top of page
പഠിച്ചിരുന്ന നാളില്‍ ഒരു ഡിബേറ്റില്‍ പങ്കെടുത്തതോര്‍ക്കുന്നു. വിഷയം 'ഗാന്ധിസമോ കമ്മ്യൂണിസമോ ശരി?' എന്നതായിരുന്നു. കമ്മ്യൂണിസം ഹിംസയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഗാന്ധിസം അഹിംസാത്മകമെന്നും വാദിച്ചുകൊണ്ടിരുന്ന ഒരാള്‍ ഒടുക്കം കലിതുള്ളി, എതിരാളികളുടെ നേര്‍ക്ക് അലറുകയായിരുന്നു. അപ്പോള്‍ പ്രശ്നം ഗാന്ധിസമോ കമ്മ്യൂണിസമോ ശരിയെന്നുള്ളതല്ല, എന്‍റെ നിലാപാടാണു ശരിയെന്നുള്ളതാണ്. 'ഞാന്‍ ശരി'എന്നു സ്ഥാപിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം അപരന്‍ തെറ്റാണെന്നു തെളിയിക്കുകയാണല്ലോ. അങ്ങനെ കമ്മ്യൂണിസം= ഹിംസ എന്നു വ്യാഖ്യാനിച്ച് എനിക്ക് ഗാന്ധിയനാകാം. പാക്കിസ്താനികളെല്ലാം ഭീകരന്മാരാണെന്നു പറഞ്ഞു പറഞ്ഞ് ദേശസ്നേഹം തെളിയിക്കാം. ഹൈന്ദവാരാധാന വിഗ്രാഹാരാധനയെന്നു വിളിച്ചുപറഞ്ഞ് എന്‍റെ ക്രൈസ്തവ വിശ്വാസത്തിനു തെളിവുനിരത്താം. പെണ്ണുങ്ങളെ കളിയാക്കി ആണത്തം കാണിക്കാം. കറിവെക്കാനെന്തിനു ബുദ്ധിവേണം എന്നു പരിഹസിച്ച്, കംപ്യൂട്ടറിന്‍റെ കട്ടകളമര്‍ത്തുന്ന സ്വന്തം പണിയുടെ വൈഭവം തെളിയിക്കാം.
പക്ഷേ അപരന്‍റെ പരിഹാസം നിരന്തരം കേള്‍ക്കേണ്ടി വരുന്നവന്‍റെ ചേതോവികാരം എന്താണ്? അതറിയാന്‍ അടുത്തയിടെ ഒരവസരം കിട്ടി. കുറച്ചുനാളായി ബാംഗ്ലൂരാണു താമസം. കൂട്ടത്തില്‍ മൂന്നു ഗോവക്കാരുമുണ്ട്. അവര്‍ക്കു മലയാളികളെക്കുറിച്ചുള്ള ധാരണകളുടെ ചില സാംപിളുകളിതാ: "കേരളത്തിലെ സ്കൂളുകളില്‍ ദേശീയഗാനം പാടാറില്ലല്ലേ? പള്ളിയിലെന്തിനാണ് ആളുകളെ മുണ്ടുടുത്തു വരാന്‍ അനുവദിക്കുന്നത്? എന്തിനാണു നിങ്ങളുടെ ഇടയില്‍ പല റീത്തുകള്‍? നിങ്ങളുടെ ഇംഗ്ലീഷ് സംസാരം മലയാളം കണക്കെയാണ്." നമ്മുടെ ദേശീയ ബോധത്തിനും വസ്ത്രധാരണരീതിക്കും ആരാധനാശൈലികള്‍ക്കും സംസാരരീതിക്കുമൊക്കെ എന്തോ സാരമായ തകരാറുണ്ടെന്ന് അവരോടൊപ്പമിരുന്നാല്‍ തോന്നിപ്പോകും.
