top of page

നല്ല മലയാളം

Apr 1

1 min read

ചാക്കോ സി. പൊരിയത്ത്
A KSRTC Bus.

ഒരു കെ.എസ്.ആര്‍.ടി.സി. ബസിന്‍റെ മുമ്പിലെ ബോര്‍ഡില്‍ കണ്ടത്: "തീര്‍ഥാടനയാത്ര".

ശബരിമലയ്ക്കുള്ള സ്പെഷ്യല്‍ ബസാണെന്നു തോന്നുന്നു.

'അടനം' എന്ന പദത്തിന് യാത്രയെന്നാണര്‍ഥം. സഞ്ചാരം, ചുറ്റിത്തിരിയല്‍ എന്നും അര്‍ഥമുണ്ട്.

തീര്‍ഥാടനം, തീര്‍ഥയാത്ര - ഇവയിലൊന്നേ ബോര്‍ഡില്‍ ചേര്‍ക്കേണ്ടിയിരുന്നുള്ളുവെന്നു സാരം.

*********


"Bumper' എന്ന ആംഗലപദത്തിന്‍റെ ഉച്ചാരണം 'ബമ്പര്‍' എന്നാണ്, 'ബംമ്പര്‍' എന്നല്ല.

തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പോലുള്ള പ്രയോഗങ്ങള്‍ നമുക്കു പരിചിതമാണ്. അസാധാരണമാംവിധം സമൃദ്ധമായ - എന്ന അര്‍ഥമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഈ പദത്തിനുള്ളത്.

ഭാഷാപ്രയോഗത്തിന്‍റെ നിയമങ്ങളെ മാനിക്കാത്ത മലയാളിക്ക് ഈ വാക്ക് ശരിയായി ഉച്ചരിക്കാനറിയാം, രേഖപ്പെടുത്തുമ്പോള്‍ പക്ഷേ, തെറ്റിക്കും!

കരിംമ്പന, പനംകുരു, പംമ്പാനദി, നെടുംകുന്നം - എന്നൊക്ക എഴുതുന്നതു തെറ്റാണല്ലോ. ആ പദങ്ങള്‍ യഥാക്രമം കരിമ്പന, പനങ്കുരു, പമ്പാനദി, നെടുങ്കുന്നം എന്നിങ്ങനെയാണെഴുതേണ്ടത്.

'നിനക്കു നാണംമുണ്ടോ?' എന്ന്, അക്ഷരമുറയ്ക്കാത്ത കുട്ടികള്‍ എഴുതിക്കണ്ടിട്ടുണ്ട്. അത്തരമൊരു വികലപ്രയോഗം തന്നെ മേല്‍ചേര്‍ത്ത എഴുത്തിലേതും!

Apr 1

0

2

Recent Posts

bottom of page