top of page
എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസം ആരംഭത്തില്‍ രണ്ടു മഹത് വ്യക്തികളെ ലോകം ഓര്‍ക്കും, മഹാത്മാഗാന്ധിയെയും ഫ്രാന്‍സിസ് അസ്സീസിയെയും. മതസംസ്കാരങ്ങളുടെയും രാഷ്ട്രങ്ങളുടെയും അതിരുകള്‍ക്കപ്പുറം മനുഷ്യവംശം മുഴുവന്‍ ആദരവോടെ കാണുന്ന രണ്ട് ആദര്‍ശ ശാലികള്‍. രണ്ടുപേരുടെയും ജീവിത പശ്ചാത്തലം തികച്ചും വ്യത്യസ്തമായിരുന്നു; മതാനുഭൂതികളും വ്യതിരിക്തം. എങ്കിലും ഇരുവരുടേയും ജീവിത രീതിയിലും ധാര്‍മ്മികതയിലും ഏറെ സമാനത കാണാനാകും. ഹിന്ദുവായ ഗാന്ധിജിയോട് ലോകമാസകലം ക്രൈസ്തവര്‍ക്ക് ആദരവാണുള്ളത്. ക്രൈസ്തവനായ ഫ്രാന്‍സിസ് ഹൈന്ദവ ജനതയുടെ മനസ്സിനിണങ്ങുന്ന താപസനാണ്. 1986-ല്‍ ജോണ്‍ പോള്‍ മാര്‍പാപ്പ രാജ്ഘട്ടില്‍ ഗാന്ധിജിയുടെ സമാധിയില്‍ പുഷ്പാജ്ഞലിയര്‍പ്പിച്ച് മുട്ടുകുത്തി ധ്യാനനിമഗ്നനായ ചിത്രം ഭാരതീയരുടെ മനസ്സില്‍ മായാതെ നില്ക്കുന്നു. ഹൈന്ദവാചാര്യന്മാര്‍ യൂറോപ്പിലൂടെ കടന്നുപോകുമ്പോള്‍ സന്ദര്‍ശിക്കാനിഷ്ടപ്പെടുന്ന ഒരിടമാണ് അസ്സീസി.
ഗാന്ധിജിയെയും ഫ്രാന്‍സിസിനെയും താരതമ്യം ചെയ്തു പഠിക്കാന്‍ ഇവിടെ മുതിരുന്നില്ല. രണ്ടു വ്യക്തികളെ ഒരിക്കലും താരതമ്യം ചെയ്തു കാണാനാകില്ല, രണ്ടു മതങ്ങളെയും. താരതമ്യപഠനം ഒന്നിനോടും നീതി പുലര്‍ത്തുന്നതാവില്ല. ഓരോ വ്യക്തിക്കും അനന്യമായ സ്വഭാവവും മൂല്യവുമുണ്ട്. അതുകൊണ്ട് ഓരോ വ്യക്തിയുടെയും അനുഭൂതിലോകത്തിലേക്ക് ആദരവോടെ കടന്നു ചെല്ലുകയാണു വേണ്ടത്. അതാകട്ടെ അത്ര എളുപ്പമുള്ള സാധനയാകില്ല. ഏറെക്കുറെ എളുപ്പം ചെയ്യാവുന്ന ഒരു രീതി മാത്രമാണ് ഇവിടെ എടുക്കുന്നത്: ഗാന്ധിജിയുടെയും ഫ്രാന്‍സീസിന്‍റെയും വിഖ്യാതമായ ഓരോ പ്രാര്‍ത്ഥന അപഗ്രഥിക്കുക. ഓരോന്നിനെയും അതില്‍ത്തന്നെ വിശകലനം ചെയ്യുക. വസ്തുനിഷ്ഠമായ ഈ നിരീക്ഷണത്തില്‍ തെളിയുന്ന ആത്മനിഷ്ഠമായ ചലനങ്ങളും നമ്മുടെ ഉള്ളില്‍ അതുണ്ടാക്കുന്ന അനുരണനങ്ങളും ശ്രദ്ധിക്കുക, അത്രയേ ചെയ്യാനാകൂ.
