top of page

ഗാഡ്ഗില്‍....

Dec 1, 2013

3 min read

ഫാ. ജോസ് വെട്ടിക്കാട്ട്

"അച്ചാ സോറി"


പതിനൊന്നുമണികഴിഞ്ഞു. ഇനീം കിടന്നേക്കാമെന്നുകരുതി വായുംമുഖോം കഴുകുന്നതിനിടയില്‍ വന്ന ഫോണ്‍കോള്‍ അറ്റന്‍റ്ചെയ്തപ്പോള്‍ കേട്ട അത്ര പരിചയമില്ലാത്ത സ്വരം. മിണ്ടാന്‍പോയില്ല.


"അച്ചാ വെരി സോറി"


"എന്‍റെ ചെവിക്കു ലേശം പ്രശ്നമുണ്ടെങ്കിലും പറഞ്ഞതുരണ്ടും കേട്ടു" കിടക്കാറായപ്പോഴേയ്ക്കും വല്ല കുഴഞ്ഞകേസുകെട്ടുമാണെങ്കില്‍ വിട്ടുപോകട്ടെന്നുകരുതി അത്ര സുഖിക്കാത്തമട്ടില്‍ ഞാനുംതട്ടി.


"സോറിയച്ചാ ക്ഷമിക്കണം"


"റോംങ് നമ്പര്‍, ഞാന്‍ ജോസച്ചന്‍, സോറിയച്ചനെ അറിയില്ല." അങ്ങേത്തലയ്ക്കല്‍ കണ്‍ഫ്യൂഷനാകട്ടെ എന്നുകരുതി ചുമ്മാ ഒരു നമ്പര്‍.


"അച്ചാ പേടിച്ചുപേടിച്ചാ വിളിക്കുന്നത്. ഒരു സഹായം ചോദിച്ചാല്‍ കിട്ടുമോന്നറിയാനായിരുന്നു."


"തീരെ ബുദ്ധിമുട്ടായിരിക്കും, എന്നാലും ഇയാളൊന്നു ചോദിച്ചുനോക്ക്."


"അച്ചാ നാളെ ഉച്ചകഴിഞ്ഞൊരു വചനപ്രഘോഷണത്തിനായിരുന്നു."


"അതിനാണോ ഇത്ര പേടിച്ചത്. അതിനു ഞാനെന്നാ പെണ്ണാണോ രാത്രീല്‍ വിളിച്ചു പീഡിപ്പിച്ചെന്നുംപറഞ്ഞു കേസുകൊടുക്കാന്‍."


"അതല്ലച്ചാ, നേരത്തെയൊന്നും പറയാതെ അച്ചനെപ്പോലെ ഒത്തിരി തെരക്കുള്ള.. സോറി അച്ചാ.. " ആളു പരുങ്ങി.


"ഇയാളുരുണ്ടു കളിക്കണ്ട. കാര്യം ഞാനങ്ങോട്ടു പറയാം. നേരത്തെ സമ്മതിച്ചിരുന്ന ആരോ ഇപ്പോള്‍ വിളിച്ച് വരാന്‍ പറ്റില്ലെന്നറിയിച്ചുകാണും. പകരം ഒരാളെവേണം. നിങ്ങളു കൂടിയാലോചിച്ച് അഞ്ചാറു പേരുടെ ലിസ്റ്റുണ്ടാക്കിക്കാണും. അതില്‍ പലരേം വിളിച്ചപ്പോള്‍ പോയി പണിനോക്കാന്‍ പറഞ്ഞുംകാണും. അപ്പോപ്പിന്നെ ഒരു മൂന്നാലു സോറീംകൂട്ടി എന്നേം വിളിച്ചുനോക്കി. ആം ഐ കറക്റ്റ്? ഇപ്പം പേടിയൊക്കെ പോയിക്കാണുമായിരിക്കുമല്ലോ, ഇനീം ഇയാളു കാര്യംപറ." ഒരു നമ്പരുകൂടെ.


