ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Nov 3
പ്രളയതാണ്ഡവം കഴിഞ്ഞ് സൂര്യന്‍ ഉദിച്ചിട്ടും അനേകം വീടുകളിലും മനസ്സുകളിലും ഇനിയും പ്രകാശം കടന്നുചെന്നിട്ടില്ല. സ്വപ്നങ്ങളും അധ്വാനവും ജീവിതവും പ്രളയം അത്രയ്ക്കു കവര്‍ന്നെടുത്തുകൊണ്ടുപോയി. പ്രളയത്തില്‍ ഒലിച്ചുപോയത് മനുഷ്യരും ജീവികളും മരങ്ങളും മാത്രമല്ല, ദൈവങ്ങളുമാണ്. നീലിമംഗലത്ത് മുങ്ങിപ്പോയ കുരിശുപള്ളിയില്‍നിന്ന് ഓടിയിറങ്ങി, അവിടുത്തെ അമ്പലത്തില്‍ ദേവിയുടെ അടുത്ത് അഭയം തേടിയ കന്യകാമറിയത്തിന്‍റെ പ്രതിമ നാം പത്രത്തില്‍ കണ്ടതാണ്. പ്രളയത്തില്‍ കൈനീട്ടി വിളിച്ചപ്പോള്‍ രക്ഷിക്കാന്‍ വന്നത് ദൈവങ്ങളായിരുന്നില്ല, സാധാരണ മനുഷ്യരായിരുന്നുവെന്ന് അവിശ്വാസികള്‍ പ്രളയകാലത്തുതന്നെ പറഞ്ഞുതുടങ്ങിയിരുന്നു. പ്രളയം കഴിഞ്ഞതോടെ വിശ്വാസികളും രംഗത്തു വന്നിരിക്കുന്നു. "ഇതൊക്കെ നടക്കുമെന്ന് പണ്ടേ പ്രവചിച്ചിരുന്നു" വെന്ന് വിശ്വാസികളില്‍ ഒരു കൂട്ടര്‍. "ഇനിയും പാപം ചെയ്താല്‍ അണക്കെട്ടുകള്‍തന്നെ പൊട്ടുമെന്ന്" വിശ്വാസികളില്‍ മറ്റൊരു കൂട്ടര്‍. ഇങ്ങനെ വാദങ്ങളും പ്രതിവാദങ്ങളും അരങ്ങു തകര്‍ക്കുമ്പോള്‍ വേദഗ്രന്ഥം മുന്നോട്ടുവയ്ക്കുന്ന ചില സൂചനകള്‍ നാം ഈ ലേഖനത്തില്‍ പരിഗണിക്കുകയാണ്.
ചില അസംബന്ധവാദങ്ങള്‍
രോഗം, മരണം, പരാജയം, കെടുതി തുടങ്ങിയവ നമ്മുടെ ജീവനും ജീവിതവും അപഹരിക്കുമ്പോള്‍, ദൈവത്തിനുവേണ്ടി വാദിക്കുന്ന ചിലര്‍ പൊതുവെ പറയുന്ന കാര്യങ്ങള്‍ നൂറുശതമാനം അസംബന്ധമാണെന്നു ഈ പ്രളയകാലം തെളിയിച്ചുകഴിഞ്ഞല്ലോ. ഇപ്പറഞ്ഞതു കുറച്ചുകൂടി വ്യക്തമാക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. മനുഷ്യനിലും സമൂഹത്തിലും പെരുകുന്ന തിന്മയാണ് എല്ലാ പ്രളയത്തിനും കാരണമെന്നാണ് ഒന്നാമത്തെ വാദം. ദൈവവചനം നിരന്തരം പ്രഘോഷിച്ചുകൊണ്ടിരിക്കുന്ന പോട്ട ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടായതോടെ ഈ വാദത്തിലെ കഴമ്പില്ലായ്മ വ്യക്തമായി. പ്രളയത്തില്‍ ഒന്നും നഷ്ടപ്പെടാത്തവര്‍ എല്ലാം നഷ്ടപ്പെട്ടവരേക്കാള്‍ നല്ലവരാണ് എന്നുകൂടിയാണല്ലോ ഈ വാദം സമര്‍ത്ഥിക്കുന്നത്. ഇരയെ കൂടുതല്‍ ഇരയാക്കുകയാണ് ഈ വാദം. ബലാല്‍ക്കാരത്തിനു വിധേയമാക്കപ്പെട്ട പെണ്‍കുട്ടിയെ അവള്‍ ധരിച്ച വസ്ത്രത്തിന്‍റെ പേരില്‍ കുറ്റപ്പെടുത്തുന്ന മനസ്സാക്ഷിയില്ലായ്മതന്നെയാണ് ഈ വാദത്തിന്‍റെയും പിന്നില്‍