ഗാന്ധിജിയുടെ പ്രാര്‍ത്ഥന
വിനീതനായ നാഥാ,
ഹരിജനങ്ങളുടെ കുടിലുകളില്‍ വസിക്കുന്നവനേ,
ഗംഗയും യമുനയും ബ്രഹ്മപുത്രയും നനയ്ക്കുന്ന
ഈ സുന്ദരഭൂവിലെമ്പാടും ഞങ്ങള്‍ നിന്നെ കണ്ടെത്തട്ടെ.
ഞങ്ങളുടെ മനസ്സുകളെ വിടര്‍ത്തുക, ഹൃദയങ്ങളെ തുറക്കുക.
ഭാരതത്തിലെ ജനകോടികളുമായി താദാത്മ്യപ്പെടാനുള്ള
കഴിവും തുറവിയും ഞങ്ങള്‍ക്കരുളുക.
പൂര്‍ണ്ണമായും വിനീതരാകുന്നവര്‍ക്കാണല്ലോ
നീ രക്ഷകനായി വരുന്നത്.
സുഹൃത്തുക്കളും ദാസരുമായി ആരെ സേവിക്കുവാന്‍
നീ ഞങ്ങളെ നിയോഗിച്ചുവോ,
ആ ജനങ്ങളില്‍ നിന്നു ഞങ്ങള്‍ അകന്നുപോകാതിരിക്കട്ടെ.
ഞങ്ങളെ ആത്മത്യാഗത്തിന്‍റെ മൂര്‍ത്തികളാക്കി മാറ്റുക.
ദിവ്യമായ കനിവ് ഞങ്ങളില്‍ നിറഞ്ഞു കവിയട്ടെ.
ഈ നാടിനെ മേല്ക്കുമേല്‍ അറിയാനും ഏറെ സ്നേഹിക്കാനും
ഞങ്ങളെ വിനീതഹൃദയരാക്കിത്തീര്‍ക്കുക.
അഹമ്മദ്ബാദിലെ സബര്‍മതി ആശ്രമത്തില്‍ എന്നും പ്രഭാതത്തില്‍ ചൊല്ലാന്‍ വേണ്ടി ഗാന്ധിജി രചിച്ച പ്രാര്‍ത്ഥനയാണിത്. ഇതില്‍ ശ്രദ്ധേയമായത് ഗാന്ധിജി എവിടെയാണ് ദിവ്യതയെ ദര്‍ശിക്കുന്നത് എന്നതാണ്. ഏതോ സ്വര്‍ല്ലോകത്തില്‍ സിംഹാസനസ്ഥനായിരിക്കുന്ന ഒരു ദൈവത്തോടല്ല പ്രാർത്ഥിക്കുന്നത്. മനുഷ്യ ജീവിതത്തിന്‍റെ സഹനപാതകളില്‍നിന്നും സംഘര്‍ഷമേഖലകളില്‍നിന്നും മാറി നില്ക്കുന്ന ഒരീശ്വരനെയല്ല നിരൂപിക്കുന്നത്. സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തിന്‍റെ രൂപമല്ല മനസ്സില്‍ നിറയുന്നത്. മറിച്ച് 'വിനീതനായ നാഥനെ' വിളിച്ചാണു പ്രാര്‍ത്ഥിക്കുന്നത്. ആ ദൈവത്തിന്‍റെ വാസസ്ഥലം പാവപ്പെട്ടവരുടെ കുടിലുകളാണ്. അധഃസ്ഥിതരായ അവരെ 'ദൈവത്തിനു പ്രിയപ്പെട്ടവര്‍' എന്ന അര്‍ത്ഥത്തില്‍ 'ഹരിജനങ്ങള്‍' എന്നു ഗാന്ധിജി വിളിച്ചു. ഹരി എന്നവാക്കിന് രക്ഷകന്‍ എന്നാണര്‍ത്ഥം. മുക്തിയിലേക്കുള്ള ജീവിതയാത്രയില്‍ നേരിടുന്ന തടസ്സങ്ങളെ ഹരിക്കുന്ന- എടുത്തുമാറ്റുന്ന- ഈശ്വരനാണു ഹരി. ഈ രക്ഷാകര പ്രവര്‍ത്തനം ഏറ്റവും വ്യക്തമായി കാണുന്നത് അധഃസ്ഥിതരായവരുടെ ജീവിതത്തിലാണ്. അതുകൊണ്ടാണ് ഗാന്ധിജി അവരുടെ യാതനകളില്‍ ഐശ്വരസാന്നിധ്യം തിരിച്ചറിഞ്ഞതും അവരെ കരകയറ്റുന്ന കര്‍മ്മങ്ങളെ ദിവ്യമായ പ്രവര്‍ത്തനത്തിലുള്ള പങ്കുചേരലായി കണ്ടതും. രാഷ്ട്രീയ സേവനവും, സാമൂഹിക പ്രവര്‍ത്തനവും അദ്ദേഹത്തിന് ആദ്ധ്യാത്മിക സാധനയായിരുന്നു.
