top of page
വിശ്വാസം എന്നത് ദൈവത്തിന്‍റെ ദാനവും അതോടൊപ്പം ദൈവത്തിന്‍റെ വിളിക്ക് മനുഷ്യന്‍ നല്കുന്ന പ്രത്യുത്തരവും ആണ്. വിശുദ്ധഗ്രന്ഥത്തിലൂടെ നാം കടന്നുപോകുമ്പോള്‍ ദൈവം അനേകരെ പ്രത്യേക ദൗത്യനിര്‍വ്വഹണത്തിനായി വിളിക്കുന്നത് കാണാം. അത്തരത്തിലുള്ള വിളിയല്ല ഇവിടെ ഉദ്ദേശിക്കുക. തന്നെ അറിയാനും സ്നേഹിക്കാനും സകലത്തിന്‍റെയും സ്രഷ്ടാവും പരിപാലകനും സകലത്തിനും അസ്തിത്വം നല്‍കുന്നവനുമായ ദൈവത്തില്‍ വിശ്വസിക്കുവാനുള്ള വിളി - ഇത് എന്നും എല്ലായിടത്തും എല്ലാവര്‍ക്കും ഉള്ള വിളിയാണ്. ഈ വിളിയാണ് ദൈവത്തിന്‍റെ ദാനം എന്ന് ഇവിടെ പറയുന്നത്. ഈ വിളിക്കു മനുഷ്യന്‍ നല്കുന്ന പ്രത്യുത്തരമാണ് വിശ്വാസം. ഈ വിളി ഒരു മനുഷ്യന്‍ അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതോടെ തന്നെ ആരംഭിക്കുന്നു എങ്കിലും അതിന് പ്രത്യുത്തരം ഉണ്ടാകുന്നത് മാമ്മോദീസ സമയത്താണ്. ഈ പ്രത്യുത്തരം സ്വമേധയാ കുഞ്ഞു നടത്തുകയില്ല. പിന്നെയോ കുഞ്ഞിന്‍റെ മാതാപിതാക്കളോ ജ്ഞാനസ്നാന മാതാപിതാക്കളോ ആണ് അത് നടത്തുന്നത്. ജ്ഞാനസ്നാനം നല്കുന്ന വൈദികനും (ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മറ്റാരെങ്കിലുമോ ആകാം) ജ്ഞാനസ്നാന മാതാപിതാക്കളും വാസ്തവത്തില്‍ സഭയെയാണ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് ഈ ശിശുവിനെ ദൈവത്തിന്‍റെ ദാനമായ വിശ്വാസത്തില്‍ വളര്‍ത്താന്‍ അതായത് ദൈവത്തിന്‍റെ വിളിക്ക് ദൈവം ആഗ്രഹിക്കുന്ന രീതിയില്‍ പ്രത്യുത്തരിക്കാന്‍ തക്കവിധം പരിശീലിപ്പിക്കാന്‍ മാതാപിതാക്കള്‍ക്കെന്നപോലെ സഭയ്ക്കും ഉത്തരവാദിത്വമുണ്ട്. സഭയുടെ ഈ ഉത്തരവാദിത്വ നിര്‍വ്വഹണം വിവിധ രീതികളില്‍ സഭയില്‍ നടക്കുന്നുണ്ട്. ഞായറാഴ്ച മതബോധനം, ആരാധനക്രമം, വിശുദ്ധഗ്രന്ഥം, മതബോധനഗ്രന്ഥം എന്നിവ സംബന്ധിച്ച് വിവിധ തലങ്ങളിലെ പരിശീലനങ്ങള്‍, വാര്‍ഷിക ധ്യാനങ്ങള്‍, കൂദാശാ സ്വീകരണവുമായി ബന്ധപ്പെട്ടു നല്കുന്ന പരിശീലനങ്ങള്‍ ഇവയെല്ലാം സഭ നേരിട്ടു നടത്തുന്ന വിശ്വാസപരിശീലന പരിപാടികളാണ്. ഇവയൊക്കെ ശരിയായ രീതിയില്‍ ഫലം പുറപ്പെടുവിക്കണമെങ്കില്‍ കുടുംബങ്ങളുടെ സഹകരണം കൂടിയേ കഴിയൂ. ഇതുകൊണ്ടാണ് വിശ്വാസപരിശീലനത്തിന്‍റെയും വിശ്വാസ കൈമാറ്റത്തിന്‍റെയും പ്രഥമവേദി കുടുംബങ്ങളാണെന്ന് പറയുന്നത്.
