top of page

സ്വപ്നച്ചിറക്

Jan 3, 2023

1 min read

ആഗ്നസ് സെബാസ്റ്റ്യന്‍
butterfly sucking nectar

ഒരു വര്‍ഷം അവസാനിക്കാറായി പുതുവര്‍ഷത്തിലേക്ക് വെറും ദിവസങ്ങള്‍ മാത്രമേയുള്ളൂ എന്ന ചിന്ത വരുമ്പോള്‍ത്തന്നെ കുറെ സ്വപ്നങ്ങളുടെയും തീരുമാനങ്ങളുടെയും ഭണ്ഡാരം എവിടെനിന്നാണ് ചാടിവരുന്നതെന്ന് അറിയില്ല. എടുക്കുന്ന തീരുമാനത്തില്‍ പകുതിപോലും ചെയ്യാന്‍ പോകുന്നില്ല എന്ന് മനസ്സിനു നന്നായി അറിയാം. എന്നാലും ഒരു തീരുമാനം പോലും വെറുതെ വിടില്ല, അടുത്ത വര്‍ഷത്തേക്കു മാറ്റിവയ്ക്കും. പക്ഷേ ചിലരുണ്ട് അവര്‍ക്ക് സ്വപ്നം കാണാന്‍പോലും ഒന്നുമില്ല എന്ന് സമൂഹം വിധിയെഴുതുന്നവര്‍, എന്നാല്‍ അവരാണ് യഥാര്‍ത്ഥ സ്വപ്നം കാണുന്നവര്‍. ഒരിക്കല്‍ ഒരു അച്ചന്‍ ഒരു പത്താംക്ലാസുകാരിയോടു ഒരു ചോദ്യം ചോദിച്ചു. അച്ചന്‍ എല്ലാവരും പറയുന്നതുപോലെ ഒരു ഉത്തരം ആണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അച്ചനു കിട്ടിയ ഉത്തരം ചെറിയൊരു വിസ്മയം ആയിരുന്നു. അച്ചന്‍റെ ചോദ്യം ഇതായിരുന്നു: "എന്താണ് നിന്‍റെ സ്വപ്നം ? പുതിയ വര്‍ഷത്തില്‍ നിനക്ക് എന്തു ചെയ്യാനാണ് ആഗ്രഹം?" നീട്ടിവലിച്ച ഉത്തരമൊന്നുമല്ല അവള്‍ കൊടുത്തത്. പക്ഷേ അവള്‍ അതു പറഞ്ഞപ്പോള്‍ അവളുടെ കണ്ണില്‍ കണ്ട ഒരു വെളിച്ചം, അതാണ് അച്ചനെ അത്ഭുതപ്പെടുത്തിയത്. അവളുടെ ഉത്തരം ഇതായിരുന്നു. "എനിക്ക് പറക്കണം. അതാണ് എന്‍റെ ആഗ്രഹവും സ്വപ്നവും." ആ പത്താം ക്ലാസുകാരി പറഞ്ഞത് അവളുടെ മനസ്സിലെ വെറും ഒരു ആഗ്രഹം മാത്രമല്ല വേറെ എന്തൊക്കെയോ ആണ്. ആ ആഗ്രഹം ഒന്ന് ആഴമായി നോക്കിയാല്‍ അതില്‍ ഒരുപാട് കുഞ്ഞ് കഷ്ണങ്ങള്‍ കാണാന്‍ കഴിയും. എണ്ണിയാല്‍ തീരാത്തയത്രയും. അത് ഒരിക്കല്‍ രണ്ടു ചിറകുകളായി മാറും. അതിനുവേണ്ടിയാണ് ആ പത്താംക്ലാസുകാരി കാത്തിരിക്കുന്നത്. ഇതുപോലെ സ്വപ്നം കാണുന്ന ഒരുപാടു പേരുണ്ട്. അവര്‍ക്കൊക്കെയും ചിറകുകള്‍ കണ്ടെത്താന്‍ കഴിയട്ടെ. പറക്കാന്‍ കഴിയട്ടെ.

(പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് ആഗ്നസ്)      


Jan 3, 2023

0

0

Cover images.jpg

Recent Posts

bottom of page