പ്രളയമുള്‍പ്പെടെ എല്ലാ വേദനകളും ദൈവം നല്‍കുന്നത് മനുഷ്യരെ കൂടുതല്‍ നല്ലവരാക്കാനാണ് എന്നതാണ് മറ്റൊരു വാദം. മുളംതണ്ടില്‍ വീണ ഏഴുമുറിവുകള്‍ ആണല്ലോ അതിനെ ഓടക്കുഴലാക്കുന്നത് എന്ന കാവ്യഭാവനയും ഈ വാദത്തോട് കൂട്ടിവയ്ക്കപ്പെടുന്നു. പ്രളയം മുളംകൂട്ടങ്ങളെയും പിഴുതെടുത്തുകൊണ്ടുപോയി. ഇനിയെങ്ങനെ സംഗീതമുണ്ടാകും? നന്നാകാന്‍ ഇനിയെന്തു ബാക്കിവെച്ചിട്ടുണ്ട് പ്രളയം? മാലാഖയെ സ്വപ്നം കണ്ടു ചിരിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങള്‍ ഉറക്കത്തിനിടയിലാണ് ഒലിച്ചുപോയത്. അവര്‍ ഇനി എങ്ങനെ നന്നാകും
പ്രളയം ദൈവം നല്കുന്ന പാഠവും മുന്നറിയിപ്പുമാണെന്നും ചിലര്‍ പറയുന്നു. പണ്ട്, നമ്മുടെ നാട്ടില്‍ രാജ്യദ്രോഹം ചെയ്തവരെ (എന്നുവച്ചാല്‍ തിരുവായ്ക്ക് എതിര്‍വാ പറഞ്ഞവരെ) ഇരുമ്പുകൂട്ടിലടച്ച്, മരത്തിന്‍റെ കൊമ്പില്‍ തൂക്കിയിടുമായിരുന്നല്ലോ. വെയിലേറ്റ്, വെള്ളം കിട്ടാതെ, അവസാനം മരിച്ച് പക്ഷികള്‍ക്ക് ഭക്ഷണമായി മാറും ആ ഹതഭാഗ്യര്‍. പ്രജകള്‍ക്ക് ഒരു പാഠവും മുന്നറിയിപ്പും നല്‍കാന്‍ രാജാക്കന്മാര്‍ അവലംബിച്ച രീതിയാണത്. ദൈവത്തിനുവേണ്ടി വാദിച്ചുവാദിച്ച് ചില വേദപ്രസംഗകര്‍ ദൈവത്തെ ഈ രാജാക്കന്മാരുടെ നിലയിലേക്കു തരംതാഴ്ത്തുകയാണ്. അങ്ങനെയൊന്നും ചെയ്യരുതേയെന്ന് അവരോട് താഴ്മയോടെ അപേക്ഷിക്കുന്നു.
ഇനിയുള്ള വാദമാണ് ഏറ്റവും വിചിത്രം: ദൈവം സ്നേഹിക്കുന്നവരെ ദൈവം കൂടുതല്‍ പരീക്ഷിക്കുന്നു. ഒരപ്പന് രണ്ട് ആണ്‍മക്കള്‍. ഒരുവന്‍ കള്ളുകുടിയന്‍. നന്നാകില്ല. അതുകൊണ്ട് അപ്പന്‍ അവനെ പരിഗണിക്കുന്നതേയില്ല. മറ്റവന്‍ ഒന്നാന്തരം. അതുകൊണ്ട് അപ്പന്‍ അവനെ കാലില്‍ പിടിച്ച് നിലത്തടിക്കുന്നു! ഇതുപോലെയാണു ദൈവമെങ്കില്‍ ആ ദൈവത്തിന് സ്ഥിരബുദ്ധിയില്ലെന്നേ പറയാനുള്ളൂ. നടന്‍ ഇന്നസെന്‍റ് തമാശയ്ക്കു പറഞ്ഞത് കാര്യമായി മാറും. അദ്ദേഹം ദേവാലയങ്ങളുടെ മുമ്പില്‍ ചെല്ലുമ്പോള്‍ ദൈവത്തെ കൊഞ്ഞനംകുത്തി കാണിക്കുമത്രേ. അപ്പോള്‍ ദൈവം തന്നെ വെറുത്തുകൊള്ളുമല്ലോ. ദൈവം സ്നേഹിച്ചാലല്ലേ അപകടമുള്ളൂ? അതുകൊണ്ട് ദൈവത്തെ പരമാവധി വെറുപ്പിക്കുക!
