top of page

മനുഷ്യൻ്റെ അന്തസ്സും ലിംഗപ്രത്യയശാസ്ത്രവും -കത്തോലിക്കാ വീക്ഷണത്തില്‍

Jun 5

3 min read

ഫാ. മിഥുന്‍ ജെ. ഫ്രാന്‍സിസ് എസ്. ജെ.
Pope Francis

സമകാലിക വ്യവഹാരത്തില്‍, മനുഷ്യന്‍റെ അന്തസ്സിനെക്കുറിച്ചുള്ള ചോദ്യം ലിംഗസ്വത്വത്തെയും അതിന്‍റെ പ്രത്യയശാസ്ത്രത്തെയും കുറിച്ചുള്ള ചര്‍ച്ചകളുമായി വേര്‍തിരിക്കാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു. ദൈവശാസ്ത്രപരവും ക്രൈസ്തവധാര്‍മ്മികപരവുമായ തത്വങ്ങളാല്‍ നയിക്കപ്പെടുന്ന കത്തോലിക്കാസഭ മനുഷ്യന്‍റെ അന്തസ്സിന് ശക്തമായ സ്ഥാനം നല്‍കുന്നു. സഭയുടെ ഈ വീക്ഷണം ദൈവം ഓരോ വ്യക്തിയെയും തന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചു എന്ന ദൈവികവെളിപാടില്‍ നിന്ന് ഉടലെടുക്കുന്നു. ആധുനികലിംഗസിദ്ധാന്തങ്ങളുടെ വെല്ലുവിളികളെ അഭിമുഖീകരിച്ച് കത്തോലിക്കാസഭ എങ്ങനെ മനുഷ്യഅന്തസ്സിനെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു എന്നതിലേക്ക് വെളിച്ചം വീശിക്കൊണ്ട്, ലിംഗപ്രത്യയശാസ്ത്രവും മനുഷ്യന്‍റെ അന്തസ്സും തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധത്തെ നിരൂപിക്കുക എന്നതാണ് ഈ ലേഖനത്തിന്‍റെ ലക്ഷ്യം.


മനുഷ്യന്‍റെ അന്തസ്സിനെക്കുറിച്ചുള്ള (Human Dignity) കത്തോലിക്കാ സഭയുടെ പഠനം

മനുഷ്യന്‍റെ അന്തസ്സിനെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ പഠനത്തിന്‍റെ ഉത്ഭവവും ഹൃദയവും സൃഷ്ടിതന്നെയാണ്. ഓരോ വ്യക്തിയും ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടവരാണെന്നാണ് സഭയുടെ വിശ്വാസം. ഈ വിശ്വാസം സൃഷ്ടിയുടെ മാറ്റാനാവാത്ത മൂല്യവും സഭയുടെ ധാര്‍മ്മികതയെയും ഉയര്‍ത്തിക്കാട്ടുന്നു. മനുഷ്യന്‍റെ ഈ അന്തസ്സ് പ്രായം, ശാരീരികമായ സ്വാഭാവികാവസ്ഥ, കഴിവ് തുടങ്ങിയ ബാഹ്യഘടകങ്ങളെ ആശ്രയിച്ചല്ല. മറിച്ച് മനുഷ്യനില്‍ അന്തര്‍ലീനമായ ദൈവികസ്വഭാവത്തിന്‍റെ കുലീനതയില്‍ അധിഷ്ഠിതമാണ്.

ശരീരത്തിന്‍റെയും ആത്മാവിന്‍റെയും ഐക്യത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് മനുഷ്യശരീരം ദൈവത്തിന്‍റെ പ്രതിച്ഛായയാണെന്നും അതുവഴി ദൈവികസ്വഭാവത്തിന്‍റെ കുലീനതയില്‍ പങ്കുചേരുന്നുവെന്ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം സ്ഥിരീകരിക്കുന്നു. ശരീരത്തിന്‍റെയും ആത്മാവിന്‍റെയും ഐക്യത്തെക്കുറിച്ചുള്ള ഈ അംഗീകാരം മനുഷ്യജീവിതത്തിന്‍റെ പവിത്രതയ്ക്കും മനുഷ്യന്‍ തന്‍റെ സഹജീവികളോട് കാണിക്കേണ്ട മാന്യതയുടെയും പ്രാധാന്യം അടിവരയിടുന്നു.