"അച്ചന്‍ പറഞ്ഞതെല്ലാം ശരിയാ. ഉദ്യോഗസ്ഥക്കൂട്ടായ്മയാ. മാസത്തിലൊന്നുള്ളതാണ്. നല്ലനിലയില്‍ പോകുന്നതാണ്. ഉച്ചകഴിഞ്ഞ് ഒരുമണിക്കൂറു മതിയായിരുന്നു. അച്ചനൊക്കെ ഒത്തിരി ബുക്കിങ്ങുണ്ടെന്നറിയാം. എന്നാലും ഫ്രീയാണെങ്കില്‍ ഒരു സഹായം..."


"പറഞ്ഞതുപലതും ഇയാളെന്നെ ഊതാന്‍ പറഞ്ഞതാണെന്നെനിക്കറിയാം. എനിക്കൊട്ടു വലിയ ബുക്കിങ്ങുമില്ല. കടുംവെട്ടായാല്‍പിന്നെ അങ്ങനെയാ. ഇങ്ങനെ ആളില്ലാതെ വരുമ്പോഴും ആര്‍ക്കും വലിയകോളില്ലാത്ത കേസുകളുവരുമ്പോഴുമൊക്കെയാണ് സ്ലോട്ടറുകാരുടെ ലോട്ട്. അതു ലോകത്തിന്‍റെ നീതിയാ. കടുംവെട്ടായി, ഞാന്‍ ഫ്രീയാണ്, അതുകൊണ്ടു വരാന്‍ പറ്റുകേം ചെയ്യും. പക്ഷെ ഇയാളു വിളിച്ചാല്‍ ഞാന്‍ വരത്തില്ല, ഇയാളുടെ വികാരിയച്ചന്‍ വിളിച്ചാല്‍ വരാം."


"വികാരിയച്ചന്‍ തന്നെയാ വിളിക്കുന്നത്. അച്ചനെന്നെ അറിയും, പേര് ഫാ. ..."


"സോ സോറി.. സോറി ഫാദര്‍..." ഞാനതു പറഞ്ഞുതീരുന്നതിനുമുമ്പ് അങ്ങേരടെ ഉറക്കെയുള്ള ചിരീംകൂടെ കേട്ടപ്പോള്‍ ചമ്മലുകാരണം ബളുബളാന്നായിപ്പോയി. ആരാണപ്പുറത്തെന്നറിയാതെ ഫോണില്‍ മിണ്ടരുതെന്ന് എത്രതവണ പ്രതിജ്ഞയെടുത്താലും പിന്നേം തെറ്റുന്നു. ഏതോ ബന്ധനമായിരിക്കും, പോയൊരു ധ്യാനംകൂടണം!!


പിന്നെയെല്ലാം ശുഭം. ഉച്ചകഴിഞ്ഞവിടെച്ചെന്നു. വളരെയേറെ ഉദ്യോഗസ്ഥരുള്ള ഇടവകയിലെ ഉദ്യോഗസ്ഥര്‍ക്കുവേണ്ടി മാസത്തിലൊരിക്കല്‍ നടത്തുന്ന, മുന്‍വികാരി തുടങ്ങിവച്ച പരിപാടിയാണ്. പത്തുമണിക്കു കുര്‍ബ്ബാനയും തുടര്‍ന്ന് ആരാധനയും പിന്നെയൊരു ലഘുഭക്ഷണവും കഴിഞ്ഞ് ക്ഷണിച്ചുവരുത്തുന്ന ആരുടെയെങ്കിലും പ്രഭാഷണം. അതുകഴിഞ്ഞ് സമയമനുസരിച്ച് വര്‍ത്തമാനം പറഞ്ഞിരുന്നശേഷം കുറേപ്പേരെങ്കിലും അടുത്ത് ആകാശപ്പറവ പോലെയുള്ള ഒന്നുരണ്ടു സ്ഥാപനങ്ങളുണ്ട്, അവിടെയൊക്കെയൊന്നു പോകും. പരിപാടിയുടെ ഏകദേശരൂപമതായിരുന്നു.