ആധുനിക കേരളീയ കുടുംബങ്ങള്‍ എന്തുകൊണ്ടോ ക്രൈസ്തവ ധാര്‍മ്മികതയുടെയും കൗദാശിക ജീവിതത്തിന്‍റെയും പ്രാധാന്യം പുതുതലമുറയ്ക്കു പകര്‍ന്നു നല്കുന്നതില്‍ വിമുഖത കാണിക്കുന്നു എന്നു പറയാതെ വയ്യ. ഞായറാഴ്ച വേദപാഠത്തെക്കാള്‍ പ്രാധാന്യം സ്വകാര്യ ട്യൂഷനും എന്‍ട്രന്‍സ് കോച്ചിംഗിനും നല്കുമ്പോള്‍ തന്നെ മാതാപിതാക്കള്‍ മക്കള്‍ക്ക് എതിര്‍സാക്ഷ്യമാകുന്നു. കൂടാതെ മാതാപിതാക്കളുടെ മാതൃകാപരമല്ലാത്ത വിശ്വാസജീവിതം, പരസ്പര സ്നേഹമില്ലായ്മ, ആര്‍ഭാടങ്ങള്‍, എല്ലാറ്റിനുമുപരി പണത്തെ കാണുന്ന മനോഭാവം ഇതെല്ലാം കുടുംബത്തിലെ ശരിയായ വിശ്വാസപരിശീലനത്തിനു തടസ്സം നില്ക്കുന്ന ഘടകങ്ങളാണ്. മദ്യം, നിയമവിധേയമല്ലാത്ത വരുമാന മാര്‍ഗ്ഗങ്ങള്‍ ഇവയും കുടുംബങ്ങളില്‍ പുതുതലമുറയ്ക്ക് എതിര്‍സാക്ഷ്യമാകുന്ന പ്രധാനപ്പെട്ട കാര്യങ്ങളാണ്. മറ്റൊന്ന് തങ്ങളുടെ ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടി മാത്രമുള്ള ഒരു ആദ്ധ്യാത്മികത കുടുംബങ്ങളില്‍ വളര്‍ന്നുവരുന്നു എന്നതാണ്. ഭൗതികസമ്പത്തുകൊണ്ട് വിശുദ്ധരെ വിലയ്ക്കു വാങ്ങാമെന്നും അതുവഴി തങ്ങളുടെ കാര്യങ്ങള്‍ സാധിച്ചു കിട്ടുമെന്നുമുള്ള ഒരു തെറ്റായ കാഴ്ചപ്പാട് നമ്മുടെയിടയില്‍ വളര്‍ന്നു വരുന്നു. ഈ കാഴ്ചപ്പാടിനെ പ്രോത്സാഹിപ്പിക്കുന്നതില്‍ സഭാസമൂഹം മുഴുവനും പങ്കാളികളാകുന്നുണ്ട്. ഓരോ ഇടവകയും മത്സരബുദ്ധിയോടെയാണ് തിരുനാളുകള്‍ നടത്തുന്നതും പുതിയ നേര്‍ച്ചകളും വഴിപാട് സമ്പ്രദായങ്ങളും ആരംഭിക്കുന്നതും. ഇത് പലപ്പോഴും പുതിയ തലമുറയെ മാത്രമല്ല ചിലപ്പോഴെങ്കിലും വിശുദ്ധ ഗ്രന്ഥവുമായി പരിചയപ്പെട്ടു വരുന്ന മുതിര്‍ന്നവരേയും ആശയക്കുഴപ്പത്തിലാക്കുന്നു എന്നതാണ് വാസ്തവം. ഇത് കുടുംബങ്ങളില്‍ നടക്കേണ്ട വിശ്വാസരൂപീകരണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. കുടുംബങ്ങളില്‍ നിന്നും കുഞ്ഞുനാള്‍ മുതല്‍ കണ്ടും കേട്ടും അനുഭവിച്ചും വിശ്വാസം സാംശീകരിച്ചു വളര്‍ന്നു വരുന്ന കുട്ടികളിലേ, സഭയുടെ വിശ്വാസപരിശീലന പരിപാടികള്‍ ഫലം പുറപ്പെടുവിക്കുകയുള്ളു. കുടുംബങ്ങളില്‍ നിന്നും വിശ്വാസത്തിന്‍റെ പ്രാഥമിക പാഠം പഠിച്ചവരായാല്‍ പോലും, എല്ലാറ്റിനെയും ചോദ്യം ചെയ്യുന്ന ഒരു പ്രവണതയുള്ള കൗമാരക്കാരിലും യുവജനങ്ങളിലും, ഇടവക സമൂഹത്തിലും പൊതുവായി സഭയിലും ഉണ്ടാകുന്ന