top of page

ക്രിസ്തീയതയുടെ തുടക്കം

Jun 1, 2016

3 min read

നിധിൻ  കപ്പൂച്ചിൻ
Crown of thorns and Holy Cross.

"അവര്‍ ഏകമനസ്സോടെ താത്പര്യപൂര്‍വ്വം അനുദിനം ദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പം മുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും കൂടെ ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തു." ക്രിസ്തീയ സമൂഹത്തിന്‍റെ തുടക്കത്തിലെ ഒരുമിക്കലുകളെപ്പറ്റി നടപടി പുസ്തകത്തില്‍ ഉള്ള വിവരണമാണ് ഇത്. പുറത്തറിഞ്ഞാല്‍ കഴുത്തിനു മുകളില്‍ തല കാണില്ല എന്നുറപ്പുണ്ടായിരുന്ന ഒരു കാലഘട്ടത്തിലാണ് ലോകം കിറുക്കാണ് എന്ന് വിളിച്ച ക്രിസ്തീയതയുടെ തുടക്കക്കാര്‍ ഇങ്ങനെ ഒരുമിച്ചുകൂടി വചനം പങ്കുവച്ച് അപ്പം മുറിച്ച് സ്നേഹം നുകര്‍ന്ന് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിന് സാക്ഷികളായി മാറാന്‍ ഉത്സാഹം കാട്ടിയത്. ആരാധനയ്ക്ക് വേണ്ടിയുള്ള അവരുടെ ഒത്തുചേരലുകള്‍ ആത്യന്തം ആനന്ദത്തിന്‍റേതായിരുന്നു. ദൈവാരാധന അവര്‍ക്ക് ഒരു കൂട്ടായ പ്രവൃത്തിയായിരുന്നു.

മൈനര്‍ സെമിനാരിയിലെ ആദ്യപാഠം തുടങ്ങുന്നതുതന്നെ ലിറ്റര്‍ജി എന്ന പദത്തെ പരിചയപ്പെടുത്തിയാണ്. കാരണം ഇനിയുള്ള നിന്‍റെ ജീവിതം ഈ ഒരു ആരാധനയെ ചുറ്റിപ്പറ്റി ഉള്ളതായിരിക്കും എന്നതിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് അത്. പക്ഷേ നീണ്ട 13 വര്‍ഷത്തെ പരിശീലനത്തിന്‍റെ കാലത്ത് ഇത്ര മാത്രം ബോറടിപ്പിച്ച മറ്റൊരു ക്ലാസും ഉണ്ടായിട്ടില്ലാ എന്നത് മറ്റൊരു വസ്തുത.


ലിറ്റര്‍ജി എന്ന പദം ലെയിതുര്‍ഗിയ (leiturgiya) എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് വരുന്നത്. ഗ്രീക്കില്‍ ആളുകള്‍ ഒരുമിച്ചുകൂടി ചെയ്യുന്ന ഒരു പ്രവൃത്തിയെ കുറിക്കാനാണ് ലെയിതുര്‍ഗിയ എന്ന പദം ഉപയോഗിച്ചിരുന്നത്. അങ്ങനെയെങ്കില്‍ ആ ഒരു വാക്ക് തന്നെ ക്രിസ്തീയ ആരാധനയെ കുറിക്കാന്‍ പിന്നീട് ഉപയോഗിച്ചു എങ്കില്‍, അര്‍ത്ഥം ഒന്നുമാത്രമേ ഉള്ളു, ക്രിസ്തീയ ആരാധന പൊതുതാത്പര്യാര്‍ത്ഥം ജനങ്ങള്‍ ഒരുമിച്ചുകൂടി ചെയ്തിരുന്ന ഒന്നായിരുന്നു. പലതരത്തിലുള്ള ആളുകള്‍ ദൈവാരാധന എന്ന ഒറ്റലക്ഷ്യം മാത്രം മുന്നില്‍ക്കണ്ട് ഒരുമിച്ചു കൂടി സന്തോഷത്തോടെ ചെയ്തിരുന്ന പ്രവൃത്തി ആയിരുന്നു അത്. എല്ലാവരും ഒരേപോലെ പങ്കെടുത്തിരുന്ന, എല്ലാവര്‍ക്കും ഒരേ പ്രാതിനിധ്യം ലഭിച്ചിരുന്ന ഒരു ആരാധനശൈലി.


