

വായു, ജലം, മണ്ണ് തുടങ്ങിയ സ്വാഭാവിക ജീവന ഔഷധങ്ങളെ മലിനപ്പെടുത്തുന്നതും തകര്‍ക്കുന്നതും ആര്? ചിന്തകളുടേയും, തിരിച്ചറിവിന്‍റയും കാലത്തേക്ക് നമ്മുടെ നോട്ടത്തെ എത്തിക്കേണ്ടത് വര്‍ത്തമാന കാലത്തിന്‍റെ ആവശ്യകതയാണ്. പുതുനാമ്പുകളുടെയും, ജീവന്‍റെയും സമൃദ്ധമായ വളര്‍ച്ചയ്ക്കിടയിലേക്ക് വിഷം കലര്‍ത്തിവിട്ടിട്ടുണ്ട് നാം ഓരോരുത്തരും.
ആവാസ വ്യവസ്ഥ വലയം ചെയ്തുവച്ചിരിക്കുന്ന ബന്ധങ്ങളില്‍ വിള്ളലുകള്‍ വീണിട്ടുണ്ട്. പ്രകൃതിയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ക്ഷോഭ പ്രക്രിയയുടെ ആഴം വര്‍ധിപ്പിക്കുന്നത് മനുഷ്യ നിര്‍മ്മിത പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. നാം എത്രയൊക്കെ അതിനെ ന്യായീകരിച്ച് സംസാരിക്കാന്‍ ശ്രമിച്ചാലും ദുരന്തങ്ങളുടെ ആഘാതത്തിന് മനുഷ്യ കരങ്ങളുണ്ട് എന്നതാണ് സത്യം.
വലിയൊരു കുന്നിന്‍റെ താഴ്വാരമോ, പാറയോ പൊട്ടിക്കുന്നതിലൂടെ പേമഴയില്‍ അത് പൂര്‍ണമായി അടര്‍ന്നു പോരുക സ്വാഭാവികം. സൂര്യപ്രകാശത്തിനും നീരുറവയ്ക്കും വേണ്ടി മരങ്ങള്‍ക്ക് മത്സരിക്കാം. പക്ഷെ വികസനമെന്ന പേരില്‍ പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ നടത്തുന്ന മത്സരള്‍ക്കിടയില്‍ ഉരുളു പൊട്ടിയും മാലിന്യത്തില്‍ മൂടിയും മണ്‍ മറയുന്നത് നമ്മുടെ സഹോദരങ്ങളാണ്. മനുഷ്യ നിര്‍മ്മിത ദുരന്തങ്ങള്‍ക്ക് മറുപടി പറയേണ്ടത് പക്ഷികളും, മൃഗങ്ങളും, മരങ്ങളുമല്ല, മനനം ചെയ്യാന്‍ ശേഷിയുണ് ടെന്ന് അഭിമാനിക്കുന്ന മനുഷ്യന്‍ തന്നെ.
പരിസ്ഥിതി സംരക്ഷണത്തിന്‍റെ അവസാന വാക്കല്ല ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട്. മുന്നോട്ടുള്ള വഴിയില്‍ നാം കരുതിപ്പോകേണ്ടുന്ന നിര്‍ദ്ദേശങ്ങളാണ് അതിലുള്ളത്. പരിസ്ഥിതി സംതുലനം ആവശ്യമാണെന്ന ബോധ്യപ്പെടുത്തലാണ് ഗാഡ്ഗില്‍ നടത്തിയിട്ടുള്ളത്. അതിനാല്‍ തന്നെ മനുഷ്യ നിര്‍മിത ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ മനുഷ്യന്‍ തന്നെ കിണഞ്ഞ് പരിശ്രമിക്കണം. പരിസ്ഥിതിയെ മറന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വന്‍കിട കുത്തകകളെ സഹായിക്കാനുള്ളതാണ്. നീര്‍ത്തടങ്ങള്‍ നികത്തപ്പെടുന്നതും കുന്നുകള്‍ അപ്രത്യക്ഷമാകുന്നതും വന്‍ സ്ഫോടനങ്ങളോടെ പാറമടകള്‍ തകരുന്നതും മനുഷ്യ നിര്‍മിത പ്രവര്‍ത്തനങ്ങളല്ല എന്ന് പറയാന്‍ ആര്‍ക്കു കഴിയും. വിഭവങ്ങളെ സന്തുലനാവസ്ഥയില്‍ ഉപയോഗപ്പെടുത്തിയും ശാസ്ത്രീയമായും നടത്തേണ്ട പുരോഗതികള്‍ക്ക് നീണ്ട കാലത്തെ ആയുസ്സും തീര്‍ച്ചപ്പെടുത്തേണ്ടതുണ്ട്. ഇത്തരത്തില്‍ ജൈവ വ്യവസ്ഥയുടെ ചാക്രിക ഘടനയെ ശക്തിപ്പെടുത്താനാണ് നാം ശ്രമിക്കേണ്ടത്.