മേല്‍പ്പറഞ്ഞ ആഘോഷങ്ങളിലെ ആര്‍ഭാടങ്ങളും പലപ്പോഴും പണത്തിനു വേണ്ടി മാത്രം എന്നു തോന്നാവുന്ന ചില പ്രവര്‍ത്തനങ്ങളും എതിര്‍ സാക്ഷ്യമായി മാറുന്നുണ്ട്. ക്രിസ്തുരാജന്‍റെ രൂപത്തില്‍ നോട്ടുമാലയര്‍പ്പിക്കുന്നത് കാണുന്ന ഒരു കുട്ടിയോട് "ധനികന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുക ഒട്ടകം സൂചിക്കുഴയില്‍ പ്രവേശിക്കുന്നതിനെക്കാള്‍ ദുഷ്ക്കരം" എന്ന ഈശോയുടെ വചനം എങ്ങനെ വിശദീകരിച്ചു കൊടുക്കും? അതുപോലെ ഒരേ വിശുദ്ധന്‍റെ പേരിലുള്ള രണ്ടു ദേവാലയങ്ങള്‍ ഒന്നില്‍ പ്രതിമാസം ഇലക്ട്രിസിറ്റി ചാര്‍ജ്ജ് കൊടുക്കാനോ അത്യാവശ്യകാര്യങ്ങള്‍ക്ക് പോലുമോ പണമില്ലാത്ത അവസ്ഥ. മറ്റൊരിടത്ത് പണവും സ്വര്‍ണ്ണവും വസ്തുവകകളും കുന്നുകൂടിയതിന്‍റെ അസ്വസ്ഥതകള്‍. ഇതിനൊക്കെ പലവിധ ന്യായീകരണങ്ങള്‍ നല്കാനും പലപ്പോഴും വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നു തന്നെ ഉദ്ധരിച്ച് മറുപടി നല്‍കാനും കഴിഞ്ഞേക്കാം. പക്ഷേ ഇത്തരം മറുപടികളൊന്നും ചോദ്യകര്‍ത്താക്കളെ തൃപ്തരാക്കുകയില്ലെന്ന് മാത്രമല്ല, ശരിയായ ആദ്ധ്യാത്മികത എന്തെന്ന് അവര്‍ക്ക് മനസ്സിലാകുകയുമില്ല. പണമോ, സ്വര്‍ണ്ണമോ മറ്റ് വിലയേറിയ വസ്തുക്കളോ കൊടുത്ത് പ്രസാദിപ്പിച്ച് കാര്യങ്ങള്‍ സാധിക്കാന്‍ കഴിയുന്നവരാണ് നമ്മുടെ വിശുദ്ധന്മാരും നമ്മുടെ ദൈവവുമെങ്കില്‍ കൈക്കൂലിക്കാരായ നമ്മുടെ രാഷ്ട്രീയ നേതാക്കളിലും ഉദ്യോഗസ്ഥന്മാരില്‍ നിന്നും ഇവര്‍ എങ്ങനെയാണ് വേറിട്ടു നില്‍ക്കുന്നത്. ഇത് കേവലം നമ്മുടെ സ്വാര്‍ത്ഥതയുടെ ഒരു ഉല്പന്നം മാത്രമാണ്. നാം നല്‍കുന്ന നേര്‍ച്ചകാഴ്ചകള്‍ ബന്ധപ്പെട്ട ഇടവകയിലെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്നു എന്നതിനപ്പുറം അതിനെന്തെങ്കിലും മൂല്യമോ ആദ്ധ്യാത്മികതയോ ഉണ്ടെന്ന് ലേഖകന്‍ കരുതുന്നില്ല. വ്യക്തിപരമായ നിയോഗങ്ങള്‍ക്കു വേണ്ടിയുള്ള കുര്‍ബ്ബാനയര്‍പ്പണം പോലും പരമ പരിശുദ്ധമായ കുര്‍ബാനയുടെ ആന്തരികയ്ക്കും യേശുക്രിസ്തുവിന്‍റെ കാല്‍വരിയാഗം തന്നെയാണ് ഓരോ വിശുദ്ധ കുര്‍ബ്ബാനയര്‍പ്പണവും എന്ന സഭാപഠനത്തിനും പാരമ്പര്യത്തിനും നിരക്കുന്നതല്ലെന്നു കൂടി ലേഖകന്‍ വിശ്വസിക്കുന്നു. "കുര്‍ബ്ബാനയ്ക്കെന്താ വില" എന്ന് ഒരു കുട്ടി ചോദിച്ചതായി ഒരു വൈദികന്‍ തന്നെ എഴുതിയ ഒരു പുസ്തകത്തില്‍ വായിച്ചതോര്‍ക്കുന്നു.