 മനുഷ്യന്‍റെ അന്തസ്സിനെക്കുറിച്ചുള്ള സഭയുടെ പഠനം ദൈവികവെളിപാടിലും മാനുഷികയുക്തിയിലും ഒരുപോലെ ആഴത്തില്‍ വേരൂന്നിയതാണ്. ഓരോ മനുഷ്യന്‍റെയും അന്തസ്സ് തുല്യതയില്‍ സംരക്ഷണവും ബഹുമാനവും അര്‍ഹിക്കുന്നതാണ്. അവ ഒരുപോലെ അടിസ്ഥാനപരവും മാറ്റാനാവാത്തതുമായ മൗലികാവകാശങ്ങളുടെയും അവയുടെ നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തിന്‍റെയും ആവശ്യകത വിളിച്ചോതുന്നു. ഗര്‍ഭധാരണം മുതല്‍ സ്വാഭാവികമരണം വരെ മനുഷ്യജീവിതത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും മനുഷ്യന്‍റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനുള്ള സഭയുടെ പ്രതിബദ്ധത എപ്പോഴും അടിവരയിടുന്നു.

വിശ്വാസതിരുസംഘം പ്രസ്താവിക്കുന്നതുപോലെ 'ഓരോ മനുഷ്യന്‍റെയും കുലീനതയുടെ സംരക്ഷണം സഭയുടെ ധാര്‍മ്മികവും ഇടയപരവുമായ ദൗത്യമാണ്.' ഓരോ മനുഷ്യന്‍റെയും കുലീനതയെ സഭ അംഗീകരിക്കുകയും അവ ഒഴിച്ചുകൂടാനാവാത്ത അവകാശമാണെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഈ അവകാശം എല്ലാ മനുഷ്യരില്‍ നിന്നും സംരക്ഷണത്തിന്‍റെയും ബഹുമാനത്തിന്‍റെയും ആവശ്യകത ആവശ്യപ്പെടുന്നു എന്നുമുള്ള ദൈവിക വെളിപാട് സഭ വ്യക്തമായി പ്രസ്താവിക്കുന്നു. കാരണം നന്മയും തിന്മയും തമ്മിലുള്ള വിവേചനം എന്ന പ്രയാസകരമായ ദൗത്യത്തില്‍, സഭ എപ്പോഴും തന്‍റെ അസ്തിത്വത്തില്‍ നിന്നുകൊണ്ടുതന്നെ, ഓരോ വ്യക്തിയെയും വെല്ലുവിളിക്കുകയും അവന്‍റെയോ അവളുടെയോ അന്തസ്സ് മനസ്സിലാക്കി കൊടുക്കുകയും അതോടൊപ്പം തന്നെ തന്‍റെ സഹജീവികളുടെ അന്തസ്സിനെ ബഹുമാനിക്കുന്നതിനും അവരുടെ മൂല്യങ്ങളെ അംഗീകരിക്കുന്നതിനുമുള്ള കരുത്ത് ഓരോ വ്യക്തിക്കും ഇടയസഭ നല്‍കുന്നുണ്ട്. ഇവിടെ മതമോ, രാഷ്ട്രീയമോ, വര്‍ഗമോ, ജാതിയോ സഭയ്ക്കു ബാധകമല്ല. മറിച്ച് എല്ലാവരും ദൈവത്തിന്‍റെ ഛായയാണെന്നുള്ള അടിസ്ഥാന യാഥാര്‍ത്ഥ്യത്തിനു സഭ ഊന്നല്‍ നല്കുന്നു. മനുഷ്യന്‍ ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടതുകൊണ്ടുതന്നെ ദൈവത്തിന്‍റെ പ്രതിച്ഛായയാണ് മറ്റൊരര്‍ത്ഥത്തില്‍ കൂദാശയാണെന്നര്‍ത്ഥം.

സഭയുടെ ഈ അടിസ്ഥാനതത്വവും ധാര്‍മികപഠനവും സഭയുടെ സാമൂഹിക ഉപദേശങ്ങളുടെയും അടിത്തറയായി മാറി. സഭയുടെ സാമൂഹിക പരാമര്‍ശങ്ങളും പ്രത്യയശാസ്ത്രങ്ങളും മനുഷ്യന്‍റെ ഈ കുലീനതയെ മഹത്വീകരിക്കുന്നതും മനുഷ്യനെ വര്‍ണവര്‍ഗവ്യത്യാസമില്ലാതെ കാലഘട്ടത്തിന്‍റെ ചക്രവാളമനുസരിച്ചു ദൈവത്തെ തേടുവാന്‍ അനുവദിക്കുന്നതുമാണ്.  എല്ലാത്തിനുമുപരിയായി മനുഷ്യന്‍റെ കുലീനത ഉയര്‍ന്നു നില്‍ക്കുകയും തന്മൂലം തന്നെ അവന്‍റെ ധാര്‍മിക അവകാശങ്ങള്‍ അംഗീകരിക്കുകയും മൗലികമായ കടമകള്‍ സാര്‍വത്രികമായി ലംഘിക്കപ്പെടാതിരിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത രണ്ടാം വത്തിക്കാന്‍ സൂനഹദോസിലൂടെ സഭ ഊന്നിപ്പറയുന്നു.

