
സംശയിക്കുന്ന തോമ്മാ
"യേശുഅ" എന്ന പേരിലെ അവസാനത്തെ "അ'കാരം വിട്ടുകളഞ്ഞ്, "യേശു" (Yesu) എന്നു ലോപിപ്പിച്ച പേരായിരുന്നു അവർ ഉപയോഗിച്ചിരുന്നത്. അതിനാൽ, ഗലീലി ദേശക്കാരനായി ജനിച്ചു വളർന്നു ജീവിച്ച രക്ഷകൻ്റെ യഥാർത്ഥമായ പേര് "യേശു" (Yesu) എന്നായിരുന്നു. ഈ പേരിലാണ് മറിയവും യൗസേപ്പും മറ്റും അവിടത്തെ വിളിച്ചിരുന്നതും, യഹൂദരുടെയിടയിൽ അവിടന്ന് അറിയപ്പെട്ടിരുന്നതും. ഒന്നാം നൂറ്റാണ്ടിൽ താൽമൂഡ് വൃത്തങ്ങളിലെ യഹൂദരും അവിടത്തെപ്പറ്റി പറയുമ്പോൾ ഉപയോഗിച്ചിരുന്ന പേര് ' "യേശു" എന്നായിരുന്നു.

ഈശോ, യേശു എന്നൊക്കെ ഈ മലയാളത്തിൽ നാം ഉപയോഗിക്കുന്ന നാമം പ്രാചീന ഇസ്രായേൽക്കാർ സംസാരിച്ചിരുന്ന ഹെബ്രായ ഭാഷയിൽ എന്തായിരുന്നു? നമ്മുടെ രക്ഷകനെ ഭൂമിയിൽ എപ്രകാരമാണ് യഥാർത്‌ഥത്തിൽ വിളിച്ചിരുന്നത് ! ദൈവപുത്രൻ്റെ പേര് എന്തായിരുന്നുവെന്നതിനുളള രേഖകൾ റോമിലെ റിക്കാർഡുകളിലും മററും കാണുമല്ലോ. യൂദയായിലെ അക്കാലത്തെ ഗവർണർ ഈശോയെപ്പററി റോമൻ ചക്രവർത്തിക്ക് അയച്ച ഒരു റിപ്പോർട്ട് ഗ്രന്ഥശേഖരത്തിൽ ഇന്നും ഉണ്ടെന്നാണു കേൾക്കുന്നത്. ആ രേഖയുണ്ടെങ്കിൽ അതിൽ കൊടുത്തിരിക്കുന്നത് ഈശോയുടെ ശരിയായ പേരായിരിക്കണമല്ലോ. അതുപോലെ തന്നെ ഈശോയെ തൂക്കിക്കൊന്ന കുരിശിൻ്റെ തലവാചകത്തിൽ I.N. R. I. എന്നെഴുതിക്കാണുന്നത് ഈശോയുടെ പേരായിരിക്കണം. എന്തെന്നാൽ ന്യായാധിപനായ പീലാത്തോസ് ക്രൂശിച്ച ആളിൻെറ പേരല്ലാതെ തെററായി അവിടെ എഴുതിയെന്നുവരികയില്ലല്ലോ. മേൽ കാണിച്ച രണ്ടു രേഖകളെയും അതുപോലെയുളള മററു പുരാതന രേഖകളെയും ആസ്‌പദമാക്കി ദൈവ പുത്രൻ്റെ പേര് എന്തായിരുന്നുവെന്നു വിശദമാക്കിയാൽ കൊളളാം. കൂടാതെ, ജീസസ്, മിശിഹാ, ക്രിസ്തു, എമ്മാനുവേൽ, മാണി ഈ പദങ്ങളുടെ രൂപനിഷ്പത്തിയെപ്പറ്റിയും അറിയാൻ താല്പര്യമുണ്ട്.
വിദ്വാൻ കെ. റ്റി. തോമസ്, കുളവട്ടം, ചിറക്കടവ്.
