

മനസ്സ് വല്ലാതെ ഭാരപ്പെടുമ്പോഴൊക്കെ വീട്ടിലെ സ്വീകരണമുറിയിലെ അക്വേറിയത്തിലേക്ക് ഞാന്‍ ഏറെ നേരം നോക്കിയിരിക്കാറുണ്ട്. പല നിറത്തിലുള്ള മീനുകള്‍ നീണ്ട വാലിട്ടിളക്കി നീന്തി കളിക്കുന്നത് കാണാന്‍ എന്ത് ഭംഗിയാണ്. അവയെ നോക്കിയിരുന്നാല്‍ സമയവും മനസിന്‍റെ ഭാരവും പോകുന്നതറിയില്ല. എന്‍റെ മക്കളുടെ അഭിപ്രായത്തില്‍ ആ മീനുകളാണ് ലോകത്തില്‍ ഏറ്റവും ഭാഗ്യമുള്ളവര്‍. ഹോംവര്‍ക്കും ചെയ്യണ്ട, സ്കൂളിലും പോകേണ്ട, ചുമ്മാ നീന്തി കളിച്ചു നടന്നാല്‍ പോരേ. ശരിയാണ്, അവര്‍ എത്ര സന്തോഷമുള്ളവരാണെന്ന് ഞാനും ചിന്തിക്കാറുണ്ട്. എന്നാല്‍ വീടിനു താഴെ ഒരു പുഴ ഒഴുകുന്നുണ്ടെന്നും അത് ചെന്നെത്തുന്നത് വിശാലമായ കടലിലാണെന്നും അറിഞ്ഞാല്‍ അവര്‍ക്ക് ഈ സന്തോഷം ഉണ്ടാകുമോ. തങ്ങള്‍ക്കു നഷ്ടപ്പെട്ട സ്വാതന്ത്ര്യത്തെപ്പറ്റിയവര്‍ ചിന്തിക്കില്ലേ. അവര്‍ ആ ചില്ലുകൂടിന്‍റെ ഭിത്തികള്‍ കാണും. അത് പൊട്ടിക്കാനായിരിക്കില്ലേ പിന്നീടുള്ള അവരുടെ ശ്രമങ്ങള്‍ മുഴുവന്‍.
ഇതുപോലെ ചില്ലുകൂട്ടിലടച്ച എത്രയെത്ര മനുഷ്യജീവിതങ്ങള്‍ ഉണ്ടെന്ന് ചിലപ്പോളൊക്കെ തോന്നാറുണ്ട്. പുറമേ നോക്കിയാല്‍ മനോഹരമെന്ന് തോന്നിപ്പിക്കുന്ന, ബന്ധനമാണെന്ന് ബന്ധിക്കുന്നവര്‍ക്കോ ബന്ധിക്കപ്പെട്ടവര്‍ക്കോ പോലും തിരിച്ചറിയാനാവാത്ത ചില ബന്ധങ്ങള്‍. ജീവിതത്തില്‍ ഒറ്റയ്ക്കാവുന്നതാണ് ഏറ്റവും വലിയ വേദനയെങ്കില്‍ ബന്ധങ്ങളില്‍ കുരുങ്ങി ബന്ധനത്തിലാകുന്നത് അതിനേക്കാള്‍ വലിയ വേദനയല്ലേ. ബന്ധുര കാഞ്ചന കൂട്ടിലെങ്കിലും ബന്ധനം ബന്ധനം തന്നെയെന്ന് കവി പാടിയത് വെറുതെയല്ല.
ഇന്ന് ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന, ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ് 'ടോക ്സിക്ക് റിലേഷന്‍ഷിപ്പ്'. ബന്ധങ്ങള്‍ എവിടെയൊക്കെ ബന്ധനങ്ങളാകുന്നോ അവയെല്ലാം ടോക്സിക് റിലേഷന്‍ഷിപ് ആയി മാറുന്നു. അത് ദാമ്പത്യത്തില്‍ ആയാലും, പ്രണയത്തിലായാലും, സൗഹൃദത്തിലായാലും, പേരെന്‍റിങ്ങില്‍ ആയാലും.
