top of page
അസ്സീസിയുടെ കുന്നിന്‍പുറങ്ങളിലും ചെറിയ ആശ്രമങ്ങളിലും പ്രാര്‍ത്ഥിച്ചും ധ്യാനിച്ചും പ്രസംഗിച്ചും കഴിയാമായിരുന്ന ഒരു സന്യാസി എന്തിനാണിത്ര ദൂരം താണ്ടി ഈജിപ്തിലെ യുദ്ധമുഖത്തേക്കു ചെന്നത്. അതും പോരാഞ്ഞിട്ട് എന്തിനു മറുഭാഗത്തു യുദ്ധം നയിക്കുന്ന സുല്‍ത്താനെ കാണണം. ഈ ചോദ്യം ചരിത്രപരമായ ദിനവൃത്താന്തങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ ആയ ിരിക്കണം വിലയിരുത്തപ്പെടേണ്ടത്. ഈ ചരിത്രരേഖകള്‍ തന്നെ തരം തിരിക്കപ്പെടേണ്ടതും വിലയിരുത്തപ്പെടേണ്ടതുമാണ്.
ഫ്രാന്‍സിസിന്‍റെ ജീവചരിത്ര രചനയില്‍ സമുന്നതമായ ഒരു സ്ഥാനം ഈ സന്ദര്‍ശനത്തിനുണ്ട്. ഫ്രാന്‍സിസ് ഡി ബീര്‍ (De Beer) എന്ന ചരിത്രകാരന്‍ സങ്കീര്‍ണമായ ഈ വിവിധ രേഖകളെ ഫ്രാന്‍സിസ്കന്‍ സഭയ്ക്ക് പുറത്തു എഴുതപ്പെട്ടതും (outside of the Order), സഹോദരന്മാര്‍ എഴുതിയതും (Brothers of the Order) എന്ന രീതിയില്‍ രണ്ടായി തരം തിരിച്ചിട്ടുണ്ട്. ഈ തരം തിരിക്കല്‍ സൂക്ഷ്മമായ വിചിന്തനങ്ങളിലേക്കു നമ്മെ നയിക്കും. പുറത്തുള്ളവര്‍ രാഷ്ട്രീയമായ പശ്ചാത്തലത്തിലും താല്പര്യങ്ങളിലുമാണ് ഈ സന്ദര്‍ശനത്തെ കണ്ടതും വിലയിരുത്തിയതും. എന്നാല്‍ ഫ്രാന്‍സിസ്കന്‍ എഴുത്തുകാര്‍ ഫ്രാന്‍സിസിന്‍റെ ജീവിത ഭാഗധേയവുമായി ബന്ധിപ്പിച്ചാണ് ഇതിനെ ചിത്രീകരിച്ചിരിക്കുന്നത്.
Jacques de vitry 1216 മുതല്‍ 28 വരെ ആക്രയിലെ (ഈജിപ്ത്) ബിഷപ്പ് ആയിരുന്നു, ഫ്രാന്‍സിസും സുല്‍ത്താനും തമ്മില്‍ കണ്ടുമുട്ടിയിട്ടുണ്ട് എന്നതിന്‍റെ സാക്ഷിയാണിദ്ദേഹം.