അഭിവന്ദ്യനായ ഗുരുഭൂതാ ,
പതിറ്റാണ്ടുകൾക്കു മുമ്പ് പാദാന്തികത്തിലിരുന്ന് അങ്ങയുടെ അതുല്യമായ വിജ്‌ഞാന സ്രോതസ്സുകളിൽ നിന്നു മതിവരെയാസ്വദിക്കാൻ ഭാഗ്യമുണ്ടായതിലുള്ള കൃതജ്ഞതയോടും സ്നേഹാദരപൂർവ്വമായ കൂപ്പുകൈയോടും കൂടിയാണ് ഈ മറുപടി എഴുതുന്നത്.
പുതിയനിയമത്തിനു പുറത്തുനിന്നുള്ള ചരിത്രരേഖകൾ
പുതിയ നിയമമാണ് മുഖ്യമായും യേശുവിനെപ്പറ്റിയുള്ള അറിവു നമുക്കു നൽകുന്നത്. ക്രൈസ്തവരായ നമ്മെ സംബന്ധിച്ചിടത്തോളം ഏററവും പ്രധാനവും പ്രാമാണികവുമായ രേഖയും അതുതന്നെയാണല്ലോ. എങ്കിലും പുതിയനിയമം കൂടാതെ വിലയേറിയ അപൂർവ്വം ചില ചരിത്രരേഖകളും നമുക്കു ലഭിച്ചിട്ടുണ്ട്. അവയെ ആദ്യമായി പരിശോധിക്കാം. ഒരുകാര്യം നാം തുറന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. യേശുവിൻ്റെ പ്രാധാന്യം വെച്ചു നോക്കുമ്പോൾ, സുവിശേഷത്തിനു പുറത്ത് അവിടത്തെക്കുറിച്ചുള്ള ചരിത്രപരമായ സാക്ഷ്യങ്ങൾ എണ്ണിത്തിലും ഉള്ളടക്കത്തിലും വളരെക്കുറച്ചു മാത്രമേയുള്ളു. അതിനു കാരണമുണ്ട്. യേശു ജീവിച്ചിരുന്ന കാലത്ത് ഗ്രീക്കുകാരും റോമാക്കാരുമായിരുന്നു സാംസ്കാരികവും രാഷ്ട്രീയവുമായി മുൻപന്തിയിൽ നിന്നിരുന്ന ജനതകൾ. യഹൂദർ അക്കാലത്ത് ഒരു നിസ്സാര ജനസമൂഹം മാത്രമായിരുന്നു. പോരെങ്കിൽ, ഗ്രീക്കുകാർക്കും റോമാക്കാർക്കും യഹൂദരോടു പൊതുവേ പുച്ഛവുമായിരുന്നു. അതിനാൽ സമകാലിക ചരിത്രകാരന്മാരുടേയോ സാഹിത്യഗ്രന്ഥകാരാരുടേയോ ഒന്നും ശ്രദ്ധയാകർഷിക്കുവാൻ അവർക്ക് ആയില്ല.
പാലസ്തീനായിലെ വെറും ഒരു കുഗ്രാമമായ നസറത്തിൽ 30 വർഷത്തോളം ഒരു സാധാരണ മരപ്പണിക്കാരനായിട്ടാണ് യേശു ജീവിച്ചത്. രണ്ടോ മൂന്നോ കൊല്ലം മാത്രമായിരുന്നു അവിടത്തെ പരസ്യജീവിതം. ലോകത്തിന്റെ ദൃഷ്‌ടിയിൽ, ഏറിയാൽ യഹൂദരുടെയിടയിലെ ഒരു പ്രവാചകനും മതപരിഷ്ക്കർത്താവുമെന്നതിൽ കവിഞ്ഞ സവിശേഷതയൊന്നും യേശുവിൽ ഉണ്ടായിരുന്നില്ല. യഹൂദമതനേതാക്കൾ നിയമലംഘകനെന്ന പേരിൽ അറസ്റ്റു ചെയ്ത് റോമാക്കാരെ ഏല്പിച്ച അവിടത്തെ, റോമാക്കാർ രാഷ്ട്രീയ കുററവാളിയെന്ന നിലയിൽ കുരിശിൽ തറച്ചു കൊന്നു. ഈ സംഭവങ്ങളൊന്നും അക്കാലത്തെ ചരിത്രഗ്രന്ഥകാരന്മാരുടേയോ സാഹിത്യകാരൻമാരുടേയോ ശ്രദ്ധയാകർഷിച്ചില്ല.