നിങ്ങള്‍ക്കെന്തോ കുഴപ്പമുണ്ടെന്ന് നിങ്ങളുടെ ചുറ്റുവട്ടം നിരന്തരം നിങ്ങളെ ഓര്‍മപ്പെടുത്തുന്നതിനെക്കുറിച്ച് ഒന്നു സങ്കല്പിച്ചു നോക്കൂ. അടുത്തനാള്‍വരെ 'വനിത' മാസികയുടെ ഒരു പരസ്യ ബോര്‍ഡ് കോട്ടയത്തുണ്ടായിരുന്നു. പലതരം മലയാളി സ്ത്രീകളെ അതില്‍ ചിത്രീകരിച്ചിരുന്നു: കംപ്യൂട്ടര്‍ പണി ചെയ്യുന്നവള്‍, പാടുന്നവള്‍, പാചകം ചെയ്യുന്നവള്‍, പഠിക്കുന്നവള്‍... അവര്‍ ധരിച്ചിരുന്നത് സാരിയോ, ചുരിദാറോ, ജീന്‍സോ, മിഡിയോ ഒക്കെയായിരുന്നു. അപ്പോള്‍, അവരൊക്കെയാണു മലയാളിപ്പെണ്ണുങ്ങള്‍. പക്ഷേ, പര്‍ദ്ദയിട്ട ഒരുവളുടെ കാര്യമോ? മലയാളിയെ എന്നും പ്രതിനിധീകരിച്ചു വരുന്നത് തിരുവാതിര കളിക്കുന്ന സെറ്റുസാരിക്കാരിയാണ്. മലയാളിത്തനിമയെ അടയാളപ്പെടുത്തുന്ന ഇത്തരം ചിഹ്നങ്ങള്‍ നിരന്തരം കാണുന്ന, പര്‍ദ്ദയിടുന്ന ഒരുവള്‍ക്ക് തന്നെക്കുറിച്ചു തന്നെ എന്താണ് തോന്നുന്നുണ്ടാവുക? ഇതിനോടു ചേര്‍ത്തു വായിക്കേണ്ട ഒരു സംഭവം രാമചന്ദ്രഗുഹ വിവരിക്കുന്നുണ്ട്. 2002 ലെ ഗുജറാത്ത് കലാപം കഴിഞ്ഞ് അധികനാള്‍ ആകുന്നതിനുമുന്‍പ് അദ്ദേഹം മുംബൈ വിമാനത്താവളത്തിലേക്കു പോകുകയായിരുന്നു. ഒരു മുഹമ്മദ് അലി റോഡില്‍കൂടി യാത്ര ചെയ്യവേ, ഇരുവശങ്ങളിലേയും വീടുകളുടെ മുന്‍പില്‍ ഇന്ത്യന്‍ പതാക തൂക്കിയിട്ടിരിക്കുന്നത് അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ശിവാജി പാര്‍ക്കിലെത്തിയപ്പോഴാകട്ടെ അവയൊട്ടു കാണാനുമില്ല. വിമാനത്താവളത്തിലെത്തിയപ്പോഴാണ് കാര്യം പിടികിട്ടിയത്: അപ്പോള്‍ ഇന്ത്യ-പാക് ക്രിക്കറ്റു മത്സരം നടക്കുകയായിരുന്നു. ദേശീയബോധം തിളച്ചുമറിയുന്ന വേളയാണത്. തങ്ങള്‍ ഇന്ത്യക്കാര്‍ തന്നെയെന്നും തങ്ങളും ഇന്ത്യക്കൊപ്പമെന്നും തെളിയിക്കാന്‍ അവിടുത്തെ മുസ്ലീമുകള്‍ കണ്ട വഴിയാണ് പതാക തൂക്കല്‍. ചുറ്റുവട്ടം അവരുടെ ദേശസ്നേഹത്തെ അത്രകണ്ടാണു സംശയിക്കുന്നത്.
