ജോര്‍ജ് വലിയപാടത്ത്
Oct 25
(അപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: ഭോഷന്മാരേ, പ്രവാചകന്‍മാര്‍ പറഞ്ഞിട്ടുള്ളതു വിശ്വസിക്കാന്‍ കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരേ, ക്രിസ്തു ഇതെല്ലാം സഹിച്ചു മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ?)
നിങ്ങളെ വല്ലാതെ നൊമ്പരപ്പെടുത്തിയ ചില പഴയകാല അനുഭവങ്ങളെ ഒരുനിമിഷം ഓര്‍മയില്‍ കൊണ്ടുവരൂ. അവയില്‍ മിക്കതും നിങ്ങളെ അടിമുടി മാറ്റി മറിക്കുകയും വളര്‍ത്തുകയും ചെയ്തവയാണ്, അല്ലേ? ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ ആ അനുഭവങ്ങളെയോര്‍ത്ത് നിങ്ങളുടെയുള്ളില്‍ കൃതജ്ഞത തോന്നുന്നുമുണ്ട്, അല്ലേ?
മിക്ക മനുഷ്യരും തിരിച്ചറിയാത്ത ലളിതമായ ഒരു ജീവിതസത്യം ഇതാ നിങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു. സന്തോഷകരമായ അനുഭവങ്ങള്‍ നിമിത്തം നിങ്ങള്‍ മതിമറന്നേക്കാം. പക്ഷേ, സ്വയം കണ്ടെത്തലിനും വളര്‍ച്ചയ്ക്കും ആന്തരിക സ്വാതന്ത്ര്യത്തിനും അവ ഉതകുകയില്ല. നൊമ്പരങ്ങള്‍ക്കേ കാതലായ മാറ്റങ്ങള്‍ നമ്മില്‍ വരുത്താനാകൂ.
വളര്‍ച്ചയുടെയും ആന്തരിക സ്വാതന്ത്ര്യത്തിന്‍റെയും സാധ്യതകള്‍ ഓരോ നൊമ്പരവും പേറുന്നുണ്ട്. ഈയൊരു സത്യത്തിന്‍റെ വെളിച്ചത്തില്‍, നിങ്ങളുടെ പഴയകാല ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കുക. നിങ്ങള്‍ക്ക് ഇനിയും രമ്യതപ്പെടാനാവാത്ത, നിങ്ങളെ ഇന്നും അസ്വസ്ഥയാക്കുന്ന ഏതെങ്കിലും അനുഭവം മനസ്സില്‍ കൊണ്ടുവരിക. വ്യക്തമായ അവബോധമില്ലാതിരുന്നതുകൊണ്ട് അന്നു നിങ്ങള്‍ക്കു പ്രയോജനപ്പെടുത്താനാവാതെ പോയ എന്തെങ്കിലും സാധ്യത ആ അനുഭവത്തില്‍ ഉണ്ടോയെന്ന് അന്വേഷിക്കുക. ഇനി, അടുത്തയിടെ നിങ്ങളെ വേദനിപ്പിച്ച ഒരു സംഭവം ഓര്‍മ്മിച്ചെടുക്കുക.
നിങ്ങളില്‍ നെഗറ്റീവ് അനുഭൂതികള്‍ ഉളവാക്കിയ ആ വ്യക്തിയോ സംഭവമോ നിങ്ങളുടെ ഗുരുവാണ്. കാരണം, നിങ്ങള്‍പോലും കാര്യമായി തിരിച്ചറിയാതിരുന്ന നിങ്ങളുടെ ഒരു സ്വഭാവ സവിശേഷത ആ നൊമ്പരം വെളിച്ചത്തുകൊണ്ടുവന്നു. സ്വയം തിരിച്ചറിയുന്നതിനും അതുവഴി കൂടുതല്‍ വളരുന്നതിനും ആന്തരിക സ്വാതന്ത്ര്യം സ്വന്തമാക്കുന്നതിനും ആ അനുഭവം നിമിത്തമായി.
1). ഇനി, നിങ്ങളെ ഇപ്പോള്‍ അലട്ടുന്ന ഒരു പ്രശ്നം എടുക്കുക. ആ പ്രശ്നം നിങ്ങളില്‍ ഉണര്‍ത്തുന്നത് ഏതു നെഗറ്റീവ് വികാരമാണ്: ആകുലത? അരക്ഷിതത്വം? അസൂയ? കോപം? കുറ്റബോധം? ആ വികാരം നിങ്ങളെക്കുറിച്ച്, നിങ്ങളുടെ മൂല്യവ്യവസ്ഥയെക്കുറിച്ച്, ലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള നിങ്ങളുടെ വീക്ഷണത്തെക്കുറിച്ച്, നിങ്ങളുടെ മുന്‍വിധികളെക്കുറിച്ച് എന്തൊക്കെയാണു നിങ്ങളോടു പറയുന്നത്?
