
(സാക്കിര്‍ ഹുസൈന് സമര്‍പ്പണം)

ആയിരം കുതിരകള്‍ പായുന്ന ഒച്ചയില്‍
പകുതിയില്‍ മുറിഞ്ഞ ഉറക്കം.
ലോഡ്ജിലെ മുഷിഞ്ഞ കിടക്കയില്‍
അരികിലായി സ്വരങ്ങളുടെ പ്രഭു.
വായുവില്‍ നൃത്തം വയ്ക്കുന്ന വിരലുകള്‍
തീര്‍ക്കുന്ന രാഗസഞ്ചാരങ്ങളുടെ മദ്ധ്യാഹ്നം.
പെരുമഴയായി പെയ്ത വിരലുകള്‍
പൊടുന്നനേ ആടുന്ന മയിലാവുന്നു.
പകുതി ഉറക്കത്തിലൊരു മഴവില്ല് കാണുന്നു.
അടുത്തുമകലെയുമായി കുതിരകള്‍
പാഞ്ഞോടുമ്പോള്‍ നീളന്‍ മുടികള്‍
കാറ്റിലുലഞ്ഞൊരു വൃത്തം തീര്‍ക്കുന്നു.
ഇരുട്ടില്‍ തൊട്ടരുകില്‍ സാക്കിര്‍ ഹുസൈന്‍
മഴയായി ,നിലാവായി ,മഞ്ഞായി മാറുന്നു.
ചിരപരിചിതം മുറിയൊരു ഗന്ധര്‍വ്വ ലോകമാകുന്നു.
മഴവില്ലുകള്‍, ഇടിമിന്നലുകള്‍ ,മഴത്തിളക്കങ്ങള്‍
നിലാവുറയൂരുന്ന രാത്രികള്‍.
മുറിയൊരു യമുനയായി ഒഴുകുന്നു.
കരയില്‍ തബലകള്‍ നൃത്തം വയ്ക്കുന്നു.
വിരലുകള്‍ തബലതന്‍ പരപ്പില്‍ പാഞ്ഞോടുമ്പോള്‍
പ്രണയം പതഞ്ഞ ശബ്ദങ്ങള്‍ ചുറ്റിലും നിറയുന്നു.
വായുവില്‍ ചുഴറ്റുന്ന വിരലുകള്‍
വസന്തങ്ങള്‍ തീര്‍ക്കുന്നു
നദിക്കരയില്‍ രാധാകൃഷ്ണ സംഗമം.
ലൈലാമജ്നുവിന്‍ പ്രണയ സല്ലാപം.
നിലാവുറഞ്ഞൊരു തോണിയാകുന്നു.
സാക്കിറിന്‍റെ വിരലുകള്‍ അവരെ
ദൂരേയ്ക്ക്, ദൂരേയ്ക്ക് പായിക്കുന്നു.
ഇമയനക്കങ്ങളില്‍ മല്‍ഹാറുകള്‍ വിരിയുന്നു.
രാത്രി ,ഒരു നീളന്‍ നദിയാകുന്നു.
സാക്ക ിര് തനിച്ചല്ല ,ചുറ്റിലും ഒരായിരം പേര്‍
മുറിയൊരു രംഗവേദിയാകുന്നു.
ഒരായിരം തബലകള്‍ പാടുന്നു.
സാക്കിര്‍, സാക്കിര്‍, സാക്കിര്‍
ഉറക്കത്തിലൊരു നിലാവ് പൊതിയുന്നു.
കുതിരക്കുളമ്പടികള്‍ അകന്നു പോകുന്നു.
സാക്കിര്‍ തനിയേപാടുന്നു.





