മുന്‍പറഞ്ഞ നാലുവാദങ്ങളിലും വിമര്‍ശിക്കപ്പെടാത്ത ഒരാളുണ്ട്: ദൈവം. തൊട്ടുമുമ്പില്‍ നില്‍ക്കുന്ന മനുഷ്യനില്‍ ഏതൊക്കെയോ പാപം ആരോപിച്ച്, അവനെ എങ്ങനെയൊക്കെയോ നന്നാക്കാനായി ദൈവം ശ്രമിക്കുന്നുവത്രേ. ഇനി ഒരു പാപവുമില്ലെങ്കില്‍ത്തന്നെ ഒരുവന് കൂടുതല്‍ നന്നാകാമല്ലോ. അതിനുവേണ്ടിയും ദൈവം പ്രളയംപോലുള്ള 'ചെറിയ' ശിക്ഷണങ്ങള്‍ നല്‍കുന്നുവത്രേ. എല്ലാ വാദങ്ങളും ദൈവത്തെ നല്ലവനാക്കുന്നു, ദൈവത്തെ സംരക്ഷിക്കുന്നു, ദൈവത്തെ പ്രശംസിക്കുന്നു. ഈ വാദങ്ങളുടെയെല്ലാം ഒരു ആദിരൂപം ഉത്പത്തിപുസ്തകത്തിലെ സൃഷ്ടിയുടെ വിവരണത്തില്‍ കാണാനാകും.
രൂപരഹിതവും ശൂന്യവുമായ ഭൂമിയെയും ആഴത്തിനുമുകളില്‍ വ്യാപിച്ച അന്ധകാരത്തെയും വരുതിയിലാക്കി, ക്രമപ്പെടുത്തിക്കൊണ്ടാണ് ദൈവം സൃഷ്ടി തുടങ്ങുന്നത്. ജലം മുഴുവന്‍ ഒരിടത്ത്, കര മറ്റൊരിടത്ത്, പ്രകാശഗോളങ്ങള്‍ വേറൊരിടത്ത്. കടലില്‍ മത്സ്യങ്ങള്‍, കരയില്‍ ജന്തുക്കളും സസ്യങ്ങളും മനുഷ്യരും. എല്ലാം ക്രമപ്പെടുത്തിയപ്പോള്‍, എല്ലാം വളരെ നന്നെന്ന് ദൈവം കണ്ടു. തുടര്‍ന്ന് ദൈവം വിശ്രമിച്ചു.
ദൈവത്തിനു വിശ്രമിക്കാം. പക്ഷേ പ്രശ്നം മുഴുവനും മനുഷ്യനാണ്. അവനു ഭക്ഷിക്കണമെങ്കില്‍ വിയര്‍ക്കണം; പ്രസവിക്കണമെങ്കില്‍ കിടന്നു പുളയണം; അതും പോരാഞ്ഞിട്ട്, ഇടയ്ക്കിടക്ക് കാലില്‍ പാമ്പുകടിക്കുന്നു, തലയില്‍ ഇടിത്തീ വീഴുന്നു. നമ്മള്‍ ദൈവം ആയിരുന്നെങ്കില്‍ നമ്മള്‍ സൃഷ്ടിക്കുന്ന ഭൂമി ഇതിലും എത്രയോ ഭേദമാകുമായിരുന്നു! എല്ലാം നല്ലതാണെന്ന് ഉണ്ടാക്കിയവനാണു പറയുന്നത്, അനുഭവിക്കുന്നവനല്ല. ചിത്രം നല്ലതാണെന്നു പറയേണ്ടത് ചിത്രകാരനല്ലല്ലോ, അതു കാണുന്നവനല്ലേ? കറങ്ങുന്ന സൂര്യനെ നിലയ്ക്കുനിര്‍ത്തിയവനു ഇഴയുന്ന പാമ്പിനെക്കൂടി നിലയ്ക്കുനിര്‍ത്തിക്കൂടേ? ആനയെ വാങ്ങാന്‍ കാശുണ്ട്, തോട്ടി വാങ്ങാന്‍ നാലണയില്ലെന്ന ചൊല്ല് ദൈവത്തെ സംബന്ധിച്ചു ശരിയാകുകയാണോ? ഉല്‍പത്തി എഴുതിയ ആള്‍ക്ക് പ്രശ്നം മനസ്സിലാകുന്നുണ്ട്. അയാള്‍ അഭിമുഖീകരിച്ച പ്രശ്നത്തെ ഇങ്ങനെ വിശദീകരിക്കാം: നല്ലവനും പ്രഗത്ഭനുമായ ഒരു കുശവന്‍ ചോര്‍ച്ചയുള്ള ഒരു മണ്‍പാത്രമുണ്ടാക്കുന്നു. ഈ പ്രതിഭാസത്തിനു പുറകില്‍ മൂന്നു സാധ്യതകളാണുള്ളത്. ഒന്നുകില്‍ അയാള്‍ നല്ലവനാണ്; പക്ഷേ ചോരാത്ത മണ്‍പാത്രം ഉണ്ടാക്കാന്‍മാത്രം പ്രാഗത്ഭ്യം ഇല്ല. അല്ലെങ്കില്‍ അയാള്‍ കഴിവുറ്റവനാണ്. പക്ഷേ കള്ളുകുടിച്ചതുകൊണ്ട്(അതായത്, നല്ലവനല്ലാത്തതുകൊണ്ട്) അശ്രദ്ധമായി ഉണ്ടാക്കിയതാണ് ചോരുന്ന മണ്‍പാത്രം. ഈ രണ്ടുസാധ്യതകളും സൃഷ്ടിയുടെ വിവരണം തള്ളിക്കളയുന്നു. അയാളുടെ കുശവന്‍ ദൈവമാണ്. ആ കുശവന്‍ അങ്ങേയറ്റം നല്ലവനും അങ്ങേയറ്റം കഴിവുറ്റവനുമാണ്(സര്‍വ്വശക്തന്‍). അപ്പോള്‍ പിന്നെ പാത്രം ചോരുന്നതോ? ഉത്തരവാദിത്വം മുഴുവനും പാത്രത്തിന്‍റേതാക്കി മാറ്റിയേ പറ്റൂ. അങ്ങനെയാണ് ആദാമിനെക്കൊണ്ടും ഹവ്വായെക്കൊണ്ടും ഗ്രന്ഥകാരന്‍ പാപം ചെയ്യിക്കുന്നത്. അതോടെ അവരെ പാമ്പുകടിക്കുന്നതിനും അവരുടെ സന്തതിപരമ്പരകള്‍ മഹാപ്രളയത്തില്‍ ഒലിച്ചുപോകുന്നതിനും വിശദീകരണവുമായി.
നമ്മുടെ ചോദ്യം ഉത്പത്തിപുസ്തകത്തിലെ ദൈവത്തെ ബൈബിളിലെ മറ്റു ഗ്രന്ഥകര്‍ത്താക്കള്‍ അംഗീകരിക്കുന്നുണ്ടോ എന്നതാണ്. അത്തരമൊരു അന്വേഷണത്തിന്‍റെ തുടക്കത്തില്‍, ലെവിയാഥാന്‍ എന്ന ഒരു കടല്‍സത്വത്തെക്കുറിച്ച് കുറച്ചൊന്നു പറയേണ്ടതുണ്ട്. യൂഫ്രട്ടീസ്, ടൈഗ്രീസ് എന്നീ രണ്ടു വന്‍നദികളുടെ മധ്യത്തിലാണ് ബാബിലോണ്‍. ഒരു വന്‍നദി വളഞ്ഞുപുളഞ്ഞൊഴുകുന്നതു കണ്ടാല്‍ വലിയൊരു സര്‍പ്പമായി തോന്നുമല്ലോ. ഇടയ്ക്കിടയ്ക്ക്, വെള്ളപ്പൊക്കത്തില്‍ ഈ സര്‍പ്പം കരയിലുള്ള സകലതും വിഴുങ്ങുകയും ചെയ്യും. അങ്ങനെയാണ് തിയാമത്ത് എന്ന ഭീകരന്‍ കടല്‍സര്‍പ്പത്തിന്‍റെ വാസകേന്ദ്രമായി കടലിനെയും നദിയെയും ബാബിലോണിലെ നാടോടിക്കഥകള്‍ കണ്ടുതുടങ്ങിയത്. ഈ തിയാമത്തിനെ കാനാന്‍ദേശവാസികള്‍ ലോഥാന്‍ എന്നു വിളിച്ചു. ഹെബ്രായഭാഷയില്‍ അതു ലെവിയാഥാനുമായി.
ബാബിലോണിയന്‍ ദൈവം മാര്‍ദുക് തിയാമത്തിനെ കൊല്ലുകയാണ് കഥയില്‍. ബൈബിളിലെ ദൈവത്തിന് ലെവിയാഥാനെ കൊല്ലാന്‍ സാധിച്ചോ?
