top of page

പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്തുകാര്യം

Nov 1, 2010

2 min read

സിവിക് ചന്ദ്രന്‍
A drawing of a building and flags

(കാണികള്‍ക്കു നടുവില്‍, അല്‍പ്പം ഉയര്‍ന്ന പീഠത്തിലിരുന്ന് തട്ടിയും മുട്ടിയും ഊതിയും ഒരു തട്ടാന്‍. തട്ടാനെന്തു ചെയ്യുന്നുവെന്ന് പേടിച്ചിട്ടെന്നപോലെ പാളിനോക്കുന്നൊരു പൂച്ച. ഓരോ തവണയും പൂച്ചയെ ഓടിക്കുന്ന തട്ടാന്‍.)

ഈ അരങ്ങിലേക്ക് കഴുത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളുമായി കുറച്ചുപേര്‍ 'stylized' ചലനങ്ങളുമായി ആള്‍ക്കൂട്ടത്തിനിടയിലൂടെ പല ഭാഗത്തു നിന്നായി:

വരവായ്, ഞങ്ങള്‍ വരവായ്

വരാതെ എന്തു ചെയ്യാന്‍

അതിനാല്‍ വരവായ്, ഞങ്ങള്‍ വരവായ്....

ജനാധിപത്യത്തിലെ

ഏറ്റവും വലിയ ന്യൂയിസന്‍സ്

ഈ ജനങ്ങളാണ്!

അയ്യഞ്ചു കൊല്ലം കൂടുമ്പോള്‍

എല്ലാ എമ്പോക്കികളേയും കഴുവേറികളേയും

വിറകു കെട്ടികളേയും വെള്ളം കോരികളേയും

അണ്ടനേയും അടകോടനേയും

കാലുതൊട്ടു തൊഴണമല്ലോ

വിലയേറിയ വോട്ടിനുവേണ്ടി കൈ കൂപ്പി

യാചിക്കണമല്ലോ. ജനാധിപത്യത്തിലെ

മഹാ ന്യൂയിസന്‍സ് ഈ ജനങ്ങളാണ്,

ജനംസ്, ഈ ജനപ്പരിഷകള്‍!

തട്ടാന്‍-പൂച്ച സീന്‍ വീണ്ടും

കോറസ്: (കൗതുകത്തോടെ ശ്രദ്ധിച്ചതിനുശേഷം)

പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?

ഹഹഹ! ഹഹഹ!

പൂച്ചയെ ഉരുക്കുന്നിടത്ത് പൊന്നിനെന്ത് കാര്യം?

ഹഹഹ! ഹഹഹ!

*****************

(ഇപ്പോള്‍ അതേ ഉയര്‍ന്ന പീഠത്തില്‍ ഇണ്ടനമ്മാവന്‍. അമ്മാവന്‍ തന്‍റെ ഇടങ്കാലിലെ ചെളി വലംകാലിലേക്കും വലങ്കാലിലെ ചെളി ഇടങ്കാലിലേക്കും മാറിമാറി തേയ്ക്കുകയാണ്. ഒരുതരം ചവിട്ടുനാടകം കളി. ആള്‍ക്കൂട്ടത്തില്‍നിന്ന് ഓരോരുത്തരായി വന്ന് കൗതുകത്തോടെ നോക്കിനില്‍ക്കുന്നു. പഴയ അതേ കോറസ്. കഴുത്തിലണിഞ്ഞിരുന്ന ചിഹ്നങ്ങള്‍ ഇപ്പോള്‍ ഇല്ല. പകരം പല നിറത്തിലുള്ള തലേക്കെട്ടുകള്‍. നെറ്റിയില്‍ പല നിറത്തിലുള്ള റിബ്ബണുകളായാലും മതി.)

കോറസ്:

ഇണ്ടനമ്മാവന്‍ തന്‍റെ ഇടങ്കാലിലെ ചെളി

വലംകാലിലേക്കും

വലങ്കാലിലെ ചെളി ഇടങ്കാലിലേക്കും

പിന്നെ ഇടങ്കാലിലെ ചെളി

വലംകാലിലേക്കും പിന്നെ വലങ്കാലിലെ ചെളി

ഇടങ്കാലിലേക്കും പിന്നെ ഇടങ്കാലിലെ ചെളി

വലംകാലിലേക്കും, പിന്നെ......................................

(പാട്ടിനനുസരിച്ച് ഇണ്ടനമ്മാവന്‍ തനി കാരിക്കേച്ചര്‍ കഥാപാത്രമാകുന്നു.)