ഫ്രാന്‍സിസിന്‍റെ സന്ദര്‍ശന സമയത്ത് ഇദ്ദേഹം കുരിശുയുദ്ധക്കാരുടെ പാളയത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹം തന്‍റെ ദിനവൃത്താന്ത പുസ്തകത്തില്‍ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനത്തെ കുറിച്ച് പറയുന്നുണ്ട്. 'ക്രിസ്ത്യാനികള്‍ മാത്രമല്ല മുസ്ലിംകളും ഫ്രാന്‍സിസിനെയും സഹോദരന്മാരെയും, അവരുടെ ധര്‍മ്മത്തെയും താഴ്മയെയും ബഹുമാനിച്ചിരുന്നു. ശത്രുനിര കടന്നു ചെന്ന ഫ്രാന്‍സിസിനെ കിങ്കരന്മാര്‍ പിടി കൂടുകയും, 'ഞാനൊരു ക്രിസ്ത്യാനി ആണ്, എന്നെ നിങ്ങളുടെ നേതാവിന്‍റെ അടുത്തേക്ക് കൊണ്ട് പോകൂ' എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അവര്‍ ഫ്രാന്‍സിസിനെ വലിച്ചിഴച്ചു കൊണ്ട് പോയി. ആ 'ക്രൂര മൃഗം' (സുല്‍ത്താന്‍) ഫ്രാന്‍സിസിനെ കണ്ടപ്പോള്‍ തന്നെ ഇതൊരു ദൈവമനുഷ്യനാണെന്ന് കാണുകയും മാന്യമായി പെരുമാറുകയും ചെയ്തു. ഫ്രാന്‍സിസിന്‍റെ വാക്കുകളില്‍ ആകൃഷ്ടരായി ആരെങ്കിലും മതപരിവര്‍ത്തനം നടത്തുമോ എന്ന് ഭയപ്പെട്ടു സുല്‍ത്താന്‍ ആദരവോടും അകമ്പടിയോടും കൂടെ ഫ്രാന്‍സിസിനെ യാത്രയാക്കി.'
'ക്രിസ്തുവിനെക്കുറിച്ചും സുവിശേഷപഠനങ്ങളെക്കുറിച്ചും ഫ്രാന്‍സിസ്കന്‍ സഹോദരന്മാര്‍ പ്രസംഗിക്കുന്നത് സാരസന്മാര്‍ (saracens) കേള്‍ക്കുമായിരുന്നു. എന്നാല്‍ മുഹമ്മദിനെ അസത്യവാദിയായും തിന്മ നിറഞ്ഞവനുമായി ചിത്രീകരിച്ചു പ്രസംഗിച്ചാല്‍ ഇവരെ ചാട്ടവാറിന് അടിക്കുകയോ നഗരത്തില്‍ നിന്ന് പുറത്താക്കുകയോ ദൈവം അത്ഭുതകരമായി രക്ഷിച്ചില്ലെങ്കില്‍ കൊല്ലുകയും ചെയ്യുമായിരുന്നു...' (ഹിസ്റ്റോറിയ ഓക്സിഡന്‍റലിസ്)
ക്രിസ്റ്റോഫ് മേയര്‍ എന്ന ചരിത്രകാരന്‍റെ അഭിപ്രായത്തില്‍ ഈ ദിനവൃത്താന്തത്തിന്‍റെ അടിസ്ഥാനത്തില്‍ ഫ്രാന്‍സിസിനും സുല്‍ത്താനും ഇട യില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് അറിയാന്‍ കഴിയുന്നില്ല എന്നാണ് നിരീക്ഷിക്കുന്നത്. De vitry യെ സംബന്ധിച്ചിടത്തോളം ഫ്രാന്‍സിസിന്‍റെ മിഷന്‍ പരാജയമായിരുന്നു. കാരണം ഫ്രാന്‍സിസിനു സുല്‍ത്താനെ മതപരിവര്‍ത്തനം ചെയ്യാനും കഴിഞ്ഞില്ല, ഫ്രാന്‍സിസ് ഒരു രക്തസാക്ഷിയും ആയില്ല. De vitry കുരിശു യുദ്ധത്തിന്‍റെ പ്രചാരകനും പ്രാസംഗികനും ആയിരുന്നു എന്ന് കുരിശുയുദ്ധ ചരിത്രകാരന്‍ പവല്‍ നിരീക്ഷിക്കുന്നുണ്ട്.