ഈ കാരണത്താല്‍ മനുഷ്യന്‍റെ അന്തസ്സ് വിച്ഛേദനം ചെയ്യുന്ന എല്ലാത്തരം സമകാലികപ്രശ്നങ്ങളിലും സഭ ഇടപെടുകയും അതൊരു വെല്ലുവിളിയായി സ്വീകരിക്കുകയും ചെയ്യുന്നു.


ലിംഗപ്രത്യയശാസ്ത്രവും മാനുഷികഅന്തസ്സും

സമീപവര്‍ഷങ്ങളിലെ ലിംഗപ്രത്യയശാസ്ത്രം (Gender Ideology) മനുഷ്യന്‍റെ അന്തസ്സിനെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ കാഴ്ചപ്പാടിനെ ഗുരുതരമായി വെല്ലുവിളിച്ചിട്ടുണ്ട്. ലിംഗസ്വത്വത്തെ (Gender Identity) ജീവശാസ്ത്രപരമായ ലൈംഗികതയില്‍നിന്നു വേര്‍തിരിക്കാനും ലിംഗസ്വത്വത്തിന്‍റെ പൊരുത്തപ്പെടലും സ്വയംനിര്‍ണ്ണയവും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന ആശയങ്ങളുടെയും സിദ്ധാന്തങ്ങളുടെയും ഒരു ശേഖരമാണീ ലിംഗതത്ത്വചിന്ത. എന്നിരുന്നാലും ജീവശാസ്ത്രപരമായ ലൈംഗികതയും ലിംഗസ്വത്വവും മനുഷ്യന്‍റെ രണ്ടു വ്യത്യസ്തമായ, ദൈവം സൃഷ്ടിച്ച വശങ്ങളാണെന്ന് സഭ വിശ്വസിക്കുന്നു.

മാനുഷിക അന്തസ്സിന്‍റെയും ലിംഗ സ്വത്വത്തിന്‍റെയും ജൈവിക ലൈംഗികതയുടെയും പരസ്പര പൂരകതയുമായി പൊരുത്തപ്പെടുന്ന ലിംഗ പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കത്തോലിക്കാ സഭ പുലര്‍ത്തുന്നു. എന്നിരുന്നാലും, വ്യക്തികളുടെ സമഗ്രതയിലും അടിസ്ഥാനപരമായ അന്തസ്സിലും വിട്ടുവീഴ്ച ചെയ്താല്‍ ലിംഗ സ്വത്വവും ജൈവ ലൈംഗികതയും വിച്ഛേദിക്കപ്പെടുമെന്ന വിശ്വാസത്തെ സഭ എതിര്‍ക്കുന്നു.

ഫിഡ്യൂഷ്യ സപ്ലിക്കന്‍സ് (Fiducia Supplicans) എന്ന രേഖയില്‍ ലൈംഗികതയെയും വിവാഹത്തെയും കുറിച്ചുള്ള സഭയുടെ ഉറച്ചനിലപാടിനെ എടുത്തുകാണിക്കുന്നു. പ്രസ്താവനപ്രകാരം ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തിന്‍റെ പശ്ചാത്തലത്തില്‍ മാത്രമേ ലൈംഗികബന്ധങ്ങള്‍ ധാര്‍മ്മികമായി സ്വീകാര്യമാകൂ എന്ന് സഭയുടെ ശ്വാശ്വതസിദ്ധാന്തം വാദിക്കുന്നു. ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനെക്കുറിച്ചുള്ള സഭയുടെ വീക്ഷണം ഈ കാഴ്ചപ്പാടിന് അടിവരയിടുന്നു. ഇത് ജീവശാസ്ത്രപരമായ ലൈംഗികതയും ലിംഗസ്വത്വവും വ്യക്തിയുടെ ആവശ്യയവും അനുയോജ്യവുമായ വശങ്ങളായി സഭ കാണുന്നു.