വിനീതനായ ദൈവത്തെ കാണണമെങ്കില്‍ നാമും വിനീതരാകണം. മനുഷ്യന്‍റെ കാല്‍ കഴുകാന്‍ വെള്ളവുമായി നില്ക്കുന്ന ദൈവത്തെ കാണാന്‍ നാമും മറ്റുള്ളവരുടെ കാല്‍ കഴുകാന്‍ തയ്യാറാകണമല്ലോ. ഈ വിനയത്തിനുള്ള പ്രാര്‍ത്ഥനയാണിത്. 'മനസ്സിനെ തുറക്കണമെ' എന്നാണു പ്രാര്‍ത്ഥിക്കുന്നത്. ഞാന്‍, എനിക്ക്, എന്‍റേത് എന്നിത്തരം സ്വാര്‍ത്ഥചിന്തകള്‍ മനസ്സില്‍ നിറയുമ്പോള്‍ മനസ്സ് അടയും. അപരന്‍റെ തലയ്ക്കുമീതെ സ്ഥാനമുറപ്പിക്കാനുള്ള മത്സരഭാവം ശക്തമാകും. മനുഷ്യനും മനുഷ്യനുമിടയ്ക്കു വിടവുകള്‍ ഏറും. എന്നാല്‍ താന്‍പോരിമ വെടിഞ്ഞ് മറ്റുള്ളവരില്‍ പ്രത്യേകിച്ച് അധഃസ്ഥിതരില്‍ ഈശ്വരനെ കാണാന്‍ ശ്രമിക്കുമ്പോള്‍ മനസ്സ് ശുദ്ധമാകും, ആര്‍ദ്രമാകും. ഇതാണു പ്രാര്‍ത്ഥനയിലെ സിദ്ധി. അടഞ്ഞ മനസ്സിനെ തുറക്കാന്‍ മനുഷ്യനു സ്വയം സാധിക്കുകയില്ല. അത്ര ശക്തമാണ് മനസ്സില്‍ ചേര്‍ന്നിരിക്കുന്ന അഹംകാരം. അന്തര്യാമിയായ ദിവ്യതയുടെ ഉള്‍ക്കരുത്തില്‍, നിരന്തരം നടക്കുന്ന ഒരു പ്രക്രിയയാണ് അഹംകാരത്തില്‍ നിന്ന് ആത്മബോധത്തിലേക്കുള്ള മാറ്റം, മത്സരാവേശത്തില്‍ നിന്ന് ആര്‍ദ്രചിത്തതയിലേക്കുള്ള വളര്‍ച്ച - അതാണ് ഗാന്ധിജിയില്‍ നടന്നത്. അതിനുള്ള ശക്തിക്കാണു അദ്ദേഹം നിരന്തരം പ്രാര്‍ത്ഥിച്ചതും.