ഗാഡ്ഗിലും കസ്തൂരീമൊക്കെ വല്ലാതെ മണക്കുന്ന കാലമായതുകൊണ്ട് പരിസ്ഥിതിയെയും പ്രകൃതിസ്നേഹത്തെയുംപറ്റിയാകാം ചിന്ത എന്നുകരുതി ആ വഴിക്കാണ് ഒരുമണിക്കൂറു സംസാരിച്ചത്. സംഗതിവശാല്‍ 'ഗാഡ്ഗില്‍' റിപ്പോര്‍ട്ടിനെപ്പറ്റിയും 'വഴിവാസ' സമരത്തെയുംപറ്റി പരാമര്‍ശിച്ചപ്പോഴൊക്കെ പലരും അക്ഷമരാകുന്നതു ഞാന്‍ ശ്രദ്ധിച്ചു. കഴിഞ്ഞിറങ്ങിവന്നപ്പോള്‍തന്നെ ചിലരതിനെപ്പറ്റി ചോദിക്കുകയുംചെയ്തു.


"അച്ചനീ കര്‍ഷകസമരത്തിനും പ്രതിഷേധത്തിനുമൊക്കെ എതിരാണെന്നു തോന്നുന്നല്ലോ"


"തൂവലു കണ്ടപ്പോഴേ ആമയാണെന്നു മനസ്സിലായെന്നു പറഞ്ഞതുപോലെയുണ്ട്. ഒന്നിനെയും അനുകൂലിച്ചും പ്രതികൂലിച്ചും ഞാന്‍ പറഞ്ഞില്ലല്ലോ. പ്രകൃതിസ്നേഹമുണ്ടെങ്കില്‍ ഇന്നത്തെ ഈ സമരങ്ങള്‍ക്കൊക്കെ മൂലകാരണമായ പ്രകൃതിദ്രോഹം അവസാനിക്കുമെന്നും നിയമത്തിന്‍റെ പടവാളുകളെക്കാള്‍ മൂല്യബോധവല്‍ക്കരണത്തിലൂടെയുള്ള ചികിത്സാവിധികളാണ് ഇന്നിന്‍റെ ആവശ്യം എന്നുമല്ലേ ഞാന്‍ പറഞ്ഞുള്ളു."


"ഇതൊക്കെ എത്രനാളായിട്ടു നമ്മളു പറയുന്നതാണച്ചാ, വല്ലതും നടന്നോ? ഇതും പറഞ്ഞു ക്ഷമേം കൊണ്ടിരുന്നാല്‍ നമുക്കിവിടെങ്ങും ജീവിക്കാന്‍ പറ്റാത്ത അവസ്ഥവരും. മഹാത്മാഗാന്ധീടെയൊക്കെക്കാലം പോയി." അദ്ദേഹത്തിന്‍റെ സംസാരം ഉറക്കെയായിരുന്നതുകൊണ്ട് അതുകേട്ട് പലരും അടുത്തെത്തി. ഒഴിഞ്ഞുമാറുന്നതാണു ബുദ്ധിയെന്നു തോന്നിയെങ്കിലും അയാള്‍ പറഞ്ഞതിനു മറുപടി പറയാതെവിടുന്നത് തോറ്റോടുന്നതിനു തുല്യമാണല്ലോന്നോര്‍ത്ത് സമാപനമെന്ന രീതിയില്‍ ഞന്‍ പറഞ്ഞു:

"ഇദ്ദേഹം പറഞ്ഞത് രാഷ്ട്രീയക്കാരുടെ ഭാഷ. ഞാന്‍ രാഷ്ട്രീയക്കാരനല്ല. ഞാന്‍ സംസാരിച്ചതും ആ ഭാഷയിലല്ല."


"പുള്ളിക്കാരന്‍ യൂണിയന്‍ സെക്രട്ടറിയാണച്ചാ. സമരം കഴിഞ്ഞെത്തിയതേയുള്ളു" കേട്ടുനിന്നയാളതു പറഞ്ഞപ്പോള്‍ മറ്റേയാളിന്‍റെ എതിര്‍ പാര്‍ട്ടിയിലുള്ള ആളാണെന്നു തോന്നി.