ഒരു താലി ചരടില്‍ തുടങ്ങി ഒരു മുഴം കയറില്‍ അവസാനിക്കുന്ന കുറേ അധികം ജീവിതങ്ങള്‍ ഈ അടുത്ത കാലത്തായി വാര്‍ത്തകളില്‍ നിറയുന്നുണ്ട്. സ്ത്രീധനത്തിന്‍റെ പേരില്‍, സൗന്ദര്യത്തിന്‍റെ പേരില്‍, കഴിവിന്‍റെയും ജോലിയുടെയും പേരില്‍, മറ്റു ബന്ധങ്ങളുടെ പേരില്‍, ആ ലിസ്റ്റിലേയ്ക്ക് ഒത്തിരിയേറെ പേരുകള്‍ ചേര്‍ക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. തന്‍റെ കാര്യങ്ങള്‍ നോക്കുന്ന ഭാര്യ എന്നതിനപ്പുറം സ്ത്രീയെ ഒരു വ്യക്തിയായി അംഗീകരിക്കാത്ത ഭര്‍ത്താക്കന്മാരും, വിവാഹം കഴിഞ്ഞാല്‍ പുരുഷനെ തന്‍റെ ചൊല്പടിക്ക് നിറുത്താന്‍ ശ്രമിക്കുന്ന ഭാര്യമാരും പരസ്പരം ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്നു. മക്കളെയോര്‍ത്ത്, സമൂഹത്തെ പേടിച്ച്, സ്വന്തം കാലില്‍ നില്‍ക്കാന്‍ കെല്‍പ്പില്ലാത്തതുകൊണ്ട്, മടങ്ങിചെല്ലാന്‍ ഒരിടം ഇല്ലാത്തതുകൊണ്ട് ഇതൊന്നുമല്ലെങ്കില്‍ ഒരു ട്രോമ ബോണ്ടിങ് കൊണ്ട് ആഗ്രഹിച്ച ജീവിതം ജീവിക്കാനാകാതെ ചില്ലുകൂട്ടിലടച്ച വര്‍ണ്ണ മീനുകളായി ജീവിതം തീര്‍ക്കുന്ന എത്രയോ പേര്‍...
കൈകാലുകള്‍ ബന്ധിച്ച് ഇരുട്ടുമുറിയില്‍ അടയ്ക്കുന്നത് മാത്രമല്ലല്ലോ ബന്ധനം. ചില വാക്കുകള്‍ കൊണ്ട്, പ്രവര്‍ത്തികള്‍ക്കൊണ്ട്, ആശയങ്ങള്‍ക്കൊണ്ടൊക്കെ അപരന്‍റെ മനസ്സിനെയും ചിന്തകളെയും ബന്ധിക്കാന്‍ മനുഷ്യന് സാധിക്കും. ചിലപ്പോഴൊക്കെ അമിത സ്നേഹത്തിന്‍റെയും കരുതലിന്‍റെയുമൊക്കെ ന്യായീകരങ്ങളുണ്ടാകും ചില ബന്ധനങ്ങള്‍ക്ക് പിറകില്‍. അങ്ങനെയുള്ള ഒന്നാണ് 'ടോക്സിക് പേരെന്‍റിംഗ്'. ഒരുപക്ഷെ പാര്‍ട്ണര്‍ഷിപ്പിലുള്ള ടോക്സിസിറ്റിയേക്കാള്‍ ഭീകരമായി ഇത് മാറാറുണ്ട്. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതുകൊണ്ട്, അല്ലെങ്കില്‍ പേരെന്‍റിങ്ങില്‍ വരുന്ന വീഴ്ചകള്‍ക്കൊണ്ടൊക്കെ മുറിപ്പെട്ടുപോയ എത്രയോ ബാല്യങ്ങളുണ്ട്. ഒത്തിരിയേറെ ശ്രദ്ധ വേണ്ട, ക്ഷമ വേണ്ട, വിവേകം വേണ്ട ഒന്നാണ് പേരെന്‍റിംഗ് എന്ന തിരിച്ചറിവുണ്ടാക്കാന്‍ അമ്മയായതിനു ശേഷം കുറേ അധികം നാള്‍ വേണ്ടി വന്നു. ഞാന്‍ മാതൃക നല്‍കി പരിശീലിപ്പിക്കുന്ന എന്‍റെ മക്കള്‍ നാളത്തെ സമൂഹത്തിനുള്ള എന്‍റെ സംഭാവന കൂടിയാണെന്നുള്ള ബോധ്യം എന്നെ അല്പം ആശങ്കപ്പെടുത്തുന്നതായിരുന്നു.
