top of page
![Platonic Democracy](https://static.wixstatic.com/media/cf8003_34e1aa7ff9644fa19300ec8d03213c2a~mv2.jpg/v1/fill/w_108,h_81,al_c,q_80,usm_0.66_1.00_0.01,blur_2,enc_auto/cf8003_34e1aa7ff9644fa19300ec8d03213c2a~mv2.jpg)
സംഘമായി ജീവിക്കുന്നവയ്ക്കെല്ലാം സഹജമായുള്ള സ്വഭാവമാണ് ഒരു നേതാവിനു കീഴില്‍ അണിനിരക്കുക എന്നത്. കരുത്തു കൂടിയവന്‍ നേതാവാകുക എന്നതാണ് നാട്ടുനടപ്പ്. അതു കൊണ്ട്, ഒന്നിലേറെ മെച്ചങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം, സംഘത്തിന്‍റെ എതിരാളികളെ അവന്‍ തുരത്തിക്കൊള്ളും എന്നത് തന്നെ. നേതാവ് ഒറ്റയ്ക്കായിരിക്കില്ല അത് ചെയ്യുന്നത്. തന്‍റെ സംഘത്തിലെ ശക്തരായ ചിലരെ കൂടി അവന്‍ തന്‍റെ പിറകില്‍ അണിനിരത്തും. മറ്റൊന്ന്, നിര്‍ണ്ണായക വേളകളില്‍, ഉചിതമായ തീരുമാനമെടുക്കുന്ന ഉത്തരവാദിത്വം അവന്‍റെ ചുമലിലായിക്കൊള്ളും എന്ന താണ്. അതുകൊണ്ട് തന്നെ ബലത്തോടൊപ്പം ഒരു നേതാവിന് വേണ്ട മറ്റൊരു ഗുണമാണ് ഉയര്‍ന്ന ബുദ്ധിസാമര്‍ത്ഥ്യവും.
അതുപോലെ തന്നെ, അയാള്‍ക്ക് സംഘത്തെ മുന്നില്‍ നിന്ന് നയിക്കുവാനുള്ള ത്രാണിയും ഉണ്ടാവണം. തന്‍റെ സംഘങ്ങളില്‍ ബലം കുറഞ്ഞ കുഞ്ഞുങ്ങളെയും പെണ്ണുങ്ങളെയും വൃദ്ധരെയും പരിപാലിക്കേണ്ട ചുമതലയും അവനില്‍ നിക്ഷിപ്തമായിരിക്കും. എന്നെങ്കിലും, ശക്തിയിലോ ബുദ്ധിയിലോ പിന്നിലാവുന്നതോടെ അവന്‍റെ തൊപ്പി തെറിക്കും. മിക്കവാറും ജീവജാതികളില്‍ അത്, നേതാവിന്‍റെ മരണത്തിലായിരിക്കും അവസാനിക്കുക. പഴയ നേതാവിനെ തോല്‍പ്പിച്ചവന്‍ നേതൃസ്ഥാനത്തെത്തുകയും ചെയ്യും. അതോടെ മുന്‍പത്തെ നേതാവിന്‍റെ ഇണയും അവന്‍റേതാകും. അധികാര കൈമാറ്റത്തിന്‍റെ ആദ്യനാളുകളില്‍ തന്‍റെ ആധിപത്യം അരക്കിട്ടുറപ്പിക്കുവാനായി വിപുലമായ തോതിലുള്ള ചില പ്രകടനങ്ങളും അരങ്ങേറും.
