top of page

ജീവിതത്തിന്‍റെ ഓരോ കാലഘട്ടങ്ങള്‍

Aug 1, 2012

2 min read

ബവ
A happy soul.

ചിലനേരങ്ങളില്‍ ഞാന്‍ ചിന്തിക്കാറുണ്ട് മനുഷ്യജീവിതം ആവര്‍ത്തിച്ച് അര്‍ത്ഥം നഷ്ടപ്പെട്ട കുറെ വാക്കുകളുടെ കൂട്ടമാണെന്ന്. നമ്മുടെ വാക്കുകള്‍ക്ക് മാത്രമല്ല ചിലപ്പോള്‍ ജീവിതത്തിനുതന്നെ ആവര്‍ത്തനങ്ങള്‍കൊണ്ട് അര്‍ത്ഥം നഷ്ടമാകുന്നു. ഈ ആവര്‍ത്തന വിരസതകളെ മറികടക്കുന്നതാണ് ജീവിതത്തിന്‍റെ ആനന്ദം. അല്ലാത്തപക്ഷം നമ്മുടെ ജീവിതങ്ങള്‍ യുക്തിരഹിതവും ലൗകികവും അപ്രധാനവുമായി മാറുകതന്നെ ചെയ്യും. എന്നാല്‍, അനേകവട്ടം ആവര്‍ത്തിക്കപ്പെട്ട അര്‍ത്ഥരഹിതമെന്ന് തോന്നാവുന്ന ചില വാക്കുകളും പ്രയോഗങ്ങളും ചില പ്രത്യേക നേരങ്ങളില്‍ ചില പ്രത്യേക മനുഷ്യര്‍ ഉരുവിടുമ്പോള്‍ അവയ്ക്ക് ജീവിതത്തിന്‍റെ ആഴമുള്ള തലങ്ങളെ വെളിപ്പെടുത്താനാവുന്നു.


ഇന്നലെ രാത്രി ബിനു എന്നെ വിളിച്ചിരുന്നു. ബിനു ഇപ്പോള്‍ നാല്പതുകളിലായിരിക്കണം. ഒരു കാലത്ത് അദ്ദേഹം ബാങ്കില്‍ എന്‍റെ സഹപ്രവര്‍ത്തകനായിരുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന കാലത്ത് അദ്ദേഹം ഞങ്ങളുടെ വീട്ടില്‍ താമസിച്ചിട്ടുമുണ്ട്. മലയാളിയാണെങ്കിലും ബിനു അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ ഏറിയ കാലവും വടക്കേ ഇന്ത്യയിലാണ് ജീവിച്ചിട്ടുള്ളത്. ഹൃദയാലുവായ ഒരാള്‍, അതായിരുന്നു ബിനു. ഞങ്ങള്‍ വലിയ സുഹൃത്തുക്കളായിരുന്നെങ്കിലും നിരന്തരമായ സ്ഥലംമാറ്റത്തില്‍ ഞങ്ങളുടെ സൗഹൃദത്തിന് ഏറെ അടുപ്പമുള്ളതാക്കാന്‍ കഴിയാതെ പോയിട്ടുമുണ്ട്. എന്നിരുന്നാലും വല്ലപ്പോഴും വിളിച്ച് ഒരു 'ഹലോ' പറയുന്നതിലൂടെ ഞങ്ങള്‍ സൗഹൃദത്തിന്‍റെ ഊഷ്മളതയും വാത്സല്യവും കാത്തുപോന്നു.


ബിനു ഇപ്പോള്‍ പാട്യ്യാലയിലാണ്. ഞങ്ങള്‍ വീട്ടുവിശേഷങ്ങളെക്കുറിച്ചും ജോലിയെക്കുറിച്ചും പരസ്പരം തിരക്കി, ഞങ്ങളുടെ യാത്രകളെക്കുറിച്ച് ഓര്‍മ്മ പുതുക്കി (ബിനു ഒരിക്കല്‍ സ്കൂട്ടറില്‍ ലഡാക്ക് യാത്ര നടത്തിയിട്ടുണ്ട്). ഞാനിപ്പോള്‍ ആലപ്പുഴയിലാണ് ജോലി ചെയ്യുന്നതെന്നും, തിരുവനന്തപുരത്ത് നിന്ന് അകന്ന് പാര്‍വ്വതി (എന്‍റെ ഭാര്യ) യെ ഒറ്റക്കാക്കിയുള്ള ആലപ്പുഴ വാസം വല്ലാതെ മടുപ്പിക്കുന്നുവെന്നും ഞാന്‍ പറഞ്ഞപ്പോള്‍ എന്‍റെ സങ്കടവും വേദനയും ശരിക്കും മനസ്സിലാക്കിയിട്ടെന്നോണം അവന്‍ പെട്ടെന്ന് പറഞ്ഞു: "വേണ്ട വേണ്ട... വിഷമിക്കാതെ; അതൊക്കെ കടന്നു പോകും, അതെല്ലാം ജീവിതത്തിന്‍റെ ഓരോ കാലഘട്ടങ്ങളല്ലെ, അതൊക്കെ നിശ്ചയമായും കടന്നുപോകും."


