top of page
പണ്ട് കുറച്ചുനാള്‍ ഞാനൊരു സ്കൂളില്‍ പഠിപ്പിച്ചിരുന്നകാലത്ത് പഠിപ്പിച്ച ഒരുപയ്യന്‍ ഡിഗ്രിക്കു തോറ്റ് ജോലിയില്ലാതെ നടന്നപ്പോള്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ചാന്‍സുകിട്ടി ഗള്‍ഫിനു പോയി. അവിടെച്ചെന്നിട്ട് വെറും മണ്ണുചുമക്കുന്ന പണിയാണുണ്ടായിരുന്നത്. എനിക്കവന്‍ എല്ലാ വിവരങ്ങളും എഴുതാറുണ്ടായിരുന്നു. മൂന്നാലുകൊല്ലം കഴിഞ്ഞ് ഗള്‍ഫില്‍തന്നെ ചെറിയ ജോലിയുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ കല്യാണോം കഴിച്ചു. രണ്ടു കുട്ടികളായി. അവരിപ്പോഴും ഗള്‍ഫില്‍തന്നെ. കുട്ടികള്‍ രണ്ടുപേരെയും നാട്ടില്‍ ബോര്‍ഡിംഗില്‍ പഠിപ്പിക്കുന്നു. മൂത്തവന്‍ എട്ടില്‍. രണ്ടാമന്‍ നാലില്‍. അടുത്തനാളില്‍ എനിക്കയാളുടെയൊരു കത്തുകിട്ടി. മൂത്തമകന്‍ പഠിക്കുന്ന സ്കൂളിലെ പ്രിന്‍സിപ്പലിന്‍റെയും ബോര്‍ഡിംഗ് വാര്‍ഡന്‍റെയും കത്തുകളുടെ കോപ്പികള്‍ അതിലുണ്ടായിരുന്നു. എത്രയുംവേഗം കുട്ടിയെ സ്കൂളില്‍നിന്നും ബോര്‍ഡിംഗില്‍നിന്നും ഒഴിവാക്കിക്കൊണ്ടു പോകണം എന്നായിരുന്നു അവരുടെ കത്തുകളുടെയുള്ളടക്കം. കൂട്ടത്തില്‍ അയാളുടെ നെഞ്ചുപൊട്ടിയുള്ള കത്തും.
പണുതുണ്ടാക്കിയ പണംകൊണ്ട് ചെറിയ സ്ഥലം വാങ്ങി വീടുവച്ചതും വലിയ ചെലവുചെയ്ത് മക്കളെ നല്ലനിലയില്‍ പഠിപ്പിക്കാന്‍ ബുദ്ധിമുട്ടുന്നതും. യാതൊരു ജീവിതസുഖവുമില്ലാതെ കൂലിപ്പണിചെയ്ത് വര്‍ഷങ്ങളായി മറുനാട്ടില്‍ ജീവിക്കുന്നതിന്‍റെ വേദനയും. മൂന്നുമാസത്തിലൊരിക്കല്‍ മാത്രമെ ഗള്‍ഫിലെ മറ്റൊരു രാജ്യത്ത് ജോലിചെയ്യുന്ന ഭാര്യയെക്കാണാന്‍പോലും സാധിക്കൂ. മക്കള്‍ കഷ്ടപ്പെടാതിരിക്കാന്‍വേണ്ടി ഇത്രയും ചെയ്തിട്ടും മകന്‍ ഈ രീതിയിലായല്ലോ എന്നോര്‍ത്തുള്ള വേദന. ഞാന്‍ അവിടെച്ചെന്ന് പ്രിന്‍സിപ്പലിനെയും വാര്‍ഡനെയുംകണ്ട് സമാധാനിപ്പിക്കാനും മകനെ എങ്ങനെയെങ്കിലും ഉപദേശിച്ചു നന്നാക്കാനുമുള്ള അപേക്ഷ! എന്തായാലും പറ്റാവുന്നതു ചെയ്യാമെന്നുറച്ച് അടുത്തദിവസംതന്നെ ഞാനാ സ്കൂളിലെത്തി.
സ്വയം പരിചയപ്പെടുത്തിക്കഴിഞ്ഞ് കാര്യം പറഞ്ഞപ്പോഴേക്കും പ്രിന്‍സിപ്പലിന്‍റെ മുഖം വല്ലാതെ കനത്തു.
"ഇന്നും അവനെ ക്ലാസ്സിനു പുറത്തു നിര്‍ത്തിയിരിക്കുകയാണ് ക്ലാസ്സിലിരുന്നു പുകയില ചവച്ചതിന്. അവന്‍റെ കൈയിലില്ലാത്ത വികൃതിയൊന്നുമില്ല. പഠിക്കാന്‍ നല്ലകഴിവുണ്ട്. പക്ഷേ പഠിക്കില്ല. ക്ലാസ്സില്‍ വല്ലാതെ ശല്യം ചെയ്യും. പുകവലിക്കും. കഴിഞ്ഞദിവസം മോഷണത്തിനും അവനെ പിടിച്ചു". അവനെപ്പറ്റി ഒരുപാടുകാര്യങ്ങള്‍ അദ്ദേഹത്തിനു പറയാനുണ്ടായിരുന്നു.