അമിതാവേശത്തിന്‍റെയും, സുഖലോലുപതയുടെയും പിഴവുകളെ നമുക്ക് തിരുത്താം. ഭൂവിഭവങ്ങളുടെ വിനിയോഗം നീണ്ടകാലത്തേക്ക് പ്രയോജനപ്പെടുത്തുന്ന രീതിയിലാക്കണം. റോഡ്, കെട്ടിട നിര്‍മ്മാണം എന്നിവയുടെ ആയുസ് നിലവില്‍ ആറു മാസമൊക്കെയാണെങ്കില്‍ ഇടയ്ക്കിടയ്ക്ക് അതിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂവിഭവങ്ങള്‍ വീണ്ടും ഉപയോഗിക്കണം. നിശ്ചിത കാലയളവിനിടയില്‍ നവീകരണം ആവശ്യമായി വരരുത്. നീരൊഴുക്ക് തടസപ്പെടുന്ന വിധത്തിലുള്ള പൂട്ടുകട്ട, കോണ്‍ക്രീറ്റിങ്ങ് ഒഴിവാക്കി മണ്ണില്‍ പച്ചപ്പ് പടര്‍ത്തണം. സൗരോര്‍ജം പോലെയുള്ളവ പ്രയോജനപ്പെടുത്തി മോട്ടോര്‍ വാഹനങ്ങളില്‍ ഉപയോഗിക്കണം. പുകമലിനീകരണ സാധ്യത കുറയ്ക്കാനാകും. ഭൂമിയുടെ ലഭ്യതക്കുറവ് മനസിലാക്കി ശവ സംസ്കാരം ദഹനപ്രക്രിയയിലേക്കാക്കുന്നതും ചിന്തിക്കാവുന്നതാണ്. മാലിന്യ നിര്‍മ്മാര്‍ജനത്തോടൊപ്പം പുനരുപയോഗത്തിന്‍റെ വഴികള്‍ കൂടി ഉപയോഗപ്പെടുത്തി മുന്നോട്ട് പോകാവുന്നതാണ്. ഇത്തരം അനേക സാധ്യതകള്‍ നമുക്കു മുന്നിലുണ്ടെന്ന വസ്തുത ഇളം തലമുറയെക്കൂടി ബോധ്യമാക്കിയാൽ ഭൂവിഭവങ്ങള്‍ നശിപ്പിക്കുന്നതില്‍ നിന്ന് അവര്‍ സ്വയം പിന്മാറും.
രാജ്യ തലസ്ഥാനമായ ദില്ലിയുടെ അവസ്ഥ നോക്കൂ. അത് നമ്മെ ഭയപ്പെടുത്തുന്നില്ലേ. അന്തരീക്ഷത്തെ സമ്പൂര്‍ണമായി മലിനവല്‍ക്കരിക്കപ്പെട്ടതില്‍ നിന്നുമുള്ള മോചന മാര്‍ഗത്തിന് പരിഹാരം തേടി തലപുകയ്ക്കുകയാണ്.
ഇത് ഓരോ നഗരങ്ങളിലേക്കും വ്യാപിക്കും. ഗ്രാമങ്ങള്‍ വളര്‍ന്ന് നഗരങ്ങളാകുമ്പോള്‍ മലിനീകരണ പ്രക്രിയ പൂര്‍ണമാകും. അന്തരീക്ഷം മാത്രമല്ല മലിനം; പരസ്പര വിദ്വേഷത്തിന്‍റെയും, അസന്തുഷ്ടിയുടെയും വര്‍ത്തമാന കാലത്ത് മനസുകളും ജീര്‍ണിച്ച് ദുര്‍ഗന്ധം വമിപ്പിക്കുകയാണ്.
നാട്ടകങ്ങളുടെ സൗന്ദര്യം പേറുന്ന അയല്പ ക്ക ബന്ധങ്ങളെ മതില്‍ കെട്ടിത്തിരിച്ചിടത്തു നിന്നും സ്നേഹത്തിന്‍റെ ജാലകങ്ങള്‍ ലോകത്ത് തുറന്നിടേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. പരിസ്ഥിതി സൗഹൃദമായ ജീവിതചര്യ പുലര്‍ത്തിയിരുന്ന കാലത്ത് ഹൃദയങ്ങള്‍ തമ്മില്‍ ഒരു ചേര്‍ത്തു വെയ്പുണ്ടായിരുന്നു. പുരമേയല്‍, കുളം, കിണര്‍ തേവല്‍, ചക്കയൊരുക്കല്‍, കപ്പ വാട്ടല്‍ എന്നിവ പ്രകൃതി സൗഹൃദ അയല്‍പക്ക ബന്ധങ്ങളുടെ നേരടയാളപ്പെടുത്തലായിരുന്നു. സ്വന്തം കൃഷിയിടത്തിലെ ഒരു ചേന മുറിയുന്നത് പങ്കു വെയ്ക്കലിന്‍റെ കൂട്ടിച്ചേര്‍ക്കലിലേക്കായിരുന്നു. സമൂഹം സൗന്ദര്യവല്‍ക്കരിക്കപ്പെടണം. മണ്ണും വായുവും ജലവും മനുഷ്യനും ജീവജാലങ്ങളും വീണ്ടും സ്നേഹത്തില്‍ ഇഴചേര്‍ക്കപ്പെടുമ്പോള്‍ ചുറ്റുപാടുകള്‍ വീണ്ടും വിശുദ്ധീകരിക്കപ്പെടും.
വ്യവകദനങ്ങള്‍
റെജി മലയാലപ്പുഴ
അസ്സീസി മാസിക, ജനുവരി 2026





















