

എത്രയെത്ര നഷ്ടങ്ങളുടെ സഞ്ചിതഭാവത്തെ വിളിക്കേണ്ട പേരാണ് ജീവിതം. വീടിനുള്ളില്‍ കളഞ്ഞുപോയ നാണയത്തെച്ചൊല്ലി പരിഭ്രാന്തയാകുന്ന സ്ത്രീയുടെ കഥ യേശു പറഞ്ഞിട്ടുണ്ട്. വല്ലാത്ത കനം തരുന്ന ഒന്നാണത്. ഒത്തിരി പുനര്‍വായനകള്‍ ആവശ്യപ്പെടുന്നത്. വീടിനകത്തെ നാണയമെന്ന വിശേഷണം ശ്രദ്ധിക്കണം. വിനിമയം ചെയ്യപ്പെടുന്ന ഇടവുമായി ആപേക്ഷികമാണ് നാണയത്തിന്‍റെ മൂല്യം. ഏതു പ്രായത്തില്‍ കടന്നുപോയാലും അച്ഛനും അമ്മയും ഇല്ലാതെയാകുമ്പോള്‍ ഒരാള്‍ യത്തീം ആകുന്നതുപോലെ. ഉറ്റവരാണ് നമ്മളെ ഉടയവരാക്കുന്നത്. അവരുടെ അഭാവത്തില്‍ തിരക്കുള്ള ഒരു തീവണ്ടി സ്റ്റേഷനിലെത്തിയ ഒരാളെപ്പോലെ അപ്രസക്തനാകുന്നു നിങ്ങള്‍. ചങ്ങാതിയുടെ കൂടാരത്തില്‍ വച്ചാണ് എനിക്ക് പരിക്കേറ്റതെന്ന പ്രവാചകമൊഴികളില്‍ പറയുന്നതുപോലെ പ്രിയമുള്ള ഇടങ്ങളില്‍ കളഞ്ഞുപോകുന്ന നമ്മള്‍. ഒരു പെണ്‍കുട്ടി വളരുമ്പോള്‍ പോലും പുറത്തുള്ളവരെ സൂക്ഷിക്കണമെന്നാണ് നമ്മള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഉറ്റവരില്‍നിന്നും അവര്‍ക്ക് ലഭിച്ച പരിക്കിനോളം വരുന്നില്ല പുറം ലോകത്തിന്‍റെ ഒരഭംഗിയും.
ആ ചലച്ചിത്രം ഓര്‍മ്മിപ്പിച്ചത് അതാണ്. അമ്മയുടെ മരണവാര്‍ത്ത അറിഞ്ഞെത്തുന്ന തടവറയിലെ മകന്‍. തീരെ സൗഹൃദമില്ലാത്ത ദേശക്കാരുടെ ശരീരഭാഷയിലേക്കാണ് അവന്‍ വന്നുപെട്ടത്. ആള്‍ക്കൂട്ടം അമ്മയെ വഹിച്ച് പുറത്തു പോകുമ്പോള്‍ വിചിത്രമായ കാര്യമാണ് സംഭവിക്കുന്നത്. ഒരു ക്യാമറയുമായി വീടിന്‍റെ ഓരോ ഇടങ്ങളുടെയും പടം പിടിക്കുന്നു, പല ആംഗിളുകളില്‍ നിന്ന്. ഏത് കോണിലാണ് വീടിനു തന്നെയും തനിക്കു വീടിനെയും കളഞ്ഞുപോയതെന്ന് ക്യാമറാക്കണ്ണിന്‍റെ ഏകാഗ്രതയില്‍ അയാള്‍ തിരയുകയായിരുന്നോ? പിന്നെ ക്യാമറയെ വീടിനുള്ളിലേക്ക് എറിഞ്ഞ് അയാള്‍ തന്‍െറ കുടുസ്സിടത്തിലേക്ക് മടങ്ങി ചുരുണ്ടുകൂടുകയാണ് കീടമാകാന്‍. എവിടെയാണു നമുക്ക് പരസ്പരം നഷ്ടമായത്?