ദൈവം ലെവിയാഥാന്‍റെ തല തകര്‍ത്തുവെന്ന് സങ്കീ. 74:14. പക്ഷേ മഹാസമുദ്രത്തില്‍ ലെവിയാഥാന്‍ സഞ്ചരിക്കുന്നുവെന്ന് സങ്കീ. 104:26. ഭാവിയില്‍, യാക്കോബ് വേരുപിടിക്കുകയും ഇസ്രായേല്‍ പുഷ്പിക്കുകയും ചെയ്യുന്ന നാളില്‍(ഏശ. 27:6), യാഹ്വേ ലെവിയാഥാനെ കൊന്നുകളയുമെന്ന് ഏശ. 27:1. അതിനര്‍ത്ഥം ആ സത്വത്തിന്‍റെ പരാജയം അവസാനനാളിലായിരിക്കും സംഭവിക്കുക എന്നാണല്ലോ. എല്ലാം ദൈവം ക്രമപ്പെടുത്തി, നിയന്ത്രണവിധേയമാക്കി എന്ന് ഉത്പത്തിപുസ്തകവും, ദൈവത്തിന്‍റെ വാക്കുകേട്ടു പിളരുന്ന ചെങ്കടല്‍ ദൈവത്തെ അനുസരിക്കുന്നെന്ന് പുറപ്പാടുപുസ്തകവും പറയുമ്പോഴും, അതു നൂറുശതമാനം സംഭവിച്ചുകഴിഞ്ഞുവെന്ന് സങ്കീര്‍ത്തനവും ഏശയ്യായും സമ്മതിക്കുന്നില്ല. നിയന്ത്രണവിധേയമാകാത്ത ചിലതൊക്കെ, ക്രമരഹിതമായ ചിലതൊക്കെ ബാക്കിയുണ്ട്. അവസാന വിജയം ഉറപ്പായും യാഹ്വേയുടേതാണ്. പക്ഷേ അത് ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ഒന്നാണ്. ഇതുതന്നെയാണ് ജോബിന്‍റെ പുസ്തകവും പറയുന്നത്. ദൈവം ജോബിനോടു ലെവിയാഥാനെക്കുറിച്ചു പറയുന്ന ഏതാനും കാര്യങ്ങള്‍ മാത്രം ശ്രദ്ധിക്കാം. (എല്ലാ വാക്യങ്ങളും ജോബ് 43-ാം അധ്യായത്തില്‍നിന്ന്): "... അവനെ ഒരിക്കല്‍ തൊട്ടാല്‍ വീണ്ടും തൊടണമെന്ന് നീ ആഗ്രഹിക്കുകയില്ല. ആ യുദ്ധം നിനക്കു മറക്കാനാകില്ല.... അവന്‍റെ അവയവങ്ങളെക്കുറിച്ചും അവന്‍റെ മഹാശക്തിയെക്കുറിച്ചും ഞാന്‍ മൗനമവലംബിക്കുകയില്ല.... ഭൂമുഖത്തെങ്ങും അവനെപ്പോലെ നിര്‍ഭയനായ ജീവിയില്ല... അഹങ്കാരികള്‍ക്ക് അവന്‍ രാജാവായിരിക്കുന്നു." ജോബിന്‍റെ ദൈവം "ആകാശത്തിന്‍റെ കീഴുള്ളതൊക്കെയും എനിക്കു വിധേയപ്പെട്ടിരിക്കുന്നു" (42:11) എന്നു പറയുമ്പോഴും ലെവിയാഥാന്‍ മാറിനില്‍ക്കുന്നതുപോലെ തോന്നുന്നു. പക്ഷേ ഇന്നല്ലെങ്കില്‍ നാളെ ദൈവം ലെവിയാഥാനെ കീഴ്പ്പെടുത്തുമെന്ന് ജോബും ഏശയ്യായും ആമോസും സങ്കീര്‍ത്തകനും വെളിപാടുമൊക്കെ ഉറപ്പിച്ചുപറയുകയും ചെയ്യുന്നു.
ക്രമരഹിതവും നമ്മുടെ കാര്യകാരണവിചിന്തനങ്ങള്‍ക്ക് അപ്പുറത്തുള്ളതും ഒരു വേദഗ്രന്ഥത്തിനും വിശദീകരിച്ചു തരാനാകാത്തതുമായ എന്തൊക്കെയോ ഈ പ്രപഞ്ചത്തില്‍ അവശേഷിക്കുന്നുണ്ട്. കാണുന്ന ഈ പ്രപഞ്ചം വികസിച്ചുകൊണ്ടേയിരിക്കുകയാണെന്നും, ഇത്തരം മറ്റനേകം പ്രപഞ്ചങ്ങളുണ്ടാകാമെന്നും ഒക്കെ ശാസ്ത്രം പറയുന്നു. ദൈവത്തിന്‍റെ കീഴിലായിരിക്കുമ്പോഴും ഇനിയും പൂര്‍ണമായും വരുതിയിലാകാത്ത കാര്യങ്ങളുണ്ടെന്ന് ബൈബിളും സമ്മതിക്കുന്നു. ഒരു