അതുകഴിഞ്ഞു വാര്‍ഡനെപ്പോയിക്കണ്ടു. ഞാന്‍ കാര്യംപറഞ്ഞപാടെ അപ്പോള്‍തന്നെ അവനെ വിളിച്ചിറക്കി കൊണ്ടുപൊയ്ക്കൊള്ളാനാണു വാര്‍ഡന്‍ പറഞ്ഞത്. തിരിച്ചു സ്കൂളില്‍ചെന്ന് പയ്യനെയൊന്നു കാണാന്‍ പ്രിന്‍സിപ്പലിനോടനുവാദം ചോദിച്ചു.
"വിളിപ്പിക്കാം വലിയ ഫലമുണ്ടാകുമെന്നു പ്രതീക്ഷിക്കണ്ട. എന്തായാലും ഇന്നുതന്നെ ഇതിനൊരു തീരുമാനമുണ്ടാക്കിയിട്ടേ അച്ചന്‍ പോകാവൂ". പ്രിന്‍സിപ്പലിന്‍റെ താക്കീത്.
ബോര്‍ഡിംഗിന്‍റെ പാര്‍ലറില്‍വച്ചായിരുന്നു കൂടിക്കാഴ്ച. മുമ്പ് ഒന്നുരണ്ടുപ്രാവശ്യം അവനെന്നെക്കണ്ടിട്ടുള്ളതാണ്. എന്നിട്ടും യാതൊരു പരിചയവുമില്ലാത്ത ഭാവം. ഞാനെന്നെ പരിചയപ്പെടുത്തിയിട്ടും യാതൊരു പ്രതികരണവുമില്ല. ഞാന്‍ പലവഴിയും ശ്രമിച്ചു അവനെയൊന്നു മിണ്ടിക്കാന്‍. അവസാനം ഒരു പൊട്ടിത്തെറിയായിരുന്നു.
"മക്കളെ ഒണ്ടാക്കിയിട്ടേച്ചു പോയിരിക്കയല്ലേ രണ്ടുംകൂടെ സുഖിക്കാന്‍". അവന്‍റെ പ്രായത്തിനു ചേരാത്ത വാക്കുകള്‍.
ഞാനാകെ ചൂളിപ്പോയി. ചുറ്റുംനോക്കി. ഏതായാലും മറ്റാരും കേള്‍ക്കാനില്ലെന്നാശ്വാസം തോന്നി. അവരു സുഖിക്കാന്‍ പോയതല്ല എന്നു സ്ഥാപിക്കാന്‍ ഞാനൊന്നു ശ്രമിച്ചുനോക്കി. അതും ഫലിച്ചില്ല.
'ആണ്ടിലൊന്നു വരും അന്വേഷിക്കാന്‍. വന്നാലും അവര്‍ക്ക് തിരക്ക് എല്ലാരേം കാണാന്‍പോകാനാ. ഞങ്ങളെക്കൂടെ കൊണ്ടുപോകാന്‍ പറഞ്ഞാല്‍ പോലും സമ്മതിക്കത്തില്ല".
അവിടെയും ഞാന്‍ മയത്തിന് ഇടപെട്ടുനോക്കി. അവരുടെ സാമ്പത്തികബുദ്ധിമുട്ടിനെപ്പറ്റി. മറുനാട്ടിലെ അലച്ചിലിനെപ്പറ്റി. ഒന്നും ഏശിയില്ല.
"അവര്‍ക്കു വേറെ മക്കളുകാണും. പപ്പയ്ക്കു വേറെ ഭാര്യേമൊണ്ട്. മമ്മിക്കു വേറെ ഭര്‍ത്താവും കാണും".
അവന്‍ നിന്നു ജ്വലിക്കുകയാണ്. കൈയിലിരുന്ന നോട്ടുബുക്ക് ചുരുട്ടി ഞെരിച്ചു താഴെയിട്ടു ചവിട്ടി. പിന്നെ പോക്കറ്റില്‍കിടന്ന പേനയെടുത്തു കൈയ്ക്കകത്തെല്ലാം കുത്തിവരയ്ക്കാന്‍ തുടങ്ങി. എല്ലാവഴിയും മുട്ടിയ അവസ്ഥയിലായി ഞാന്‍. എന്തുപറഞ്ഞാലും അവന്‍റെയുള്ളില്‍ മുഴുവന്‍ കലിയും അമര്‍ഷവുമാണ്. സ്നേഹം കിട്ടാത്തതിന്‍റെ.