പ്രണയമില്ലാതെ പുണര്‍ന്ന ഉറക്കുമുറിയോ, വല്ലാതെ കയിച്ച അത്താഴമേശയിലോ കരിന്തിരികത്തുന്ന പൂജാമുറിയിലോ നാം കേട്ടില്ലെന്ന് നടിച്ച ആ വൃദ്ധമാതാപിതാക്കളുടെ ജ്വരക്കിടക്കയിലോ... പുറത്തുനിന്നു നോക്കിയാല്‍ വീടോളം ലളിതമായൊരു പടപ്പില്ല - നാല് ചുവരുകള്‍, മേല്‍ക്കൂര തീരുന്നു. സൂക്ഷിച്ചുനോക്കിയാല്‍ എത്ര ഒളിയിടങ്ങള്‍, ഇരുളിടങ്ങള്‍... നിങ്ങള്‍ക്ക് വഴി തെറ്റിപ്പോയെന്ന് തന്നെയിരിക്കും - ചിലപ്പോള്‍ ഒരാളും തിരഞ്ഞെത്തിയില്ലെന്നു വരാം. വീട്ടിലേക്കുള്ള വഴിയെന്ന കുട്ടികള്‍ക്കുള്ള കളിയില്‍ രാവണന്‍ കോട്ടയാണ് നാം വരച്ചുവയ്ക്കുന്നത്. എളുപ്പമല്ല ഈ ഒളിച്ചുകളി. അടൂരിന്‍റെ എലിപ്പത്തായം ഒരിക്കല്‍ക്കൂടി കണ്ടു. ഓരോരുത്തരും വല്ലാതെ പെട്ടുപോകുകയാണ്.
അല്ല, ആരും വരില്ലെന്നു പറയാന്‍ വരട്ടെ. അവള്‍ വരും. നഷ്ടങ്ങളില്‍ അവനെക്കാളേറെ ഉലയുന്നത് അവളാണ്. അവസാനത്തെ നാണയം കണ്ടെത്തുവോളം അവള്‍ക്കെങ്ങനെ സ്വസ്ഥമാകാന്‍ കഴിയും. കൈവശമുള്ളതിനെയോര്‍ത്ത് കളഞ്ഞുപോയതിന്‍റെ ദുഃഖം മറയ്ക്കണമെന്ന ഭാവാത്മകചിന്തയുടെ യുക്തി അവള്‍ക്ക് തീരെ കിട്ടില്ല. അതുകൊണ്ടാണ് ആ പഴയകഥയുടെ പരിഹാസമാവര്‍ത്തിക്കുന്നത്. രണ്ടു മക്കളുണ്ട് അമ്മയ്ക്ക്. ആദ്യത്തേത് പൂക്കാരിയാണ്. രണ്ടാമത്തവള്‍ പപ്പടക്കാരിയും. മഴപെയ്യുമ്പോള്‍ തന്‍റെ പപ്പടമുണക്കുന്ന മകള്‍ക്കെന്തുപറ്റുമെന്നോര്‍ത്ത് അവള്‍ കരഞ്ഞുകൊണ്ടിരുന്നു. വേനലാകുമ്പോള്‍ തന്‍റെ പൂക്കാരിമകള്‍ എന്തുചെയ്യുമെന്നോര്‍ത്തും. കരച്ചില്‍ തുടരുന്നു. മഴക്കാലത്ത് പൂക്കാരി മകളെയും വേനലില്‍ അപരയെയും ഓര്‍ത്ത് ആനന്ദിക്കണമെന്ന ഗുരുവിന്‍റെ യുക്തി അവള്‍ക്ക് പിടിത്തം കിട്ടാഞ്ഞിട്ടല്ല. അങ്ങനെയാണവളുടെ മനസ്സ്. നഷ്ടങ്ങളെല്ലാം വീണ്ടെടുക്കുവോളം സ്വാസ്ഥ്യം കിട്ടാത്തമട്ടില്‍. ഉദാഹരണത്തിന് ജീവിതം അവള്‍ക്ക് കൈമാറിയത് വീഞ്ഞുകോപ്പയില്‍ മുങ്ങിപ്പോയൊരു പുരുഷനെയാണെന്ന് വിചാരിക്കുക. ജീവിതത്തിന്‍റെ രുചികളും അഭിരുചികളും പാടേ നഷ്ടപ്പെട്ടൊരാള്‍. ഉപവാസവും നൊവേനയും കലഹവും തിരുത്തലും നിലവിളിയുമൊക്കെയായി അവനെ അവള്‍ അനുധാവനം ചെയ്യുകയാണ്. നമുക്കതില്‍ തീരെ വിശ്വാസമില്ല. അവളാകട്ടെ അയാളെയും വിളിച്ചുകൊണ്ട്ഓരോരോ ധ്യാനകേന്ദ്രങ്ങളിലോ, ഇപ്പശരിയാക്കിത്തരാം എന്നു പറയുന്ന നാട്ടുവൈദ്യന്മാരുടെ ഉറപ്പിലോ ഇടറിയിടറി അങ്ങനെ...
