
അക്ഷരം

കവിയും വിവര്‍ത്തകയുമായ ജെനി ആന്‍ഡ്രൂസിന്‍റെ ഹൃദ്യമായ കുറിപ്പുകളുടെ സമാഹാരമാണ് 'ഈ ചില്ലകളോട് ആരു മിണ്ടും'(EE CHILLAKALODU AARU MINDUM), എന്ന ഗ്രന്ഥം. ലളിതവും സുന്ദരവുമായ ഹൃദയവിചാരങ്ങളാണ് ഇതിലുള്ളത്. ഒരു കൊച്ചുകുട്ടിയുടെ കണ്ണിലൂടെ കൗതുകപൂര്‍വ്വം ലോകത്തെ, ജീവിതത്തെ ചുറ്റുപാടുകളെ കാണുന്നതിലെ ഹൃദ്യത അനന്യമാണ്. നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങളില്‍ നിന്ന് സാരമായ ദര്‍ശനത്തിലേക്കു വികസിക്കുന്നതാണ് ഇതിലെ ഓരോ കുറിപ്പും. ഓരോ മനുഷ്യന്‍റെയും ഉള്ളിലെ കുട്ടിയെ ഉണര്‍ത്തുന്ന കര്‍ത്തവ്യമാണ് എഴുത്തുകാരി ചെയ്തിരിക്കുന്നത്. ജെനി ആന്‍ഡ്രൂസിന്‍റെ ഹൃദയകാര്യങ്ങള്‍ നമ്മുടേതുമാണെന്ന് നാം തിരിച്ചറിയുന്നു. അമ്പതിലെത്തിയവരുടെ കുട്ടിക്കാലത്തെയാണ് അവര്‍ തിരിച്ചെടുക്കുന്നത്. ആഴത്തിലും സൂക്ഷ്മമായും ഖനനം ചെയ്യുന്ന എഴുത്തുകാരിയുടെ കുട്ടിത്തത്തിലേക്കുള്ള പരകായ പ്രവേശനം ശ്രദ്ധേയമാണ്. 'എന്തൊക്കെയോ ചില വീക്ഷണങ്ങള്‍ പുസ്തകം മടക്കുമ്പോള്‍ ഫലശ്രുതിയായി കൂടെപ്പാര്‍ക്കാനെത്തുന്നു' എന്ന് ബോബി ജോസ് കുറിക്കുന്നത് ഏതു വായനക്കാരനും ബോധ്യമാകുന്നു.
'ബലം പിടിക്കാതെയുള്ള ഇരിപ്പിനാണ് വളരെ ഫലങ്ങളുള്ളത്; ബലം പിടിച്ചുള്ള ഇരിപ്പുകള്‍ ചുമടുചുമക്കല്‍പോലെയും' എന്ന കാഴ്ചപ്പാടാണ് ഈ കുറിപ്പുകളില്‍ നിറയുന്നത്. ബലം പിടിക്കാതെ, സ്വാഭാവികമായി വാര്‍ന്നുവീഴുന്ന ആത്മവിചാരങ്ങള്‍ തുറന്ന ആകാശങ്ങള്‍ സൃഷ്ടിക്കുന്നു. വായനക്കാരന്/വായനക്കാരിക്ക് സ്വതന്ത്രമായി പാറിനടക്കാനുള്ള ഇടങ്ങള്‍ ഇവിടെയുണ്ട്.