മനുഷ്യാന്തസ്സിനെക്കുറിച്ചുള്ള സഭയുടെ പുതിയ പ്രഖ്യാപനം

മനുഷ്യന്‍റെ അന്തസ്സിനെക്കുറിച്ചുള്ള ഡിഗ്നിറ്റാസ് ഇന്‍ഫിനിറ്റ (Dignitas Infinita) എന്ന സമീപകാലപ്രബോധനം ക്രൈസ്തവനരവംശ ശാസ്ത്രത്തിലെ സാര്‍വത്രിക യാഥാര്‍ത്ഥ്യവും മനുഷ്യന്‍റെ അന്തസ്സിന്‍റെ പ്രാധാന്യവും എടുത്തുകാണിക്കുന്നു. എല്ലാവരും ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാല്‍, മനുഷ്യന്‍റെ അന്തസ്സ് ഒരു സാര്‍വത്രികയാഥാര്‍ത്ഥ്യമാണെന്ന് ഈ പ്രഖ്യാപനം ഊന്നിപ്പറയുന്നു.

ഈ ദൈശാസ്ത്രപരമായ അന്തസ്സ് ഭൗതികഘടകങ്ങളെ മറികടക്കുകയും ഓരോ വ്യക്തിയുടെയും വിശുദ്ധ മൂല്യത്തെ നിര്‍വചിക്കുകയും അവരുടെ ഒഴിച്ചുകൂടാനാവാത്ത അവകാശങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നു. സുവിശേഷത്താല്‍ നയിക്കപ്പെടുന്ന മനുഷ്യന്‍റെ അന്തസ്സിനെക്കുറിച്ചുള്ള ഈ ആശയരീതി സമാധാനം, യഥാര്‍ത്ഥ സാമൂഹികഇടപെടലുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും അത് എല്ലാവര്‍ക്കും ഉറപ്പുനല്‍കണമെന്നും സഭ ആവര്‍ത്തിച്ചു പറയുന്നു.

 ഓരോ മനുഷ്യന്‍റെയും അന്തസ്സിനെ അംഗീകരിക്കുന്നതിലും ബഹുമാനിക്കുന്നിലും ആശ്രയിച്ചിരിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ ഊന്നിപ്പറയുന്നു. ഓരോ മനുഷ്യനും അവരുടേതായ അനന്തമായ അന്തസ്സ് ഉണ്ട്. അത് അവന്‍റെ അല്ലെങ്കില്‍ അവളുടെ അസ്തിത്വത്തില്‍തന്നെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് ആ വ്യക്തി എപ്പോഴെങ്കിലും അഭിമുഖീകരിച്ചേക്കാവുന്ന എല്ലാ സാഹചര്യങ്ങളുടെയും അവസ്ഥയുടെയും അതീതമാണ്. കാരണം ഇത് ഒരു വ്യക്തിയുടെ കഴിവുകളെയോ, സാഹചര്യങ്ങളെയോ അധാര്‍മ്മിക തിരഞ്ഞെടുപ്പുകളെയോ ആശ്രയിച്ചല്ല. മറിച്ചു സ്രഷ്ടാവില്‍നിന്ന് ഉടലെടുത്തതാണ്. ഈ അന്തസ്സ് സാര്‍വത്രികവും ലംഘിക്കാനാവാത്തതുമാണ്. പാപത്താലോ ധാര്‍മ്മികപരാജയങ്ങളാലോ പോലും അതു കവര്‍ന്നെടുക്കാനോ കുറയ്ക്കാനോ ആര്‍ക്കും കഴിയില്ല.

