top of page
പറൂദീസായില്‍നിന്ന് പുറത്താക്കപ്പെടുന്ന ആദാമിനെ ഒന്നു സങ്കല്പിച്ചു നോക്കൂ. അയാള്‍ ആ പൂന്തോട്ടത്തിന്‍റെ അതിരില്‍ നില്‍ക്കുകയാണ്. ദൈവത്തിന്‍റെ കൈപിടിച്ച് സായാഹ്നസവാരി നടത്തിയ ഒരു ഭൂതകാലമുണ്ട് അയാള്‍ക്ക്. തന്‍റെ രൂപവും ഭാവവും ദൈവത്തിന്‍റേതുപോലെതന്നെയാണെന്ന ബോധ്യവുമുണ്ട് അയാള്‍ക്ക്. ജന്തുജാലങ്ങള്‍ക്ക് അയാള്‍ കൊടുത്ത പേരുകള്‍ ദൈവം അതേപടി അംഗീകരിക്കുകയായിരുന്നു. അങ്ങനെയാണ് ദൈവത്തെപ്പോലെയാകണമെന്ന മോഹം അയാളിലുണര്‍ന്നത്. പക്ഷേ ഇപ്പോള്‍ ആ അതിരില്‍നിന്ന് ഭാവിയിലേക്കു നോക്കുമ്പോള്‍ എന്താണയാള്‍ കാണുന്നത്? വിയര്‍പ്പൊഴുക്കിത്തീര്‍ക്കേണ്ട ഒരായുസ്സ്, കല്ലും മുള്ളും നിറഞ്ഞ ഒരു ഭൂമി, ഒടുക്കം ധൂളിയായിത്തീരേണ്ട ജീവിതവും അതിന്‍റെ വിജയങ്ങളും മോഹങ്ങളും. കാലിന്മേല്‍ ഭാരം കെട്ടിത്തൂക്കിയ ഒരു പറവയുടേതു കണക്കെ പരിതാപകരമാണ് ആദാമിന്‍റെ അവസ്ഥ. ചിറകില്ലായിരുന്നെങ്കില്‍ നിലത്തിഴയാമായിരുന്നു. ഭാരമില്ലെങ്കില്‍ പറന്നുയരാമായിരുന്നു. പക്ഷേ ഇന്നിപ്പോള്‍ രണ്ടിനുമാകാതെ അയാള്‍ വലയുകയാണ്. ഒരേസമയം അയാള്‍ ദൈവവും ധൂളിയുമാണ്. അപാരതയും നിസ്സാരതയും, ആകാശവും ഭൂമിയും, ബലവും ബലഹീനതയും, നശ്വരതയും അനശ്വരതയും അയാളില്‍ സമ്മേളിക്കുന്നു. ചന്ദ്രനില്‍ കാലുകുത്താനും ആരുടെയോ ചവിട്ടടിയില്‍പ്പെട്ടുപോകാനും വിധിക്കപ്പെട്ടവനാണയാള്‍.
മനുഷ്യന്‍ സൃഷ്ടിയുടെ മകുടമാണെന്ന കാര്യത്തില്‍ നാസ്തികര്‍ക്കും ആസ്തികര്‍ക്കും സംശയമൊട്ടുമേയില്ല. മനുഷ്യനെന്ന പദംപോലും സുന്ദരമാണെന്ന് സാഹിത്യകാരന്‍. മാലാഖമാരെക്കാള്‍ ഒരുപടി താഴെയാണു മനുഷ്യനെന്നു സങ്കീര്‍ത്തകന്‍. നില്ക്കാനൊരിടവും കൈയില്‍ ഒരുത്തോലകവും ഉണ്ടെങ്കില്‍ ഭൂമിയെപ്പോലും എടുത്തുയര്‍ത്താന്‍ കഴിവുള്ളവനാണ് അവനെന്ന് ശാസ്ത്രജ്ഞന്‍. മനുഷ്യസംസ്കാരത്തിന്‍റെ പരിണാമത്തിലൂടെ ഭൂമി മുഴുവന്‍ ദൈവികമാകുമെന്നു തത്ത്വചിന്തകന്‍. ആകാശത്തു പറന്നും കടലില്‍ മുങ്ങാംകുഴിയിട്ടും കൊടിമുടിയില്‍ കൊടിപാറിച്ചും മനുഷ്യന്‍ തന്‍റെ അപാരതയെക്കുറിച്ച് സ്വയം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ആനയെക്കണ്ടു ഭയന്ന നായയുടെ കുര കണക്കെ, സ്വന്തം നിസ്സാരത കണ്ടു ഭയന്ന മനുഷ്യന്‍റെ വിടുവായത്തങ്ങളാണ് ഇപ്പറഞ്ഞവയെല്ലാം എന്ന് ഒട്ടൊരു ക്രൂരതയോടെ പറഞ്ഞവരും നമുക്കിടയിലുണ്ട്. എല്ലാം ശൂന്യതയിലൊടുങ്ങുന്നുവെന്നും മനുഷ്യന്‍റെയും തലമുറകളുടെയും അധ്വാനമെല്ലാം നിഷ്പ്രയോജനമാണെന്നും സഭാപ്രസംഗകന്‍. ഏതൊരുവനും ഒടുക്കം അവശേഷിപ്പിക്കുന്നത് സ്വന്തം ശവകൂടീരത്തില്‍ കുറച്ചു പുല്ലുകള്‍ മാത്രമായിരിക്കുമെന്നു ദൊസ്തേയെവ്സ്കി. മൃഗത്തെപ്പോലെതന്നെ മനുഷ്യനും രക്തത്തിലും മൂത്രത്തിലും കുളിച്ചാണ് പിറന്നുവീഴുന്നതെന്നു ഫ്രോയ്ഡ്. അവനൊരു useless passion - ആണെന്നു സാര്‍ത്ര്. വിരുന്നാസ്വദിക്കുന്നവനെനോക്കി "അതാ തലയോട്ടി ചിരിക്കുന്നു"വെന്ന് വില്യം ജെയിംസ്. സിംഹാസനം എത്ര ഉയര്‍ന്നതുമാകട്ടെ, പക്ഷേ അതില്‍ മനുഷ്യനിരിക്കുന്നത് സ്വന്തം ആസനംകൊണ്ടുതന്നെയാണെന്നു മിഷേല്‍ മൊന്ദെയ്നെ. മതാത്മകമായ ചില വാചാടോപങ്ങള്‍ക്കോ, ശാസ്ത്രത്തിന്‍റെ കണ്ടുപിടിത്തങ്ങള്‍ക്കോ, സുന്ദരകവിതകള്‍ക്കോ മനുഷ്യന്‍റെയുള്ളിലൊരു പുഴുവിരിപ്പുണ്ടെന്ന സത്യത്തെ മൂടിവയ്ക്കാനാകില്ലെന്നാണ് അവരൊക്കെ പറയുന്നത്.
കോഴിക്കടയിലെ കോഴിക്കൂട്ടത്തില്‍നിന്നും ദീനരോദനത്തോടെ ഒരു കോഴി എടുത്തുമാറ്റപ്പെടുമ്പോഴും മറ്റുള്ളവ അരി കൊത്തിത്തിന്നുന്നതില്‍ മുഴുകിയിരിക്കുന്നതുകണ്ട് കൗതുകം തോന്നിയിട്ടുണ്ട്. മനുഷ്യന്‍ ഇവറ്റകളില്‍നിന്നു സാരമായ രീതിയില്‍ വ്യത്യസ്തനാണോയെന്നു പിന്നീട് അത്ഭുതപ്പെട്ടിട്ടുമുണ്ട്. തലയ്ക്കുമുകളില്‍ പറക്കുന്ന 'ചെന്തീമാലാഖ'യുടെ നിഴല്‍ മറക്കാന്‍ അവന്‍ റോക്കറ്റു