top of page

വിഫല യാത്രകള്‍, സഫലയാത്രകള്‍

Nov 12, 2017

1 min read

ടോം മാത്യു
St. Francis of Assisi

"യജമാനനെ സേവിക്കുന്നതോ ഭൃത്യനെ സേവിക്കുന്നതോ കൂടുതല്‍ ഉചിതം" (2സെല. 6).

അത് ഒരു യാത്രക്കുള്ള ക്ഷണമായിരുന്നു. അന്തഃസാരശൂന്യതയില്‍ നിന്ന് അന്തസ്സത്തയിലേക്കുള്ള യാത്ര. അഹംഭാവത്തെ തൃപ്തിപ്പെടുത്താനുള്ള ഒരു യാത്രാമധ്യേയായിരുന്നു ആ വിളി. മാടമ്പിസ്ഥാനം കൊതിച്ച് മാര്‍പാപ്പായ്ക്കുവേണ്ടി യുദ്ധത്തിനു പുറപ്പെട്ട ഫ്രാന്‍സിസിന് ആ യാത്രയിലെ അര്‍ത്ഥമില്ലായ്മ തമ്പുരാന്‍തന്നെ വെളിപ്പെടുത്തി. 

അതിനുശേഷം അവന്‍റെ ജീവിതം യാത്രകളുടേതായിരുന്നു. ആ ജീവിതവും യാത്ര തന്നെയായി.

ദൈവവിളിയുടെ അര്‍ത്ഥമറിയാതെ അകമേ ഉലഞ്ഞ ഫ്രാന്‍സിസ് റോമിലേക്ക് തീര്‍ത്ഥാടനം നടത്താനാണ് തുടര്‍ന്ന് തീരുമാനിച്ചത്. അപ്പസ്തോലന്മാരുടെ കബറിടത്തിങ്കല്‍ പ്രാര്‍ത്ഥിക്കുന്നതായാല്‍ ദൈവനിവേശമുണ്ടാകുമെന്നാണ് പ്രതീക്ഷ. 117 മൈല്‍ അകലം കാല്‍നടയായെത്തി തീക്ഷ്ണതയോടെ പ്രാര്‍ത്ഥിച്ചു. വെളിപാടൊന്നുമുണ്ടായില്ല. പക്ഷേ കച്ചവടക്കാരനും ധനികനുമായി റോമിലേക്ക് പോയ ഫ്രാന്‍സിസ് ദരിദ്രനും ഭിക്ഷാടകനുമായി മടങ്ങി. 

സ്പൊളേറ്റോ താഴ്വരയിലൂടെ കുതിരപ്പുറത്ത് സവാരി ചെയ്ത ഫ്രാന്‍സിസ് കുഷ്ഠരോഗിയില്‍ യേശുവിനെ കണ്ടു, ആശ്ലേഷിച്ചു, ചുംബിച്ചു. പിന്നെ കുതിരസവാരി ഉപേക്ഷിച്ചു. 

'ദൈവരാജ്യം' പ്രഘോഷിക്കുകയാണ് നിയോഗം എന്നു തിരിച്ചറിഞ്ഞ ഫ്രാന്‍സിസ് പിന്നീട് പ്രേഷിതയാത്രകള്‍ക്ക് ഒരുങ്ങി. അവന്‍റെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ പ്രത്യക്ഷത്തില്‍ ഒരു ഫലവും ചെയ്തില്ലെന്ന് ജീവചരിത്രകാരന്മാര്‍ പറയുന്നു. അവന്‍ ഒരു മികച്ച വചനപ്രഘോഷകനായിരുന്നില്ല. മറിച്ച് വചനത്തില്‍ ജീവിക്കുന്നവനായിരുന്നു. 