ഞായറാഴ്ച വേദപാഠത്തെക്കാള്‍ പ്രാധാന്യം സ്വകാര്യ ട്യൂഷനും എന്‍ട്രന്‍സ് കോച്ചിംഗിനും നല്കുമ്പോള്‍ തന്നെ മാതാപിതാക്കള്‍ മക്കള്‍ക്ക് എതിര്‍സാക്ഷ്യമാകുന്നു. കൂടാതെ മാതാപിതാക്കളുടെ മാതൃകാപരമല്ലാത്ത വിശ്വാസജീവിതം, പരസ്പര സ്നേഹമില്ലായ്മ, ആര്‍ഭാടങ്ങള്‍, എല്ലാറ്റിനുമുപരി പണത്തെ കാണുന്ന മനോഭാവം ഇതെല്ലാം കുടുംബത്തിലെ ശരിയായ വിശ്വാസപരിശീലനത്തിനു തടസ്സം നില്ക്കുന്ന ഘടകങ്ങളാണ്. മദ്യം, നിയമവിധേയമല്ലാത്ത വരുമാന മാര്‍ഗ്ഗങ്ങള്‍ ഇവയും കുടുംബങ്ങളില്‍ പുതുതലമുറയ്ക്ക് എതിര്‍സാക്ഷ്യമാകുന്ന പ്രധാനപ്പെട്ട കാര്യങ്ങളാണ്.
ഇത്രയും പറഞ്ഞത് കത്തോലിക്കാ വിശ്വാസം ജീവിക്കുന്നതിലും പങ്കുവെയ്ക്കുന്നതിലും സാക്ഷ്യമാകുന്നതിലും കുടുംബത്തിലും ഇടവകയിലും സഭയില്‍ പൊതുവായും തടസ്സം സൃഷ്ടിക്കുന്നത് നമ്മുടെ സാമ്പത്തിക താല്പര്യങ്ങളാണ് എന്ന് പറയാനാണ്. അത്ഭുതങ്ങള്‍ വിറ്റ് പണം സമ്പാദിക്കുക, സമൃദ്ധിയുടെ സുവിശേഷം മാത്രം പ്രസംഗിക്കുക, പൂര്‍വ്വീകരുടെ ശാപം, സാമ്പത്തിക പുരോഗതിയുടെ സുവിശേഷം, ഇതൊന്നും ഇല്ലാത്തിടത്ത് സാത്താന്‍ എന്ന വില്ലനും. ഇതൊക്കെ വഴി നമ്മുടെ തീര്‍ത്ഥാടനകേന്ദ്രങ്ങളും സുവിശേഷ പ്രഘോഷണമേഖലയും ഒന്നുകില്‍ വിശ്വാസികളെ ഭയപ്പെടുത്തി വിശ്വാസികളാക്കുന്നു. അല്ലെങ്കില്‍ കല്ലിനെ അപ്പമാക്കുന്ന സൂത്രവിദ്യ, ഇത് രണ്ടായാലും ആരേയും യഥാര്‍ത്ഥ വിശ്വാസത്തിലേക്ക് നയിക്കുകയില്ല. ഉപരിപ്ലവമായ ഇത്തരം വിശ്വാസവും ഭക്തിയും ഭയപ്പാടിന്‍റെ ആത്മീയതയും ആണ് ഇന്നത്തെ സഭയുടെ ഏറ്റവും വലിയ പ്രതിസന്ധി. ഇത് തുറന്നു പറയാനോ തിരുത്തുവാനോ ആര്‍ക്കും, സഭാ നേതൃത്വത്തിനു പോലും കഴിയാത്ത അവസ്ഥ.