ജനസേവനത്തില്‍ ദാസ്യഭാവം കണ്ടെന്നതാണ് ഗാന്ധിജിയുടെ പ്രത്യേകത. 'മിനിസ്റ്റര്‍' എന്ന ഇംഗ്ലീഷ് പദത്തിന്‍റെ അര്‍ത്ഥം ഇതാണല്ലോ. രാഷ്ട്ര സേവയെ ദാസന്‍റെ ദൗത്യമായാണു ഗാന്ധിജി കണ്ടത്. ആത്മാര്‍ത്ഥമായ ആന്തരിക സ്വാതന്ത്ര്യമുള്ള ഒരു ജനസേവകനേ ഇതു പറയാനാകൂ. ആന്തരിക സ്വാതന്ത്ര്യം എന്ന വരത്തിനു വേണ്ടിയാണ് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്. തന്‍റെ ജനതയെ സ്നേഹിക്കാനും അവരുടെ ജീവിത സംഘര്‍ഷങ്ങളില്‍ നിന്ന് അകന്നുപോകാതിരിക്കാനുമുള്ള കൃപയ്ക്കു വേണ്ടി. 'ദിവ്യമായ കനിവ്' ഞങ്ങളില്‍ നിറയട്ടെ! ദൈവത്തിന്‍റെ കാരുണ്യത്തിന് ചാലുകളായി തീരുന്നവരാണ് സാമൂഹിക പ്രവര്‍ത്തകര്‍. 'ആത്മത്യാഗത്തിന്‍റെ മൂര്‍ത്തികള്‍' എന്നാണു ഗാന്ധിജി ഇവരെ വിളിക്കുന്നത്.
ഭാരതത്തെ ആഴത്തില്‍ അറിയുക, ഈ നാടിന്‍റെ സംസ്കാരം നന്നായി പഠിക്കുക, ഈ ജനതയെ സ്നേഹിക്കുക- ഇതെല്ലാമുള്ളവര്‍ക്കേ ഈ നാട്ടില്‍ ജീവിക്കാന്‍ അവകാശമുള്ളൂ. കാരണം ഇന്നലെയുടെ ആത്മീയ പൈതൃകത്തിലെ ഉദാത്തമായ ഭാവങ്ങള്‍ വരുംതലമുറയ്ക്കു കൈമാറേണ്ടവരാണ് നാമെല്ലാം. ഈ ഉത്തരവാദിത്വത്തിലേക്കാണ് ഈ പ്രാര്‍ത്ഥന ഉണര്‍ത്തുന്നത്.
ഭാരതം എന്ന ഈ 'സുന്ദരഭൂവിലെമ്പാടും' ദൈവത്തെ കാണാന്‍ കണ്ണുകള്‍ തുറന്നു തരണമേ, മനസ്സുതുറക്കണമേ, ഹൃദയം ആര്‍ദ്രമാക്കണമേ - ഇതാണു ഗാന്ധിജിയുടെ പ്രാര്‍ത്ഥന.
ഫ്രാന്‍സിസ് അസ്സീസിയുടെ പ്രാര്‍ത്ഥന
ദൈവമേ,
എന്നെ നിന്‍റെ ശാന്തിയുടെ അരുവിയാക്കണമേ,
വിദ്വേഷമുള്ളിടത്തു സ്നേഹം പകരാന്‍,
മുറിവേറ്റ മനസ്സില്‍ നിന്‍റെ സാന്ത്വനം നല്കാന്‍,
ആശങ്കമാറ്റി വിശ്വാസം ഉറപ്പിക്കാന്‍,
എന്നെ അയക്കണമേ.
നിരാശയില്‍ തളരുന്നവര്‍ക്കു പ്രത്യാശനല്കാന്‍,
ഇരുളില്‍ വെളിച്ചം പകരാന്‍,
ദുഃഖിതര്‍ക്ക് ആനന്ദമേകാന്‍,
എന്നെ അയക്കണമേ.
ആശ്വാസം തേടാതെ ആശ്വസിപ്പിക്കാനും,
ആദരവ് ആശിക്കാതെ ആദരിക്കാനും,
സ്നേഹിക്കപ്പെടുന്നതിലുപരി സ്നേഹിക്കാനും,
എന്നെ അയക്കണമേ.