അതിശക്തരായ ജന്തുവര്‍ഗ്ഗങ്ങളില്‍ ഈ പ്രവണത തീരെയില്ല. കടുവകളോ, സിംഹങ്ങളോ സംഘം ചേരാറില്ല. താനും, തന്‍റെ ഒന്നോ രണ്ടോ ഇണകളും, കുഞ്ഞുങ്ങളും ചേരുന്ന ചെറു കുടുംബങ്ങളില്‍ അവസാനിക്കുന്നു അവരുടെ സഹ ജീവനം. എന്നാല്‍, ബലവും, ശക്തിയും കുറയുന്നതോടെ സംഘം ചേരുവാനുള്ള പ്രവണതയും കൂടുന്നു. കാടുകളിലായാലും, കടലിലായാലും സ്ഥിതി ഇതുതന്നെ. മാനുകളും, കുരങ്ങുകളും, വവ്വാലുകളും, എന്തിന്, തിമിംഗലങ്ങളും വരെ കൂട്ടമായിട്ടു തന്നെയാണു ജീവിക്കുന്നത്. സീസണ്‍ അനുസരിച്ച് ദേശാന്തരാഗമനം ചെയ്യുന്നവയില്‍ ഈ സ്വഭാവം അതിന്‍റെ പാരമ്യത്തില്‍ എത്തുന്നു. ഇതിനു കാരണം ഒന്നേയുള്ളൂ, അതിജീവനം. സംഘം ചേരുന്നത്, അവയുടെ അതിജീവനസാധ്യത വല്ലാതെ വര്‍ദ്ധിപ്പിക്കുന്നു. ഒറ്റ തിരിഞ്ഞു പോവുക അവരെ മരണത്തിലേക്കെത്തിക്കും. അതുകൊണ്ട് തന്നെ, ഒറ്റ തിരിഞ്ഞു പോയാല്‍ കഴിയുംവേഗം സംഘത്തിലേക്ക് തിരികെ എത്തുവാനാണിവ ശ്രമിക്കുക. താരതമ്യേനെ ശക്തരായവരും സംഘം ചേരാറുണ്ട്. സംഘം ചേരല്‍ വേട്ടയാടല്‍ എളുപ്പവും, കൃത്യതയുള്ളതുമാക്കുന്നു എന്നത് തന്നെ കാരണം. അതിനുള്ള ഏറ്റവും നല്ല ഉദാഹരണം ചെന്നായകളാണ്. അവ, ഒരു പറ്റമായി തന്നെയാണല്ലോ വസിക്കുന്നത്; സംഘനേതാവുമുണ്ടായിരിക്കും. അവനെ സംഘാംഗങ്ങള്‍ അനുസരിക്കുകയും ചെയ്യും.
പൊതുവെ, ജീവജാതികളില്‍ വലുപ്പവും, ബലവും കൂടുതല്‍ ആണ്‍ ജീവികള്‍ക്കായിരിക്കും. അതു കൊണ്ട് തന്നെ സംഘനേതാക്കളും ആണുങ്ങള്‍ തന്നെ. എന്നാല്‍ ഇതിനു വിപരീതമായ മൃഗജാതികളും ഉണ്ട്. ഏറ്റവും നല്ല ഉദാഹരണം ആനകള്‍ തന്നെ. പൊതുവെ പ്രായം കൂടിയ പിടിയാന ആയിരിക്കും ആനക്കൂട്ടത്തിന്‍റെ നേതാവ്. ഇവിടെ, ശക്തിയേക്കാളും, വലുപ്പത്തെക്കാളും അനുഭവപരിചയത്തിനും, കൂട്ടത്തെ ഒന്നിച്ചു നിറുത്തുവാനും, കുഞ്ഞുങ്ങളെയും പ്രായമേറിയവരെയും സംരക്ഷിക്കുവാനുമുള്ള കഴിവിനുമാണ് മുന്‍തൂക്കം. കൊമ്പന്‍ വലുതാകുന്നതോടെ കൂട്ടത്തിനു പുറത്താകുന്നു. പിന്നെ ഇണചേരാനായി മാത്രമേ അവര്‍ക്ക് കാട്ടാനക്കൂട്ടത്തിലേക്കു പ്രവേശനമുള്ളൂ. കര്‍ത്തവ്യം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ അവന്‍ വീണ്ടും പടിക്കു പുറത്താകുന്നു. പച്ചക്കുതിരയോട് സാദൃ ശ്യമുള്ള പ്രേയിങ് മാന്‍റിസുകളില്‍ ഇണചേരല്‍ കഴിഞ്ഞാലുടന്‍ പുരുഷന്‍ ഓടി രക്ഷപെടണം, അല്ലെങ്കില്‍ അവള്‍ അവനെ തിന്നുകളയും. കാരണം മറ്റൊന്നുമല്ല, തന്‍റെ കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ പ്രോട്ടീനുകളുടെ ഏറ്റവും നല്ല കലവറ, അവരുടെ അച്ഛന്‍റെ ദേഹം തന്നെയല്ലേ? ഒന്നു രണ്ടു ജീവികളെ ഉദാഹരിച്ചു എന്നേയുള്ളൂ. വാസ്തവത്തില്‍, പ്രകൃതിയില്‍ ഒട്ടേറെ ജീവികള്‍ തത്തുല്യമായ പ്രവണത കാണിക്കുന്നുണ്ട്. അതിജീവനത്തിനായുള്ള അനവധി തന്ത്രങ്ങളില്‍ ഒന്നാണിത് എന്നതു തന്നെ കാരണം.