വിക്ഷേപിക്കുന്നു, മുദ്രാവാക്യങ്ങള്‍ വിളിക്കുന്നു, യുദ്ധങ്ങള്‍ ചെയ്യുന്നു, കവിതകള്‍ രചിക്കുന്നു. തലേദിവസം വൈകിട്ട് ഒരുമിച്ചിരുന്നു ചീട്ടുകളിച്ചയാള്‍ ഇന്നില്ല എന്നുവരുമ്പോള്‍, നമ്മളതിനു കാരണങ്ങള്‍ കണ്ടെത്തി, ഹാര്‍ട്ടറ്റാക്കെന്നോ, ഭാഗ്യക്കേടെന്നോ ചില പേരുകള്‍ കൊടുക്കുന്നു. എന്നിട്ട് ഹാര്‍ട്ടറ്റാക്കുണ്ടാകാതിരിക്കാന്‍ അന്നുമുതല്‍ രാവിലെ ഓടിത്തുടങ്ങുന്നു. ഭാഗ്യക്കേടുകളുണ്ടാകാതിരിക്കാന്‍ നേര്‍ച്ചകളര്‍പ്പിച്ചു തുടങ്ങുന്നു. എന്നാലും തലയില്‍ വെള്ളിവരകളും കണ്‍കോണുകളില്‍ 'കാക്കക്കാലു'കളും കണ്ടുതുടങ്ങും. അപ്പോള്‍ ചായംതേച്ച് അതു മായിച്ചിട്ട്, കണ്ണാടിയില്‍നോക്കി സ്വയം ചിരിച്ചു 'കുഴപ്പമില്ല' എന്നു ബോധ്യപ്പെടുത്തും. പ്രോഗ്രസ് റിപ്പോര്‍ട്ടിലെ ചുവന്ന വര ചുരണ്ടിക്കളഞ്ഞിട്ട് താന്‍ ജയിച്ചു എന്നു ഭാവിക്കുന്ന കുട്ടികളില്‍നിന്ന് ഒട്ടുംതന്നെ വളര്‍ന്നിട്ടില്ലല്ലോ മുതിര്‍ന്നവരായ നമ്മളും.
മനുഷ്യന്‍റെ സിദ്ധികള്‍ എത്രകണ്ടു നമ്മെ അത്ഭുതപ്പെടുത്തുന്നുവോ, അത്രകണ്ട് അവന്‍റെ നിസ്സാരതയും നമ്മെ അത്ഭുതപ്പെടുത്തേണ്ടതാണെന്നു തോന്നുന്നു. നീ ഈ ഭൂമിയില്‍ ഇല്ലായിരുന്നുവെങ്കിലും ഇവിടൊന്നും സംഭവിക്കില്ലായിരുന്നല്ലോ. എന്നിട്ടും നിനക്കിവിടെ ഇടം കിട്ടിയല്ലോ. ഇവിടുത്തെ സൗന്ദര്യവും നന്മകളും സംഘര്‍ഷങ്ങളും അറിയാനും അവയില്‍ പങ്കാളിയാകാനും നിനക്കായി. രാജാവിന്‍റെ വിരുന്നിനു ക്ഷണിക്കപ്പെട്ട യാചകന്‍ കണക്കെയാണു നീ. ഒട്ടും നിര്‍ബന്ധമുള്ള കാര്യമല്ലായിരുന്നു അയാളെ ക്ഷണിക്കണമെന്നത്. എന്നിട്ടും അയാളതാ ഊട്ടുമേശയുടെ മുമ്പിലിരിക്കുന്നു. ഇനി അയാള്‍ക്കു ചെയ്യാവുന്ന ഏറ്റവും യുക്തിഭദ്രമായ പ്രവൃത്തി ആ വിരുന്നാസ്വദിക്കുകയെന്നതും കൂട്ടത്തിലുള്ളവരോട് ആദരവോടെ ഇടപെടുകയെന്നതുമാണെന്നു തോന്നുന്നു. മത്സരങ്ങള്‍ക്കും പകയ്ക്കുമൊക്കെ എന്തര്‍ത്ഥമാണ് അവിടെയുള്ളത്?
