top of page
നിന്‍റെ നക്ഷത്രങ്ങളെയൊന്നും എന്‍റെ ആകാശത്തു കാണുന്നില്ലല്ലോ
നീ കണ്ണടച്ചപ്പോള്‍ അവയും കണ്ണടച്ചുവോ..?
എന്‍റെ നിനക്ക്,
താന്‍ ഷിമോഗയിലേക്ക് പോവുകയാണെന്നും
അവിടെ അന്‍പതേക്കര്‍ പച്ചപ്പും
ആവോളം ജലസമൃദ്ധിയും കണ്ടുവെച്ചിട്ടാണു
വന്നിരിക്കുന്നതെന്നും
നിനക്കെന്‍റെ മലഞ്ചെരുവില്‍
ഒരു ഏറുമാടം കെട്ടിത്തരാമെന്നും
അവിടിരുന്നാവോളം
പുസ്തകങ്ങള്‍ വായിച്ചു കൂട്ടാമെന്നും
വാക്കുതന്നാണ്
എന്‍റെ ആയുസ്സില്‍ നിന്നും
ഈ ലോകത്തുനിന്നും
അവന്‍ അപ്രത്യക്ഷനായ്...
അവന്‍ പോയി... അവന്‍റെ വാക്കുകള്‍ പോലെ ..
ഒരു സൂചനപോലും തരാതെ.
അവനെന്‍റെ ചങ്ങാതി ആയിരുന്നു.
മരിക്കുന്നതിനും ഒരാഴ്ച മുന്നേ
ഒരു മണിക്കൂറോളം നിറുത്താതെ മിണ്ടി
ഒരുപാട് വിശേഷങ്ങള്‍ പറഞ്ഞു
യാത്രയുടെ സൂചനപോലും തരാതെ.
പുക വലിച്ചു ചിരിച്ചു.
എന്‍റെ മകള്‍ക്ക് ഒരു ഉമ്മയും കൊടുത്തു
അവന്‍ പോയി. അവനോടുള്ള ഇഷ്ടത്തിന്‍റെ നൂറിരട്ടി ആയിരുന്നു അവന്‍റെ എഴുത്തിനോട് .
അവന്‍റെ ഒരു കവിതയ്ക്ക് താഴെ: ഹാ...
എന്താണിങ്ങനെ വല്ലപ്പോഴും.. ഇടക്കൊക്കെ വന്നു ഇങ്ങനെ ഒന്ന് എഴുതിക്കൂടെ.. !
എന്ന് ഞാനെഴുതിയ കമന്‍റിനു അവന്‍ ഇങ്ങനെ മറുപടി എഴുതി
ഹാരീസ് പറഞ്ഞു...
പകല്‍ കിനാവന്‍,
കൂകിക്കൂകിത്തെളിയട്ടെ എന്ന് പറയുന്നതുപോലെ എഴുതിയെഴുതി നന്നായെഴുതാന്‍ പഠിക്കട്ടെ എന്നാണോ...! @ ഷ
വാക്കുകള്‍ കൊണ്ട് അവനിങ്ങനെയാണ്. ചുരുക്കം ചില വാക്കുകളില്‍ അവനൊരു ജീവിതം പറയും.
ഇനി നീ നേപ്പാളിലേക്ക് പോകുമ്പോള്‍ എന്നെയും കൂടെ കൂട്ടണം എന്ന്
പറഞ്ഞുറപ്പിച്ചിട്ടാണ് അവന്‍ പോയത്.
നീ പറഞ്ഞപോലെ
കവിതയില്‍ നിന്നും ഒരിക്കല്‍
നദികളും ജലാശയങ്ങളൂം ഒലിച്ചുപോകും.
മരങ്ങള്‍ കടപിഴുത് പറന്ന് പോകും
കാറ്റ് ചുഴികളായി ആകാശത്തേക്ക് മറയും
മരുഭൂമികളെ സമുദ്രം തിന്നുതീര്‍ക്കും.
ഒരുപാട് കാലം നീയും അവളും ഉള്ളുരുകി കരഞ്ഞു കാത്തിരുന്നു,
അവസാനം ഒന്നരക്കൊല്ലം നീ ഉമ്മവെച്ച് ഉറക്കിയ, ഉണര്‍ത്തിയ നിന്‍റെ കുഞ്ഞിന് ഓര്‍മ്മയുണ്ടാകും
നിന്‍റെ ഉമ്മകളുടെ ഗന്ധം.
പക്ഷേ ഇനി പിറക്കാനിരിക്കുന്ന നിന്‍റെ കുഞ്ഞിനെ ഓര്‍ക്കുമ്പോ?
അവളെ ഓര്‍ക്കുമ്പോ..
നീ എഴുതാന്‍ ബാക്കിവെച്ച് പോയ വരികളെ ... !
നീ പിന്നെയും പറഞ്ഞതുപോലെ
നിനക്കെഴുതാനിരിക്കുന്നു.
ഒറ്റ വാക്കുപോലും എഴുതാനാവാതെ എഴുന്നേല്‍ക്കുന്നു.
ഒന്നും പറയുവാനില്ല.
എന്‍റെ ജീവിതം എത്ര പരിമിതമാണ്.
ജീവിതം തന്നെയല്ലേ വാക്കുകള്‍..?
ഈ മുറി എത്ര ഇടുങ്ങിയത്
ഈ മുറി എത്ര ഇരുള്‍മൂടിയത്
വാക്കുകള്‍ മിന്നാമിനുങ്ങുകള്‍
അവ എന്നെ ഉപേക്ഷിച്ച് പോയ്ക്കഴിഞ്ഞിരിക്കുന്നു.
നീ ഉറങ്ങിയിട്ടുണ്ടാവും
ജാലകം തുറന്നിട്ടിരിക്കുന്നുവോ...
നിന്‍റെ നക്ഷത്രങ്ങളെയൊന്നും എന്‍റെ ആകാശത്തു കാണുന്നില്ലല്ലോ
നീ കണ്ണടച്ചപ്പോള്‍ അവയും കണ്ണടച്ചുവോ..?
ദൈവമിത്ര ക്രൂരനായതെന്ത്..?
എന്താണിത്ര നോവ്, എന്തിനാണിത്ര നോവ്.
ജീവിതം എവിടെയാണ് ഒളിച്ചിരിക്കുന്നത്..?
ڇ ഉമ്മ