കോറസ് തിരിഞ്ഞ് കാണികളോട്:

ഇതല്ലേ നാം ചെയ്തുകൊണ്ടിരിക്കുന്നത്, നാട്ടാരേ, വോട്ടര്‍മാരേ? ഈ കവിതയിലെ ഇണ്ടനമ്മാവനല്ലേ നാം? ഇടങ്കാലിലെ ചെളി വലംകാലിലേക്കും വലങ്കാലിലെ ചെളി ഇടങ്കാലിലേക്കും.......അഞ്ചു കൊല്ലം എല്‍.ഡി.എഫ്, പിന്നെ അഞ്ചു കൊല്ലം യു.ഡി.എഫ്. അഞ്ചു കൊല്ലം കോണ്‍ഗ്രസ്, അടുത്ത അഞ്ചു കൊല്ലം മാര്‍ക്സിസ്റ്റ്. ജയ് ജയ്, ഇണ്ടനമ്മാവന്‍! ഇണ്ടനമ്മാവന്‍ കീ ജയ്!

(ഇണ്ടനമ്മാവന്‍റെ ചവിട്ടുനാടകം കളി പരിഹാസ്യമായി തുടരുന്നതിനിടക്ക് കട്ട്)

*****************

(വീണ്ടും തട്ടാന്‍. പൂച്ചയെ ആട്ടിയോടിക്കുന്ന തട്ടാന്‍. പഴയ കോറസിപ്പോള്‍ കൂര്‍മ്പന്‍ തൊപ്പിയുമായി സദസ്സാകുന്നു)

നട നാലും കുത്തി വീഴുന്ന പൂച്ചയല്ലേ

ഈ തട്ടാനു മുമ്പിലെന്തേ പരുങ്ങുന്നു,

പകയ്ക്കുന്നു, കിതക്കുന്നു, ഇടറുന്നു?

പൂച്ച:

(ഒടുവില്‍ രണ്ടും കല്‍പ്പിച്ച്)

എന്‍റെ മൂക്കുത്തിയാണ് തട്ടാന്‍ പണിയുന്നത്.

എന്‍റെ സ്വര്‍ണം എന്തു ചെയ്യുന്നു തട്ടാനെന്ന്,

കക്കുന്നുണ്ടോ തട്ടാനെന്ന്,

പണി നന്നാവുന്നുണ്ടോ മൂക്കുത്തിയുടേതെന്ന്,

മൂക്കുത്തിപ്പെണ്ണേ എന്ന് കാമുകന്‍ വിളിക്കുമ്പോള്‍ കുളിരു കോരേണ്ട ഞാനല്ലാതെ മറ്റാരു നോക്കാന്‍?

തട്ടാന്‍ പൊന്നുരുക്കുന്നേടത്ത് പൂച്ചക്കല്ലാതെ മറ്റാര്‍ക്കു കാര്യം?

കോറസ്:

ശരിയാണല്ലോ, ശരിയാണല്ലോ. പൂച്ചയുടെ മുക്കുത്തിയാണ് തട്ടാന്‍ പണിയുന്നതെങ്കില്‍ പൂച്ചയുടെ സ്വര്‍ണം കൊണ്ടാണ് തട്ടാന്‍ തട്ടുകയും മുട്ടുകയും ചെയ്യുന്നതെങ്കില്‍, പൊന്നുരുക്കുന്നിടത്ത് പൂച്ചക്കല്ലേ കാര്യം? പൂച്ചക്കെന്ത് കാര്യം എന്ന് ചോദിക്കുന്നതെന്ത് തട്ടാനേ? തട്ടുന്ന ആളായതു കൊണ്ടാണോ തട്ടാനേ, തനിക്ക് തട്ടാനെന്ന് പേരു കിട്ടിയത്? പൂച്ചയെ തട്ടല്ലേ. പൂച്ചയുടെ പൊന്ന് തട്ടല്ലേ. പൂച്ചയുടെ കണ്‍വെട്ടത്തിരുന്നു വേണം തട്ടാന്‍ പൊന്നുരുക്കാന്‍!

തട്ടാന്‍ (പ്രകോപിതനായി):

പൊന്നുരുക്കുന്നേടത്ത് പൂച്ചക്കെന്തു കാര്യം?

ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കെന്തു കാര്യം?

കോറസ്:

പൊന്നുരുക്കുന്നേടത്ത് പൂച്ചക്കാണ് കാര്യം

ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണ് കാര്യം

(പൂച്ചയെ കിരീടമണിയിച്ചും തട്ടാനെ തലകുനിച്ച് നടത്തിച്ചും ഒരു ഘോഷ യാത്ര.)

*****************

(അരങ്ങിലിപ്പോള്‍ വീണ്ടും ഇണ്ടനമ്മാവന്‍ കളി. പശ്ചാത്തലത്തില്‍ പഴയ ഇണ്ടനമ്മാവന്‍ പാട്ടും. അമ്മാവന്‍റെ പെടാപ്പാട് കണ്ട് പൂച്ച വിസില്‍ വിളിക്കുന്നു. എല്ലാവരും കൂടി കൂട്ട വിസില്‍.)

പൂച്ച മുന്നോട്ടുവന്ന്:

അമ്മാവന്‍റെ ഈ പെടാപ്പാട്, നിങ്ങള്‍ മരുമക്കളാരും കാണുന്നില്ലേ?