പൊറുക്കുമ്പോളാണ് പൊറുതികിട്ടുന്നതെന്ന്,
കൊടുക്കുമ്പോളാണ് നിന്‍റെ കൃപ സിദ്ധിക്കുന്നതെന്ന്,
മരിക്കുന്നതിലൂടെയാണ് നിത്യജീവനിലേക്ക്
ഉയിര്‍ക്കുന്നതെന്ന്
എന്നെ പഠിപ്പിക്കണമേ.
അസ്സീസിയിലെ വി. ഫ്രാന്‍സീസിന്‍റെ ആത്മീയതയും ദൗത്യബോധവും വ്യക്തമാക്കുന്ന മനോഹരമായ പ്രാര്‍ത്ഥനയാണിത്. സര്‍വ്വം പരിത്യജിച്ച്, മനുഷ്യര്‍ക്കു നന്മ ചെയ്തു ജീവിച്ച യേശുവിന്‍റെ ശിഷ്യനായാണ് ഫ്രാന്‍സീസ് സ്വയം മനസ്സിലാക്കിയത്. യേശുവിനെപ്പോലെ തന്‍റെ ദൗത്യം സ്നേഹവും കരുണയും ശാന്തിയും പകരുക എന്നതായിരുന്നെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനുള്ള ശക്തിക്കും കൃപയ്ക്കും വേണ്ടിയാണ് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്.
ശാന്തി മനഷ്യമനസ്സില്‍ വിടര്‍ത്തുന്നതും മനുഷ്യസമൂഹങ്ങളില്‍ നിറയ്ക്കുന്നതും വാസ്തവത്തില്‍ ദൈവത്തിന്‍റെ ആത്മാവാണ്. ദിവ്യമായ ഈ പ്രവര്‍ത്തനത്തില്‍ പങ്കുചേരാനാണ് നാം നിയുക്തരായിരിക്കുന്നത്. ദൈവകരങ്ങളില്‍ നാം ഉപകരണങ്ങളാണ്, ദൈവസ്നേഹത്തിന്‍റെ അരുവികളാണ്, ഐശ്വര ശാന്തിയുടെ ദൂതരാണ്. നമ്മുടെ പ്രതിഭകൊണ്ട് നല്കാവുന്നതല്ല യഥാര്‍ത്ഥമായ ശാന്തി. സാന്ത്വനം നല്കാന്‍, പ്രതീക്ഷയുണര്‍ത്താന്‍, വിശ്വാസം ദൃഢമാക്കാന്‍ ദിവ്യമായ ശക്തി നമ്മിലൂടെ പ്രവര്‍ത്തിക്കണം. അതിനായാണ് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്.
ഇരുള്‍ നിറഞ്ഞ മനസ്സുകളില്‍ ദിവ്യമായ പ്രകാശം തെളിയിക്കാന്‍, ദുഃഖിതര്‍ക്ക് ആശ്വാസം പകരാന്‍ എന്നെ ശക്തനാക്കണമേ എന്നു പ്രാര്‍ത്ഥിക്കുമ്പോഴും ദിവ്യമായ ഒരു ദൗത്യത്തിലാണു താന്‍ പങ്കുചേരുന്നതെന്ന ബോധം ഫ്രാന്‍സീസിനുണ്ടായിരുന്നു. അവിടെ ഞാന്‍, എനിക്ക്, എന്‍റേത് എന്ന പരിഗണനകള്‍ ഇല്ലാതാകും. അതുകൊണ്ടാണല്ലോ ആശ്വാസം സ്വയം തേടാതെ, ആദരവ് പ്രതീക്ഷിക്കാതെ സ്നേഹത്തിനു വേണ്ടി അലയാതെ, പരാര്‍ത്ഥം ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നത്. ഈ സ്വാതന്ത്ര്യം ജീവിതത്തെ ധന്യമാക്കും, ദൈവിക ജീവനിലേക്കുള്ള ഒഴുക്കാക്കി ജീവിതത്തെ മാറ്റും. എന്തു നേടി എന്ന ചോദ്യം ഇവിടെ പ്രസക്തമല്ല, എന്തു മാത്രം ദൈവിക പ്രവര്‍ത്തനത്തിനു സ്വയം വിട്ടുകൊടുത്തു എന്നതാണു നിര്‍ണ്ണായകം.