"എങ്കില്‍പിന്നെ മെത്രാന്മാരുവരെയും സമരത്തിനിറങ്ങിയതോ?"


"ഞാനീ നാട്ടുകാരനേ അല്ല." ആളു വിടാന്‍ ഭാവമില്ലെന്നുകണ്ടപ്പോള്‍ ഞാന്‍ തടിയൂരി. കാപ്പികുടിക്കാനിരുന്നപ്പോള്‍ ഭാരവാഹികളില്‍ ചിലരടുത്തുണ്ടായിരുന്നു.


"ഏതായാലും അച്ചന്‍ ആ പുള്ളിക്കാരനോടു കൂടുതല്‍ തര്‍ക്കിക്കാന്‍ പോകാഞ്ഞതുനന്നായി. ഇത്രയുംനാളും തൊട്ടതിനൊക്കെ മെത്രാന്മാരെ ചീത്തപറഞ്ഞു നടന്നിരുന്നയാളാ. ഇപ്പോള്‍ ചില മെത്രാന്മാരെ വാഴ്ത്തിപ്പാടിയാണ് പ്രസംഗം." ഒരാള്‍.


"ഏതായാലും ഇപ്പോഴെങ്കിലും മെത്രാന്മാരൊക്കെ ജനത്തോടൊപ്പമിറങ്ങിയതുനന്നായി." വേറൊരാള്‍.


"എന്നാലും രാഷ്ട്രീയക്കാരെപ്പോലെ നമ്മുടെ മെത്രാന്മാരും മറിച്ചും തിരിച്ചുമൊക്കെ പറഞ്ഞതു ശരിയായില്ലെന്നാ എനിക്കുതോന്നുന്നത്." മറ്റൊരാള്‍.


"അതു ജനത്തെ കൈയ്യിലെടുക്കാനല്ലെ?" ആദ്യത്തെയാള്‍.


"ഞങ്ങളൊക്കെ രാഷ്ട്രീയക്കാരാ. ഈ നാട്ടുകാരനല്ലെന്നു പറഞ്ഞാലും രാഷ്ട്രീയമില്ലാത്ത അച്ചനതിനെപ്പറ്റി എന്തു പറയുന്നു?" നേരിട്ടു ചോദ്യം വന്നപ്പോള്‍ മനസ്സിലുണ്ടായിരുന്നതു പറഞ്ഞു.