സുല്‍ത്താന്‍ - ഫ്രാന്‍സിസ് സംഗമത്തെക്കുറിച്ചു പ്രതിപാദിക്കുന്ന രണ്ടാമത്തെ ദിനവൃത്താന്തം ഫ്രാന്‍സിസിന്‍റെ മരണത്തിനു കുറച്ചു മാത്രം ശേഷം 1226 - ഇല്‍ രചിക്കപ്പെട്ട "Ernoult' (Chronique d'Ernoulet de Bernard le Trésorier)) ആണ്. ഇതിനെ anonymous chroincle of the crusade എന്നും വിളിക്കാറുണ്ട്. ഈ കൂടിക്കാഴ്ചയുടെ പശ്ചാത്തലം ക്ലെറിക്കല്‍ (clerical )) ആണ്. ഇത് പ്രകാരം 'രണ്ടു പുരോഹിതര്‍' (two clerics) കുരിശു യുദ്ധത്തിന്‍റെ ചുമതല ഉണ്ടായിരുന്ന കര്‍ദിനാള്‍ പെലേജിയൂസിനെ (Pelagius) കാണുകയും സുല്‍ത്താനോട് പ്രസംഗിക്കാന്‍ ഉള്ള അനുവാദം ആവശ്യപ്പെടുകയും ചെയ്തു. ഈ രണ്ടുപേരുടെയും ജീവഹാനിയെ ഭയന്ന് കര്‍ദിനാള്‍ അനുവാദം നിരസിക്കുകയുണ്ടായി. നിര്‍ബന്ധത്തിനു വഴങ്ങി പോകാന്‍ അനുവാദം നല്‍കുകയും എന്നാല്‍ ഈ സാഹസത്തിന്‍റെ ഉത്തരവാദിത്തം തങ്ങള്‍ തന്നെ വഹിക്കണമെന്ന് ഉത്തരവാകുകയും ചെയ്തു. ദൈവത്തിന്‍റെ ദൂതരായിട്ടാണ് തങ്ങള്‍ വന്നതെന്നും സുല്‍ത്താന്‍റെ ആത്മാവിനെ ദൈവസമക്ഷം തിരിക്കാനാണ് തങ്ങളുടെ ആഗ്രഹം എന്നും അവര്‍ അറിയിച്ചു. തങ്ങളുടെ വിശ്വാസത്തെ ബോധ്യപ്പെടുത്താന്‍ വാദപ്രതിവാദങ്ങള്‍ക്കായി സുല്‍ത്താന്‍റെ കൊട്ടാരത്തിലെ മുസ്ലിം ജ്ഞാനികളെ (പണ്ഡിതന്മാര്‍) ക്ഷണിച്ചു. അവര്‍ അത് നിരസിക്കുകയും, നിയമപ്രകാരം ഇവരെ കേള്‍ക്കാന്‍ പാടില്ല എന്നും, ഈ ക്രിസ്ത്യന്‍ പുരോഹിതരുടെ തല അരിയണമെന്നും ജ്ഞാനികള്‍ സുല്‍ത്താനോട് ആവശ്യപ്പെട്ടു. ഇതിനു വിപരീതമായി സുല്‍ത്താന്‍ ഇവരെ സ്വീകരിക്കുകയും വിരുന്നൊരുക്കുകയും ചെയ്തു. ഇവര്‍ക്ക് നിരവധി സമ്മാനങ്ങളും, ഭൂമിയും കൊടുക്കാന്‍ ആഗ്രഹിച്ചെങ്കിലും അവര്‍ അത് സ്നേഹപൂര്‍വ്വം നിരസിച്ചു. സുല്‍ത്താന്‍ അവരെ അകമ്പടിയോടെ തിരികെ ക്രിസ്ത്യന്‍ പാളയത്തിലേക്കയച്ചു.