യേശുവിനെ പേരെടുത്തു പറഞ്ഞു പരാമർശിക്കുന്ന ആദ്യത്തെ ചരിത്രകാരൻ ഫ്ളാവിയൂസ് ജോസഫുസ് (Flavius Josephus) എന്ന യഹൂദ വംശജനാണ്. ക്രി. വ. 93-നോട് അടുത്ത് ഗ്രീക്കുഭാഷയിൽ അദ്ദേഹം എഴുതിയ "യഹൂദരുടെ പുരാതനചരിത്രം" (Jewish Antiquities) എന്ന ഗ്രന്ഥത്തിൽ രണ്ടു പ്രാവശ്യം യേശുവിനെപ്പറ്റി പരാമർശിക്കുന്നുണ്ട് (XVIII, 3,3: XX, 9. 1) ഒന്നാമത്തെ ഭാഗത്ത് ക്രൈസ്തവർ പിൽക്കാലത്തു കൂട്ടിച്ചേർത്തതെന്ന് ന്യായമായി അനുമാനിക്കാവുന്ന ചില ഭാഗങ്ങൾ ഉണ്ടെങ്കിലും, യേശുവിന്റെ പേരും, അവിടത്തെ മരണത്തെപ്പറ്റിയും ക്രൈസ്‌തവരുടെ ആവിർഭാവത്തെപ്പറ്റിയുമുള്ള വിവരവും മൗലികമത്രേ.
രണ്ടാമത്തെ ഭാഗത്ത്, യേശുവിൻ്റെ സഹോദരനായിരുന്ന യാക്കോബിനെ ന്യായാധിപ സംഘത്തിനു മുമ്പിൽ വരുത്തി വിസ്തരിച്ചതിനേയും കല്ലെറിഞ്ഞു കൊന്നതിനേയ ും പറ്റിയുള്ള പരാമർശമാണ്. യേശുവിൻ്റെ ശ്ലീഹന്മാരിലൊരാളും പിൽക്കാലത്ത് ജറുസലേമിലെ മെത്രാനുമായിരുന്ന വി. യാക്കോബിൻ്റെ രക്തസാക്ഷിത്വത്തെയാണ് ജോസഫൂസ് ഇവിടെ സൂചിപ്പിക്കുന്നത്. ഗ്രീക്കു ഭാഷയിൽ "യേസൂസ്' (lesous) എന്ന പേരാണ് ജോസഫൂസ് ഉപയോഗിച്ചിരുന്നത്. ഒന്നാം നൂറ്റാണ്ടിലെ യഹൂദരായ മറ്റെഴുത്തുകാർ യേശുവിനെപ്പറ്റി മന:പൂർവ്വം മൗനമലംബിക്കയാണുണ്ടായതെന്നു വേണം വിചാരിക്കുവാൻ.