എന്നാല്‍ മറ്റു മൃഗങ്ങളില്‍ നിന്നും, മനുഷ്യ രിലേക്കെത്തുന്നതോടെ സംഘം ചേരുന്നതിനുള്ള കാരണങ്ങള്‍ തീര്‍ത്തും സങ്കീര്‍ണമാവുന്നു. ഈ സങ്കീര്‍ണ്ണതയുടെ ഉറവിടം, ആവശ്യത്തിലേറെ വലു പ്പമുള്ള നമ്മുടെ മസ്തിഷ്ക്കം തന്നെ. ചിലപ്പോ ഴെങ്കിലും, നമ്മുടെ അതിജീവനത്തിന് അത് പ്രശ്ന ങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. മറ്റു ജീവജാതികളില്‍ നിന്നും വ്യത്യസ്തമായി, സംഘനേതാവിന്‍റെ തിര ഞ്ഞെടുപ്പിലും സങ്കീര്‍ണ്ണതകള്‍ ഏറെയാണ് . ശാരീ രിരികബലത്തിനും, ഉയര്‍ന്ന ബുദ്ധിശക്തിക്കും അപ്പുറം, മനുഷ്യരില്‍ സംഘനേതാവിന്‍റെ തിര ഞ്ഞെടുക്കലുകള്‍, പലപ്പോഴും വെറും കുടുംബ കാര്യം മാത്രമായി മാറുന്നു. അതുകൊണ്ട് തന്നെ കൂട്ടത്തില്‍ ബലവും, ബുദ്ധിയും കുറഞ്ഞവര്‍ പോലും ഭരണചക്രം കയ്യാളുന്നു. അതിനുള്ള ഏറ്റവും നല്ല ഉദാഹരണം, ഇന്ത്യയിലെ മുഗള്‍ ഭരണ ത്തിന് അടിത്തറ കുറിച്ച ബാബറിന് ശേഷം, അധികാരത്തിലേറിയ ഹുമയൂണ്‍ തന്നെ. നല്ലൊരു മനുഷ്യനായിരുന്നു എങ്കിലും, ഭരണസാമര്‍ ത്ഥ്യമൊന്നും തൊട്ടുതീണ്ടിയിട്ടില്ലാതിരുന്ന അദ്ദേ ഹത്തിന്‍റെ ഭരണ കാലത്ത്, മുഗള്‍ഭരണം ഏതാണ്ട വസാനിച്ചതായിരുന്നു. പിന്നീട് അദ്ദേഹത്തിന്‍റെ മകനായ അക്ബര്‍ വേണ്ടി വന്നു സാമ്രാജ്യം തിരിച്ചുപിടിക്കുവാന്‍.