നാടോടിക്കഥകൊണ്ടോ, അന്‍പതുകൊല്ലം ധ്യാനിച്ചുകിട്ടുന്ന വെളിപാടുകൊണ്ടോ, തടിയന്‍ പുസ്തകത്തിലെ ഗണിതങ്ങള്‍കൊണ്ടോ ഈ ക്രമരാഹിത്യത്തെ വിശദീകരിച്ചേക്കാമെന്നു വിചാരിച്ചുകളയരുത്! ഇവിടെ ഭൂമി കുലുങ്ങും, പര്‍വ്വതങ്ങള്‍ തീ തുപ്പും, ആകാശം പിളര്‍ന്ന് കടല്‍ ഭൂമിയെ മൂടും. എന്നെങ്കിലും സൂര്യന്‍ കരിക്കട്ടയാകുമെന്ന് ശാസ്ത്രം തെളിവോടെ സമര്‍ത്ഥിച്ചുകഴിഞ്ഞു. ഇവയുടെയെല്ലാം പിന്നില്‍ പ്രകൃതിയുടെ അനിഷേധ്യമായ നിയമങ്ങളാണുള്ളത്; അല്ലാതെ ദൈവത്തിന്‍റെ കരമല്ല. അതുകൊണ്ടുതന്നെ ദൈവം ലെവിയാഥാനെ പൂര്‍ണമായും വരുതിയിലാക്കാനുള്ള ശ്രമത്തിലാണ്. രണ്ടുപേരുടെ സ്വവര്‍ഗപ്രേമമോ, പത്തുപേരുടെ നീലച്ചിത്രം കാണലോ, അന്‍പതു കര്‍ഷകരുടെ മരം മുറിക്കലോ ആണ് പ്രളയത്തിനു പിന്നിലുള്ളത് എന്നു പറയുന്നതും അസംബന്ധമാണ്. (ദൈവത്തിനെതിരായി ചെയ്യുന്ന പാപത്തെക്കുറിച്ച് പറയുന്നവരോടും പ്രകൃതിക്കെതിരായി ചെയ്യുന്ന പാപത്തെക്കുറിച്ചു പറയുന്നവരോടും ഒരു കാര്യം പറയട്ടെ: മൃഗങ്ങളും സസ്യങ്ങളും മാത്രമുണ്ടായിരുന്ന ഏതോ ഒരു കാലത്ത് എന്തോ ഒന്ന് ഭൂമിയില്‍ പതിച്ച് പൊടിപടലങ്ങള്‍ ഉയര്‍ന്നെന്നും അത് അന്തരീക്ഷത്തില്‍ ദശകങ്ങള്‍ തങ്ങിനിന്നുവെന്നും അങ്ങനെ ദിനോസറുകള്‍ എല്ലാം നശിച്ചുപോയെന്നും ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. അന്നു നീലച്ചിത്രം കാണാനോ മരം മുറിക്കാനോ മനുഷ്യന്‍ ഉണ്ടായിരുന്നില്ലല്ലോ. നീലച്ചിത്രത്തിനും മരംമുറിക്കലിനും വേണ്ടിയുള്ള വാദമായി ഇതിനെ വ്യാഖ്യാനിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു.)
അപ്പോള്‍, പ്രകൃതി ദൈവത്തെയും മനുഷ്യനെയും അനുസരിക്കുന്നതായി പഴയനിയമത്തില്‍ പറയുന്ന നൂറുകണക്കിനു കാര്യങ്ങളോ? അവിടെ കാക്ക അപ്പവുമായി വരുന്നുണ്ട്, തവളകള്‍ ഈജിപ്തുകാരെ മാത്രം ആക്രമിക്കുന്നുണ്ട്, ആവശ്യമുള്ള നേരത്ത് ആവശ്യമുള്ള അത്രയും മന്ന പൊഴിക്കപ്പെടുന്നുണ്ട്, സിംഹങ്ങളുടെ കൂട്ടത്തില്‍ ദാനിയേല്‍ കൂളായി ഇരിക്കുന്നുണ്ട്. ഇവയുടെയൊക്കെ വിശദീകരണം ഈ ലേഖനത്തിന്‍റെ വിഷയത്തിന് അപ്പുറത്താണ്. ഇന്നത്തെയും അന്നത്തെയും പ്രകൃതി ഒന്നുതന്നെയാണല്ലോ. എങ്കില്‍ ഇന്നു പ്രവര്‍ത്തിക്കുന്ന രീതിയില്‍ത്തന്നെയാകണം അന്നും പ്രകൃതി പ്രവര്‍ത്തിച്ചിരിക്കുക. മുന്‍പറഞ്ഞ സംഭവങ്ങളൊന്നും ഇന്നു നടക്കുന്നില്ലെങ്കില്‍, എഴുതിവയ്ക്കപ്പെട്ട അതേ രീതിയിലായിരിക്കില്ല അന്നും നടന്നിരിക്കുന്നത്. ആ സംഭവങ്ങളെ അവയുടെ വാച്യാര്‍ത്ഥത്തില്‍മാത്രം എടുക്കരുതെന്നു സാരം.
