്യം എന്നെ വിസ്മയിപ്പിച്ചിട്ടുള്ളത് കുറച്ചൊന്നുമല്ല. "അതുകേട്ടപ്പോൾ മുതിർന്നവർ തുടങ്ങി ഓരോരുത്തരായി സ്ഥലംവിട്ടു." എന്നാണ് ആ വാക്യം. ഇത് സംഭവ്യമാണോ? ഇത്രകണ്ട് അസംഭവ്യം എന്ന് തോന്നിയിട്ടുള്ള മറ്റ് വചനങ്ങളൊന്നും ആ സുവിശേഷത്തിലില്ല. ഈ ഒരാെറ്റ വചനം മതി, അന്നത്തെ യഹൂദ ജനത്തിൻ്റെ സത്യസന്ധതയെ വിലയിരുത്താൻ! ഒറ്റ ഒരു കല്ല് വന്നാൽ മതിയായിരുന്നു, തുരുതുരാ കല്ലുകൾ ഇരമ്പിയെത്താൻ! എന്നാൽ, അതുണ്ടായില്ല.

(എത്രതന്നെ സ്വാധീനശേഷി ഉള്ളവരാണെങ്കിലും നീതി നടപ്പാവണം എന്ന ആഗ്രഹം നൈതിക ബോധത്തിൻ്റെ പ്രകാശനമാണ് എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ, സാത്വികമായ അത്തരം ഒരു നീതിബോധം പോലും വിനയമില്ലാത്ത വിധിതീർപ്പുകളിലേക്ക് നമ്മെ എത്തിച്ചുകൂടാ എന്ന് മറക്കാതിരിക്കാം.)


ഇന്നോ? ഇക്കാലത്ത് ഫരിസേയർ എന്ന വാക്കിൻ്റെ അർത്ഥം തെരഞ്ഞാൽ, "കാപട്യക്കാരൻ" എന്നുകൂടി അർത്ഥം തരുന്നുണ്ട് നിഘണ്ഡുക്കൾ. എന്നാൽ, അന്നത്തെ ഫരിസേയരുടെയും, കല്ലുമായി വന്ന സാധാരണക്കാരായ സദാചാരക്കാരുടെയും സത്യസന്ധതയോ ആത്മാർത്ഥതയോ പോലും ഇന്നത്തെ സദാചാരക്കാരിൽ ആരിലും കാണാനില്ല എന്നതാണ് യാഥാർത്ഥ്യം. ഓരോരോ കേസുകൾ വരുമ്പോഴാണ് ഞാനും നിങ്ങളുമടങ്ങുന്ന പൊതുസമൂഹം അവബോധത്തിൽ വളർന്നിട്ടുള്ളത്. നമ്മുടെ എല്ലാവരുടെയും തന്നെ കൈയ്യിലുള്ള ഉപകരണത്തിൻ്റെ പേരാണ് "തീവ്രതാമാപിനി". നമ്മളൊക്കെ പണ്ടേ പുണ്യവാളന്മാരാണ് എന്ന സാമൂഹികഭാവത്തിനു മുമ്പിൽ ഫരിസേയരുടെ കാപട്യമൊക്കെ എന്ത് ?!


Recent Posts

bottom of page