"എന്നിട്ടങ്ങനിരിക്കുമ്പം ഓരോ എഴുത്തും ഫോണ്‍ വിളീം. ഇനീം ഞാന്‍ ഫോണ്‍ അറ്റന്‍റു ചെയ്യില്ല"
"എഴുത്തെഴുതിയിട്ടെത്രനാളായി?" ഞാന്‍ ചോദിച്ചു.
"ഞാനെഴുതാറില്ല. വരുന്ന കത്തിലെല്ലാം വഴക്കും ഉപദേശോം. അതുകൊണ്ടു ഞാനതു വായിക്കാതെ കീറിക്കളയും".
"മോനോടാരാ പറഞ്ഞത് പപ്പായ്ക്കു വേറെ ഭാര്യയൊണ്ടെന്ന്?"
"എന്‍റെ കൂടെപഠിക്കുന്ന മോന്‍സ്. അവന്‍റെ പപ്പേം ഗള്‍ഫിലാ. അയാള്‍ക്കവിടേം ഭാര്യേം കുട്ടികളുമുണ്ട്. അവന്‍റെ മമ്മി പാവമാ. ഇവിടെവരുമ്പോഴൊക്കെ കരയും. മോന്‍സു വലുതാവുമ്പം അവന്‍റെ പപ്പേ കൊല്ലാനിരിക്കുവാ".
"അവന്‍റെ പപ്പാ അങ്ങനെയായതുകൊണ്ട് മോന്‍റെ പപ്പാ അങ്ങനെയാകണമെന്നില്ലല്ലോ".
"പപ്പേം അങ്ങനെയാ, മമ്മീം അങ്ങനെയാ, അല്ലെങ്കില്‍ പിന്നെന്തിനാ അവരവിടെത്തന്നെ കിടക്കുന്നത്? ഞങ്ങളെക്കൊണ്ടു പോകാത്തത്? വിളിക്കുമ്പഴൊക്കെ വഴക്കുപറയുന്നത്? പ്രിന്‍സിപ്പലിനെ വിളിച്ച് എന്നെ തല്ലാന്‍ പറയുന്നത്?" അവന്‍ വിങ്ങിക്കരയാന്‍ തുടങ്ങി.
മേശപ്പുറത്തിരുന്ന ഒരു മാസികയെടുത്തവന്‍ പിച്ചിക്കീറി. ഞാന്‍ സാവകാശം അടുത്തുചെന്നുനിന്ന് 'മോനെ'ന്നൊന്നു വിളിച്ച് തോളില്‍ കൈവച്ച് അവന്‍റെ കണ്ണൊന്നു തുടച്ചു. അവന്‍ ഏങ്ങിക്കരഞ്ഞുകൊണ്ടെന്നെ കെട്ടിപ്പിടിച്ചു. എത്രനേരം അവന്‍ ആ നില്പുനിന്നുകരഞ്ഞു എന്നോര്‍മ്മയില്ല. വാര്‍ഡന്‍ വന്നുകയറിയപ്പോഴാണ് ഞാനറിഞ്ഞത്. അവനെയും കൂട്ടിക്കൊണ്ടു ഞാന്‍ കോമ്പൗണ്ടിന്‍റെ മൂലക്കൊരു മരത്തണലിലേയ്ക്കുപോയി. അവിടെയിരുന്നു ഞങ്ങള്‍ സംസാരിച്ചു.
ശൈശവം നഷ്ടപ്പെട്ട ബാലന്‍. മാതാപിതാക്കന്മാരുണ്ടെങ്കിലും അനാഥനായ കുട്ടി.
ആരാണുത്തരവാദി? ആരാണു പ്രതി?
കുറ്റം ചെയ്യുന്നെങ്കിലും കുറ്റമില്ലാത്ത കുട്ടിയോ? അതോ കുറ്റം ചെയ്യാതെ തന്നെ കുറ്റക്കാരായ മാതാപിതാക്കളോ?
അപ്പനേം അമ്മയേം 'അനുഭവിച്ചി'ട്ടില്ലാത്ത മക്കളെ എവിടെത്തൊട്ടു കാണിച്ചാണ് അപ്പനും അമ്മയുമാണെന്നു ബോദ്ധ്യപ്പെടുത്തുക?
ഒരുതരത്തില്‍ അധികാരികളെ പറഞ്ഞുസമാധാനിപ്പിച്ചു തിരിച്ചുവന്ന് ഞാനെന്‍റെ സുഹൃത്തിനെഴുതി:
'സമ്പത്തു മതിയെങ്കില്‍ അവിടെത്തുടരുക. സമ്പാദിക്കുക. മക്കളെ വേണമെങ്കില്‍ ഇവിടെയെത്തുക. മക്കളുടെ കൂടെയാവുക. മക്കള്‍ക്കുവേണ്ടി സമ്പാദിച്ചാല്‍ മാത്രം പോരാ. മക്കളെയും സമ്പാദിക്കണം'.
എന്‍റെ നിര്‍ദ്ദേശത്തിന് അവരു വില കൊടുത്തു എന്നാണ് അവസാനം കിട്ടിയ അറിവ്.