മലകയറുന്ന നാളുകളിലെ മറക്കാനാവാത്ത ഓര്‍മ്മകളിലൊന്ന് ജലത്തെക്കുറിച്ചാണ്. മടുപ്പിക്കുന്ന സുദീര്‍ഘമായ ഒരു മലനടത്തത്തിന് ശേഷം കിതച്ചുകൊണ്ട്, വിറയ്ക്കുന്ന മുട്ടുകളോടെ, പൊട്ടിയ കാല്പാദങ്ങളോടെ ഒരാള്‍ ഊന്നുവടിയിലേയ്ക്ക് ചായുന്നു. പെട്ടെന്ന് കണ്‍മുന്‍പില്‍ കൊച്ചുകുറ്റിക്കാട്ടില്‍ മുകളില്‍ നിന്ന് താഴേയ്ക്ക് വീണുകൊണ്ടിരിക്കുന്ന ഒരു കാട്ടരുവിയുടെ ജലപാതം. ഉടനെ നിങ്ങള്‍ നീരൊഴുക്കില്‍ മുഖം ചേര്‍ക്കുന്നു, തണുത്ത ജലം തലയിലൂടെ ഒഴുകിയിറങ്ങി കാഴ്ചകളെ മറച്ചുകൊണ്ട് മേല്‍ക്കുപ്പായത്തിനുള്ളിലേയ്ക്ക് അരിച്ചിറങ്ങുന്നു. തൊപ്പിയില്‍ ജലം നിറച്ച് തലയില്‍ കമഴ്ത്തുന്നു. പരമാനന്ദം!


ബിനു തിരുവനന്തപുരത്തായിരുന്ന കാലത്ത് വല്ലപ്പോഴും അദ്ദേഹത്തിന്‍റെ സ്വദേശമായ തിരുവല്ലയില്‍നിന്ന് ഭാര്യയേയും മകനെയും ഞങ്ങളുടെ അടുത്ത് കൊണ്ടുവരുമായിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യ ഒരു മാരകമായ ക്യാന്‍സര്‍ രോഗി ആയിരുന്നതുകൊണ്ട് ആര്‍.സി.സി. യില്‍ റേഡിയേഷന്‍ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു അവര്‍ മിക്കപ്പോഴും വന്നിരുന്നത്. ഞാനവരെ ഓര്‍ക്കുന്നു - തലയുടെ മുകളിലൂടെ ഇട്ടിരുന്ന സാരിത്തുമ്പിന് പലപ്പോഴും തലമുടി കൊഴിഞ്ഞുപോയ തലയെ പൂര്‍ണ്ണമായും മറയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ വളരെ ശോഷിച്ച് ദുര്‍ബലയായിരുന്നു. എന്നിരുന്നാലും ബിനു അവരെ ചേര്‍ത്ത് പിടിക്കുമ്പോഴുള്ള അവരുടെ പുഞ്ചിരിക്കുന്ന മുഖം ഇപ്പോഴും ഞാനോര്‍മ്മിക്കുന്നു; ഒപ്പം ബിനുവിന്‍റെ കണ്ണുകളില്‍ തിളങ്ങിയിരുന്ന സ്നേഹവും. ബിനുവിന്‍റെ ഭാര്യ ഏറെ താമസിയാതെ മരിച്ചു. അന്ന് ബിനു മുപ്പതുകളുടെ തുടക്കത്തിലായിരുന്നിരിക്കണം; പക്ഷെ അദ്ദേഹം പുനര്‍വിവാഹം ചെയ്തില്ല. ഇന്ന് ബിനുവിന്‍റെ മകന്‍ +2 പഠനം പൂര്‍ത്തിയാക്കി ആര്‍ക്കിടെക്ചര്‍ പഠിക്കുകയാണ്.


ജീവിതത്തിന്‍റെ ഒരു കാലഘട്ടം! ഓര്‍മ്മയില്‍ മുഴുകി ഒരു നിമിഷം ഞാന്‍ ഫോണിന്‍റെ മറുതലയില്‍ നിശബ്ദനായി. ഒരു കാലഘട്ടം ബിനു ജീവിച്ചു തീര്‍ത്ത ഏകാന്തത, വേദനകള്‍! ഏറെ സഹനങ്ങളെ അതിജീവിച്ച് നാളേയ്ക്ക് വേണ്ടി ജീവിക്കുന്ന എല്ലാവരേയും ഒരു നിമിഷം ഞാന്‍ ഓര്‍മ്മിക്കുന്നു. ഞാന്‍ കണ്ണുകളടച്ച് എന്നിലേയ്ക്ക് ഒഴുകിയിറങ്ങുന്ന വാക്കുകളുടെ കുളിര്‍മയറിഞ്ഞു. ഞാന്‍ ശാന്തനായി. യാത്ര ഇനിയും അവസാനിച്ചിട്ടില്ല.

Featured Posts

bottom of page