

പനിക്കാലം
ഇടയ്ക്കൊന്നു
പനിച്ചു കിടക്കണം.
അപ്പോഴറിയാം;
ചാരത്തിന്‍റെ മണമുള്ള
വിരലുകളായി നെറ്റിയില്‍
സ്നേഹം പൂക്കുന്നത്.
ചാരുകസേരയിലെ
കനമുള്ള മൗനം
താക്കീതുകളായി
അഴിഞ്ഞു വീഴുന്നത്.
ആവിപറക്കുന്ന വാത്സല്യം
തൊട്ടു നോക്കുന്നത്
സങ്കടം വാരിപ്പൂതപ്പിക്കുന്ന
കൈകള്‍ ചേര്‍ത്തു പിടിക്കുന്നത്.
മഴവില്ലുകള്‍ക്ക് പിറകില്‍
ഒളിച്ചിരുന്നൊരാള്‍
സുഖം തിരക്കുന്നത്.
മുറിഞ്ഞു പോകുന്ന
സ്വപ്നങ്ങള്‍
വല നെയ്യുന്നത്.
പേ പിടിച്ച
തീവണ്ടിയായി
സമയം കൂകിപ്പായുന്നത്.
നിറയുന്ന പുഴകളായി
പൊള്ളുന്ന ഓ ര്‍മ്മകള്‍
ഇണ ചേരുന്നത്.
തുറന്നിട്ട
ഒറ്റജനലില്‍
രാപ്പക്ഷി വന്നിരിക്കുന്നത്.
നക്ഷത്രങ്ങള്‍ ഇല്ലാത്ത വാനം
വന്നു കൈനീട്ടുന്നത്.
ഇടയ്ക്കൊന്നു
പനിച്ചു കിടക്കണം
അപ്പോഴറിയാം.
ഉമ്മറം
അളവെടുക്കാതെ
തുന്നിയ കുപ്പായം
അലക്കിയലക്കി
നരച്ചുപോയ ആകാശം
പൊട്ടിയ കുടുക്കുകളില്‍
ഒതുങ്ങാത്ത തുളകള്‍
അയയില്‍ മരിച്ചു കിടക്കുന്ന
ഓര്‍മ്മകള്‍
ഇസ്തിരിയില്‍ നിവരാത്ത
ചുളിവുകള്‍
മുടന്തി നീങ്ങുന്ന
കലണ്ടര്‍
മുഴച്ചു നില്ക്കുന്ന
തുന്നിക്കൂട്ടലുകള്‍
തോരാ കണ്ണീരുപോലെ
മഴ
ഒരു ദിവസം പൊടുന്നനെ
പഴന്തുണിയാകും
എല്ലാ നിറംകെട്ട
കിനാവുകളും
പിന്നിട്ട വഴികളൊക്കെ
മാഞ്ഞുപോയേക്കാം
പിന്നെ അതില്‍ ചവിട്ടി
ചളി തുടയ്ക്കട്ടെ കാലം.
അയ
സങ്കടങ്ങളെല്ലാം
സോപ്പ് നനച്ചു
അലക്കുകല്ലില്‍
തല്ലിച്ചതച്ചു
മുക്കിപ്പിഴിഞ്ഞു
അയയില്‍
ഉണക്കാനിട്ടിരിക്കുകയാണ്
അവള്‍.