നഷ്ടങ്ങളുടെ പുത്തന്‍പാനപാടി നേരം വെളുപ്പിക്കുന്നതില്‍ കഥയില്ല. എങ്കിലും ചില നഷ്ടങ്ങള്‍ പരാമര്‍ശിക്കാതെ എന്തു ചെയ്യും. എത്ര പെട്ടെന്നാണ് കൗമാരക്കാരനായ നിങ്ങളുടെ മകനോ മകളോ നിങ്ങളുടെ വിരലുകള്‍ക്കിടയിലൂടെ വഴുതിപ്പോയത്. നിങ്ങളൊരു മോശം അച്ഛനും അമ്മയും ആയതുകൊണ്ടല്ല, ചില പ്രായത്തിന്‍റെ പ്രത്യേകതകൊണ്ടാണെന്ന് തോന്നുന്നു. ഒറ്റമൂലികളൊന്നുമില്ല. നല്ലൊരു മകനായ യേശുപോലും വഴുതിപ്പോയ കഥയുമായാണ് സുവിശേഷം ആരംഭിക്കുന്നതെന്നോര്‍ക്കണം നഷ്ടപ്പെട്ട നീലാംബരിയെന്ന പേരില്‍ മാധവിക്കുട്ടിയുടെ മനോഹരമായ പ്രണയകഥയുണ്ട്. വിശാലമായ അര്‍ത്ഥത്തില്‍ ആ പദം ഏതിനും വഴങ്ങും. താരാട്ടിന്‍റെ ഈണമാണ് നീലാംബരി. സ്വാസ്ഥ്യവും ശാന്തിയും കളഞ്ഞുപോകുമ്പോള്‍ വീടിനോളം കഠിനമായ ഒരു ദുരന്തമില്ല.
അങ്ങനെ പൈതങ്ങള്‍തൊട്ട് വയോധികര്‍വരെ നഷ്ടങ്ങളുടെ വിളുമ്പിലാണ് നില്‍ക്കുന്നത്. അവരുടെ ഓര്‍മ്മകള്‍ നഷ്ടമാകുന്നതല്ല നമ്മുടെ ഓര്‍മ്മകള്‍ മങ്ങുന്നതാണ് ശരിയായ പ്രശ്നം. ഒരു കായികമായ കടമ്പയെന്ന നിലയില്‍ വാര്‍ദ്ധക്യത്തെ അധികംപേരും ഭയക്കുന്നില്ലെന്ന് തോന്നുന്നു. എന്നാല്‍, നോക്കിനില്‍ക്കെ തങ്ങള്‍ അപ്രസക്തരായി തീരുന്നു എന്ന അറിവ് ആരെയും ഉലച്ചേക്കും. സെവന്‍ത് ക്യാറ്റ് എന്നൊരു ജാപ്പനീസ് കഥയുണ്ട്. സിനിമകാണുന്ന രണ്ടുപേര്‍ വെള്ളിത്തിരയില്‍ അവര്‍ കണ്ട, യൗവ്വനം തിരികെത്തരുന്ന വളരെ പ്രത്യേകതയുള്ള ഒരു വീഞ്ഞിന്‍റെ പരാമര്‍ശത്തില്‍പ്പെട്ടുപോകുന്നു. അതുണ്ടാക്കാന്‍ പറ്റുന്ന പഴങ്ങള്‍ തേടി ചിത്രത്തിനൊടുവില്‍ അവര്‍ കാടുകേറുകയാണ് - വയോധികരാണവര്‍. ഒരു ചിരിയും അവര്‍ നമ്മളിലുണര്‍ത്തുന്നില്ല. അവര്‍ക്കു നമ്മളില്‍ നിലനില്‍ക്കാനുള്ള പോംവഴി ഇതേ ഉള്ളൂ എന്ന് വിശ്വസിക്കുന്ന വൃദ്ധര്‍, ക്രൂരമായ ഫലിതമാണ്.