പെണ്ണില്‍നിന്നു പിറന്നു വീണവന്‍ പെണ്ണിനെ അപഹസിക്കുന്നു. (ഡല്‍ഹിയില്‍ നിന്നും മറ്റുമുള്ള ചില വാര്‍ത്തകള്‍ വായിച്ചിട്ട് തലകുനിച്ചാണിത് പറയുന്നത്.) മലയാളത്തിനു തമിഴിനോടു കടപ്പെട്ട മലയാളി, തമിഴനെ ചീത്ത വിളിക്കുന്നു. റെയില്‍വേ പ്ലാറ്റ് ഫോമിലെ വൃത്തിയുള്ള തറയില്‍ നിന്നുകൊണ്ട്, സ്യൂട്ടും കോട്ടുമിട്ടവന്‍ അടിച്ചു വൃത്തിയാക്കുന്നവളെ പുച്ഛത്തോടെ നോക്കുന്നു. ഇവയൊക്കെ നന്ദികേടു മാത്രമല്ല, അജ്ഞത കൂടിയാണ്. നിന്‍റെ ജീവിതം ഇവരുടെയൊക്കെ ജീവിതവുമായി ഇത്രകണ്ട് ഇഴചേര്‍ന്നിരിക്കേ 'ഞങ്ങളും' 'അവരും' എന്ന വേര്‍തിരിവു കൊണ്ടുവരുന്നതില്‍ എന്തു സാംഗത്യമാണുള്ളത്? ഒരിക്കലെങ്കിലും ഒരു പാടത്തു ചെന്നു നോക്കുക. അവിടെ പണിയെടുക്കുന്നവരില്‍ ഹിന്ദുവുണ്ട്, മുസ്ലീമുണ്ട്, ക്രിസ്ത്യാനിയുണ്ട്, ആണുണ്ട്, പെണ്ണുണ്ട്, കമ്മ്യൂണിസ്റ്റുണ്ട്, കോണ്‍ഗ്രസുകാരനുണ്ട്. അവരുടെ വിയര്‍പ്പും അവരുടെ അധ്വാനവും കൂടാതെ നിനക്ക് ഒരു ദിവസംപോലും തള്ളി നീക്കാനാവില്ലെങ്കില്‍, അവരുടെ വിശ്വാസത്തെയും നിറത്തെയും ഭാഷയെയും നിനക്കെങ്ങനെയാണ് അപഹസിക്കാനാകുക? വൈയക്തിക ജീവിതത്തിന്‍റെ മാത്രം കാര്യമല്ല അത്. നമ്മുടെ സംസ്കാരങ്ങള്‍ എടുക്കുക. ഉദാഹരണത്തിന് ബൈബിളിലെ ദൈവസങ്കല്പം. യാഹ്വേയെന്നത് ആകാശത്തുനിന്ന് 'ഠപ്പേ' യെന്നു പൊട്ടി വീണ ദൈവമല്ല. 'ഏല്‍' എന്നും 'എലോഹീം' എന്നും 'യാഹ്വേ' യെന്നും പലപേരുകളില്‍ പല ഗോത്രങ്ങളില്‍ ആരാധിക്കപ്പെട്ടവ സമ്മേളിച്ചാണ് 'യാഹ്വേ'യെന്ന ദൈവസങ്കല്പം ഉരുത്തിരിഞ്ഞത്. നൂറ്റാണ്ടുകളായി ജനസമൂഹങ്ങള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളിലൂടെയാണ് ഏതൊരു മതവും സംസ്കാരവും രൂപപ്പെടുന്നത്. വ്യക്തിയായാലും സംസ്കാരമായാലും മതമായാലും ചുറ്റുവട്ടങ്ങളോട് ഒരുപാടു കടപ്പാടുകളുണ്ട്. ഈ തിരിച്ചറിവ് നമ്മിലുണര്‍ത്തുന്നത് എല്ലാറ്റിനോടുമുള്ള ആദരവാണ്, കടപ്പാടാണ്.