പരസ്പരം വഴക്കിട്ടു നിന്ന നിരവധി വ്യക്തികളെയും സമൂഹങ്ങളെയും അനുരഞ്ജനത്തിലേക്കു കൈപിടിച്ചു നടത്താന്‍ ഫ്രാന്‍സീസിനു സാധിച്ചു. ധനത്തോടുള്ള ആര്‍ത്തിയില്‍ അര്‍ത്ഥശൂന്യമായിത്തീര്‍ന്ന ജീവിതരീതികള്‍ക്കു നേരെ, സ്വയം വരിക്കുന്ന ദാരിദ്ര്യത്തിന്‍റെ കരുത്ത് അദ്ദേഹം ജീവിച്ചു കാട്ടിക്കൊടുത്തു. അധികാരത്തിനുള്ള വടംവലി സഭാവൃത്തങ്ങളില്‍ ശക്തമായപ്പോള്‍ ദാസനെപ്പോലെ സേവനം ചെയ്യുന്നതിലെ ശക്തി അദ്ദേഹം പ്രകടമാക്കി. മനുഷ്യരെ മാത്രമല്ല പ്രകൃതിയെയും അദ്ദേഹം സ്നേഹിച്ചു. പ്രകൃതിവസ്തുക്കളില്‍ ഈശ്വര സാന്നിധ്യം രുചിച്ചറിഞ്ഞു. മണ്ണും, മരവും, മൃഗങ്ങളും കിളികളും, നദികളും, മലകളും, സൂര്യനും, നക്ഷത്രങ്ങളുമെല്ലാം ചേര്‍ന്ന പ്രപഞ്ച മഹാകുടുംബത്തിലെ അംഗങ്ങളാണു മനുഷ്യര്‍ എന്ന ബോധം പകര്‍ന്നു നല്കി ഈ വിശ്വപ്രേമത്തിലാണ് എല്ലാത്തിനെയും - മരണത്തെപ്പോലും- സഹോദരനായി, സഹോദരിയായി, സുഹൃത്തായി കാണാന്‍ ഫ്രാന്‍സീസിനു സാധിച്ചത്.
ദൈവം നമ്മോടുകൂടെ
ഫ്രാന്‍സീസും, ഗാന്ധിജിയും- ഐശ്വര കാരുണ്യത്തില്‍ വിടര്‍ന്ന രണ്ടു സുമങ്ങള്‍. വ്യത്യസ്തമായ മതസംസ്കാര മേഖലകളില്‍, വിഭിന്നമായ കാലഘട്ടങ്ങളില്‍ ജീവിച്ചവരാണെങ്കിലും അവരുടെ ആദ്ധ്യാത്മിക ദര്‍ശനങ്ങളില്‍ ഏറെ സമന്വയം കാണാനാകും. ജീവിതരീതിയിലെ ലാളിത്യം, സന്തോഷത്തോടെ ദാരിദ്ര്യം പുല്കാനുള്ള വിനയം, സഹിക്കുന്നവരോടുള്ള ആര്‍ദ്രത, ദിവ്യതയെ എല്ലായിടത്തും എല്ലാറ്റിലും കാണാനുള്ള സിദ്ധി, പ്രകൃതിയോടുള്ള സ്നേഹം, വിഭിന്ന ജനവിഭാഗങ്ങളോടുള്ള ആദരവ്, വ്യത്യസ്ത മതങ്ങളോടുള്ള തുറവി ഇതെല്ലാം ഗാന്ധിജിയുടെയും ഫ്രാന്‍സീസിന്‍റെയും ജീവിതത്തില്‍ നിറഞ്ഞുകണ്ട ഗുണങ്ങളാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് ഇന്നും വളരെ പ്രസക്തിയുണ്ട്.