ടീസ്പൂണ്‍ എന്ന ഹ്രസ്വചിത്രത്തെക്കുറിച്ച് പറയാതിരിക്കാനാവുന്നില്ല. തളര്‍ന്നുകിടക്കുന്ന അച്ഛനുണ്ട് വീട്ടില്‍, ഭര്‍ത്താവിന്‍റെ. അവര്‍ വളരെ നല്ലൊരു സ്ത്രീ തന്നെയാണ്. ഒരു സ്പൂണുകൊണ്ട് കൊട്ടിയാണ് അയാള്‍ തന്‍റെ ആവശ്യം അറിയിച്ചു കൊണ്ടിരിക്കുന്നത്. ടക് ടക് എന്ന ശബ്ദം പലതും ചെയ്യുന്നതില്‍ നിന്ന് അവളെ തടസ്സപ്പെടുത്തുന്നുണ്ട്. അവളുടെ ജീവിതം അയാളുടെ കിടക്കയില്‍ കുരുങ്ങിക്കിടക്കുന്നതായി തോന്നലുള്ളപ്പോഴും അനുചിതമായി പെരുമാറാതിരിക്കുവാന്‍ അവള്‍ ശ്രദ്ധിക്കുന്നുണ്ട്. എന്നിട്ടും വല്ലാതെ ഭ്രാന്തുപിടിച്ച ഒരുദിവസം അവള്‍ക്കൊരു കൈപ്പിഴ പറ്റുന്നുണ്ട്. തകര്‍ന്നുപോയവള്‍. സാധാരണ ജീവിതത്തിലേക്ക് വരാന്‍ കഠിനമായി പ്രയത്നിക്കുന്നൊരുനാളില്‍ അവള്‍ ആ ശബ്ദം വീണ്ടും കേട്ടുതുടങ്ങി. ഒരു നടുക്കത്തോടെ അവള്‍ തിരിച്ചറിഞ്ഞു അത് അയാളാണ്, തന്‍റെ പുരുഷന്‍. അച്ഛനെപ്പോലെ അയാളും അതു ചെയ്യുകയാണ്. സോസറില്‍ സ്പൂണുകൊണ്ട് മെല്ലെത്തട്ടിത്തട്ടി ടക് ടക് ടക്...
ഗാര്‍ഹികപരിസരങ്ങളിലും പശ്ചാത്തലങ്ങളിലും മാത്രമാണ് നഷ്ടങ്ങളെന്ന് തെറ്റിധാരണയൊന്നുമില്ല. ആരംഭിക്കാനൊരിടം എന്ന മട്ടില്‍ ഇതിനെ കരുതിയാല്‍ മതി. നാണയത്തെ തിരികെ പിടിക്കുക എന്നതിന്‍റെ അര്‍ത്ഥം ഓരോന്നിന്‍റെയും കളഞ്ഞുപോയ മൂല്യത്തെ പുനഃസ്ഥാപിക്കുക എന്നുതന്നെയാണ്. ഒരു മേനിക്കുവേണ്ടി ചുരുട്ടിയാലും കുപ്പത്തൊട്ടിയിലിട്ടാലും ഒരു കറന്‍സിയുടെ വില നഷ്ടമാവില്ലെന്ന് പറഞ്ഞാലും കാര്യങ്ങള്‍ അങ്ങനെയല്ലല്ലോ വേണ്ടത്. ഉത്തരേന്ത്യന്‍ കോടതി വളപ്പുകളില്‍ സംവത്സരങ്ങളായി കുടിയേറിപ്പാര്‍ക്കുന്ന ഗ്രാമീണ മനുഷ്യരുടെ ബാഹുല്യത്തെക്കണ്ട് അമ്പരന്ന ആനന്ദ് 'ഗോവര്‍ധനന്‍റെ യാത്ര'യില്‍ കാലം നീതിയില്‍നിന്നു ജനിക്കുന്നുവെന്നും നീതി നഷ്ടമായ സമൂഹത്തിന് കാലം നഷ്ടമാകുന്നുവെന്നും ഒരു പക്ഷേ, കാരുണ്യത്തെക്കാള്‍ നീതിയാണ് എല്ലാ ബന്ധങ്ങളിലും മനുഷ്യര്‍ അര്‍ഹിക്കുന്നത്. നീതി വൈകിക്കുക എന്നതിന്‍റെ അര്‍ത്ഥം ഓരോരുത്തരില്‍നിന്നും അവരുടെ കാലത്തെ കവര്‍ന്നെടുക്കുകയാണെന്നു അയാള്‍ കരുതി.