"രാഷ്ട്രീയക്കാരാണു ജനത്തെ കൈയ്യിലെടുക്കുന്നത്. അവര്‍ക്കവരുടെ രാഷ്ട്രീയ ലക്ഷ്യമുണ്ട്, അതിനു ജനത്തെ കൈയ്യിലെടുത്തേപറ്റൂ, അതിനുള്ള വഴി അവരൊരുക്കും. ജനത്തിന്‍റെ വീക്നസ്സ് മനസ്സിലാക്കി അവിടെയായിരിക്കും അവരു പണിയുക. അതില്‍ പകുതിസത്യോം പച്ചക്കള്ളോം കുതന്ത്രങ്ങളുമൊക്കെയുണ്ടാകും. എങ്കിലേ ജനമിളകൂ. പിന്നെയവരെക്കൊണ്ടെന്തും ചെയ്യിക്കാം. അതിനെയല്ലെ ജനത്തെ കൈയ്യിലെടുക്കുക എന്നു പറയുന്നത്? അതു രാഷ്ട്രീയക്കാരു ചെയ്യട്ടെ. സഭയുടെ നേതൃത്വത്തിലുള്ളവര്‍ ജനത്തെ കൈയ്യിലെടുക്കേണ്ടവരല്ല. ജനത്തിന്‍റെ കൈയ്യിലേയ്ക്കു കൊടുക്കേണ്ടവരാണ്. കൊടുക്കേണ്ടത് ശരിയും സത്യവുമാണ്. ഇപ്പോള്‍ ഈ ഒച്ചപ്പാടുണ്ടാക്കുന്ന ഗാഡ്ഗിലും കസ്തൂരിയുമൊക്കെ, അതിലുമുണ്ട് ശരിയും സത്യവുമൊക്കെ. ആ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ മുഴുവന്‍ നിഷ്പക്ഷമായി വായിക്കണം. അപ്പോഴേ അതു മനസ്സിലാകൂ. പ്രകൃതിയെയും ആവാസവ്യവസ്ഥിതിയെയും തകര്‍ക്കുന്ന ഒട്ടനവധി തോന്ന്യാസങ്ങള്‍ക്കു നേരെ അതില്‍ വളോങ്ങിയിട്ടുണ്ട്. നമ്മുടെ വരുംതലമുറയെപ്പറ്റി അല്പമെങ്കിലും കരുതലുള്ള ആരും അതെല്ലാം കൈയ്യടിച്ചംഗീകരിക്കേണ്ടതാണ്. അതിനെ ഏറ്റം പ്രോത്സാഹിപ്പിക്കുന്ന സഭ അവയെ സര്‍വ്വാത്മനാ പിന്താങ്ങേണ്ടതുമാണ്. അതോടൊപ്പംതന്നെ പരിസ്ഥിതിലോലമെന്ന വാദത്തിന്‍റെ മറയില്‍ പാരപണിതിട്ടുണ്ടെങ്കില്‍ അതു തിരിച്ചറിയുകയും വേണം. കരുതിക്കൂട്ടിയോ അല്ലാതെയോ ജനജീവിതത്തെ വിദൂരമായിട്ടായാലും ഞെരുക്കാനോ ഒതുക്കാനോ ഒളിഞ്ഞോ തെളിഞ്ഞോ തിരുകിക്കയറ്റിയിട്ടുള്ള പാരകളെ കണ്ടെത്തി അതിനെതിരെ പ്രതികരിക്കാന്‍ ബോധവല്‍ക്കരിച്ച് ജനത്തോടൊപ്പം നില്ക്കണം. സഭാനേതൃത്വം ജനത്തിന്‍റെ കൈയ്യിലേയ്ക്കു കൊടുക്കണമെന്നു ഞാന്‍ പറഞ്ഞ ശരിയും സത്യവുമതാണ്. എന്നാല്‍ മുഴുവനുമറിയാത്ത ജനത്തിനു മുമ്പിലേയ്ക്ക,് രാഷ്ട്രീയക്കാരെപ്പോലെ, അവരെ അങ്കലാപ്പിലാക്കുന്നവ മാത്രമെടുത്തുനിരത്തുമ്പോള്‍ പ്രസംഗത്തില്‍ നാവു പിഴയ്ക്കും, ജനം അളവുതെറ്റി പ്രകോപിതരാകും, ഉദ്ദേശ്യശുദ്ധിയെപ്പറ്റി സംശയങ്ങളുയരും, മാറിയും മറിച്ചും പറയേണ്ടിവരും, പറഞ്ഞുപോയതുപലതും വിഴുങ്ങേണ്ടിയുംവരും. സമീപകാലസംഭവങ്ങള്‍ പലതും ഇതിനു തെളിവല്ലെ? മുമ്പേ പറക്കും പക്ഷികളാകണം നേതാക്കള്‍. മുമ്പേ കണ്ട് ദിശാബോധം നല്കാനുള്ള ദിശയറിയുന്നവര്‍. തൊട്ടാലുണരുന്ന വികാരത്തെ ഉറങ്ങാനനുവദിച്ച് നീതിക്കും സത്യത്തിനുംവേണ്ടി, വിട്ടുവീഴ്ചയില്ലാതെ വിവേകത്തോടെ ധീരമായി പ്രതികരിക്കുവാന്‍ അണികളെ ഉണര്‍ത്തുമ്പോള്‍ നാവു പിഴയ്ക്കില്ല, കാലിടറുകയുമില്ല, കപടരാഷ്ട്രീയം മുട്ടുമടക്കുകയും ചെയ്യും." പ്രതികരണമറിയാന്‍ കാത്തുനില്ക്കാതെ ചെന്നവണ്ടിക്കു സ്ഥലംവിട്ടു.


ഫാ. ജോസ് വെട്ടിക്കാട്ട്

0

0

Featured Posts