'പാട്ട് നിശബ്ദത' എന്ന കുറിപ്പില്‍ പറയുംപോലെ 'പുറത്തേക്ക് അമ്പെയ്തപോലെ അകത്തേക്കും ഒരു അമ്പെയ്ത്ത്' ആണ് നാം കാണുന്നത്. അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാന്‍ കഴിയുന്നു എന്നതാണ് എഴുത്തിന്‍റെ ലാവണ്യം. എല്ലാം പിടികിട്ടിക്കഴിഞ്ഞാല്‍ പിന്നെ എന്താണുള്ളത് എല്ലാം തീര്‍ന്നു പോകുമല്ലേ എന്ന വീക്ഷണമാണ് ആരിലേക്കും നയിക്കുന്നത്. 'എല്ലാം പതിയെ വരിഞ്ഞുകൊണ്ടേയിരിക്കട്ടെ' എന്ന വേഗക്കുറവ് ഇന്നത്തെ വേഗ സഞ്ചാരത്തിനിടയിലെ വ്യത്യസ്തത. ഉള്ളിലെ ലോകത്തില്‍ മുഴുകുന്നവര്‍ക്ക് പുറത്തെ വേഗം ബാധിക്കില്ല. അബാധിതമായ മനസ്സ് പുതിയ ലാവണ്യങ്ങള്‍ ഒരുക്കിവയ്ക്കുന്നു. 'നാം ഭൂമിക്കുമേല്‍ നടക്കുന്നു. ലോകം എന്നത് അത്ഭുതലോകം തന്നെയാണ്. പല 'തൂലി'കളാല്‍ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്ന ചലനങ്ങളുടെ ഒരു ലോകം' എന്ന ബോധോദയം സ്വന്തം ഇടം കണ്ടെത്താന്‍ സഹായകമാകുന്നു. ഏറ്റം ഭൂമിയിലേക്ക് ലോകത്തെ ചുരുക്കാന്‍ ശ്രമിക്കുന്ന കാലത്ത് 'ഭിന്നരുചി' എന്ന സങ്കല്പനം സുപ്രധാനം.
കൂടാരങ്ങള്‍ പണിയുന്നവരാണ് നാം. വീടുകള്‍, നാടോടികള്‍ക്ക് സ്ഥിരമായ വീടുകളില്ല. 'ഒരിടവും സ്വന്തമല്ലാത്തതിനാല്‍ എല്ലായിടവും അവര്‍ക്കു സ്വന്തമായി' എന്ന് ജെനി. എന്തിനും വലിയ സ്ഥാനം കൊടുക്കുന്നത് മഠയത്തരമാണ് എന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു. ഭൂമി വിട്ട് പോകുമ്പോള്‍ ആരും ഇവ കൊണ്ടുപോകുന്നില്ല എന്നതാണ് ആത്യന്തികമായ യാഥാര്‍ത്ഥ്യം. എങ്കിലും എല്ലാറ്റിനെയും മനോഹരമായി കാത്തുസൂക്ഷിക്കുക. അളവില്‍ അല്ല ഗുണത്തില്‍ ശ്രദ്ധിക്കുക എന്നു സാരം.
'ഈ വലിയവര്‍ക്കെന്താ?' എന്ന ചോദ്യം എല്ലാക്കാലത്തും പ്രസക്തമാണ്. കുഞ്ഞുങ്ങള്‍ക്ക് വലിയ ഇടമില്ലാത്ത ലോകമാണിത്. 'കുട്ടികളുടെ ലോകത്തില്‍ വളരട്ടെ. വലിയ കാര്യങ്ങള്‍, അതൊക്കെ ഞങ്ങള്‍ക്ക് വളരെ വിശേഷപ്പെട്ടതാണ്! എന്ന് കുട്ടി വിളിച്ചുപറയുന്നു. എന്നാല്‍ മുതിര്‍ന്നവര്‍ അതത്ര പ്രധാനമെന്നു കാണുന്നില്ല. വളരാന്‍ ഞങ്ങള്‍ക്ക് നല്ല വായുവേണം. ഞങ്ങള്‍ക്ക് പോഷകം വേണം. നന്നായി വേരുപിടിക്കാന്‍ നല്ല മണ്ണും വേണം എന്ന് അവര്‍ വാദിക്കുന്നു. അതിലേക്കാണ് മുതിര്‍ന്നവര്‍ അതിക്രമിച്ചു കയറുന്നത്. 'സ്കൂളും പാഠപുസ്തകങ്ങളും എന്ന് ഞങ്ങളുടെ ലോകത്തെ ആരും ചുരുക്കിക്കളയരുതേ, ഞങ്ങള്‍ തനിയെ കുറച്ചൊക്കെ കാണട്ടെ' എന്ന് അവര്‍ അഭ്യര്‍ത്ഥിക്കുന്നു. 'നിങ്ങളുടെ നോട്ടങ്ങളുടെ കോണ്‍ അല്പം ഒന്ന് മാറ്റുമോ? എന്ന് കുട്ടികള്‍ ചോദിക്കുന്നു. ഈ ചോദ്യം വലുതുമായവരോടുള്ളതാണ്. എല്ലാകാലത്തും പ്രസക്തമായ ചോദ്യങ്ങള്‍.