ഒരു തിരഞ്ഞെടുപ്പിനോ ഇറങ്ങിപ്പോകലിനോ സാധ്യത പോലും ഇല്ലാത്ത ഇത്രയേറെ ഗൗരവമേറിയ ഒരു ഉത്തരവാദിത്വത്തിലേയ്ക്ക് എത്ര ലാഘവത്തോടെയാണ് മനുഷ്യന്‍ നടന്നു കയറുന്നത്. പുറംലോകത്തിലെ അപകടങ്ങളില്‍ വീഴാതിരിക്കാന്‍, കഷ്ടപാടുകള്‍ അറിയാതിരിക്കാന്‍ എല്ലാ സൗകര്യങ്ങളും നല്‍കി ചില്ലുകൂട്ടിലടച്ചു വളര്‍ത്തുന്ന നമ്മുടെ മക്കള്‍ നാളെ പ്രതിസന്ധികളുടെ ആഴക്കടലില്‍ പെട്ടുപോകുമ്പോള്‍ നീന്തി കയറാനാകാതെ തളര്‍ന്നു പോയേക്കാം. ഒരു ചെറിയ ശകാരം പോലും താങ്ങാനാകാതെ ജീവിതത്തില്‍ നിന്നു 'എക്സിറ്റ്' ആയേക്കാം. പലപ്പോഴും അമിത നിയന്ത്രണങ്ങള്‍ കൊണ്ട് മക്കളെ നമ്മള്‍ ശ്വാസം മുട്ടിക്കുന്നുണ്ട്. ഒരു കുഞ്ഞ് മാതാപിതാക്കളില്‍നിന്നും ഏറ്റവുമധികം കേള്‍ക്കുന്ന വാക്ക് 'നോ' ആണെത്രെ..എന്നാല്‍, മാതാപിതാക്കളുടെ എല്ലാ അരുതുകളും ബന്ധനങ്ങള്‍ അല്ലെന്നും ചിലതൊക്കെ അപകടങ്ങളില്‍ നിന്ന് നമ്മെ പൊതിഞ്ഞു പിടിക്കലാണെന്നും മക്കളെയും ഓര്‍മ്മപ്പെടുത്തട്ടെ..
ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആകാതിരിക്കാന്‍ എന്താണ് ചെയ്യുക..
തിരഞ്ഞെടുപ്പ് സാധ്യമായ ബന്ധങ്ങളില്‍ കുറച്ചുകൂടി ശ്രദ്ധയും വിവേകവും ഉണ്ടായിരിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. മുറിപ്പെടുത്തി ഇറങ്ങി പോരുന്നതിനേക്കാള്‍ എത്രയോ നല്ലതാണിത്. മനുഷ്യനെ പൂര്‍ണമായി മനസ്സിലാക്കി ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിയുമോ എന്നൊരു മറുചോദ്യം ഉണ്ട്. ഇല്ല എന്നു തന്നെയാണ് ഉത്തരം. പിന്നെയോ...?
ഒറ്റ മാര്‍ഗ്ഗമേ ഉള്ളൂ. ഞാന്‍ മാത്രമാണ് ശരി എന്ന് കാണുന്ന ആ കണ്ണട ഊരി മാറ്റി യാഥാർത്ഥ്യത്തിന്‍റെ കണ്ണുകള്‍ കൊണ്ട് നമ്മുടെ ഉള്ളിലേയ്ക്കൊന്ന് നോക്കാം. നമ്മുടെ ബന്ധങ്ങളില്‍ നാം എങ്ങനെയാണെന്നു ചിന്തിക്കാം. ഒരു പാര്‍ട്ണര്‍ എന്ന നിലയില്‍, ഒരു പേരെന്‍റ് എന്ന നിലയില്‍, ഒരു സുഹൃത്തെന്ന നിലയില്‍, ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍, ഒരു സാമൂഹികജീവി എന്ന നിലയില്‍ ഞാന്‍ എന്നെ എങ്ങനെ വിലയിരുത്തുന്നു. എന്‍റെ ബന്ധനത്തില്‍ കുരുങ്ങി ആരെങ്കിലും ശ്വാസം മുട്ടുന്നുണ്ടോ? എന്‍റെ സാന്നിധ്യം ആര്‍ക്കെങ്കിലും മടുപ്പുണ്ടാക്കുന്നുണ്ടോ? എന്‍റെ സ്വഭാവത്തിലെ ചെറിയ ചില മാറ്റങ്ങള്‍ കൊണ്ട്, ചില വിട്ടുകൊടുക്കലുകള്‍ കൊണ്ട്, അല്പം സമയം കൊടുക്കുന്നതുകൊണ്ട്, ചില മനസ്സിലാക്കലുകള്‍കൊണ്ട് ബന്ധങ്ങള്‍ കുറച്ചുകൂടി ഊഷ്മളമാക്കാന്‍ എനിക്ക് സാധിക്കുമോ? ഇടയ്ക്കൊക്കെ ജീവിതത്തിന്‍റെ സ്പീഡ് ഒന്ന് കുറച്ചിട്ട് ഇങ്ങനെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാം. സ്വന്തം ജീവിതത്തിന്‍റെ മൂല്യങ്ങള്‍ തിരിച്ചറിഞ്ഞ് നല്ല ബന്ധങ്ങള്‍ സൃഷ്ടിച്ച്, നല്ല ചിന്തകള്‍ പങ്കുവെച്ച് ജീവിതം അല്‍പ്പംകൂടി അര്‍ഥപൂര്‍ണമാക്കാം.
നമുക്ക് തിരുത്താന്‍ ഏറ്റവുമെളുപ്പം നമ്മളെ തന്നെയാണല്ലോ.
ചില്ലുകൂട്ടിലെ വര്‍ണ്ണ മീനുകള്‍
റോണിയ സണ്ണി
അസ്സീസി മാസിക, സെപ്റ്റംബർ 2025





