ഇപ്പോള്‍ ഭാരതസഭയില്‍ ചില വലിയ ഇടവകകള്‍ കേന്ദ്രീകരിച്ചും ചില രൂപതകള്‍ കേന്ദ്രീകരിച്ചും ഉണ്ടാകുന്ന പ്രശ്നങ്ങളുടെ മൂലകാരണം യേശുവിന്‍റെ വാക്കുകളില്‍ പറഞ്ഞാല്‍ "എന്നേക്കാള്‍ അധികമായി പണത്തെയും സ്വര്‍ണ്ണത്തെയും വസ്തുവകകളെയും സ്നേഹിച്ചതാണെന്ന്" ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? ദൈവത്തെയും മാമ്മോനെയും ഒരുമിച്ച് സ്നേഹിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ പരിണതഫലങ്ങളാണ് ഇപ്പോള്‍ ഭാരതസഭയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. യൂറോപ്പിലെ സഭയെ ബാധിച്ച ദുര്‍ഭൂതം ഭാരതസഭയെയും ബാധിച്ചിരിക്കുന്നു എന്നു തുറന്നു പറയുന്നവനെ സഭാവിരുദ്ധനായി മുദ്ര കുത്തണ്ട. യൂറോപ്പിലെ സഭ ആയിരക്കണക്കിന് വിശുദ്ധരെ സഭയ്ക്കു സമ്മാനിച്ച, ലോകത്തിലെ വലിയൊരു ഭാഗത്ത് സുവിശേഷമെത്തിക്കാന്‍ പരിശ്രമിച്ച യൂറോപ്യന്‍ സഭ "ഉറകെട്ട ഉപ്പായി" തീര്‍ന്നതിന്‍റെ കാരണം അന്വേഷിക്കുമ്പോള്‍ സഭയെ സമ്പത്തിനും അധികാരത്തിനും തങ്ങളുടെ ആധിപത്യം അധിനിവേശ മേഖലകളില്‍ സ്ഥാപിക്കുന്നതിനും വേണ്ടി ഉപയോഗിച്ചതാണെന്നു മനസ്സിലാകും. അതോടൊപ്പം മുമ്പ് സൂചിപ്പിച്ച ആന്തരീകതയില്ലാത്ത ആഘോഷങ്ങളും ഭക്താനുഷ്ഠാനങ്ങളും. ലേഖകനറിയാവുന്ന ഒരിടവകയില്‍ പുതുഞായറാഴ്ച കുര്‍ബാന മദ്ധ്യേ നടത്തിയ അറിയിപ്പുകളില്‍ ഒന്ന്, "മേലില്‍ മരണാവശ്യം ഒഴികെ ഇടവകയുമായി ബന്ധപ്പെട്ട് നടത്തിക്കിട്ടേണ്ട ഏതാവശ്യവും നടത്തിക്കിട്ടുന്നതിന് ഇടവകയുമായി ബന്ധപ്പെട്ട എല്ലാ കുടിശ്ശികളും തീര്‍ക്കേണ്ടതാണ് എന്ന് പ്രതിനിധിയോഗം തീരുമാനിച്ചിരിക്കുന്നു". കുടിശ്ശിക എന്നതിനെകുറിച്ച് വിശദമായി അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് കുറച്ചുപേര്‍ ചേര്‍ന്ന് ഇടവകയില്‍ അനധികൃതമായി നടത്തിവരുന്ന കുറി(ചിട്ടി)യുടെ മുടക്കു സംഖ്യയാണ്. ലാഭത്തില്‍ ഒരു വിഹിതം നടത്തുന്നവര്‍ക്കും ബാക്കി പള്ളിക്കാര്യത്തിലേക്കും. ഇതുകൊണ്ടാണ് സഭയുടെ എല്ലാ തലങ്ങളിലും ഇടര്‍ച്ചയ്ക്കു കാരണമാകുന്നത് സുതാര്യമല്ലാത്ത പണമിടപാടുകള്‍ ആണ് എന്ന് ലേഖകന്‍ പറയുന്നത്.