ഇനി നമുക്ക് ക്രിസ്തുവിലേക്കു വരാം. സമാന്തരസുവിശേഷങ്ങള്‍ മൂന്നും ചരിത്രത്തിലെ യേശുവിനെ അനാവരണം ചെയ്യുകയാണല്ലോ. വിശക്കുന്നവനോ, രോഗിയോ, പിശാചുബാധിതനോ ഇല്ലാത്ത താളുകള്‍ സുവിശേഷങ്ങളില്‍ നന്നേ കുറവാണ്. അവനെത്തേടി നാനാവിധത്തില്‍ വേദനിക്കുന്നവര്‍ വന്നുകൊണ്ടേയിരുന്നു. പകല്‍ മുഴുവന്‍ അവന്‍ അവരുടെ മധ്യത്തിലായിരുന്നുതാനും. അവര്‍ക്കുവേണ്ടി ചെയ്യപ്പെട്ടവയാണ് സുവിശേഷങ്ങളില്‍ വിവരിക്കപ്പെടുന്ന എല്ലാ അത്ഭുതങ്ങളും. അത്ഭുതങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കാനാകില്ല എന്ന കാര്യം സുവിശേഷപണ്ഡിതന്മാരില്‍ സിംഹഭാഗവും സമ്മതിക്കുന്നു. എങ്കില്‍കൂടി യേശു അനേകര്‍ക്ക് ആശ്വാസവും കരുത്തുമായിത്തീര്‍ന്നു എന്നതില്‍ രണ്ട് അഭിപ്രായമില്ല. തന്നെ സംശയിച്ച സ്നാപകയോഹന്നാനു തെളിവായി യേശു സമര്‍പ്പിക്കുന്നത് താന്‍മൂലം നടന്ന സൗഖ്യങ്ങളാണ്(മത്താ. 11:3-6; ലൂക്കാ 7:18-23). ഇവിടുത്തെ നാനാവിധ പ്രശ്നങ്ങള്‍ക്ക് ദൈവമാണോ മനുഷ്യനാണോ ഉത്തരവാദിയെന്നത് അവന്‍റെ വിഷയമല്ല. ഇവിടെ പ്രശ്നങ്ങളും രോഗങ്ങളും തിന്മയും ദുഃഖവുമുണ്ട്. അവയ്ക്കെല്ലാം എതിരായി അവന്‍ സന്ധിയില്ലാസമരത്തില്‍ ഏര്‍പ്പെട്ടുകൊണ്ടേയിരുന്നു.
അതിനര്‍ത്ഥം യേശു എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുകഴിഞ്ഞു എന്നല്ല. മരുഭൂമിയിലെ പരീക്ഷയ്ക്കുശേഷം, പിശാച് യേശുവിനെ ഒരു "നിശ്ചിതകാലത്തേക്ക്" വിട്ടുപോയിയെന്നാണു ലൂക്കാ സ്വല്പം ചിന്തിച്ചശേഷം എഴുതിവയ്ക്കുന്നത്(ലൂക്കാ 4:13). ഉത്ഥിതന്‍ ശിഷ്യന്മാര്‍ക്കു ദൗത്യം കൊടുക്കുമ്പോള്‍ പറയുന്നത് പിശാചുക്കളെ ബഹിഷ്കരിക്കണമെന്നും രോഗികളെ സുഖപ്പെടുത്തണമെന്നുമൊക്കെയാണ്(മര്‍ക്കോ. 16:17-18). ലെവിയാഥാനെ പൂര്‍ണമായും കീഴ്പ്പെടുത്താനുള്ള യാഹ്വേയുടെ പോരാട്ടം ക്രിസ്തുവിലൂടെയും ശിഷ്യഗണത്തിലൂടെയും തുടരുകയാണ് എന്നര്‍ത്ഥം.
പണ്ട് രോഗം പിശാചിന്‍റെ ബാധകൊണ്ടാണെന്നു കരുതപ്പെട്ടെങ്കില്‍, ഇന്നത് രോഗാണുവിന്‍റെ പ്രവര്‍ത്തനം മൂലമാണെന്നു വ്യക്തമാണ്. അപ്പോള്‍ ഗുളികകൊടുത്ത് രോഗത്തെ കീഴ്പ്പെടുത്തുന്നത് യേശുവിന്‍റെ പ്രവര്‍ത്തനത്തിന്‍റെ പിന്തുടര്‍ച്ചയാണ്. പണ്ട് യേശു വിശക്കുന്നവര്‍ക്ക് അപ്പം വര്‍ദ്ധിപ്പിച്ചുകൊടുത്തുവെങ്കില്‍ ദുരിതാശ്വാസക്യാമ്പുകളിലെ ലക്ഷക്കണക്കിനു മനുഷ്യര്‍ക്ക് ഓണം ആഘോഷിക്കാനായതും യേശുവിന്‍റെ പ്രവര്‍ത്തനത്തിന്‍റെ 2018ലെ പുനരാവിഷ്ക്കാരമാണ്. മുങ്ങിത്താഴുന്ന പത്രോസിനെ കൈപിടിച്ചു കയറ്റിയ യേശുവിന്‍റെ പുനരവതാരങ്ങളാണ് എങ്ങുനിന്നോ ബോട്ടില്‍വന്ന് മുങ്ങുന്ന മനുഷ്യരെ രക്ഷിച്ചിട്ട് എങ്ങോട്ടോ പോയി മറഞ്ഞ മത്സ്യത്തൊഴിലാളികള്‍. കാലുകഴുകിയ യേശുവിന്‍റെ നെഞ്ചാണ് പലരെ സ്വന്തം പുറത്തുചവിട്ടി വള്ളത്തിലേക്കു കയറാന്‍ സഹായിച്ച ജെയ്സലിനുള്ളത്.