De vitry യുടെയും Ernoult ന്‍റെയും ദിനവൃത്താന്തങ്ങളില്‍ ഉള്ള അടിസ്ഥാനപരമായ സാമ്യങ്ങള്‍ ഇവയാണ്: ശത്രുനിര ഭേദിക്കല്‍, സുല്‍ത്താന്‍റെ സ്വീകരണം, കൂടാതെ അകമ്പടിയോടെ ക്രിസ്ത്യന്‍ ക്യാമ്പിലേക്കുള്ള തിരിച്ചയക്കല്‍. എന്നിരുന്നാലും ഇവ രണ്ടും തമ്മില്‍ സാരമായ വ്യത്യാസങ്ങളും കാണാന്‍ കഴിയും. De Vitry യ്ക്ക് സുല്‍ത്താന്‍ ഒരു ക്രൂര മൃഗം ആയിരുന്നു. എന്നാല്‍ Ernoult നു സുല്‍ത്താന്‍ മഹാമനസ്കതയുടെ മൂര്‍ത്തരൂപം ആയിരുന്നു. Tolan എന്ന ചരിത്രകാരന്‍റെ അനുമാനത്തില്‍ Ernoult ന്‍റെ രചയിതാവ് ഒരു അല്മായന്‍ (lay person) ആകാനാണ് കൂടുതല്‍ സാധ്യത. ഇദ്ദേഹത്തിന് കാര്‍ഡിനാള്‍ pelagius നോട് അകല്‍ച്ച ഉണ്ടാകാനും ഉള്ള സാധ്യത തള്ളിക്കളയാനാവില്ല. ഈ കുരിശുയുദ്ധത്തിന്‍റെ തോല്‍വിക്ക് കാരണം പെലേജിയൂസ് ആണ് എന്നും കുറ്റപ്പെടുത്തുന്നുണ്ട്. സുല്‍ത്താനെ സന്ദര്‍ശിച്ച രണ്ടു പുരോഹിതരുടെ ധീരതയെ പുകഴ്ത്തുന്നുണ്ടെങ്കിലും അവരുടെ ഉദ്യമം ഫലം കണ്ടില്ലന്നു വേണം പറയാന്‍ എന്നാണ് Ernoult ന്‍റെ പക്ഷം.
സുല്‍ത്താന്‍ - ഫ്രാന്‍സിസ് സംഗമത്തെക്കുറിച്ചു പ്രതിപാദിക്കുന്ന മൂന്നാമത്തെ ദിനവൃത്താന്തം കവി കൂടിയായ Henri d 'Avranches (1190 1260), ഫ്രാന്‍സിസ് അസ്സീസിയുടെ പ്രഥമ ജീവചരിത്രകാരന്‍ ആയ Thomas of Celano യുടെVita I നെ അടിസ്ഥാനപ്പെടുത്തി എഴുതിയിട്ടുള്ളതാണ്. ധീരതയോടെ ശത്രു പക്ഷത്തെ അഭിമുഖീകരിക്കുകയും, ഒരു ദൈവശാസ്ത്ര പണ്ഡിതനെപ്പോലെ വാദപ്രതിവാദങ്ങളോടെ പ്രസംഗിക്കുകയും ചെയ്യുന്ന ഒരു ഫ്രാന്‍സിസിനെയാണ് ഹെന്‍റി അവതരിപ്പിക്കുന്നത്. ഇസ്ലാമിനെ നഖശിഖാന്തം എതിര്‍ക്കുക എന്നതാണ് ഫ്രാന്‍സിസിന്‍റെ ലക്ഷ്യം എന്നാണ് ഹെന്‍റിയുടെ പക്ഷം. ഹെന്‍റി ഒരു കവി ആയതുകൊണ്ട് തന്‍റെ ഭാവനയെ ഫ്രാന്‍സിസില്‍ ആരോപിക്കുകയാണ്. D Vitry യും Ernoult ഉം ഫ്രാന്‍സിസ് സുല്‍ത്താന്‍ സംഭാഷണത്തിന്‍റെ ഉള്ളടക്കം പറയുന്നില്ല എന്നോര്‍ക്കണം. അവിടെയാണ് ഹെന്‍റി എന്ന കവിയുടെ ഭാവന വിരിയുന്നത്.
