

മുന്‍ ഉദ്യോഗസ്ഥരുടെ സംഘടന, സംസ്ഥാനവാര്‍ഷികത്തോടനുബന്ധിച്ച് ഒരു സ്മരണിക പ്രസിദ്ധീകരിക്കുന്നു. ലേഖനം, ചെറുകഥ, കവിത എന്നീ ഇനങ്ങളില്‍ മത്സരവുമുണ്ട്.
കവിത 30 വരിയില്‍ അധികരിക്കരുത് എന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്!
'അധികരിക്കരുത്' എന്നതുകൊണ്ട് സംഘാടകര്‍ ഉദ്ദേശിക്കുന്നത്, അധികമാകരുത് എന്നാണ്!
എന്നാല്‍, സംഘാടകര്‍ ഉദ്ദേശിക്കുന്ന അര്‍ഥമല്ല ആ പ്രയോഗത്തിന്‍റേത്. അടിസ്ഥാനപ്പെടുത്തുക, വിഷയമാക്കുക, പരാമര്‍ശിക്കുക എന്നൊക്കെയാണ് 'അധികരിക്കല്‍' എന്ന പ്രയോഗത്തിന്‍റെ വിശദാര്‍ഥങ്ങള്‍.
സ്വര്‍ണ്ണവില അടിക്കടി അധികരിച്ചുകൊണ്ടിരിക്കുന്നു, എന്നോ രോഗം അധികരിച്ചതിനെത്തുടര്‍ന്ന് മന്ത്രിയെ ഐ.സി.യു.വിലേക്കു മാറ്റി, എന്നോ പറഞ്ഞാല്‍/എഴുതിയാല്‍ അതു തെറ്റാണ്.
നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ധനയെ അധികരിച്ച് പാര്‍ലമെന്‍റില്‍ ചര്‍ച്ച നടന്നു - എന്ന വാക്യം ശരിതന്നെ.
സമീപകാലത്ത് നമ്മുടെ സംസ്ഥാന നിയമസഭയില്‍, വര്‍ധിക്കുക എന്ന അര്‍ഥത്തില്‍ ഒരു ജനപ്രതിനിധി, അധികരിക്കുക എന്നു പറഞ്ഞത് കേള്‍ക്കാനിടയായി. നിയനിര്‍മ്മാണസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവര്‍ സാക്ഷരതയില്‍ മികവുള്ളവരായിരിക്കണമെന്ന കടുംപിടിത്തമൊന്നും ഇന്ത്യന്‍ ഭരണഘടനയിലില്ലെന്നു നമുക്കറിയാം.
പണ്ടൊരിക്കല്‍, പൊതുമരാമത്തു വകുപ്പുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചയില്‍ ഒരു നിയമസഭാംഗം, 'അററകുററപ്പണികള്‍' എന്ന് ഏതോ രേഖയില്‍ നോക്കി വായിച്ചെന്നു കേട്ടിട്ടുണ്ട്. 'റ്റ' യെ, അടുത്തടുത്തെഴുതിയ രണ്ടു 'റ' ആയി അദ്ദേഹം തെറ്റിദ്ധരിച്ചുപോയതാണ്!
ഏതായാലും, പുതിയ ലിപി പരിഷ്കരണത്തോടെ, 'റ്റ' വേര്‍പെടുത്തിയെഴുതാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്.
മേമ്പൊടി:
'വിലവര്‍ധനവ്' എന്നു വേണ്ടാ, 'വിലവര്‍ധന' എന്നു രേഖപ്പെടുത്തിയാല്‍ മതി. കടുംപിടിത്തം, മീന്‍പിടിത്തം എന്നിങ്ങനെയേ എഴുതാവൂ, പറയാവൂ. 'പിടുത്തം' തെറ്റാണ്. പിടിക്കുക എന്ന ക്രിയയില്‍ നിന്നാണ് 'പിടിത്തം' രൂപപ്പെടുന്നത്.