പ്രകൃതിനിമിത്തമോ മനുഷ്യന്‍നിമിത്തമോ ഉള്ളതിന്മകള്‍ അംഗീകരിക്കപ്പെടാന്‍ ആവാത്തവയാണ്. അവയുടെ ഉറവിടം എന്തെന്നത് ഇവിടെ അന്വേഷിക്കേണ്ട ഒരു വിഷയമേയല്ല. തോല്പിക്കപ്പെടേണ്ട ഒന്നുമാത്രമാണ് തിന്മ. അപ്പോള്‍ തിന്മ ഒരു താത്വികവിഷയമല്ല, അസ്തിത്വപരമായ വിഷയമാണ്. പുരയ്ക്കു തീപിടിക്കുമ്പോള്‍ കാലാവസ്ഥാ വ്യതിയാനമാണോ, ആരെങ്കിലും സിഗരറ്റുകത്തിച്ചതാണോ, എന്തെങ്കിലും ശിക്ഷയാണോ എന്നതൊന്നും വിഷയമല്ല. തീയണയ്ക്കണം - അതു മാത്രമാണ് പരിഹാരം. ആ പരിഹാരത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ് ദൈവം. ആ പരിഹാരശ്രമത്തിന്‍റെ ഏറ്റവും മൂര്‍ത്തമായ മാതൃകയാണ് ക്രിസ്തു. ആ ശ്രമത്തില്‍ പങ്കുപറ്റാനാണ് എല്ലാവര്‍ക്കുമുള്ള ക്ഷണം. ആ ക്ഷണം ഏറ്റെടുത്തവരാണ് കേരളത്തിലെ നാനാതുറകളില്‍നിന്നുള്ള ധാരാളം മനുഷ്യര്‍.
പ്രളയക്കെടുതിമൂലം തീരാദുഃഖത്തില്‍ ആണ്ടുപോയവരോട് കുറച്ചൊന്നു പറയാന്‍കൂടി തുനിയുകയാണ്. നിങ്ങളുടെ വേദനയ്ക്കു കാരണക്കാര്‍ നിങ്ങളോ, ദൈവമോ അല്ല. ഇതു സംഭവിക്കരുതായിരുന്നുവെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ ദൈവവും ആഗ്രഹിക്കുന്നുണ്ട്. ഈ പ്രളയത്തില്‍ ദൈവം എവിടെ എന്ന ചോദ്യത്തിന് നിങ്ങളുടെ ഇടയില്‍ എന്നതുമാത്രമാണുത്തരം. അവന്‍ തന്നെ അടയാളപ്പെടുത്തിയത് വിശക്കുന്നവനായും ദാഹിക്കുന്നവനായും വസ്ത്രമില്ലാത്തവനായും കൂരയില്ലാത്തവനായും ഒക്കെയാണല്ലോ. അപ്പോള്‍ നിങ്ങള്‍തന്നെയാണ് ക്രിസ്തു.
"ക്രിസ്തു കണക്ക് നിങ്ങളെ തോല്‍പിക്കാന്‍ നോക്കുന്ന തിന്മക്കെതിരെ നിങ്ങള്‍ പോരാടൂ. ആ പോരാട്ടത്തില്‍ നിങ്ങള്‍ക്കു മുന്‍പേ ക്രിസ്തു നടന്നുപോയി. തിന്മ നിശ്ശബ്ദം സഹിക്കാനുള്ളതല്ല, പോരാടി കീഴ്പ്പെടുത്താനുള്ളതാണ്. അതുകൊണ്ടുതന്നെ നിങ്ങള്‍ ഇനിയും പ്രണയിക്കണം, വീടുവയ്ക്കണം, അണഞ്ഞുപോയ അടുപ്പ് ഊതിയൂതി കത്തിക്കണം, അയല്‍പക്കത്തുപോയി തമാശ പറയണം, അവരില്‍ ചിലരെ ചേര്‍ത്തുപിടിക്കണം. അവസാനവിജയം പ്രളയത്തിന്‍റേതല്ല, നന്മയുടേതാണ്. പ്രളയത്തിനു നേര്‍ക്കു നോക്കി കൊഞ്ഞനം കുത്തണം. അങ്ങനെ അതിന്‍റെ മുനയൊടിക്കണം. എന്നിട്ടു ചോദിക്കണം, "മരണമേ നിന്‍റെ ദംശനമെവിടെ?"