മനുഷ്യന്‍റെ അന്തര്‍ലീനമായ അന്തസ്സ് ഒരിക്കലും നഷ്ടപ്പെടാന്‍ കഴിയില്ലെങ്കിലും ഓരോ വ്യക്തിയും അവരുടെ സ്വതന്ത്ര തിരഞ്ഞെടുപ്പുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും അസ്തിത്വപരവും ധാര്‍മമികവുമായ തലത്തില്‍ അവരുടെ അന്തസ്സിന്‍റെ സത്തയുടെ വ്യാപ്തി പ്രകടമാക്കാന്‍ വിളിക്കപ്പെടുന്നു. ദൈവസ്നേഹത്തോട് പ്രതികരിക്കുന്നതിലൂടെയും യഥാര്‍ത്ഥനന്മയിലേക്ക് സ്വയം നയിക്കുന്നതിലൂടെയും വ്യക്തികള്‍ക്ക് അവരുടെ ദൈവദത്തമായ അന്തസ്സിന്‍റെ ചലനാത്മകമായ കുലീനതയില്‍ വളരാന്‍ കഴിയും. പാപത്തിന് ഈ ചലനാത്മകമായ അന്തസ്സിനെ മറയ്ക്കാനോ മുറിവേല്പിക്കാനോ കഴിയും. പക്ഷേ അതൊരിക്കലും സ്രഷ്ടാവ് നല്‍കിയ അന്തര്‍ലീനമായ അന്തസ്സിനെ ഇല്ലാതാക്കില്ല. ദൈവസ്നേഹത്തോട് പ്രതികരിക്കുന്നതിലൂടെയും യഥാര്‍ത്ഥനന്മയിലേക്ക് സ്വയം നയിക്കുന്നതിലൂടെയും വ്യക്തികള്‍ക്ക് അവരുടെ ദൈവദത്തമായ അന്തസ്സിന്‍റെ ചലനാത്മകമായ കുലീനതയില്‍ വളരാന്‍ കഴിയും. പാപത്തിന് ഈ ചലനാത്മകമായ അന്തസ്സിനെ മറയ്ക്കാനോ മുറിവേല്‍പ്പിക്കാനോ കഴിയും. പക്ഷേ അത് ഒരിക്കലും സ്രഷ്ടാവ് നല്‍കിയ അന്തര്‍ലീനമായ അന്തസ്സിനെ ഇല്ലാതാക്കില്ല.


ലിംഗപ്രത്യയശാസ്ത്രം മനുഷ്യത്വത്തിന് ഭീഷണി

ഡിഗ്നിറ്റാസ് ഇന്‍ഫിനിറ്റ(Dignitas Infinita) പ്രഖ്യാപനം ലിംഗപ്രത്യയശാസ്ത്രത്തെ മനുഷ്യന്‍റെ അന്തസ്സിന് ഗുരുതരമായ ഭീഷണി എന്നു വ്യക്തമായി പ്രഖ്യാപിക്കുന്നില്ല. മനുഷ്യന്‍റെ അന്തസ്സിന്‍റെ സാര്‍വത്രിക സത്യവും സാമൂഹികനീതിയും സമാധാനവും മാനുഷികകുലീനതയുടെ ആധികാരികതയും പ്രോത്സാഹിപ്പിക്കുന്നതിലും അതിന്‍റെ പങ്കും സ്ഥിരീകരിക്കുന്നതിലുമാണത്രേ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭൗതിക ഘടകങ്ങളെ മറികടന്ന് വ്യക്തികളുടെ പവിത്രമായ മൂല്യം നിര്‍വചിക്കുന്ന ദൈവത്തിന്‍റെ പ്രതിച്ഛായയിലാണ് ഓരോ മനുഷ്യന്‍റെയും അന്തര്‍ലീനമായ അന്തസ്സ് ഉടലെടുക്കുന്നത്.

യേശുവിന്‍റെ പഠിപ്പിക്കലുകളും പ്രവര്‍ത്തനങ്ങളും ആധുനികദാര്‍ശനിക പ്രതിഫലനങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്നും മനുഷ്യാവകാശങ്ങള്‍ എല്ലാവര്‍ക്കും അന്തര്‍ലീനവും മാറ്റാനാവാത്തതുമാണെന്നും  അംഗീകരിച്ചതായും എടുത്തുകാണിക്കുന്ന ഈ പ്രഖ്യാപനം പ്രാചീനകാലം മുതല്‍ ആധുനികകാലം വരെയുള്ള അന്തസ്സ് എന്ന ആശയത്തിന്‍റെ ചരിത്രപരമായ വികാസത്തെ കണ്ടെത്തുന്നു. ധാര്‍മ്മികപഠനത്തിലൂടെയും ഇടയഅജപാലനത്തിലൂടെയും സുവിശേഷത്തിന്‍റെ സത്യത്തിലും ഓരോ മനുഷ്യന്‍റെയും അന്തസ്സിലും അധിഷ്ഠിതമായ മാനുഷിക അന്തസ്സിനെക്കുറിച്ചുള്ള ധാരണ പ്രോത്സാഹിപ്പിക്കാന്‍ സഭ നിരന്തരം ശ്രമിക്കുന്നു.

Featured Posts