നിങ്ങള്‍ മരുമക്കളാരെങ്കിലും ഒരു കിണ്ടി വെള്ളവുമായി വന്ന്

അമ്മാവന്‍റെ കാലൊന്ന് കഴുകിക്കാത്തതെന്ത്?

ഒരു കിണ്ടി വെള്ളം പോലും കിട്ടാത്ത നാടായോ

എട്ടു മാസവും മഴ പെയ്യുന്ന കേരളം?

(കോറസ്സിന്‍റെ തലയ്ക്കു മുകളിലൂടെ ഒരു കിണ്ടി വെള്ളം ഉയര്‍ന്നുവരുന്നു. കോറസ് ഇണ്ടനമ്മാവനെ വലം വെക്കുന്നു. ഓരോ തവണ വെള്ളം കാലില്‍വീഴ്ത്താനായുമ്പോഴേക്കും അമ്മാവന്‍ നിലവിളിക്കുന്നു. ഒടുവില്‍ കോറസ് അമ്മാവന്‍റെ കാലില്‍ വെള്ളം വീഴ്ത്തുകതന്നെ ചെയ്യുന്നു. അമ്മാവന്‍ തണുത്തുവിറയ്ക്കുന്നു. കോറസ് തങ്ങളുടെ തോളില്‍ നിന്നെടുക്കുന്ന പലവര്‍ണ തോര്‍ത്തുകളാല്‍ അമ്മാവനെ പുതപ്പിക്കുന്നു. എല്ലാവരും കൂടി അമ്മാവനെ എടുത്തുയര്‍ത്തുന്നു)

ഇങ്ങനെയാണ് ഇണ്ടനമ്മാവനെ

മരുമക്കള്‍ പഠിപ്പിക്കേണ്ടത്

ഇങ്ങനെത്തന്നെ രാഷ്ട്രീയക്കാരെ

ജനങ്ങള്‍, വോട്ടര്‍മാര്‍ പഠിപ്പിക്കേണ്ടതും

രാഷ്ട്രീയക്കാര്‍ ജനങ്ങള്‍ പറയുന്നത് അനുസരിക്കേണ്ടവരാണ്

ജനങ്ങള്‍ ആവശ്യപ്പെടുന്ന പ്രകാരം രാഷ്ട്രീയം കളിക്കേണ്ടവരാണ്

യുദ്ധം നാം പട്ടാളക്കാര്‍ക്ക് വിട്ടുകൊടുക്കാറില്ല

എവിടെ, എപ്പോള്‍, ആരോട്, എന്തിന്, എങ്ങനെ യുദ്ധം ചെയ്യണമെന്ന് തീരുമാനിക്കുന്നത് പട്ടാളക്കാരല്ല

രാഷ്ട്രീയക്കാര്‍ രാഷ്ട്രീയം തൊഴിലാക്കിയ പട്ടാളക്കാരനാണ്

രാഷ്ട്രീയക്കാര്‍ക്ക് രാഷ്ട്രീയം വിട്ടുകൊടുക്കരുത്

ഇനിമേല്‍ നാം, ജനങ്ങള്‍ രാഷ്ട്രീയം കയ്യിലെടുക്കുന്നു.

നമുക്കു വേണ്ടി എന്തിന് രാഷ്ട്രീയക്കാര്‍ ചിന്തിക്കണം?

നാം വോട്ടര്‍മാര്‍ക്ക്, പൗരന്മാര്‍ക്ക്, ജനങ്ങള്‍ക്കുണ്ട് സ്വന്തം തലച്ചോര്‍

നാം നമ്മുടെ സ്വന്തം കൊടി ഉയര്‍ത്തുന്നു

ജനകീയ രാഷ്ട്രീയത്തിന്‍റെ കൊടി

നാം നമ്മുടെ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നു

നമ്മളിലൊരാളിനെ നമ്മുടെ പ്രതിനിധിയായി തെരഞ്ഞെടുക്കുന്നു.

അണ്ടനും അടകോടനും ഇനി നമ്മെ ഭരിക്കട്ടെ

വെള്ളം കോരിയും വിറകുവെട്ടിയും ഭരിക്കട്ടെ

(കോറസ് രണ്ട് സംഘമാവുന്നു)

ഒന്നാം സംഘം:

പൂച്ചേ പൂച്ചേ, പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?

രണ്ടാം സംഘം:

പൊന്നുരുക്കുന്നേടത്ത് പൂച്ചക്കല്ലാതെ മറ്റാര്‍ക്ക് കാര്യം?

ഒന്നാം സംഘം:

വോട്ടറേ, വോട്ടറേ, ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കെന്തു കാര്യം?

രണ്ടാം സംഘം:

ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കു കാര്യം?

(കോറസ് അരങ്ങത്തുനിന്നും പിന്മാറുന്നതോടെ നാടകം അവസാനിക്കുന്നു)

സിവിക് ചന്ദ്രന്‍

0

1

Featured Posts