~ഒരു നിമിഷം കൂടുതല്‍ ജീവിച്ചുവെന്നതിനര്‍ത്ഥം മരിക്കാനിനി ഒരു നിമിഷംകൂടി കുറഞ്ഞു എന്നുകൂടിയല്ലേ? അപ്പോള്‍പ്പിന്നെ നമുക്കാകെ തിരഞ്ഞെടുക്കാവുന്നത് എങ്ങനെ മരിക്കാമെന്ന കാര്യം മാത്രമാണ്. അവസാനംവരെ മരണത്തെ അവഗണിച്ചും ഒടുക്കം വല്ലാതെ പ്രതിഷേധിച്ചും മരിക്കാം. അല്ലെങ്കില്‍ ഒട്ടൊരു ശാന്തതയോടെ, ഒരു പൂവിന്‍റെ കൊഴിച്ചില്‍പോലെ സൗമ്യമായി നമുക്കു പിന്‍വാങ്ങാം. അത്തരമൊരു പിന്‍വാങ്ങലിന് ഒരുവന്‍ എങ്ങനെയാണ് പ്രാപ്തനാകുന്നത്? ടോള്‍സ്റ്റോയിയുടെ ഇവാന്‍ ഇല്ലിച്ച് മരിക്കാന്‍ തുടങ്ങുകയാണ്. മരണക്കിടക്കയില്‍ കിടന്നുനോക്കുമ്പോള്‍ തന്‍റെ ജീവിതത്തില്‍ അടിക്കടിയുണ്ടായ വിജയങ്ങളൊക്കെ എത്ര നിരര്‍ത്ഥകമായിരുന്നു എന്നൊരു തോന്നല്‍ അയാളെ പിടികൂടുന്നു. അങ്ങനെ വിളറുമ്പോഴാണ് മകന്‍ വാസിയായുടെ കരം അയാളെ തൊടുന്നത്. അതോടെ അയാള്‍ ശാന്തനാകുകയാണ്. നിങ്ങളുടെ കൂട്ടുകാരിയുടെ മാറോടുചേര്‍ന്നിരുന്നോ, ദൈവത്തിന്‍റെ കരംപിടിച്ചോ നിങ്ങള്‍ മിഴിപൂട്ടുന്നത് ഒന്നു സങ്കല്പിച്ചു നോക്കൂ. നിങ്ങള്‍ അതോടെ അറിയുന്നു, മരണത്തിന് വ്യക്തികളെ ഇല്ലാതാക്കാനേ ആകൂ, ബന്ധങ്ങളെ അതിന് തൊടാനാവില്ല എന്ന്. ഇങ്ങനെയൊക്കെ തോന്നിയതുകൊണ്ടുകൂടിയാവാം അസ്സീസിയിലെ ഫ്രാന്‍സിസിന് പാട്ടുപാടി വിടവാങ്ങാന്‍ പറ്റിയത്. അയാള്‍ ഭൂമിയെയും ദൈവത്തെയും മാറോടണച്ചു പിടിച്ചാണ് മരിച്ചത്. അണമുറിയാത്ത ബന്ധമാകണം മരണത്തിലും അയാളെ ചിരിപ്പിച്ചത്.
മരണത്തെക്കുറിച്ചുള്ള ചിന്ത അങ്ങനെ നമ്മെ എത്തിക്കുന്നത് എങ്ങനെ ജീവിക്കണമെന്നതിലേക്കാണ്. Tuesdays with Morrie എന്ന സിനിമ, മരണം പതുക്കെ പടര്‍ന്നുകയറിക്കൊണ്ടിരിക്കുന്ന ഒരു സോഷ്യോളജി പ്രൊഫസര്‍ ജീവിതത്തെ എങ്ങനെ കാണുന്നു എന്ന കഥ പറയുന്നു. അയാള്‍ക്ക് മനുഷ്യന്‍റെ തിരക്കിന്‍റെയും പകയുടെയും പൊള്ളത്തരം കാണാനാവുന്നുണ്ട്. Love is the only rational act എന്നാണയാള്‍ പറയുന്നത്. താന്‍ പ്രപഞ്ചത്തിന്‍റെ കേന്ദ്രമല്ലെന്നും വിരുന്നിനു ക്ഷണിക്കപ്പെട്ട യാചകന്‍ മാത്രമാണ് താനെന്നും കുറച്ചുകഴിയുമ്പോള്‍ തനിക്കു മടങ്ങേണ്ടതുണ്ടെന്നും ബോധ്യപ്പെടുന്നവന് സ്നേഹിക്കലൊഴികെ ബാക്കിയെല്ലാം ശുദ്ധഭോഷ്കാണ്. അതു നമ്മള്‍ തിരിച്ചറിയണമെങ്കില്‍ ഇടയ്ക്കിടയ്ക്ക് മരണത്തിന്‍റെ മുഖത്തേക്കൊന്നു നോക്കാന്‍ പഠിക്കണം.