മനുഷ്യരും പ്രകൃതിയും ഒന്നാകുന്ന പാരസ്പര്യത്തിന്‍റെ ഹൃദ്യതയാണ് 'ഒന്നാകല്‍' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്നും വേറിട്ടുനില്‍ക്കുന്നില്ല എന്ന സമഗ്രതയുടെ ദര്‍ശനം ഈ ചെറുപുസ്തകത്തില്‍ അടിയൊഴുക്കായി വര്‍ത്തിക്കുന്നു. 'വരിക പുല്‍ത്തുമ്പേ, വരിക ഇലയേ, വരിക കടലാസേ' എന്നിങ്ങനെ ഓരോന്നിനെയും ചേര്‍ത്തുവെച്ചുകൊണ്ട് വലിയ ഒരനുഭവമാണ് ഒന്നാകല്‍ എന്ന് എഴുത്തുകാരി. എല്ലാറ്റിനെയും ചേര്‍ത്തുനിര്‍ത്തുമ്പോള്‍ പിന്നെ വേര്‍തിരിവുകളില്ല. തന്‍റെ ഇടത്തിന്‍റെ മണികള്‍ അറിയാതെ പോകരുത് എന്ന ചിന്തയാണ് മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത്. സന്തോഷം ഇപ്പോഴാണ്, പിന്നെയല്ല എന്ന സത്യം നാം തിരിച്ചറിയുന്നു. ഓരോ ആള്‍ക്കും മനസ്സില്‍ ഉണ്ടാക്കിയെടുക്കാവുന്ന ലോകമാണിത്. അങ്ങനെ സന്തോഷത്തിലേക്ക് പല വഴികള്‍.
സമ്പന്നത എന്നത് ഇവിടെ മറ്റൊന്നാണ്. ലളിതമാണ് സമ്പന്നത. ഓടിക്കൊണ്ടിരിക്കുന്നവരോട് 'ഓടുന്നവരേ വേഗതകുറയ്ക്കൂ മെല്ലെ നടക്കൂ എന്തിന് നിങ്ങള്‍ നിങ്ങളെ കേടാക്കുന്നു! എന്ന് വിളിച്ചു പറയുകയാണ് എഴുത്തുകാരി.
നമുക്കു ചുറ്റുമുള്ള 'ജീവന്‍റെ വിസ്മയങ്ങള്‍' കാണുന്ന കണ്ണാണ് ഈ എഴുത്തുകാരിക്കുള്ളത്. 'ചെറുതാണ് സുന്ദരം' എന്ന് അവര്‍ പറയാതെ പറയുന്നു. വലുതുകള്‍ ഇവരെ ആകര്‍ഷിക്കുന്നില്ല. 'ചെറിയ കാര്യങ്ങളുടെ തമ്പുരാനെയാണ് ഇവള്‍ ആരാധിക്കുന്നത്. ചെറിയ കാര്യങ്ങളിലെ ശ്രദ്ധയില്‍നിന്ന് വലിയ കാര്യങ്ങളിലെ ശ്രദ്ധയിലേക്കാണ് സഞ്ചാരം. ഓരോ പ്രവൃത്തിയിലും സ്വന്തം സത്ത ഉള്‍ച്ചേര്‍ക്കുന്ന ലാവണ്യഭൂമിയായി കുറിപ്പുകള ് വികസിക്കുന്നു. പുതിയൊരു 'ഉണരല്‍' ആണിത്. നിസ്സംഗതയില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്പ് ചുറ്റുവട്ടത്തെ സ്നേഹത്തോടെ കണ്ടറിയല്‍. ആകാശത്തോട്ട് കൈകോര്‍ക്കാനുള്ള ശ്രമം. ചിന്തയെ നന്നാക്കുമ്പോള്‍ ചുറ്റും മനോഹാരിതകള്‍ വന്നുപെരുകുന്നു.