തന്‍റെ കീഴെയുള്ളവരെ അടക്കി വാഴുന്നതില്‍ നിന്ന് ലഭിക്കുന്ന സമാനതകളില്ലാത്ത സംതൃപ്തി സംഘ നേതാവാകുന്നതിനു പ്രചോദകമായി വര്‍ ത്തിക്കുന്നു. അതോടൊപ്പം മികച്ച ഇണകളെ, കൂടെ നിറുത്തുവാന്‍ വഴിയൊരുങ്ങുന്നു. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍, സ്വിസ്സ് ബാങ്കുകളിലെ കനത്ത നിക്ഷേപങ്ങള്‍, അങ്ങിനെ എന്തൊക്കെ. അതു കൊണ്ട് തന്നെ, തനിക്കു ജീവനുള്ള കാലം മുഴുവന്‍ അധികാരത്തില്‍ തുടരുവാനാണ് ഭരണാധികാരിക ള്‍ക്കിഷ്ടം. ഇന്നും ഈ രീതി പിന്തുടരുന്ന ഒട്ടേറെ രാഷ്ട്രങ്ങളുണ്ട് എന്നതാണ് സത്യം. ഏറ്റവും നല്ല ഉദാഹരണം അറബ് നാടുകള്‍ തന്നെ. അവിട ങ്ങളില്‍, ഒരു ഭരണാധികാരിയുടെ മരണാനന്തരം അയാളുടെ മകനിലേക്കു തന്നെയായിരിക്കും അധികാരം കൈമാറ്റം ചെയ്യപ്പെടുന്നത്. എണ്ണയില്‍ നിന്ന് കിട്ടുന്ന സമ്പത്തിന്‍റെ വിഹിതം തങ്ങള്‍ക്കും കിട്ടുന്നത് കൊണ്ട് ജനങ്ങള്‍ക്കും വിരോധമൊന്നു മില്ല.
ഏകാധിപത്യം എന്നത് രാജഭരണവുമായി മാത്രം ബന്ധപ്പെട്ട ഒന്നല്ല. ഇറാഖില്‍ സദ്ദാം ഹുസൈനും, ഇറാനില്‍ മതത്തിന്‍റെ പേരില്‍ ആയത്തൊള്ള ഖൊമേനി തുടങ്ങി വച്ചതും, താലിബാന്‍, അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ദേശങ്ങളില്‍ നടപ്പാക്കി കൊണ്ടിരിക്കുന്നതും ഇത് തന്നെയല്ലേ? ഐ.എസ്. നടപ്പാക്കുവാന്‍ ഉദ്ദേശി ക്കുന്ന ഖലീഫയ്റ്റും ഇതിന്‍റെ വകഭേദങ്ങള്‍ തന്നെ യല്ലേ? എന്തിനേറെ പറയുന്നു ചൈനയിലും ഉത്തര കൊറിയയിലും അരങ്ങേറിക്കൊണ്ടിരിക്കുന്നത് ഇതൊക്കെ തന്നെയല്ലേ? ചൈനയില്‍ അത് മക്കള്‍ക്കോ പേരക്കുട്ടികള്‍ക്കോ കൈമാറുന്നില്ല എന്ന് മാത്രം. ഉത്തരകൊറിയയില്‍ ആണെങ്കില്‍ പ്രസിഡന്‍റ്, ഭരണം തന്‍റെ പ്രിയപ്പെട്ട മകള്‍ക്ക് കൈമാറുവാന്‍ (തന്‍റെ മരണാനന്തരം മാത്രം) തീരു മാനിച്ചു കഴിഞ്ഞു. എല്ലാ മൃഗങ്ങള്‍ക്കും സഹജമായ സ്വഭാവമാണ് ഈ ഏകാധിപത്യ പ്രവണത. ബല മുള്ളവര്‍, ബലം കുറഞ്ഞവരെ അടക്കി ഭരിക്കുക. ശക്തി കൂട്ടിയവന്‍, ശക്തി കുറഞ്ഞവര്‍ക്കുമേല്‍ അധിപത്യമുറപ്പിക്കുക. ഇതൊന്നും നമുക്ക് മാത്രമുള്ള പ്രവണതകളല്ല.