"എന്‍റെ വത്സലസഹോദരന്മാരെ എല്ലാക്കാര്യങ്ങളും സുവിശേഷം അനുസരിച്ച് നിങ്ങള്‍ പെരുമാറണം. നമ്മുടെ ആത്മരക്ഷയ്ക്കുവേണ്ടി മാത്രമല്ല, മറ്റുള്ളവരുടെയും ആത്മവിശുദ്ധീകരണത്തിനുവേണ്ടി നാം പ്രയത്നിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ആകയാല്‍ സമാധാനവും പാപപരിഹാരവും പ്രസംഗിച്ചുകൊണ്ട് നമുക്ക് ലോകത്തില്‍ ചുറ്റിനടക്കാം" (1 സെലാനോ 45).

കുരിശുയുദ്ധത്താല്‍ കലുഷിതമായ ലോകത്തിന് സമാധാനം കൈവരുത്തുവാനുള്ള അദമ്യമായ ആഗ്രഹത്താല്‍ തുര്‍ക്കിയിലെ സുല്‍ത്താനെ കാണുവാന്‍ ഈജിപ്തിലേക്കായിരുന്നു അവന്‍റെ ഏറ്റം ദീര്‍ഘമായ യാത്ര. സുല്‍ത്താനെ കണ്ടു. സമാധാനം പക്ഷേ മരീചികയായി. 

അതെ, അവന്‍റെ യാത്രകളൊക്കെയും പ്രത്യക്ഷത്തില്‍ പരാജയങ്ങളായിരുന്നു - സ്വാര്‍ത്ഥലക്ഷ്യങ്ങളിലേക്കു മാത്രം യാത്ര ചെയ്യുന്ന നമ്മുടെ കണ്ണില്‍.

അവന്‍റെ യാത്ര ആന്തരികമായിരുന്നു. ധനികനും വ്യാപാരിയുമായ പീറ്റര്‍ ബര്‍ണദോന്‍റെ ധാരാളിയും ഭോഗാലസനും കീര്‍ത്തികൊതിക്കുന്നവനുമായ മകനില്‍ നിന്ന് സ്വര്‍ഗീയ പിതാവിന്‍റെ മകനെന്ന ഏക പദവി മാത്രം കാംക്ഷിച്ച, അല്‍വേര്‍ണയില്‍ ആത്മനാഥന്‍റെ അനുഗ്രഹമായി പഞ്ചക്ഷതങ്ങള്‍ ഏറ്റുവാങ്ങിയ നിസ്വനിലേക്കുള്ള യാത്ര. ആ യാത്രയുടെ ബാഹ്യസൂചകങ്ങള്‍ മാത്രമായിരുന്നു മണ്ണിലൂടെയുള്ള അവന്‍റെ അലച്ചിലുകള്‍. ആ യാത്രകള്‍ അക്കാലത്ത് ലക്ഷ്യം കണ്ടില്ല. പക്ഷേ അചിരേണ ആ യാത്രകളുടെ അര്‍ത്ഥതലങ്ങള്‍ അറിവുള്ളവര്‍ക്ക് വെളിപ്പെട്ടു. അവര്‍ അവനില്‍ ആകൃഷ്ടരായി.

നമ്മുടെ യാത്രകളെല്ലാം പുറത്തേക്കു മാത്രമാണ്. അതോടെ അകം കൂടുതല്‍ കൂടുതല്‍ ശൂന്യമാകുന്നു. അകമേ സമ്പന്നമാകാതെയുള്ള ഒരു യാത്രയും  സഫലമാകുകയില്ല. അകം അവന്‍റെ സ്നേഹത്താല്‍ നിറയുകയും ആ നിറവില്‍ അന്യനിലേക്ക് സഞ്ചരിക്കുകയും അന്യരും അവനുമായി അനുരഞ്ജിതരാവുകയും ഒന്നാവുകയും ചെയ്യുകയെന്നതാണ് ജീവിതയാത്രയുടെ ഏകമാര്‍ഗവും ലക്ഷ്യവും. ആ യാത്രക്കായി ഒരുങ്ങുന്നവര്‍ക്ക് മുന്നേ അവനുണ്ട്, ഫ്രാന്‍സിസ്, വഴികാട്ടിയായി. 

Featured Posts

bottom of page