കാലഘട്ടത്തിന്‍റെ കുത്തൊഴുക്കില്‍ വ്യവസ്ഥാപിതസംഘടനയായി ക്രിസ്തീയത മാറിയപ്പോള്‍ അതിന്‍റെ എല്ലാ മേഖലകളിലും നിയതമായ ഒരു വ്യവസ്ഥാപിതശൈലി ആവശ്യമായി വന്നു. പിന്നീട് നമ്മള്‍ കാണുക പടിപടിയായി കൂടിക്കൂടി വന്ന ആരാധനനിഷ്ഠകളും അതിന്‍റെ നൂലാമാലകളും ആയിരുന്നു. ആരാധിക്കാന്‍ ഇന്നഭാഷ, ആരാധന നയിക്കാന്‍ ഇന്ന ആള് , അതിന്‍റെ ചടങ്ങുകള്‍ക്ക് ഇന്ന രീതി എന്നു തുടങ്ങി, ധൂപിക്കുന്നതിനു വേണ്ടി എത്രപ്രാവശ്യം കുന്തിരിക്കം ഇടണം എത്ര തവണ ധൂപിക്കണം, വരയ്ക്കുന്ന കുരിശിന്‍റെ നീളം ഇത്ര, വീതി ഇത്ര, കുമ്പിടുമ്പോള്‍ ഇത്രമാത്രം എന്നിങ്ങനെ Ritualism ശക്തമായി ലിറ്റര്‍ജിയെ പിടിച്ചുകെട്ടി. ഫലമോ ആത്മാവില്ലാത്ത ആരാധനയും. Ritualism ത്തിലെ അമിതമായ ശ്രദ്ധ തല്ലിക്കെടുത്തിക്കളഞ്ഞത് ആരാധനയുടെ സന്തോഷമായിരുന്നു.

സഭയുടെ എല്ലാ മേഖലകളിലേക്കും വീണ്ടും ഒരു തുറവി കൊണ്ടുവന്നത് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആണ്. നല്ല പാപ്പ എന്ന് അറിയപ്പെടുന്ന ജോണ്‍ 23-ാമന്‍ കൗണ്‍സില്‍ ആരംഭിക്കുന്നതിനുമുന്‍പ് പ്രതീകാത്മകമായി ജനലുകള്‍ തുറന്നിട്ടത് സഭയിലെ മുരടിപ്പിന്‍റെ കെട്ടിക്കിടക്കുന്ന ശ്വാസം പുറത്തിറക്കാനും ഉണര്‍വിന്‍റെ പുതിയ ശ്വാസം ഉള്ളില്‍ ആവഹിക്കാനുമായിരുന്നു.


രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സഭയില്‍ കൊണ്ടുവന്ന ഉണര്‍വ് ചിന്തിക്കാവുന്നതിനും അപ്പുറം ആയിരുന്നു. കൗണ്‍സിലിന്‍റെ ഫലമായി വീണ്ടും ആ പഴയ സ്വാതന്ത്ര്യത്തോടെയുള്ള ആരാധനയ്ക്കുവേണ്ടി, ആരാധനഭാഷയില്‍ മാറ്റം കൊണ്ടുവരികയും, ഓരോ സ്ഥലത്തെയും ജനത്തിന്‍റെ ശൈലിക്ക് അനുസരിച്ച് അവരുടെ ആരാധനയ്ക്ക് പുതിയ രീതികള്‍ സ്വീകരിക്കാം എന്നതുള്‍പ്പെടെ അനേകം മാറ്റങ്ങള്‍ സഭയില്‍ വരുത്തുകയും ചെയ്തു. ഈ മാറ്റങ്ങള്‍ ഏറ്റവും കൂടുതല്‍ ഉള്‍ക്കൊണ്ടത് ആഫ്രിക്കന്‍ സഭാസമൂഹമാണ് എന്നുവേണം കരുതാന്‍.