എന്നാല്‍, ലോകത്ത് ആദ്യമായി ഇതിനൊരു മാറ്റം വരുന്നത് ബി.സി. 508 ലാണ്. അന്നാദ്യമായി ഗ്രീസിലെ ഏതന്‍സ് എന്ന നഗര രാജ്യത്തില്‍ ഒരു പുതിയ ഭരണക്രമം നിലവില്‍ വന്നു. ഡെമോക്രസി അഥവാ ജനാധിപത്യം. ഗ്രീക്ക് ഭാഷയില്‍ ഡെമോ എന്ന വാക്കിന് ജനം എന്നും ക്രസിയുടെ അര്‍ത്ഥം ഭരണം എന്നുമാണ്. അതെ, ജനങ്ങളുടെ ഭരണം. കൃത്യമായി പറഞ്ഞാല്‍, ജനങ്ങളാല്‍ തിരഞ്ഞെടു ക്കപ്പെടുന്നവരുടെ ഭരണം. തങ്ങളെ ഭരിക്കേണ്ട വനായി കയ്യുയര്‍ത്തുകയായിരുന്നു ചെയ്യേണ്ടത്. പില്‍ക്കാലത്ത് മികച്ച വോട്ടിംഗ് രീതികള്‍ നിലവില്‍ വന്നു. എങ്കിലും ജനാധിപത്യത്തിന്‍റെ അടിസ്ഥാന രീതികള്‍ക്ക് മാറ്റമൊന്നുമില്ല. ആദ്യകാലത്ത് സ്ത്രീകള്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. 1838 ല്‍ പിറ്റ്കെയ്ന്‍ ദ്വീപുരാഷ്ട്രത്തിലാണ് ആദ്യമായി സ്ത്രീകള്‍ക്ക് വോട്ടവകാശം കിട്ടുന്നത്. അധികം വൈകാതെ, 1906 ല്‍ ഫിന്‍ലന്‍ഡിലും. ഇന്ന്, ലോക ത്തക്ക 167 ഓളം രാഷ്ട്രങ്ങളില്‍ ജനാധിപത്യക്രമം നിലനില്‍ക്കുന്നു.
ഏതു ജനാധിപത്യക്രമത്തിലും ഒഴിച്ച് കൂടാനാ വാത്ത പ്രക്രിയയാണ് തിരഞ്ഞെടുപ്പ്. തങ്ങളെ ഭരി ക്കേണ്ടണ്ടവരെ ജനങ്ങള്‍ തന്നെ തിരഞ്ഞെടു ക്കുന്നു. ശരിയായ ഒരു ജനാധിപത്യരാഷ്ട്രത്തില്‍ അത് കൃത്യമായ ഇടവേളകളില്‍ നടന്നേ പറ്റൂ. നിയ തമായ പരസ്യപ്രചാരണങ്ങള്‍ക്കപ്പുറത്ത്, വോട്ടര്‍ മാരെ സ്വാധീനിക്കുവാനുള്ള ശ്രമങ്ങളൊന്നും അരുതുതാനും. സൈദ്ധാന്തികമായി വസ്തുതകള്‍ ഇതൊക്കെയാണെങ്കിലും, അതിനിടയ്ക്ക് പല അരുതായ്മകളും നടക്കും; പ്രത്യേകിച്ചും ഭരിക്കുന്ന വരുടെ പക്ഷത്തു നിന്നും. തിരഞ്ഞെടുപ്പുകള്‍ എത്ര ത്തോളം സുതാര്യമാകുന്നു അത്രത്തോളം ജനാധി പത്യക്രമം മുറുകെ പിടിക്കുവാന്‍ ആ നാടിനു കഴിയും. ഏതാണ്ടെല്ലാ നാടുകളിലും തന്നെ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ കടന്നു കയറ്റങ്ങളുണ്ടാകും. അത് പൂര്‍ണ്ണമായി ഒഴിവാക്കു വാന്‍ ഒരു നാടിനും കഴിയില്ല എന്നതാണ് നേര് .
ജനാധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന മറ്റൊരു സുപ്രധാനഘടകമാണ് ധനം. എത്ര കഴി വുള്ള ആളായാലും, ശക്തമായ പാര്‍ട്ടിയായാലും പണം കൂടാതെ പറ്റില്ല. ഒപ്പം നിന്ന് പടനയിക്കു ന്നവര്‍ക്കും, പരസ്യപ്രചാരണത്തിനുമെല്ലാം കാശു കൂടിയേ തീരൂ. രാഷ്ട്രം എത്രത്തോളം ഉയര്‍ന്ന സാമ്പത്തിക നിലയിലാണോ, അത്രയും കൂടുതല്‍ ധനം തിരഞ്ഞെടുപ്പിന് ആവശ്യമായി വരും. പ്രത്യേകിച്ചും ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍. ഇത്രയും കൂടിയ അളവിലുള്ള ധനസമാഹരണം സാധാരണ ക്കാരനില്‍ നിന്ന് നടത്തുക എന്നത് ഒട്ടും പ്രായോഗി കമായ ഒന്നല്ല. അത്തരം സാഹചര്യങ്ങളില്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ന്ന സാമ്പത്തിക നിലയുള്ള വ്യക്തികളുടെയും, സ്ഥാപനങ്ങളുടെയും സഹായം തേടേണ്ടി വരും. അക്കൂട്ടരാണെങ്കിലോ ഒന്നും വെറുതെ കൊടുക്കില്ല. അതുകൊണ്ട് തന്നെ, അധികാരത്തിലേറി കഴിഞ്ഞാല്‍, പാര്‍ട്ടികള്‍ തങ്ങള്‍ക്കായി തിരഞ്ഞെടുപ്പ് കാലത്ത് പണമൊഴുക്കിയവര്‍ക്കനുകൂലമായ തീരുമാനങ്ങളെടുക്കുവാന്‍ നിര്‍ബന്ധിതരാകുന്നു. അതോടെ അധികാരത്തിനു മേലുള്ള വോട്ടര്‍മാരുടെ പിടി അയയുന്നു. ഇക്കാ രണം കൊണ്ടാണ്, പലപ്പോഴും പ്രതിപക്ഷത്തായി രുന്നപ്പോള്‍ ശക്തമായി എതിര്‍ത്തിരുന്നവരെയും, സ്ഥാപനങ്ങളെയും കണക്കില്ലാത്ത വിധത്തില്‍ സഹായിക്കുന്നത്.
തിരഞ്ഞെടുപ്പിനായ് ഇത്രയും പണം മുടക്കാമെങ്കില്‍ എന്തുകൊണ്ട്, തനിക്ക് ഇലക്ഷന് നിന്ന് അമേരിക്കന്‍ പ്രസിഡന്‍റായിക്കൂടാ എന്ന് കരുതിയ ആളാണ് ഡൊണാള്‍ഡ് ട്രംപ്. അയാള്‍ അതില്‍ വിജയിക്കുകയും ചെയ്തു. ഭാവിയില്‍, ജനാധിപത്യം നേരിടുവാന്‍ പോവുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും ഇത്.