ഈ മൂന്നു വ്യത്യസ്ത ദിനവൃത്താന്തങ്ങളുടെ അടിസ്ഥാനത്തില്‍ ചരിത്രകാരന്മാര്‍ എങ്ങനെയാണു തങ്ങളുടെ 'ഭാവനയില്‍' വിരിഞ്ഞ അനുമാനങ്ങളിലേക്കും നിഗമനകളിലേക്കും എത്തിച്ചേര്‍ന്നത് എന്ന് നോക്കുന്നത് ഉചിതമായിരിക്കും. ചരിത്രകാരനായ മേയര്‍ (Meier) ന്‍റെ അഭിപ്രായത്തില്‍ ഫ്രാന്‍സിസിന്‍റെ ഉദ്ദേശ്യം കുരിശുയുദ്ധം തടയുക എന്നതായിരുന്നില്ല, മറിച്ചു പുണ്യസ്ഥലങ്ങള്‍ മുസ്ലിമുകളുടെ കൈയില്‍ നിന്നും മോചിപ്പിക്കുകയായിരുന്നു. ഫ്രാന്‍സിസ് ഒരു കുരിശുയുദ്ധക്കാരനായിരുന്നു എന്ന് വാദം. ഫ്രാന്‍സിസും സുല്‍ത്താനും തമ്മിലുള്ള സംഭാഷണത്തിന്‍റെ ഉള്ളടക്കം ആര്‍ക്കും അറിയില്ല എന്ന് മേയര്‍ തന്നെ വ്യക്തമാക്കിയിട്ടാണ് ഇങ്ങനെ ഒരു അടിസ്ഥാനരഹിതമായ ഒരു വാദം ഉന്നയിക്കുന്നത്. ചരിത്രകാരന്‍റെ നിക്ഷിപ്ത താല്പര്യം സ്പഷ്ടമായി വെളിവാക്കപ്പെട്ടു. ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനത്തിന് ദൃക്സാസ്ക്ഷി ആയ D Vitry പോലും ഇവരുടെ സംഭാഷണത്തിന്‍റെ ഉള്ളടക്കം പറയുന്നില്ല.
ചരിത്രകാരനായ പവലിന്‍റെ അഭിപ്രായത്തില്‍ ഫ്രാന്‍സിസ് കുരിശുയുദ്ധക്കാരുടെ പാളയം സന്ദര്‍ശിച്ചതും തുടര്‍ന്ന് സുല്‍ത്താനെ സന്ദര്‍ശിച്ചതും, അതോടൊപ്പമുള്ള മാനസാന്തരത്തിന്‍റെ ആഹ്വാനവും ഇരു ഭാഗത്തിനും ബാധകമായിട്ടുള്ളതാണ്. ഫ്രാന്‍സിസ്കന്‍ ചരിത്രകാരനായ Laurant Gallant ഫ്രാന്‍സിസിന്‍റെ ജീവിതത്തിലെ ഒറ്റപ്പെട്ട ഒരു സംഭവം ആയിട്ടല്ല ഈ സന്ദര്‍ശനത്തെ വിലയിരുത്തുന്നത്. മറിച്ചു ഫ്രാന്‍സിസിന്‍റെ തന്നെ ജീവിതത്തില്‍ കുഷ്ഠരോഗികളുടെ ഇടയിലേക്ക് ഇറങ്ങി ചെന്നതു വഴിയായി അദ്ദേഹത്തിനുണ്ടായ ഹൃദയപരിവര്‍ത്തനത്തിന്‍റെ തുടര്‍ച്ചയായാണ് എല്ലാവര്‍ക്കുമുള്ള ഈ ആഹ്വാനത്തെ കാണുന്നത്. ഈ ഹൃദയപരിവര്‍ത്തനം (metanoia) ദൈവാരൂപിയുടെ പ്രവര്‍ത്തനമെന്ന് ഫ്രാന്‍സിസിനു തന്‍റെ തന്നെ മാനസാന്തരത്തില്‍ നിന്നും നിശ്ചയമുണ്ടായിരുന്നു. ഫ്രാന്‍സിസ് കുരിശുയുദ്ധക്കാരെ കണ്ടപ്പോള്‍, സാരസന്മാരെപ്പോലെ തന്നെ കുരിശുയുദ്ധക്കാര്‍ക്കും ഈ മാനസാന്തരം ആവശ്യമായിട്ടുണ്ട് എന്ന് ഉറപ്പിച്ചു. സാഹോദര്യത്തിന്‍റെയും പരസ്പരമായ ഊഷ്മള ബന്ധത്തിന്‍റെയും സഹാനുഭൂതിയുടെയും തലങ്ങളിലേക്കാണ് ഫ്രാന്‍സിസിന്‍റെ ഈ സന്ദര്‍ശനം ലക്ഷ്യം വച്ചത്.
Featured Posts
bottom of page