

സൗഖ്യം അത്യന്തം നിര്‍ണായകമായ കാലമാണല്ലോ ഇത്. കോവിഡ് 19 എന്ന മഹാമാരി കൊണ്ടു മാത്രമല്ല അത്. പൗരാണിക സംസ്കാരങ്ങളില്‍ പ്രബലമായിരുന്ന രോഗശമനത്തിനുള്ള നൈസര്‍ഗിക രീതികള്‍ വീണ്ടെടുക്കപ്പെടുന്ന കാലഘട്ടം കൂടിയാണിത്.ഇന്ത്യയിലും ലോകമെങ്ങുമുള്ള പല രാജ്യങ്ങളിലും മാനസികസൗഖ്യത്തിന്‍റെ ആവശ്യകതയെക്കുറിച്ചുള്ള ചിന്ത ഉയര്‍ന്നു കഴിഞ്ഞു. ഭരണകൂടങ്ങളാല്‍ അടിച്ചമര്‍ത്തപ്പെടുന്ന ജനത അനുഭവിക്കുന്ന മാനസികപീഡ അത്യന്തം അസഹനീയമായിരിക്കുന്നു.
അസ്സീസിയുടെ പുത്രി ക്ലാര, ആശ്രമത്തില്‍ സഹായം തേടിയെത്തിയ നിരവ ധിപേരെ സുഖപ്പെടുത്തിയ കഥകള്‍ മധ്യകാലഘട്ടത്തില്‍ രചിക്കപ്പെട്ട ജീവചരിത്രത്തിന്‍റെ താളുകളിലും വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചുള്ള വിവരണങ്ങളിലും നമുക്ക് വായിക്കാം.
ഫ്രാന്‍സിസ് അയച്ച സ്റ്റീഫന്‍ എന്ന സഹോദരനെ ശാരീരികമായി മാത്രമല്ല മാനസികമായും ക്ലാര സുഖപ്പെടുത്തിയതായി പെറൂജിയായിലെ ബെന്‍വനൂത്ത എന്ന സഹോദരി സാക്ഷ്യപ്പെടുത്തുന്നു. സൗഖ്യത്തില്‍ സഹാനുഭൂതിയും കരുണയും എത്രമാത്രം പ്രധാനമാണെന്നതിന് ദൃഷ്ടാന്തമാണ് ഈ സംഭവം.
ഇങ്ങനെയാണ് ആ സംഭവം:
എളിയസഹോദരരുടെ സന്യാസസഭയില്‍ അംഗമായ സ്റ്റീഫന്‍ എന്നു പേരായ ഒരാള്‍ മാനസികമായി അസുഖബാധിതനായിരുന്നു. സാന്‍ ഡാമിയാനോ ആശ്രമത്തിലേക്ക് വിശുദ്ധ ഫ്രാന്‍സിസ് അദ്ദേഹത്തെ അയച്ചു. അദ്ദേഹത്തിന്‍റെ മേല്‍ കുരിശുവരച്ച് പ്രാര്‍ത്ഥിക്കാന്‍ വിശുദ്ധന്‍ സഹോദരിയോടാവശ്യപ്പെട്ടു. ക്ലാര അപ്രകാരം ചെയ്തതിനുശേഷം ആ സഹോദരന്‍ വിശുദ്ധ അമ്മ സാധാരണയായി പ്രാര്‍ത്ഥിക്കുന്ന ആ സ്ഥലത്തുതന്നെ കുറച്ചുനേരം കിടന്നുറങ്ങി. ഉറങ്ങിയെണീറ്റ അദ്ദേഹം അല്പം ആഹാരം കഴിച്ച് രോഗമുക്തനായി മടങ്ങി (ക്ലാരയുടെ വിശുദ്ധീകരണ നടപടിക്രമങ്ങള്‍ 2:15).
മൂക്കില്‍ മാംസം വളര്‍ന്ന ബാലനെയും പനി ബാധിതനായ കുട്ടിയെയും സംസാരശേഷി നഷ്ടമായ സഹോദരി ആന്‍ഡ്രിയയെയും അണുബാധയുണ്ടായ മറ്റൊരു സഹോദരിയെയും ക്ലാര സ ുഖപ്പെടുത്തിയ കഥകള്‍ സുവിദിതങ്ങളാണ്.സൗഖ്യത്തെക്കുറിച്ചുള്ള ഈ വിവരണങ്ങളിലൊക്കെ മൂന്നുകാര്യങ്ങള്‍ തെളിഞ്ഞുനില്‍ക്കുന്നു. ക്ലാര രോഗിക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. അസുഖബാധിതമായ ശരീരഭാഗത്ത് അവള്‍ സ്പര്‍ശിച്ചു. അവള്‍ രോഗിയുടെ മേല്‍ കുരിശുവരച്ചു. ശാരീരികമായോ മാനസികമായോ അസുഖബാധിതരായ ആരെങ്കിലുമായി ഇടപെടുന്ന സന്ദര്‍ഭങ്ങളില്‍ ക്ലാരയില്‍ നിന്ന് നമുക്കെന്തെങ്കിലും പഠിക്കാനുണ്ടോ?