കേരളത്തില്‍ മെയ്മാസം ആദ്യകുര്‍ബാന സ്വീകരണങ്ങളുടെയും വിവാഹങ്ങളുടെയും സീസണാണല്ലോ. മേല്‍പ്പറഞ്ഞ ഇടവകയില്‍ ഈ സീസണില്‍ തന്നെ ഈ തീരുമാനത്തിന്‍റെ പ്രത്യാഘാതങ്ങള്‍ കണ്ടുതുടങ്ങും. ചിലപ്പോഴെങ്കിലും വൈദികര്‍ പല ആരോപണങ്ങളും നേരിടേണ്ടി വരുന്നത് ഇത്തരം അന്യായമായ, ക്രൈസ്തവ ധാര്‍മ്മികതയുമായി ഒത്തുപോകാത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോഴാണ്. വളരെ ചെറിയ ഒരുദാഹരണം ചൂണ്ടിക്കാട്ടിയെന്നു മാത്രം. അപ്പന്‍റെ കടം തനിക്കു വിശുദ്ധ കുര്‍ബാനയുള്‍പ്പെടെ മൂന്നു കൂദാശകള്‍ സ്വീകരിക്കുവാന്‍ തടസ്സമാകുന്നു എന്നറിയുന്ന 9 വയസ്സുകാരന്‍ ഈ കൂദാശകളെയും സഭയെയും സ്നേഹിക്കുമോ, വെറുക്കുമോ എന്നറിയാന്‍ ഒരു ഡോക്ടറേറ്റിന്‍റെയും പിന്‍ബലം ആവശ്യമില്ല.
ഇതുതന്നെ നമ്മുടെ സേവന മേഖലയുടെയും അവസ്ഥ. സേവന മേഖലയുടെ മുന്‍ഗണനാ ക്രമം അടിമുടി മാറേണ്ടതുണ്ട്. "പള്ളിക്കൊരു പള്ളിക്കൂടം" തുടങ്ങിയവയുടെ പ്രസക്തി നഷ്ടപ്പെട്ടു കഴിഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയും ആതുരസേവന മേഖലയും പലപ്പോഴും എതിര്‍സാക്ഷിയായി തീരുന്നുണ്ട്. കേവലം കച്ചവടക്കണ്ണ് മാത്രമായി ഈ മേഖലയിലേക്കു കടന്നുവരുന്നവരുമായി മത്സരിക്കാന്‍ പലപ്പോഴും നമുക്ക് നമ്മുടെ സുവിശേഷ മൂല്യങ്ങള്‍ മാറ്റി വെയ്ക്കേണ്ടി വരുന്നുണ്ട്. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഇത്രയും എഴുതിയതില്‍ നിന്ന് സഭയില്‍ ഒട്ടും നന്മയില്ലെന്ന് പറയുകയില്ല. പലപ്പോഴും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കാന്‍ തക്കവിധം ഈ മേഖലയിലെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ അത്രയേറെ ശ്ലാഘനീയമാണ്. ഒത്തിരി നന്മ സഭയിലും സഭയിലൂടെയും ലോകത്തിന് ലഭിക്കുന്നുമുണ്ട്. പക്ഷേ പുതുതലമുറയ്ക്ക് മുഴുവന്‍ സ്വീകാര്യമാകത്തക്ക വിധം നാം ഓരോരുത്തരും നമ്മുടെ കൂട്ടായ്മകളും ഇടവക സമൂഹങ്ങളും സഭാ നേതൃത്വവും ജീവിക്കുന്ന സാക്ഷ്യമായി മാറേണ്ടതുണ്ട്. വിശുദ്ധ കുര്‍ബ്ബാനയ്ക്കു ചുറ്റും ഒരുമിച്ചു കൂടുന്ന വിശുദ്ധ കുര്‍ബ്ബാന കേന്ദ്രീകൃതമായ ഒരിടവക സമൂഹം, അതിലെ ചെറുഘടകങ്ങളായ കുടുംബങ്ങള്‍ ഇതിനെയെല്ലാം ഏകോപിപ്പിക്കുന്ന രൂപതകളും അതിരൂപതകളും എല്ലാറ്റിനും മുകളില്‍ ശിരസ്സായി അദൃശ്യനായി, വിശുദ്ധ കുര്‍ബ്ബാനയായി യേശുക്രിസ്തുവും - ഇതായിരിക്കട്ടെ നമ്മുടെ സ്വപ്നവും പ്രാര്‍ത്ഥനയും.