ഇപ്പറഞ്ഞതു ചെയ്യുന്നതില്‍ നിങ്ങള്‍ വിജയിച്ചാല്‍, നിങ്ങള്‍ മുറുകെപ്പിടിച്ചിരുന്ന ചില മിഥ്യാധാരണകള്‍ നിങ്ങളില്‍നിന്നു കൊഴിഞ്ഞുപോകും. അതല്ലെങ്കില്‍ നിങ്ങളുടെ കാഴ്ചയെ വികലമാക്കി, നിങ്ങളെ അസ്വസ്ഥയാക്കിക്കൊണ്ടിരുന്ന നിങ്ങളുടെ കണ്ടീഷനിങ്ങിനെക്കുറിച്ച് നിങ്ങള്‍ക്ക് തിരിച്ചറിവുണ്ടാകും. അങ്ങനെ നിങ്ങളെന്ന യാഥാര്‍ത്ഥ്യത്തോടു നിങ്ങളെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്തിയ ആ നെഗറ്റീവ് വികാരങ്ങളോടും അവയ്ക്കു നിമിത്തമായ വ്യക്തികളോടും സംഭവങ്ങളോടും നിങ്ങള്‍ക്കു കൃതജ്ഞത തോന്നിത്തുടങ്ങും.
2). ഇനി അടുത്ത പടി ചെയ്തു നോക്കൂ. നിങ്ങള്‍ക്കു സ്വയം ഇഷ്ടം തോന്നാത്ത നിങ്ങളുടെ ചില പ്രവൃത്തികള്‍, സംസാരങ്ങള്‍, വികാരങ്ങള്‍ ഒക്കെ ഒന്നു പരിഗണിക്കുക. നിങ്ങളുടെ വൈകല്യങ്ങള്‍, കുറവുകള്‍, തെറ്റുകള്‍, മതിഭ്രമങ്ങള്‍, പറ്റിപ്പിടിച്ചിരിക്കലുകള്‍, വട്ടുകള്‍, പാപങ്ങള്‍ എല്ലാം എല്ലാം നോക്കിക്കാണുക. നിങ്ങളുടെ വളര്‍ച്ചയിലെ അവിഭാജ്യഘടകങ്ങളായിരുന്നു അവയെന്ന് ഇപ്പോള്‍ നിങ്ങള്‍ തിരിച്ചറിയുന്നുണ്ടോ? നിങ്ങള്‍ക്ക് ഒട്ടും ഇഷ്ടമില്ലാതിരുന്ന ചില കാര്യങ്ങളില്‍ കൂടുതല്‍ വളര്‍ച്ചക്കുള്ള സാധ്യതകള്‍ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് നിങ്ങള്‍ അനുഗ്രഹമായി മാറിയതിനു പിന്നില്‍ അവയൊക്കെ പങ്കുവഹിച്ചിട്ടുണ്ട്.
നിങ്ങള്‍ എന്നെങ്കിലും പ്രശ്നക്കാരിയോ വേദനിപ്പിക്കുന്നവളോ ആയി മറ്റുള്ളവര്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍, ആ നിമിഷം നിങ്ങള്‍ അവര്‍ക്കു ഗുരുവായി മാറുകയായിരുന്നു. കാരണം ആ പ്രശ്നവും നൊമ്പരവും അവരെ സ്വയം കണ്ടെത്തുന്നതിലേക്കും വളര്‍ച്ചയിലേക്കും നയിച്ചിട്ടുണ്ട്. ഇത്തരം നിരീക്ഷണത്തില്‍ നിങ്ങള്‍ വേണ്ടത്ര സമയം ചെലവഴിക്കുക. അങ്ങനെ നിങ്ങളുടെ ജീവിതത്തില്‍ വന്നുഭവിച്ച നെഗറ്റീവായ കാര്യങ്ങളെല്ലാം അനുഗ്രഹമായിരുന്നുവെന്നു നിങ്ങള്‍ തിരിച്ചറിയുന്നു. ഇത്തരം തെറ്റുകള്‍ കൂടാതെ നിങ്ങള്‍ക്കും ലോകത്തിനും ഇത്രമാത്രം നന്മ ഉണ്ടാകുമായിരുന്നില്ല.
ഇപ്പറഞ്ഞതൊക്കെ നിങ്ങള്‍ക്കു ചെയ്യാനായാല്‍, ജീവിതത്തില്‍ സംഭവിച്ച എല്ലാറ്റിനോടും നിങ്ങള്‍ക്കു സ്നേഹവും നന്ദിയും ഉണ്ടാകും. നിങ്ങളുടെ ഉള്ള് ശാന്തിയും സമാധാനവും കൊണ്ടു നിറയും. എല്ലാവരും എവിടെയും എപ്പോഴും അന്വേഷിക്കുകയും എന്നാല്‍ ഒരിക്കലും കണ്ടെത്താതിരിക്കുകയും ചെയ്യുന്ന അക്കാര്യം അങ്ങനെ നിങ്ങള്‍ കണ്ടെത്തും. അതായത്, ഓരോ മനുഷ്യഹൃദയത്തിലും ഒളിഞ്ഞിരിക്കുന്ന ഒരിക്കലും വറ്റാത്ത, ശാന്തിയുടെയും സന്തോഷത്തിന്‍റെയും ഉറവ.