ഒരിക്കല്‍ തൊടുപുഴയില്‍ വച്ച്, നിര്‍ത്തിയിട്ടിരുന്ന ഒരു ജീപ്പിനടുത്തുകൂടി നടന്നു പോകാനിടയായി. കുറെ യുവാക്കള്‍ അതിലിരുന്ന് വര്‍ഗീയ വിഷം ചീറ്റുന്ന ഒരു സ്ത്രീയുടെ പ്രസംഗം ടേപ്പ് റെക്കോര്‍ഡറിലൂടെ കേള്‍ക്കുകയാണ്. ആ ശബ്ദം സശ്രദ്ധം കേട്ടിരിക്കുകയാണ് അവര്‍. അത് അവരോടു പറഞ്ഞുകൊണ്ടിരുന്നത് "നമ്മള്‍ മാത്രം ശരിയെന്നും ബാക്കിയെല്ലാവരും പിശാചുക്കളാണെ"ന്നുമാണ്. അവരവിടെ നിന്നു പോകും, തങ്ങളെപ്പോലെ വസ്ത്രം ധരിക്കാത്ത, തങ്ങളെപ്പോലെ പ്രാര്‍ത്ഥിക്കാത്ത, തങ്ങളുടെ ഭക്ഷണരീതി സ്വീകരിക്കാത്തവരോടൊക്കെയുള്ള വെറുപ്പു നിറഞ്ഞ മനസ്സുകളുമായി. ഇതാണു നമ്മെ ഒരേ സമയം അത്ഭുതപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത്. വ്യക്തിപരമോ കുടുംബപരമോ ആയ വഴക്കുകള്‍ നിമിത്തമുണ്ടാകുന്ന പക നമുക്കു മനസ്സിലാക്കാം. പക്ഷേ ഞാനൊരിക്കല്‍പോലും കാണാത്ത, അല്ലെങ്കില്‍ ഞാന്‍ അനുദിനം സഹായം സ്വീകരിക്കുന്ന ഒരാളെ എങ്ങനെയാണു എനിക്കു വെറുക്കാനാകുന്നത്? 'ഞാന്‍ മാത്രം ശരി' വാദങ്ങള്‍ ഒരുവനെ പക്ഷേ അതിലേക്കൊക്കെയാണ് എത്തിക്കുന്നത്. അതുകൊണ്ടാണ് തണുപ്പുള്ള ആ പുലര്‍കാലത്ത് ഗോഡ്സെക്ക് നിലക്കടല കൊറിച്ചുകൊണ്ട് വീട്ടില്‍ നിന്നിറങ്ങാനായതും പിന്നീട് ഗാന്ധിയെ വെടിവെക്കാനായതും. എന്നും പാല്‍ കൊണ്ടുവന്നു തന്നിരുന്ന അയല്‍പക്കത്തെ പെണ്‍കുട്ടിയെ അങ്ങനെയാണു ഗുജറാത്തിലെ ചിലര്‍ക്ക് പിച്ചിച്ചീന്തിക്കൊല്ലാനായത്.
തത്വശാസ്ത്രം പഠിച്ചിരുന്ന കാലത്ത് ഒരു ആര്‍.എസ്. എസ്. കാരനുമായി സംവാദത്തിലേര്‍പെട്ട്, തര്‍ക്കത്തില്‍ അദ്ദേഹത്തെ നിശബ്ദനാക്കിയത് ഓര്‍ക്കുന്നു. അന്ന് സ്വല്പം അഹങ്കാരം തോന്നി. പിറ്റേദിവസം വൈകിട്ട് പക്ഷേ അദ്ദേഹത്തെ ആര്‍.എസ്.എസ്. കാരുടെ ഒരു പന്തം കൊളുത്തി പ്രകടനത്തില്‍ കാണാനിടയായി. വാദിച്ചും തോല്പിച്ചും ഇവിടെ ആര്‍ക്കും ആരെയും മാനസാന്തരപ്പെടുത്താനാവില്ല. അറിയാനും ആദരിക്കാനുമാണ് ശ്രമങ്ങളുണ്ടാവേണ്ടത്. ആനയെക്കണ്ട നാല് അന്ധരുടെ കഥയുടെ പാഠം അവരെല്ലാം തെറ്റാണെന്നല്ല, അവരെല്ലാം ശരിയാണെന്നതാണ്. അതുകൊണ്ടാണ് ആദരവു നിറഞ്ഞ സംവാദങ്ങള്‍ അവര്‍ക്കിടയിലുയരേണ്ടത്. ഗാന്ധിയും മാര്‍ക്സും ആഡംസ്മിത്തും ഇവിടെ സംവാദത്തിലേര്‍പ്പെടട്ടെ. റാനറും വിവേകാനന്ദനും മന്‍സൂര്‍ അല്‍ഹല്ലാജും ഇവിടുത്തെ ആളുകളോടു സംസാരിക്കട്ടെ. നമ്മുടെ ബസ്സ് സ്റ്റാന്‍റുകളില്‍ ചട്ടയും മുണ്ടുമിട്ടവരും പര്‍ദയിട്ടവരും ജീന്‍സിട്ടവരും മുണ്ടുടുത്തവരും ഇഴമുറിയാതെ നീങ്ങട്ടെ. ഏകവര്‍ണംകൊണ്ട് മഴവില്ലുണ്ടാകില്ലല്ലോ. ഇവിടെ വേണ്ടത് വര്‍ണഭേദങ്ങളുടെ ആഘോഷമാണ്.