ലൂക്കാ 15-ാം അദ്ധ്യായം മുഴുവന്‍ നഷ്ടങ്ങളുടെയും വീണ്ടെടുപ്പിന്‍റെയും കഥകളാണ്. ബാര്‍ക്ലേ നിരീക്ഷിക്കുന്നതുപോലെ അജ്ഞതകൊണ്ട് നഷ്ടമായ ആടിന്‍റെയും അശ്രദ്ധകൊണ്ട് ചോര്‍ന്നുപോയ നാണയത്തിന്‍റെയും അഹന്തകൊണ്ടിറങ്ങിപ്പോയ മകന്‍റെയും കഥ. ഏതൊരു നഷ്ടത്തിനു പിന്നിലും
കാരണങ്ങള്‍ വലിയൊരളവില്‍ ഇവതന്നെയാണെന്ന് സ്വയം ബോധ്യപ്പെടാവുന്നതേയുള്ളൂ. അജ്ഞതയെ ജ്ഞാനം കൊണ്ടും അശ്രദ്ധയെ ധ്യാനംകൊണ്ടും അഹന്തയെ വിനയംകൊണ്ടും പ്രതിരോധിച്ചേ പറ്റൂ. പറുദീസ നഷ്ടത്തിന്‍റെ കഥമാത്രമല്ല നരജീവിതത്തിന്‍റെ തലവര - അത് വീണ്ടെടുപ്പിന്‍റെ കഥ കൂടിയാണ്. കുടുംബബന്ധങ്ങളെ പ്രമേയമാക്കിയുള്ള ഏതാനും ചിത്രങ്ങളില്‍ റൂബിക്സ് ക്യൂബ് ഒരു രൂപകമാണ്. അത്ര എളുപ്പമല്ല ആ ആറു പ്രതലങ്ങളിലെ വര്‍ണങ്ങള്‍ വീണ്ടെടുക്കുവാന്‍ - എന്നാല്‍ അസാധ്യവുമല്ല. 432520003274489856000 സാധ്യതകളാണുള്ളത്. ഇങ്ങേയറ്റത്ത് ഇരുപത് നീക്കങ്ങള്‍ കൊണ്ട് കാര്യങ്ങള്‍ ഒപ്പിക്കുന്ന അതിബുദ്ധിമാന്‍മാരുണ്ട്. ചുരുക്കത്തില്‍ അസാധാരണമായ ഇച്ഛാശക്തിയിലാണ് ഈ കളിയുടെ പൊള്ളുന്ന ഭംഗി. ഒരു അദൃശ്യ ക്യൂബിനെ നിദ്രയിലും ജാഗരണത്തിലും സദാ തിരിച്ചു കൊണ്ടിരിക്കുന്നത് സ്ത്രീകളാണ്. ഒരു ദിവസം എല്ലാം നേരെയാകും ഒരിക്കലെങ്കിലും സ്വയം നഷ്ടമായ ആ തച്ചന്‍റെ ആണിപ്പഴുതുള്ള കരങ്ങളിലാണ് അവരുടെ അഭയം. ഞങ്ങളുടെ ഉറ്റവരെ ആരോ മോഷ്ടിച്ചോണ്ടു പോയി എന്നാണവര്‍ മഗ്ദലനായിലെ മറിയത്തെപ്പോലെ ദൈവത്തോട് പരാതി പറയുന്നത്. അവരുടെ വിശ്വാസം അവരെ രക്ഷിക്കുമോയെന്ന് നമുക്കറിഞ്ഞുകൂടാ. എന്നാലത് നമ്മളെ മുങ്ങാതെ കാക്കുന്നുണ്ട്.
അവള്‍ക്കും അവര്‍ക്കും സ്തുതിയായിരിക്കട്ടെ. ഒരു വേലിയിറമ്പില്‍നിന്ന് അടുത്ത വീട്ടിലേക്കു നോക്കി ഒരു ഗ്രാമീണ സ്ത്രീ വിളിച്ചു പറയുന്നുണ്ട്. താത്തീ, ഇത്തവണത്തെ ഓണത്തിന് അവന്‍ വരുമെന്ന് പറഞ്ഞു. അവരില്‍ ആരുടെ മിഴികളാണ് ഇപ്പോള്‍ കൂടുതല്‍ നിറയുന്നത് - നഷ്ടപ്പെട്ടവര്‍ക്കു മാത്രമറിയാവുന്ന ഒരു രഹസ്യമാണത്.