അതുപോലെ തന്നെ തിരഞ്ഞെടുപ്പില്‍ ശക്ത മായി പിടിമുറുക്കുന്ന ഒന്നാണ് മതസംഘടനകള്‍. ഹിറ്റ്ലറുടെ ക്രൂരതയ്ക്കിരയായതിന്‍റെ പേരില്‍ ലോകത്തിന്‍റെ മൊത്തം അനുകമ്പ നേടിയെടുത്ത യഹൂദജനത, പില്‍ക്കാലത്ത് സയോണിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെ കാട്ടിക്കൂട്ടിയ മനുഷ്യത്വരഹി തമായ ക്രൂരതകള്‍ക്ക് കയ്യും കണക്കുമില്ല. പാല സ്തീന്‍കാരെ അവരുടെ നാട്ടില്‍ തന്നെ അഭയാ ര്‍ത്ഥികളാക്കി മാറ്റി. ഹമാസ് എന്ന ഭീകരസംഘടന നടത്തിയ ഒരു പേക്കൂത്തിന്‍റെ പേരില്‍ ഗാസയില്‍ മാത്രം എരിഞ്ഞടങ്ങിയ കുഞ്ഞുങ്ങളുടെ എണ്ണം മാത്രം അയ്യായിരം കവിഞ്ഞു കഴിഞ്ഞു. സീസ റിനുള്ളത് സീസറിനും, ദൈവത്തിനുള്ളത് ദൈവ ത്തിനും എന്ന് പറഞ്ഞ് രാഷ്ട്രീയത്തെ മതത്തില്‍ നിന്ന് വേര്‍പെടുത്തിയ ക്രിസ്തുവിന്‍റെ പേരില്‍, നടന്ന കുരിശുയുദ്ധങ്ങളില്‍ മാത്രം കൊല്ലപ്പെട്ട വര്‍ക്ക് കയ്യും കണക്കുമില്ല. ജെറുസലേമിനെ ഓട്ടോമന്‍ തുര്‍ക്കികളുടെ കയ്യില്‍ നിന്ന് മോചിപ്പി ക്കുവാനായി കുട്ടികളുടെ ഒരു പട്ടാളത്തെ പോലും അയക്കുകയുണ്ടായി. അവരാരും ജറുസലേമില്‍ എത്തിയത് പോലുമില്ല. ഇന്നും ഇലക്ഷനുകളില്‍ അതിശക്തമായ സ്വാധീനം മതങ്ങള്‍ നടത്തുന്നുണ്ട്.
ലോകത്തേറ്റവും കൂടുതല്‍ പൗരന്മാരുള്ള നമ്മുടെ നാട്ടിലെ തിരഞ്ഞെടുപ്പുകളും പതുക്കെ മാറിമറിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇന്ത്യ സ്വതന്ത്രമായപ്പോള്‍, അതോടൊപ്പം തന്നെ എടുത്ത തീരുമാനമായിരുന്നു, അത് മതനിരപേക്ഷമായി രിക്കും എന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യകാലം നടന്ന തിരഞ്ഞെടുപ്പുകളില്‍ എല്ലാം തന്നെ ഈ മതനിരപേക്ഷസ്വഭാവം നമുക്ക് നില നിറുത്തുവാനുമായി. എന്നാല്‍ പതുക്കെ കാര്യങ്ങള്‍ കൈവിട്ടു പോവുകയാണ്. നമ്മുടെ നാടിനെ ഒരു ഹൈന്ദവരാഷ്ട്രമാക്കി മാറ്റുവാനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിന്‍റെ പ്രാരംഭപ്രവര്‍ത്തനം എന്ന നിലയ്ക്ക് ഭരണഘടനാഭേദഗതികള്‍ കൊണ്ടുവന്നു തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ തന്നെ നമ്മുടെ നാട്ടിലുള്ള, പ്രത്യേകിച്ച്, ഉത്തരേന്ത്യയി ലുള്ള തിരഞ്ഞെടുപ്പുകളില്‍, മതം ശരിക്കും പിടി മുറുക്കി കഴിഞ്ഞിരിക്കുന്നു. വൈകാതെ ഇന്ത്യയുടെ മതനിരപേക്ഷമുഖം നഷ്ടപ്പെടും. അതോടെ ഒട്ടേറെ ജനതകള്‍ തങ്ങളുടെ സ്വന്തം നാട്ടില്‍ അഭയാര്‍ ത്ഥികളായി ജീവിക്കേണ്ടാതായും വരും. അങ്ങിനെ സംഭവിക്കാതിരിക്കട്ടെ എന്നാശിക്കുന്നു. അല്ലാ തെന്തു ചെയ്യാന്‍?
Featured Posts
bottom of page