കൗണ്‍സിലിനുശേഷം ഇത്രകാലമായിട്ടും കേരളസഭയില്‍ പാരമ്പര്യത്തിന്‍റെ പേരില്‍ പുതുമാറ്റങ്ങളെ വേണ്ടവിധം അംഗീകരിക്കാന്‍ മടിക്കുന്ന ഒരു രീതി വളരെ ശക്തമായി നിലനില്ക്കുന്നു. ഇത് വീണ്ടും ഒരു മുരടിപ്പിലേയ്ക്ക് സഭയെ നയിക്കും എന്നതിന് ഒരു സംശയവും ഇല്ല. കഴിഞ്ഞദിവസം കണ്ടുമുട്ടിയ ഒരു ചെറുപ്പക്കാരനോട് ചോദിച്ചു, "എന്തേ പള്ളിയില്‍ പോകാത്തെ?" ഉത്തരം വളരെ ലളിതമായിരുന്നു. ‘It’s boring.’ പാരമ്പര്യത്തിന്‍റെ പേരില്‍ തുറന്നിട്ട വാതിലുകള്‍ അടയ്ക്കപ്പെടാന്‍ തുടങ്ങുമ്പോള്‍ ഓര്‍ത്തുകൊള്ളുക, നഷ്ടപ്പെടാന്‍ പോകുന്നത് വരുന്ന ഒരു തലമുറയെ ആണ്.

സന്ന്യാസാശ്രമത്തിലെ പൂച്ചയുടെ കഥ കണക്കാണ് ഇവിടെ കാര്യങ്ങള്‍. ശല്യക്കാരനായ പൂച്ചയെ ആരാധനയുടെ സമയത്ത് ഗുരു കെട്ടിയിട്ടു. ഗുരു മരിച്ചതിനുശേഷവും പൂച്ച പഴയ കുടുക്കില്‍ പ്രാര്‍ത്ഥനാസമയത്ത് കുടുങ്ങിത്തന്നെ കിടന്നു. കാലം കഴിഞ്ഞപ്പോള്‍ പൂച്ചയും ഇഹലോകവാസം വെടിഞ്ഞു. പുതിയ ശിഷ്യന്മാര്‍ ഒട്ടും അമാന്തിക്കാതെ പുതിയ പൂച്ചയെ വിലകൊടുത്ത് വാങ്ങി കുരുക്കില്‍ കിടത്തി. പൂച്ചയും ആരാധനയും തമ്മില്‍ അഭേദ്യമായ ബന്ധം ഉണ്ടായി. ആശ്രമത്തിന്‍റെ ശാഖകള്‍ പല ഇടങ്ങളിലും തുറന്നു. പുതിയ ശാഖകളില്‍ പൂച്ചകളും നിര്‍ബന്ധം. പിന്നെ ആരാധനയില്‍ പൂച്ചയുടെ സ്ഥാനത്തെപ്പറ്റി പ്രബന്ധങ്ങളും പഠനങ്ങളും ഉണ്ടായി. പൂച്ചയുടെ ശുദ്ധതക്കും പ്രാര്‍ത്ഥനയുടെ ഫലപ്രാപ്തിക്കും തമ്മില്‍ ബന്ധങ്ങള്‍ കണ്ടെത്തി. അശുദ്ധമാകാതിരിക്കാന്‍ പൂച്ച പൂര്‍ണ്ണമായും കൂട്ടില്‍ അടയ്ക്കപ്പെട്ടു. കഥ ഇന്നും തുടരുകയാണ്.


ദൈവാരാധനയില്‍ സ്വതന്ത്രമായ രീതി കൊണ്ടുവന്നവനാണ് ക്രിസ്തു. വെള്ളം കോരാന്‍ വന്ന കാനാന്‍കാരിയോട് മലമുകളിലെ ആരാധനയുടെ അവസാനത്തെപ്പറ്റിയും ആത്മാവിലും സത്യത്തിലുമുള്ള ആരാധനയുടെ ആരംഭത്തെപ്പറ്റിയും അവിടുന്ന് പറയുന്നുണ്ട്.