ആഗോളവത്കരണം മൂലം ജീവിത സൗകര്യങ്ങള്‍ ഏറെ വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും ജനകോടികള്‍ ദാരിദ്ര്യത്തിലും രോഗാവസ്ഥയിലും കഴിഞ്ഞു പോരുന്നു. അവരെ സ്നേഹത്തോടെ പുല്കുന്ന ഒരു ആദ്ധ്യാത്മികതയാണ് ഇന്നാവശ്യം. മനുഷ്യനിലാണ് ദിവ്യതയെ കണ്ടെത്തേണ്ടത്. മനുഷ്യനില്‍നിന്ന് അകലെ മാറി നില്ക്കുന്ന ഒരു ദൈവത്തെക്കൊണ്ട് മനുഷ്യന് എന്തു ഗുണം! നമ്മുടെ സഹനങ്ങളില്‍ നമ്മോടൊത്തു സഹിക്കുന്ന ദൈവത്തെയല്ലേ കുരിശ് തെളിച്ചു കാട്ടിയത്. ഈ ദൈവത്തെയാണ് 'ഹരിജനങ്ങളുടെ കുടിലുകളില്‍' ഗാന്ധിജി കണ്ടത്, 'നിരാശയില്‍ തളര്‍ന്നിരുന്നവരില്‍' ഫ്രാന്‍സിസ് കണ്ടത്. അവരില്‍ നവചേതന വിടര്‍ത്തുന്ന ദൈവാത്മാവിന്‍റെ കൈകളിലെ ഉപകരണങ്ങളാകാനാണ് രണ്ടുപേരും ശ്രമിച്ചത്. ജനസേവനം തങ്ങളുടെ സ്വന്തം താത്പര്യത്തില്‍ നടക്കുന്ന ഒന്നല്ലെന്ന് ഇരുവര്‍ക്കും ബോധ്യമായിരുന്നു. അതുകൊണ്ടാണ് ആര്‍ദ്രതയുടെ കൃപയ്ക്കുവേണ്ടി ഗാന്ധിജിയും ഫ്രാന്‍സീസും നിരന്തരം പ്രാര്‍ത്ഥിച്ചത്.
പാരിസ്ഥിതികവിനാശം ഇന്നിന്‍റെ വലിയ പ്രശ്നമാണ്. പ്രകൃതിയെ ദൈവത്തിന്‍റെ ശരീരമായി കണ്ടു സ്നേഹിക്കുന്ന, സംരക്ഷിക്കുന്ന, ഒരു ആത്മീയതയാണ് ഇന്നു ശക്തമാകേണ്ടത്. പ്രകൃതി വസ്തുക്കളുടെ പാവനത ഒരു ആത്മീയാനുഭൂതിയായി മാറണം. ഗാന്ധിജിയും, ഫ്രാന്‍സിസും അതിനു പ്രചോദനം നല്‍കുന്നുണ്ട്. 'ഗംഗയും യമുനയും ബ്രഹ്മപുത്രയും' നനയ്ക്കുന്ന 'ഈ സുന്ദരഭൂവിനെ' സ്നേഹിക്കാനുള്ള വരത്തിനുവേണ്ടി പ്രാര്‍ത്ഥിച്ച ഗാന്ധിജി പരിസ്ഥിതി സംരക്ഷണത്തെ കാര്യമായി എടുത്തയാളാണ്. പ്രകൃതിവസ്തുക്കളുമായി അകമഴിഞ്ഞ സാഹോദര്യം പങ്കിട്ട ഫ്രാന്‍സീസ് പാരിസ്ഥിതിക പ്രശ്നങ്ങളെ നേരിടുന്ന പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥനാണ്. ഭാരതത്തിന്‍റെ മനസ്സിനിണങ്ങുന്ന താപസനായ ഫ്രാന്‍സീസും ക്രൈസ്തവ സാഹോദര്യം പ്രാവര്‍ത്തികമാക്കിയ ഗാന്ധിജിയും സമഗ്രതയുറ്റ ഒരു ആദ്ധ്യാത്മിക മാനവദര്‍ശനം വളര്‍ത്തിയെടുക്കുന്ന അന്വേഷണത്തില്‍ നമുക്കു വഴികാട്ടികളാണ്.