രണ്ടാം നൂറ്റാണ്ടിൽനിന്നുള്ള ചില റോമൻ രേഖകൾ നമുക്കു ലഭിച്ചിട്ടുണ്ടെങ്കിലും, അവിടെ ''യേശു' എന്ന വ്യക്തി നാമമല്ല. "ക്രിസ്തു" എന്ന പദവിനാമം (title) ആണ് ഉപയോഗിച്ചിരിക്കുന്നത്. റ്റാസിറ്റസ്" (Tacitus) എന്ന റോമൻ ചരിത്രകാരൻ ക്രി. വ. 110 നും 120 നും ഇടയ്ക്ക് എഴുതിയ ചരിത്രരേഖയിൽ, നീറോ ചക്രവർത്തി ക്രിസ്ത്യാനികൾക്കെതിരായി നടത്തിയ മതപീഡനത്തെപ്പറ്റി പ്രതിപാദിക്കുമ്പോൾ. "ക്രിസ്ത്യാനി" എന്ന പേരിന്റെ കാരണക്കാരൻ "തിബേരിയൂസ് ചക്രവർത്തിയുടെ കീഴിൽ പ്രൊക്യുറേറ്ററായിരുന്ന പന്തിയോസ് പിലാത്തോസ് മരണത്തിനു വിധിച്ച ക്രിസ്തു ആയിരുന്നെ''ന്നു പറയുന്നുണ്ട് (Annales 15, 4). അതുപോലെ തന്നെ, ഏഷ്യാ മൈനറിലുള്ള ബിഥീനിയാ എന്ന പ്രോവിൻസിലെ ഗവർണറായിരുന്ന പ്ലീനി (ജൂണിയർ) ക്രി. വ. 111-നും 113-നും ഇടയ്ക്ക് ട്രാജൻ ചക്രവർത്തിക്ക് എഴുതിയ ഒരു റിപ്പോർട്ടും നമുക്കു ലഭിച്ചിട്ടുണ്ട് (Ep 10, 96). അതിൽ ക്രിസ്‌ത്യാനികൾ ക്രിസ്തുവിനെ ദൈവമായി കരുതി അദ്ദേഹത്തിൻ്റെ ബഹുമാനാർത്ഥം സ്തോത്രഗീതങ്ങൾ ആലപിക്കുന്നുവെന്നു എഴുതിയിരിക്കുന്നു. റ്റാസിറ്റസും പ്ലീനിയും എഴുതിയത് ലത്തീൻ ഭാഷയിലാണ്. "ക്രിസ്തുസ്'' (Christus) എന്ന ലത്തീൻ രൂപമാണ് അവർ ഉപയോഗിച്ചിരിക്കുന്നത്.
പുതിയ നിയമത്തെ മാറ്റി നിർത്തിയാൽ, വിലപ്പെട്ടതും വിശ്വസനീയവുമായ ഈ ചരിത്രരേഖകളൊഴിച്ച് യേശുവിനെപ്പറ്റി മറ്റു മൗലിക രേഖകളൊന്നും ആദ്യത്തെ രണ്ടു നൂറ്റാണ്ടുകളിൽ നിന്നു നമുക്കു ലഭിച്ചിട്ടില്ല. യൂദയായില റോമൻ ഗവർണറായിരുന്ന പന്തിയോസ് പീലാത്തോസ" ഈശോയെപ്പറ്റി റോമൻ ചക്രവർത്തിക്ക് അയച്ചതായി പറയുന്ന റിപ്പോർട്ട് മൗലികമല്ല. വിദഗ്ദ്ധാഭിപ്രായമനുസരിച്ച് ഭക്തനായ ഏതോ ഒരു ക്രിസ്ത്യാനിയുടെ ഭാവനയാണ് അതിനു പിന്നിലുള്ളത്. I. N. R I. സൂചിപ്പിക്കുന്ന കുരിശിന്റെ തലവാചകം മിക്ക ബൈബിൾ പണ്ഡിതന്മാരുടേയും അഭിപ്രായത്തിൽ മൗലികം തന്നെയാണ്. ''യഹൂദരുടെ രാജാവായ നസ്രായനായ യേശു" (lesus Nazarenus Rex Indaeorum) എന്നാണ് കുരിശിനു മുകളിൽ പിലാത്തോസ് എഴുതിവെച്ച ത്. ഈ വാക്കുകളുടെ ആദ്യക്ഷരങ്ങൾ ആണ് I. N. R. I യഹൂദരുടെ രാജാവെന്നു സ്വയം അവകാശവാദം നടത്തിയതിനുള്ള ശിക്ഷയാണ് ഈ കുരിശുമരണം എന്ന സൂചനയാണ് ഇവിടെ നാം കാണുന്നത്. ഈ എഴുത്ത് മൗലികമാണെങ്കിലും സുവിശേഷകന്മാരുടെ വിവരണത്തിൽനിന്നു മാത്രമാണ് അതിനെപ്പറ്റി അറിയുന്നത്. അല്ലാതെ പീലാത്തോസ് എഴുതിയ പൗരാണികരേഖ നമുക്കു ലഭിച്ചിട്ടില്ല
പുതിയനിയമത്തിൽ നിന്നുള്ള സൂചന