സ്വന്തം ഇടം കണ്ടെത്തിയ കുറിപ്പാണ് ഇവിടെ കടന്നു വരുന്നത്. "എനിക്കായിത്തന്നെ സമയം കണ്ടെത്തുകയെന്നാല്‍ എന്‍റെ ഇടം കണ്ടെത്തുക എന്നാണ്. നമ്മുടെ സമയത്തെയും ഇടത്തെയും സ്നേഹിക്കാന്‍ അതാണ് വഴി' എന്നതാണ് തിരിച്ചറിവ്. ഉള്ളിലേക്ക് നോക്കുന്ന കണ്ണുകള്‍ ഇവയുടെ ഉള്ളിലേക്കുള്ളിലേക്ക് കടക്കുന്നു. അപ്പോഴാണ് ഞാന്‍ ശരിയ്ക്കും എന്‍റെ സ്വന്തം ഇടത്തിലാകുന്നത്. ഇത് എന്‍റെ ഒരു രഹസ്യമാണ്. ഭൂമിയുടെ മാപ്പിലുള്ള ഇടം മാത്രമല്ല ഇടം. ഓരോ രുത്തരുടെ ഉള്ളിലും ഒരിടമുണ്ട്. ഓരോരുത്തരുടെയും ചെറിയ ചെറിയ ഇടം ചേര്‍ന്ന് വലിയ ഇടമായി വളരുന്നു. ഭൂപടത്തിലില്ലാത്ത ഇടങ്ങള്‍ കണ്ടെത്തുന്ന പ്രക്രിയയാണ് എഴുത്തുകാരിയുടെ അന്വേഷണം.
'ചലനങ്ങളുടെ നിരന്തരതയാണ്' ലോകം എന്ന് പ്രധാനദര്‍ശനം. ചലിക്കാത്തത് നശിച്ചുപോകും. ചെറിയ ചലനങ്ങള്‍ പോലും പ്രധാനം. കണ്ണ് നന്നായി തുറന്നാല്‍ മനസ്സ് തുറന്നാല്‍ ഈ മാറ്റം നമുക്കു കാണാം. ഒപ്പം നില്ക്കുമ്പോള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഉള്‍ക്കണ്ണ് ജ്വലിക്കട്ടെ.
മനസ്സില്‍ മതില്‍കെട്ടി ആരെയും പുറത്തു നിര്‍ത്തിക്കൂടാ എന്ന അഗാധദര്‍ശനം നമ്മെ പ്രലോഭിപ്പിക്കുന്നു. നാമെല്ലാം ഒ ന്നിച്ചു ഉള്‍പ്പെട്ടിരിക്കുന്ന നീളന്‍ നൂലിന് ഏറെ നീളമുണ്ട്. എല്ലാറ്റിനോടും ചങ്ങാത്തം ആഗ്രഹിക്കുന്നവര്‍ മതിലുകള്‍ പണിയുന്നില്ല. പുറമേ എല്ലാം കൂടുതലായി കിട്ടിക്കൊണ്ടിരിക്കുമ്പോള്‍ അകമേ ചില ഭയങ്കരമായ കിട്ടായ്മകള്‍ ആണ് നമ്മെ ഓടിച്ചുകൊണ്ടിരിക്കുന്നത്.
ചില്ലകളോട്, ഇലകളോട്, പുല്ലിനോട്, മണ്ണിനോട്, ജീവജാലങ്ങളോട് മനുഷ്യരോട് എല്ലാം മിണ്ടുന്ന കുട്ടിയാണ് ഈ ഗ്രന്ഥത്തെ സുന്ദരമാക്കുന്നത്. വേലികെട്ടാത്ത ചിന്തകള്‍ സ്വാഭാവികമായി ഒഴുകിപ്പരക്കുന്നു. സ്വന്തമായി ഇടം കണ്ടെത്തിയവളുടെ ആത്മസഞ്ചാരങ്ങള്‍ നമ്മെ തഴുകി നില്‍ക്കുന്നു. അകത്തേക്കും പുറത്തേക്കുമുള്ള ഈ ചിന്ത മനോഹരം. (ഈ ചില്ലകളോട് ആരു മിണ്ടും? - ജെനി ആന്‍ഡ്രൂസ് - മാതൃഭൂമി ബുക്സ്)
വിലയേറിയ ചില ഹൃദയകാര്യങ്ങള്‍
ഡോ. റോയി തോമസ്
അസ്സീസി മാസിക, ജൂലൈ 2025
